Judith, Chapter 2 | യൂദിത്ത്, അദ്ധ്യായം 2 | Malayalam Bible | POC Translation

Advertisements

ഹോളോഫര്‍ണസിനെഅയയ്ക്കുന്നു.

1 നബുക്കദ്‌നേസര്‍ പറഞ്ഞിരുന്നതുപോലെ പതിനെട്ടാംവര്‍ഷം ഒന്നാംമാസം ഇരുപത്തിരണ്ടാം ദിവസം ആ പ്രദേശം മുഴുവന്‍ പ്രതികാരം നടത്തുന്നതിനെപ്പറ്റി അവന്റെ കൊട്ടാരത്തില്‍ ആലോചന നടന്നു.2 അവന്‍ തന്റെ സേവകന്‍മാരെയും പ്രഭുക്കന്‍മാരെയും വിളിച്ചുവരുത്തി തന്റെ രഹസ്യ പദ്ധതി വിശദീകരിച്ചു. ആ പ്രദേശങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ സ്വന്തം നാവുകൊണ്ടു വിവരിച്ചു.3 തന്റെ കല്‍പന അനുസരിക്കാത്ത ഏവരെയും നശിപ്പിക്കണമെന്നു തീരുമാനിച്ചു.4 പദ്ധതി അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ അസ്‌സീറിയാരാജാവായ നബുക്കദ്‌നേസര്‍ തനിക്കു നേരേ കീഴിലുള്ള സര്‍വസൈന്യാധിപന്‍ ഹോളോഫര്‍ണസിനെ വിളിച്ചു പറഞ്ഞു:5 ഭൂമി മുഴുവന്റെയും അധിനാഥനായ ചക്രവര്‍ത്തി അറിയിക്കുന്നു: നീ എന്റെ മുന്‍പില്‍നിന്നു പോയാലുടന്‍ ധീരന്‍മാരായ ഒരു ലക്ഷത്തിയിരുപതിനായിരം കാലാള്‍പടയെയും പന്തീരായിരം കുതിരപ്പടയാളികളെയും ശേഖരിച്ച്6 പശ്ചിമദേശം മുഴുവന്‍ ആക്രമിക്കുക. അവര്‍ എന്റെ കല്‍പന അനുസരിച്ചില്ല. ഞാന്‍ കോപാക്രാന്തനായി വരുകയാണ്.7 ഭൂമുഖമാസകലം എന്റെ സൈന്യങ്ങളുടെ പാദം കൊണ്ടു മറയും. എന്റെ പടയാളികള്‍ക്കു കൊള്ളയടിക്കാന്‍ അവരെ ഞാന്‍ ഏല്‍പിച്ചു കൊടുക്കും. അതിനാല്‍, കീഴടങ്ങാന്‍ ഒരുങ്ങിക്കൊള്ളുവിന്‍ എന്ന് അവരോടു പറയുക.8 മുറിവേറ്റവര്‍ താഴ്‌വരകളില്‍ നിറയും. അരുവികളും നദികളും മൃതശരീരങ്ങള്‍കൊണ്ടു കവിഞ്ഞൊഴുകും.9 ഞാന്‍ അവരെ തടവുകാരാക്കി ലോകത്തിന്റെ അറ്റംവരെ പായിക്കും.10 നിങ്ങള്‍ മുന്‍പേ പോയി അവരുടെ സ്ഥലങ്ങള്‍ എനിക്കുവേണ്ടി പിടിച്ചടക്കുവിന്‍. അവര്‍ നിങ്ങള്‍ക്കു കീഴടങ്ങും. ശിക്ഷയുടെ നാള്‍വരെ നിങ്ങള്‍ അവരെ എനിക്കുവേണ്ടി സൂക്ഷിക്കുവിന്‍.11 അവര്‍ വിസമ്മതിച്ചാല്‍ നിങ്ങള്‍ കണ്ണടച്ചുകളയരുത്. രാജ്യം മുഴുവന്‍ കൊലയ്ക്കും കൊള്ളയ്ക്കുമായി ഏല്‍പിച്ചു കൊടുക്കണം.12 ഞാനും എന്റെ രാജ്യവുമാണേ, എന്റെ വാക്കു ഞാന്‍ നിറവേറ്റും.13 നിങ്ങളുടെ രാജാവിന്റെ കല്‍പനകള്‍ ലംഘിക്കാതിരിക്കാന്‍ നിങ്ങളും ശ്രദ്ധിച്ചുകൊള്ളുവിന്‍. എന്റെ കല്‍പന മാറ്റമില്ലാതെ നിര്‍വഹിക്കാന്‍ ശ്രദ്ധിക്കുവിന്‍. താമസം വരുത്തരുത്.14 യജമാനസന്നിധി വിട്ടപ്പോള്‍ത്തന്നെ ഹോളോഫര്‍ണസ് അസ്‌സീറിയന്‍ സൈ ന്യത്തിലെ സേനാപതികള്‍, മറ്റു പടത്തലവന്‍മാര്‍, സേവകന്‍മാര്‍ എന്നിവരെ വിളിച്ചുകൂട്ടി.15 യജമാനന്‍ കല്‍പിച്ചതനുസരിച്ച്, തിരഞ്ഞെടുത്ത ഒരു ലക്ഷത്തിയിരുപതിനായിരം പടയാളികളെയും അശ്വാരൂഢരായ പന്തീരായിരം വില്ലാളികളെയും ഗണങ്ങളായി തിരിച്ചു.16 അങ്ങനെ അവന്‍ ആക്രമണ സന്ന ദ്ധമായ ഒരു വന്‍സൈന്യത്തെ സജ്ജമാക്കി.17 അവന്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അസംഖ്യം ഒട്ടകങ്ങളെയും കഴുതകളെയും കോവര്‍കഴുതകളെയും, ഭക്ഷണത്തിനായി അനേകം ചെമ്മരിയാടുകളെയും കാളകളെയും കോലാടുകളെയും സംഭരിച്ചു.18 കൂടാതെ, എല്ലാ ആളുകള്‍ക്കും വേണ്ടി ധാരാളം ഭക്ഷണസാധനങ്ങളും വലിയൊരു തുകയ്ക്കു സ്വര്‍ണവും വെള്ളിയും രാജകൊട്ടാരത്തില്‍ നിന്നു ശേഖരിച്ചു.19 ഇപ്രകാരം പശ്ചിമ ദേശങ്ങളെല്ലാം തേര്, കുതിര, തിരഞ്ഞെടുക്കപ്പെട്ട കാലാള്‍പ്പട ഇവയാല്‍ നിറയ്ക്കുവാന്‍ അവന്‍ മുഴുവന്‍ സൈന്യവുമായി നബുക്കദ്‌നേസര്‍ രാജാവിനു മുന്‍പേ പോയി.20 വെട്ടുകിളികളെപ്പോലെയും ഭൂമിയിലെ മണല്‍ത്തരിപോലെയും എണ്ണമറ്റ ഒരു സമൂഹം അവരോടുകൂടെ പോയി.21 നിനെവേയില്‍നിന്നു മൂന്നുദിവസംയാത്രചെയ്ത് അവന്‍ ബക്തീലെത്ത് സമതലത്തിലെത്തി. അതിന്റെ എതിര്‍വശത്ത്, ഉത്തരകിലിക്യയുടെ വടക്കുഭാഗത്തെ പര്‍വ തത്തിനു സമീപം പാളയമടിച്ചു.22 അവിടെ നിന്നു ഹോളോഫര്‍ണസ് തന്റെ സൈന്യത്തെ മുഴുവന്‍ – കാലാള്‍, കുതിര, തേര് എന്നീ വിഭാഗങ്ങളെയെല്ലാം – കൂട്ടി കുന്നിന്‍പ്രദേശ ത്തേക്കു പോവുകയും,23 പുത്, ലുദ് എന്നീ ദേശങ്ങള്‍ തകര്‍ക്കുകയും, റാസിസ് നിവാസികളെയും കെലിയാദേശത്തിനു തെക്കുള്ള മരുപ്രദേശങ്ങളില്‍ വസിച്ചിരുന്ന ഇസ്മായേ ല്യരെയും കൊള്ളയടിക്കുകയും ചെയ്തു.24 അനന്തരം,യൂഫ്രട്ടീസിന്റെ ഗതി പിന്‍തുടര്‍ന്ന് മെസൊപ്പൊട്ടാമിയായിലൂടെ കടന്ന് അബ്‌റോണ്‍ അരുവിയുടെ കരയിലുള്ള കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്തിരുന്ന നഗരങ്ങളെല്ലാം സമുദ്രപര്യന്തം തകര്‍ത്തു.25 കിലിക്യന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുകയും എതിര്‍ത്തുനിന്നവരെയെല്ലാം വധിക്കുകയും ചെയ്തതിനുശേഷം അവന്‍ അറേബ്യയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ജാഫെത്തായുടെ തെക്കേ അതിര്‍ത്തികളിലേക്കു കടന്നു.26 മിദിയാക്കാരെ വളഞ്ഞ് അവരുടെ കൂടാരങ്ങള്‍ അഗ്‌നിക്കിരയാക്കി, ആട്ടിന്‍പറ്റങ്ങളെ കവര്‍ച്ച ചെയ്തു.27 അതിനുശേഷം ഗോത മ്പുകൊയ്ത്തിന്റെ കാലത്ത് അവന്‍ ദമാസ്‌ക്കസ് സമഭൂമിയിലേക്ക് ഇറങ്ങിച്ചെന്ന് വയലുകള്‍ക്കു തീ വയ്ക്കുകയും ആടുമാടുകളെ കൊന്നൊടുക്കുകയും നഗരങ്ങള്‍ നിര്‍ജനമാക്കുകയും നിലം ശൂന്യമാക്കുകയുംയുവാക്കളെ വാളിനിരയാക്കുകയും ചെയ്തു.28 സമുദ്രതീരദേശങ്ങളായ സീദോന്‍, ടയിര്‍ എന്നിവിടങ്ങളിലും, സൂര്‍, ഒക്കിനാ, ജാമ്‌നിയാ, എന്നിവിടങ്ങളിലും നിവസിച്ചിരുന്ന ജനങ്ങള്‍ ഭയചകിതരായിത്തീര്‍ന്നു. അസോത്തൂസിലെയും അസ്‌കേലോണിലെയും ജനങ്ങളും പരിഭ്രാന്തരായി.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment