Judith, Chapter 8 | യൂദിത്ത്, അദ്ധ്യായം 8 | Malayalam Bible | POC Translation

Advertisements

യൂദിത്ത്

1 അക്കാലത്ത്‌യൂദിത്ത് ഈ കാര്യങ്ങള്‍ കേട്ടു. മെറാറിയുടെ മകളായിരുന്നു അവള്‍. മെറാറിയുടെ പൂര്‍വികര്‍ തലമുറക്രമത്തില്‍: ഓക്‌സ്, ജോസഫ്, ഒസിയേല്‍, എല്‍ക്കിയ, അനനിയാസ്, ഗിദെയോന്‍, റഫായിം, അഹിത്തൂബ്, ഏലിയാ, ഹില്‍ക്കിയാ, എലിയാബ്, നഥനായേല്‍, സലാമിയേല്‍, സരസ ദായ്, ഇസ്രായേല്‍.2 യൂദിത്തിന്റെ ഭര്‍ത്താവ് മനാസ്‌സെ അവളുടെ കുടുംബത്തിലും ഗോത്രത്തിലുംപെട്ടവനായിരുന്നു. ബാര്‍ലിക്കൊയ്ത്തിന്റെ കാലത്ത് അവന്‍ മരണമടഞ്ഞു.3 വയലില്‍ കറ്റകെട്ടുന്നതിനു മേല്‍നോട്ടം വഹിക്കുമ്പോള്‍ അവന്‍ കഠിനമായ ചൂടേറ്റുവീണു. ശയ്യാവലംബിയായ അവന്‍ സ്വനഗരമായ ബത്തൂലിയായില്‍വച്ചു മരണമടഞ്ഞു. അവര്‍ അവനെ ദോഥാനും ബാലാമോനും മധ്യേയുള്ള വയലില്‍ പിതാക്കന്‍മാരോടുകൂടെ സംസ്‌കരിച്ചു.4 വിധവയായിത്തീര്‍ന്നയൂദിത്ത് മൂന്നു കൊല്ലവും നാലുമാസവും വീട്ടില്‍ താമസിച്ചു.5 അവള്‍ പുരമുകളില്‍ ഒരു കൂടാരം നിര്‍മിച്ചു. അരയില്‍ ചാക്കുചുറ്റുകയും വൈധവ്യവസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തു.6 വിധവയായതിനുശേഷം സാബത്തിന്റെ തലേനാളും സാബത്തും അമാവാസിയുടെ തലേനാളും അമാവാസിയും ഉത്‌സവദിനങ്ങളും ഇസ്രായേല്‍ജനത്തിന്റെ ആഹ്ലാദദിനങ്ങളും ഒഴികെ മറ്റെല്ലാദിവസവും അവള്‍ ഉപവാസമനുഷ്ഠിച്ചു.7 അവള്‍ സുന്ദരിയും ആകര്‍ഷകമായ മുഖശോഭയുള്ളവളും ആയിരുന്നു. ഭര്‍ത്താവായ മനാസ്‌സെയുടെ വകയായി അവള്‍ക്കു സ്വര്‍ണവും വെള്ളിയും ദാസീദാസന്‍മാരും കന്നുകാലികളും വയലുകളും ലഭിച്ചു. അവള്‍ ഈ സമ്പത്ത് പരിപാലിച്ചുപോന്നു.8 ദൈവത്തോട് അതീവഭക്തിയുണ്ടായിരുന്ന അവളെ ആരും ദുഷിച്ചില്ല.

യൂദിത്ത് ഇസ്രായേല്യര്‍ക്കു ധൈര്യം പകരുന്നു

9 ജലക്ഷാമംകൊണ്ടു തളര്‍ന്ന ജനം ഭരണാധികാരിയുടെമേല്‍ ചൊരിഞ്ഞനീചമായ വാക്കുകളും അഞ്ചുദിവസം കഴിഞ്ഞു നഗരം അസ്‌സീറിയായ്ക്ക് അടിയറവയ്ക്കാമെന്ന് ഉസിയാ അവരോട് ആണയിട്ടു പറഞ്ഞതുംയൂദിത്ത് കേട്ടു.10 അവള്‍ തന്റെ വസ്തുവകകളുടെ മേല്‍നോട്ടം വഹിച്ചിരുന്ന ദാസിയെ അയച്ച് നഗരശ്രേഷ്ഠന്‍മാരായ കാബ്രിസിനെയും കാര്‍മിസിനെയും വിളിപ്പിച്ചു.11 അവള്‍ അവരോടു പറഞ്ഞു: ബത്തൂലിയാ ജനത്തിന്റെ ഭരണകര്‍ത്താക്കളേ, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. ഇന്നു നിങ്ങള്‍ ജനത്തോടു പറഞ്ഞതു ശരിയല്ല. നിര്‍ദിഷ്ട കാലാവധിക്കുള്ളില്‍ കര്‍ത്താവ് തിരിഞ്ഞു നമ്മെ സഹായിക്കാത്തപക്ഷം, നഗരം ശത്രുക്കള്‍ക്ക് അടിയറവച്ചുകൊള്ളാമെന്നു നിങ്ങള്‍ ദൈവത്തെയും നിങ്ങളെയും സാക്ഷിയാക്കി, ആണയിട്ടു വാഗ്ദാനം ചെയ്തു.12 ഇന്നു ദൈവത്തെ പരീക്ഷിക്കുകയും മനുഷ്യരുടെ മുന്‍പില്‍ ദൈവത്തിന്റെ സ്ഥാനത്തു നിങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്ന നിങ്ങള്‍ ആരാണ്?13 സര്‍വശക്തനായ കര്‍ത്താവിനെ നിങ്ങള്‍ പരീക്ഷിക്കുന്നു; എന്നാല്‍, നിങ്ങള്‍ ഒരിക്കലും ഒന്നും ഗ്രഹിക്കുകയില്ല.14 മനുഷ്യഹൃദയങ്ങളുടെ ഉള്ള റയില്‍ പ്രവേശിച്ച്, അവന്‍ ചിന്തിക്കുന്നതെന്തെന്നു കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇവയെല്ലാം ഉണ്ടാക്കിയ ദൈവത്തെ പരീക്ഷിക്കാമെന്നും, അവിടുത്തെ മനസ്‌സു കാണുകയും ചിന്ത മനസ്‌സിലാക്കുകയും ചെയ്യാമെന്നും വിചാരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? എന്റെ സഹോദരന്‍മാരേ, പാടില്ല, നമ്മുടെ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിക്കരുത്.15 ഈ അഞ്ചു ദിവസത്തിനകം നമ്മെ രക്ഷിക്കാന്‍ അവിടുത്തേക്കിഷ്ടമില്ലെങ്കില്‍ത്തന്നെയും തനിക്കിഷ്ടമുള്ള ഏതു സമയത്തും, നമ്മെ രക്ഷിക്കാനോ ശത്രുക്കളുടെ മുന്‍പാകെ നമ്മെ നശിപ്പിക്കാനോ അവിടുത്തേക്കു കഴിയും.16 നമ്മുടെ ദൈവമായ കര്‍ത്താവിന്റെ ലക്ഷ്യങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. ഭീഷണിക്കു വഴങ്ങാനും തര്‍ക്കിച്ചു കീഴടക്കാനും ദൈവം മനുഷ്യനെപ്പോലെയല്ല.17 അതിനാല്‍ അവിടുത്തെ രക്ഷയ്ക്കായി നാം കാത്തിരിക്കുമ്പോള്‍ നമുക്ക് അവിടുത്തെ വിളിച്ചു സഹായമപേക്ഷിക്കാം; അവിടുന്ന് പ്രസാദിക്കുന്നെങ്കില്‍ നമ്മുടെ സ്വരം ശ്രവിക്കും.18 പണ്ടത്തെപ്പോലെ കരനിര്‍മിതമായ ദേവന്‍മാരെ ആരാധിച്ച ഒരു ഗോത്രമോ, കുടുംബമോ, ജനതയോ, നഗരമോ, നമ്മുടെ തലമുറയിലോ ഇക്കാലത്തോ ഉണ്ടായിട്ടില്ല.19 നമ്മുടെ പിതാക്കന്‍മാര്‍ വാളിനിരയായതും കവര്‍ച്ച ചെയ്യപ്പെട്ടതും ശത്രുക്കളുടെ മുന്‍പില്‍ ഭീകരമായ കഷ്ടതകള്‍ അനുഭവിച്ചതും അങ്ങനെ പ്രവര്‍ത്തിച്ചതിനാലാണ്.20 എന്നാല്‍, നാം അവിടുത്തെ അല്ലാതെ മറ്റൊരു ദൈവത്തെ അറിയുന്നില്ല. അതിനാല്‍, അവിടുന്ന് നമ്മെയോ നമ്മുടെ രാജ്യത്തെയോ അവജ്ഞയോടെ വീക്ഷിക്കുകയില്ലെന്ന് നാം പ്രത്യാശിക്കുന്നു.21 നാം പിടിക്കപ്പെട്ടാല്‍ യൂദാ മുഴുവന്‍ പിടിക്കപ്പെടുകയും നമ്മുടെ വിശുദ്ധ മന്ദിരം കൊള്ളയടിക്കപ്പെടുകയും ചെയ്യും; അത് അശുദ്ധമാക്കിയതിന്റെ ശിക്ഷ അവിടുന്ന് നമ്മുടെമേല്‍ ചുമത്തും.22 വിജാതീയരുടെ ഇടയില്‍ നാം അടിമകളായി കഴിയുമ്പോള്‍ നമ്മുടെ സഹോദരന്‍മാര്‍ കൊല്ലപ്പെട്ടതിന്റെയും നമ്മുടെ നാടിന്റെ അടിമത്തത്തിന്റെയും നമ്മുടെപൈതൃകാവകാശം നഷ്ടപ്പെട്ടതിന്റെയും ഉത്തരവാദിത്വം നമ്മുടെ ശിരസ്‌സില്‍ പതിക്കും; നമ്മെ കീഴടക്കുന്നവരുടെ ദൃഷ്ടിയില്‍ നമ്മള്‍ നിന്ദിതരും പരിഹാസ്യരും ആകും.23 അടിമത്തം നമുക്കു ഗുണകരമാവുകയില്ല. നമ്മുടെ ദൈവമായ കര്‍ത്താവ് അതു നമ്മുടെ അപമാനത്തിനു കാരണമാക്കും.24 അതിനാല്‍, സഹോദരന്‍മാരേ, നമ്മുടെ സഹോദരന്‍മാര്‍ക്കു നമുക്കു മാതൃക കാട്ടാം; അവരുടെ ജീവന്‍ നമ്മെ ആശ്രയിച്ചിരിക്കുന്നു. ശ്രീകോവിലിന്റെയും ദേവാലയത്തിന്റെയും ബലിപീഠത്തിന്റെയും സുരക്ഷിതത്വവും നമ്മിലാണ്.25 ഇങ്ങനെയിരിക്കേ, പിതാക്കന്‍മാരെപ്പോലെ നമ്മെയും ശോധനചെയ്യുന്ന നമ്മുടെ ദൈവമായ കര്‍ത്താവിനു നമുക്കു നന്ദി പറയാം.26 അവിടുന്ന് അബ്രാഹത്തിനോടു ചെയ്തതും, ഇസഹാക്കിനെ പരീക്ഷിച്ചതും, തന്റെ അമ്മാവനായ ലാബാന്റെ ആടുകളെ സംരക്ഷിക്കുമ്പോള്‍ സിറിയായിലെ മെസപ്പൊട്ടാമിയായില്‍വച്ചു യാക്കോബിനു സംഭവിച്ചതും ഓര്‍ക്കുക.27 അവരുടെ ഹൃദയങ്ങളെ പരീക്ഷിച്ചതുപോലെ അവിടുന്ന് നമ്മെ അഗ്‌നിയില്‍ പരീക്ഷിക്കുകയോ നമ്മോട് പ്രതികാരം ചെയ്യുകയോ ചെയ്തില്ല. തന്നോട് അടുപ്പമുള്ള വരെ അവിടുന്ന് പ്രഹരിക്കുന്നത് ശാസനയെന്ന നിലയിലാണ്.28 ഉസിയാ അവളോടു പറഞ്ഞു: നീ പറഞ്ഞതെല്ലാം ആത്മാര്‍ഥതയോടെയാണ്. നിന്റെ വാക്കുകള്‍ നിഷേധിക്കാന്‍ ആവുകയില്ല.29 ഇന്ന് ആദ്യമല്ല നിന്റെ ജ്ഞാനം വെളിപ്പെടുന്നത്. നിന്റെ ഹൃദയം സത്യസന്ധമായതിനാല്‍ ജനമെല്ലാം ആദിമുതലേ നിന്റെ ജ്ഞാനം അംഗീകരിച്ചിട്ടുണ്ട്.30 ദാഹവിവശരായ ജനം ഞങ്ങളെക്കൊണ്ട് വാഗ്ദാനം ചെയ്യിച്ചു. ആ പ്രതിജ്ഞ ലംഘിക്കാവതല്ല.31 നീ ഭക്തയാകയാല്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. കര്‍ത്താവ് മഴ പെയ്യിച്ച് നമ്മുടെ ജലസംഭരണികള്‍ നിറയ്ക്കും; നമ്മള്‍ തളര്‍ന്നു വീഴുകയില്ല.32 യൂദിത്ത് അവരോടു പറഞ്ഞു: ശ്രദ്ധിക്കുവിന്‍, നമ്മുടെ ഭാവിതലമുറകളിലെല്ലാം അറിയപ്പെടുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യാന്‍ പോകുന്നു.33 ഇന്നു രാത്രി നിങ്ങള്‍ നഗരകവാടത്തിങ്കല്‍ നില്‍ക്കുവിന്‍. ഞാന്‍ എന്റെ ദാസിയുമായി പുറത്തേക്കു പോകും. നഗരം ശത്രുക്കള്‍ക്കു വിട്ടുകൊടുക്കാമെന്നു ജനത്തോടു നിങ്ങള്‍ വാഗ്ദാനം ചെയ്ത ആദിവസങ്ങള്‍ക്കുള്ളില്‍ കര്‍ത്താവ് എന്റെ കൈകൊണ്ട് ഇസ്രായേലിനെ രക്ഷിക്കും.34 എന്റെ പദ്ധതി എന്തെന്ന് അറിയാന്‍ ശ്രമിക്കരുത്. ഞാന്‍ ചെയ്യാനുദ്‌ദേശിക്കുന്നതു ചെയ്തു കഴിയുന്നതുവരെ ഞാന്‍ നിങ്ങളോടു പറയുകയില്ല.35 ഉസിയായും ഭരണാധിപന്‍മാരും അവളോടു പറഞ്ഞു: സമാധാനത്തോടെ പോവുക. നമ്മുടെ ശത്രുക്കളോടു പ്രതികാരം ചെയ്യാന്‍ ദൈവമായ കര്‍ത്താവ് നിനക്കു മുന്‍പേ പോകട്ടെ.36 അവര്‍ കൂടാരത്തില്‍നിന്നു പോയി സ്വസ്ഥാനങ്ങളില്‍ നിന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment