Judith, Introduction | യൂദിത്ത്, ആമുഖം | Malayalam Bible | POC Translation

Advertisements

ഇസ്രായേല്‍ജനത്തിനു പലപ്പോഴും വന്‍ശക്തികളെ നേരിടേണ്ടിവന്നിട്ടുണ്ട്. ജറുസലെമിന്റെ സുരക്ഷിതത്വവും രാജ്യത്തിന്റെ തന്നെ അസ്തിത്വവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ശക്തികൊണ്ടു ചെറുത്തുനില്‍ക്കാന്‍ പലപ്പോഴും അവര്‍ക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണു ദൈവത്തിന്റെ പ്രത്യേക പരിപാലന അവര്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്. തീര്‍ത്തും അപ്രതീക്ഷിതമായ വിധത്തിലാണ് അവര്‍ പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ളത്. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഒരു യഹൂദ യുവതിയെ കര്‍ത്താവ് ഇസ്രായേലിന്റെ വിമോചികയായി നിയോഗിക്കുന്ന സംഭവമാണ്‌ യൂദിത്ത് ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്. അടിമത്തത്തില്‍നിന്നു തിരിച്ചെത്തിയ ഇസ്രായേല്‍ക്കാര്‍ സമാധാനത്തില്‍ കഴിയുമ്പോള്‍ അസ്‌സീറിയാ രാജാവായ നബുക്കദ്‌നേസറിന്റെ (സ്ഥലകാലങ്ങള്‍ ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല) സൈന്യാധിപന്‍ ഹോളോഫര്‍ണസ് ഇസ്രായേലിനെതിരേ വന്നു ബത്തൂലിയാപ്പട്ടണം വളഞ്ഞു. മേദിയാക്കെതിരേയുള്ള യുദ്ധത്തില്‍ അസ്‌സീറിയന്‍പക്ഷത്തു ചേരാതിരുന്നതിനാലാണ് സിറിയായെയും പലസ്തീനായെയും ആക്രമിക്കാന്‍ നബുക്കദ്‌നേസര്‍ തീരുമാനിച്ചത്. ജറുസലെമിലേക്കുള്ള ശത്രുവിന്റെ നീക്കം ചെറുത്തു നില്‍ക്കാന്‍ ബത്തൂലിയാക്കാര്‍ക്കു വളരെ ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നു. ദാഹജലം ലഭിക്കാതെ ആശയറ്റ അവര്‍ കീഴടങ്ങുന്നതിനു തീരുമാനിച്ചപ്പോള്‍ യൂദിത്ത് എന്ന വിധവ അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നു. ദൈവഭക്തയായിരുന്ന അവള്‍ ഹോളോഫര്‍ണസിന്റെ കൂടാരത്തില്‍ കടന്ന് അവനെ വശീകരിക്കുന്നു. അവന്റെ തലയുമായി അവള്‍ ഇസ്രായേല്‍ക്കാരുടെ അടുക്കല്‍ തിരിച്ചെത്തുന്നു. ഇസ്രായേലിന്റെ നേരേയുള്ള ദൈവപരിപാലനയെ ചിത്രീകരിക്കുന്ന ഈ ഗ്രന്ഥം വസ്തുനിഷ്ഠമായ ഒരു ചരിത്രമെന്നതിനേക്കാള്‍ പേര്‍ഷ്യന്‍കാലത്തു (ബി.സി. 538 – 331) നടന്ന ഏതോ സംഭവത്തിന്റെ കഥാരൂപത്തിലുള്ള അവതരണമാണ്. സ്ഥലകാലങ്ങള്‍ പലയിടത്തും പൊരുത്തപ്പെടുന്നില്ല. ഈ കഥയുടെ പശ്ചാത്തലമായി നിലകൊള്ളുന്ന ചരിത്രസംഭവമേതെന്ന് അറിവില്ല. പ്രതിസന്ധികളില്‍ ദൈവത്തില്‍ ആശ്രയിക്കുന്നതിനു ജനങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയെന്നതാണു ഗ്രന്ഥകര്‍ത്താവിന്റെ ലക്ഷ്യം. ഈ ഗ്രന്ഥം ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ പലസ്തീനായില്‍വച്ച് എഴുതപ്പെട്ടു എന്നാണു കരുതപ്പെടുന്നത്.

ഘടന

1-7: ഹോളോഫര്‍ണസിന്റെ സൈന്യനീക്കവും ദൈവത്തിനും ദൈവജനത്തിനും എതിരായുള്ള ധിക്കാരവും.

8-16: യൂദിത്തിന്റെ ധീരതയും ദൈവജനത്തിന്റെ വിജയാഘോഷങ്ങളും.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment