അയർലണ്ടിന്റെ അപ്പസ്തോലൻ
ക്രിസ്ത്യാനിയായ ആദ്യ റോമൻ ചക്രവർത്തി എന്നറിയപ്പെടുന്ന മഹാനായ കോൺസ്റ്റന്റൈൻ ചക്രവർത്തി AD 313ൽ പുറപ്പെടുവിച്ച മിലാൻ വിളംബരപ്രകാരം ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിൽ സ്വതന്ത്രമായി പ്രചരിപ്പിക്കാൻ അനുമതി ലഭിച്ചു. അതുവരെയുള്ള മൂന്ന് നൂറ്റാണ്ടുകളിൽ ക്രിസ്ത്യാനികൾ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ അവർക്ക് പരസ്യമായി തങ്ങളുടെ വിശ്വാസപ്രഖ്യാപനം നടത്തുകയും പള്ളികൾ പണിയുകയും വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യാം എന്ന സാഹചര്യമായി. സുവിശേഷം പ്രസംഗിക്കാനും ക്രിസ്തുവിനായി ആത്മാക്കളെ നേടാനും അകലെയുള്ള നാടുകളിലേക്ക് മിഷനറിമാർ യാത്രയായി. അവരിലൊരാളായിരുന്നു ആ യുഗത്തിൽ പ്രസിദ്ധനായ വിശുദ്ധ പാട്രിക്ക്, അയർലണ്ടിന്റെ അപ്പസ്തോലൻ. അദ്ദേഹം ജനിച്ചത് ബ്രിട്ടനിൽ ആയിരുന്നു!
ആ വിശുദ്ധനെപറ്റി അറിയാൻ നമ്മെ സഹായിക്കുന്ന അദ്ദേഹത്തിന്റെ തന്നെ മൂന്ന് രചനകളുണ്ട്. ‘കുമ്പസാരം’ എന്ന ആദ്യ പുസ്തകത്തിൽ തന്റെ ജീവിത കഥ ചുരുക്കത്തിൽ അദ്ദേഹം വിവരിച്ചു. മനോഹരകീർത്തനങ്ങളടങ്ങിയ രണ്ടാമത്തെ പുസ്തകത്തിന്റെ പേര് ലാറ്റിനിൽ ‘ലോറിക’ എന്നാണ്, breastplate, മാർച്ചട്ട എന്നെല്ലാമാണ് അർത്ഥം. മൂന്നാമത്തേത് ‘കൊറോട്ടിക്കസിനുള്ള എഴുത്ത്’ ആയിരുന്നു, അയർലണ്ട് കീഴടക്കി, ക്രിസ്ത്യാനികളാവാനിരുന്ന കുറെയേറെ ജ്ഞാനസ്നാർത്ഥികളെ അതിനു മുൻപേ കൊന്നൊടുക്കിയ ബ്രിട്ടീഷ് രാജാവിന് എഴുതിയത്.
ബ്രിട്ടനിൽ, റോമൻ വേരുകളുള്ള ഒരു ഗ്രാമമായ ബന്നേവേം ടബേർണിയേ എന്നയിടത്ത്, ഒരു ക്രിസ്തീയ കുടുംബത്തിൽ ഏകദേശം AD 386 ൽ ആയിരുന്നു വിശുദ്ധ പാട്രിക്കിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് കാൽപർണിയസ് ഒരു ഡീക്കനും അപ്പൂപ്പൻ ഒരു പുരോഹിതനുമായിരുന്നു. പുരോഹിതർക്ക് ബ്രഹ്മചര്യം നിർബന്ധമില്ലാതിരുന്ന കാലഘട്ടമായിരുന്നല്ലോ അത്. അവരുടെ മാതൃഭാഷ ലാറ്റിൻ ആയിരുന്നു. പതിനാറാം വയസ്സുവരെ മതാനുഷ്ഠാനങ്ങളിൽ തനിക്ക് വലിയ ശ്രദ്ധയൊന്നും ഇല്ലായിരുന്നെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. അത് മാറേണ്ടുന്ന ഒരു സമയം എത്തിച്ചേർന്നു. അക്കൊല്ലം ഐറിഷ് കടൽ കടന്നെത്തിയ ഭീകരർ ബ്രിട്ടീഷ് തീരം ആക്രമിച്ചു. അവർ ഗ്രാമങ്ങൾ കൊള്ളയടിച്ച് യുവാക്കളിൽ കുറേപേരെ അടിമകളായി പിടിച്ചു കൊണ്ടു പോയി. പാട്രിക്കും അവരിലൊരാളായിരുന്നു.
പിന്നീട് ആറു വർഷത്തോളം ആടിനെയും പന്നികളെയും മേയ്ച്ചുകൊണ്ട് അയർലണ്ടിൽ പാട്രിക്ക് അടിമയായി കഴിഞ്ഞു. ഏത് കഠിനചൂടിനെയും എത്ര മരംകോച്ചുന്ന തണുപ്പിനെയും അതിജീവിക്കാൻ പഠിച്ചു. ആ ഏകാന്തതയിൽ അവൻ ദൈവത്തിലേക്ക് തിരിഞ്ഞു. പിന്നീട് പാട്രിക് എഴുതി, “പകൽ നിരന്തരം ഞാൻ പ്രാർത്ഥിക്കുമായിരുന്നു. ദൈവസ്നേഹവും ദൈവഭയവും വർദ്ധിച്ചു വന്നു, എന്റെ വിശ്വാസം വളർന്നു, ആത്മാവുണർന്നു. അങ്ങനെ ഓരോ ദിവസവും നൂറുകണക്കിന് പ്രാർത്ഥനകൾ ഞാനുരുവിട്ടു, രാത്രിയിലും അങ്ങനെ തന്നെ, കാട്ടിലും മലമുകളിലും തനിയെ പോയി പ്രാർത്ഥിച്ചു. സൂര്യോദയത്തിന് മുൻപ് ഞാൻ പ്രാർത്ഥിക്കാനായി ഉണർന്നു. മഞ്ഞിലും മഴയിലും…എന്റെ ആത്മാവ് ഉള്ളിൽ കത്തിയെരിഞ്ഞു”..
താൻ ജനിച്ച സ്ഥലത്തേക്ക് മടങ്ങാനായി ഒരു സ്വരം ഉറക്കത്തിൽ തന്നോട് പറയുന്നത് ഒരു ദിവസം പാട്രിക് കേട്ടു. അവൻ തന്റെ യജമാനന്റെ അടുത്ത് നിന്ന് ഓടി ഒരു തുറമുഖത്ത് എത്തിയപ്പോൾ യാത്രക്ക് തയ്യാറെടുക്കുന്ന ഒരു കപ്പൽ കണ്ടു. തന്നേക്കൂടി കൊണ്ടുപോകാൻ പാട്രിക്ക് കപ്പലിന്റെ ക്യാപ്റ്റനോട് യാചിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല. ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് പാട്രിക് തിരിച്ചു നടന്നു. കപ്പലിലെ നാവികർ ഉടൻ തന്നെ അവനെ തിരിച്ചു വിളിച്ചു, ക്യാപ്റ്റൻ മനസ്സ് മാറ്റിയിരുന്നു. കടലിലൂടെയുള്ള മൂന്ന് ദിവസത്തെ യാത്രയും വിജനമായ കരയിലൂടെയുള്ള ഒരു മാസത്തെ യാത്രക്കും ശേഷം പാട്രിക് തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെ യും അടുത്തേക്ക് തിരിച്ചെത്തി.
അയർലണ്ടിനെക്കുറിച്ചുള്ള ചിന്തകൾ പാട്രിക്കിനെ വിട്ടുമാറിയില്ല. താൻ അടിമയായിരുന്ന ആ നാട്ടിലേക്ക് തിരിച്ചുപോവാനും താൻ ഭാഷ പഠിച്ചെടുത്ത, സൗമ്യതയും ദയയും കൊണ്ട് തന്നെ സ്പർശിച്ച, ആ നാട്ടിലെ ജനങ്ങളിലേക്ക് ക്രിസ്തുവിന്റെ പ്രകാശം പരത്താനും അവൻ ആഗ്രഹിച്ചു. അതിനായി സ്വയം തയ്യാറെടുക്കാൻ തുടങ്ങി. ഫ്രാൻസിലേക്ക് പോയി ലെറിൻസിലെ ഒരു ആശ്രമത്തിൽ മൂന്നു കൊല്ലം താമസിച്ചു. ബിഷപ്പ് ജർമയിന്റെ മേൽനോട്ടത്തിൽ ഓസെറിലെ ഒരു ആശ്രമത്തിൽ പതിനഞ്ചു കൊല്ലം ചിലവഴിച്ചു.
അത്രയും നീണ്ട പരിശീലനത്തിന് ശേഷം പാട്രിക് പുരോഹിതനായി അഭിഷിക്തനായി. 432ൽ പോപ്പ് സെലസ്റ്റിൻ ഒന്നാമൻ അദ്ദേഹത്തെ അയർലണ്ടിലേക്കയച്ചു. അതിനു മുൻപ് പാട്രിക്കിനെ മെത്രാനായി അഭിഷേകം ചെയ്തിരുന്നു, അവിടെ ചെല്ലുമ്പോൾ സഭ സ്ഥാപിക്കണമല്ലോ.
ആദ്യത്തെ ക്രിസ്ത്യൻപള്ളി പാട്രിക് സ്ഥാപിച്ചത് സോളിൽ ആയിരുന്നു, മരണശേഷം വിശുദ്ധനെ അടക്കിയ സ്ഥലത്തു തന്നെ. പിന്നീട് ഐറിഷ് രാജാക്കന്മാരുടെ കൊട്ടാരമുള്ള താരയിലേക്ക് പോയി. 433ലെ ഈസ്റ്റർ രാത്രിയായിരുന്നു അത്. പാട്രിക്കും കൂട്ടരും ഈസ്റ്റർ ചടങ്ങുകൾക്കായി സ്ലെയിനിലെ മലമുകളിൽ തീ കത്തിച്ചു. കുറച്ചു സമയത്തിനകം അവിടമാകെ കുതിരക്കുളമ്പടിയൊച്ചകൾ മുഴങ്ങി. രാജാവും പരിവാരവും അങ്ങോട്ട് പാഞ്ഞടുത്തു. ആ രാത്രിയിൽ ഐറിഷ് രാജാവിന്റെയും പ്രഭുക്കളുടെയും വലിയൊരു ആഘോഷം നടക്കുകയായിരുന്നു. കൊട്ടാരത്തിൽ തീ കത്തിക്കും മുൻപ് വേറെ ഒരിടത്തും അന്ന് തീ കത്തിക്കാൻ പാടില്ലെന്ന് കല്പനയുണ്ടായിരുന്നു. അതാണ് പാട്രിക് തെറ്റിച്ചത്, അറിയാതെ ആണെങ്കിലും. വലിയ തർക്കമുണ്ടായി. പാട്രിക് ആണെങ്കിൽ ചുരുങ്ങിയ സമയം കൊണ്ട് ക്രിസ്തീയ വിശ്വാസത്തിലെ വലിയ രഹസ്യങ്ങൾ രാജാവിന് പകർന്നു നൽകി. അതിന്റെ ഫലമായി അയർലണ്ടിലെവിടെയും സുവിശേഷം പ്രസംഗിക്കാനുള്ള അനുമതി പാട്രിക്കിന് രാജാവിൽ നിന്ന് ലഭിച്ചു.
ഐറിഷ് രാജ്യം മുഴുവനായി പാട്രിക് ക്രിസ്തുവിനായി കീഴടക്കാൻ തുടങ്ങി. പള്ളികളും കുരിശുകളും സ്ഥാപിച്ചു കൊണ്ട് അയർലണ്ടിൽ ആകമാനം ചുറ്റി സഞ്ചരിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തെ അനുഗമിച്ച യാത്രസംഘത്തിൽ സഹായികളും, ഗായകരും, സംഗീതജ്ഞരും, വേട്ടക്കാരും, മരംവെട്ടുകാരും, ആശാരിമാരും, പാചകക്കാരും, നെയ്ത്തുകാരും അങ്ങനെ നാനാവിധത്തിലുള്ള ആളുകളായിരുന്നു. അവർ ഒരു സ്ഥലത്ത് താവളമടിച്ചാൽ, അവിടങ്ങളിലുള്ളവരെ പഠിപ്പിക്കലായി, മാമോദീസ കൊടുക്കലായി, പള്ളി പണിയലായി.. അങ്ങനെ എല്ലാം കഴിഞ്ഞ് അവർ അവിടെ നിന്ന് നീങ്ങും. അങ്ങനെ ധാരാളം പുതിയ ക്രിസ്തീയ സമൂഹങ്ങൾ രൂപം കൊണ്ടു.
പാട്രിക് കുറെയധികം ഐറിഷ് നേതാക്കളുടെ ഇഷ്ടം സമ്പാദിച്ചപ്പോഴും ഡ്രൂയിഡുകൾ എന്നറിയപ്പെടുന്ന മന്ത്രവാദികളായ പുരോഹിതരുടെ ശത്രുവായി. പ്രവാചകർ, തത്വചിന്തകർ, പുരോഹിതർ, ന്യായാധിപർ, അധ്യാപകർ.. ഇതെല്ലാം കൂടിയതായിരുന്നു അവർ. രാജാവിന്റെ ഉപദേശകരായിരുന്ന അവരുടെ സ്ഥാനം ക്രിസ്തുമതത്തിന്റെ വരവോടെ ഇല്ലാതായി തുടങ്ങിയിരുന്നു. പാട്രിക്കിന്റെ ജീവൻ എപ്പോഴും അപകടത്തിലായിരുന്നു.
“ ഓരോ ദിവസവും ഞാൻ ദാരുണമായ ഒരു മരണമോ, കൊള്ളയടിക്കലോ, അടിമത്തത്തിലേക്കുള്ള തിരിച്ചുപോക്കോ, വേറെ ഏതെങ്കിലും തരത്തിലുള്ള ദുരന്തമോ പ്രതീക്ഷിച്ചിരുന്നു “.. അദ്ദേഹം എഴുതി.
ഒരിക്കൽ വിശുദ്ധ പാട്രിക്കിന്റെ സാരഥി അപകടം മണത്ത്, അദ്ദേഹത്തോട് അവർ ഇരിക്കുന്ന സ്ഥലം വെച്ചുമാറാൻ അപേക്ഷിച്ചു. കുറച്ച് ദൂരം പോയപ്പോഴേക്ക് ആ വിശ്വസ്ത സേവകൻ, അയാളുടെ യജമാനനെ കൊല്ലാൻ വേണ്ടി ഒരാൾ എറിഞ്ഞ കുന്തം തറച്ചു കയറി തല്‍ക്ഷണം മരണമടഞ്ഞു.
അയർലണ്ടിന്റെ ഒരു ഭാഗത്തു നിന്ന് മറ്റേ ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ വിശുദ്ധ പാട്രിക് പാടിക്കൊണ്ടിരുന്ന കീർത്തനങ്ങൾ എത്ര അർത്ഥവത്താണെന്ന് നമുക്ക് മനസ്സിലാവുന്നു. ആഴമുള്ള വിശ്വാസത്തിൽ നിന്നാണ് അദ്ദേഹം തന്റെ ശക്തിയും ധൈര്യവും വലിച്ചെടുത്തിരുന്നത്. അദ്ദേഹത്തിന്റെ കൃതിയായ ‘Breastplate’ ൽ നിന്നെടുത്ത ചില വരികൾ അത് തെളിയിക്കുന്നു. സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളിലും ( breviary) അതിൽനിന്നുള്ള വരികളുണ്ട്.
“പരിശുദ്ധ ത്രിത്വത്തിന്റെ ശക്തിയേറിയ നാമത്തിന് ഞാൻ ഇന്നെന്നെ ഭരമേല്‍പ്പിക്കുന്നു…
…എന്നെ വഴിനടത്തുന്നതിനായി ദൈവത്തിന്റെ ശക്തിക്കും എന്നെ കാത്തുസൂക്ഷിക്കുന്നതിനായി ദൈവത്തിന്റെ കണ്ണുകള്‍ക്കും എന്നെ താങ്ങിനിറുത്തുന്നതിനായി ദൈവത്തിന്റെ ബലത്തിനും എന്റെ ആവശ്യങ്ങൾ ശ്രവിക്കുന്നതിനായി ദൈവത്തിന്റെ കാതുകള്‍ക്കും എന്നെ പഠിപ്പിക്കുന്നതിനായി ദൈവത്തിന്റെ ജ്ഞാനത്തിനും എന്നെ സംരക്ഷിക്കുന്നതിനായി ദൈവത്തിന്റെ കരങ്ങള്‍ക്കും എന്റെ പാത ഒരുക്കുന്നതിനായി ദൈവത്തിന്റെ മാര്‍ഗത്തിനും എനിക്ക് സുരക്ഷിതത്വം നല്‍കുന്നതിനായി ദൈവത്തിന്റെ പരിചയ്ക്കും എനിക്ക് സംസാരിക്കുന്നതിനായി ദൈവത്തിന്റെ വചനത്തിനും എനിക്ക് പ്രതിരോധം തീര്‍ക്കുന്നതിനായി ദൈവത്തിന്റെ സൈന്യത്തിനും ഞാന്‍ ഇന്ന് എന്നെ ഭരമേല്‍പ്പിക്കുന്നു…
…ക്രിസ്തു എന്റെ കൂടെയായിരിക്കട്ടെ. ക്രിസ്തു എന്റെ ഉള്ളിലും ക്രിസ്തു എന്റെ പിന്നിലും ക്രിസ്തു എന്റെ മുമ്പിലും ക്രിസ്തു എന്റെ അരികിലും ഉണ്ടായിരിക്കട്ടെ. എന്നെ ജയിക്കാനായും, എന്നെ ആശ്വസിപ്പിക്കാനായും, എന്നെ പുനസ്ഥാപിക്കാനായും ക്രിസ്തു ഉണ്ടായിരിക്കട്ടെ. എനിക്ക് കീഴെയും എന്റെ മുകളിലും ശാന്തതയിലും അപകടത്തിലും ക്രിസ്തു ഉണ്ടായിരിക്കട്ടെ. എന്നെ സ്നേഹിക്കുന്ന എല്ലാവരുടെയും ഹൃദയ
ങ്ങളിലും, സുഹൃത്തിന്റെയും അപരിചിതന്റെയും അധരങ്ങളിലും ക്രിസ്തു ഉണ്ടായിരിക്കട്ടെ….”
461ലാണ് വിശുദ്ധ പാട്രിക് മരിക്കുന്നത്. മുപ്പത് കൊല്ലത്തെ അപ്പസ്തോലികദൗത്യത്തിനിടയിൽ 350ൽ പരം മെത്രാന്മാരെ വാഴിക്കുകയും അയർലണ്ടിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ക്രിസ്തീയ വിശ്വാസമെത്തിക്കുകയും ചെയ്തു. അയർലണ്ടുകാർ 15 നൂറ്റാണ്ടോളമായി ആ വിശ്വാസം കാത്തുസൂക്ഷിക്കുകയും എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ആ വിശ്വാസം എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. വിശുദ്ധന്റെ തിരുന്നാൾ അവിടങ്ങളിലെ ഓരോ മകനും മകൾക്കും ഉത്സവമാണ്.
ജിൽസ ജോയ് ![]()



Leave a comment