ഫ്രാൻസിസ്‌കൻ ആദ്ധ്യാത്മികതയുടെ ഏഴ് അത്ഭുതങ്ങൾ

കത്തോലിക്കാ സഭയുടെ ആദ്ധ്യാത്മിക ഭണ്ഡാരത്തിലെ തിളക്കമുള്ള ഒരു രത്നമാണ് ഫ്രാൻസിസ്‌കൻ ആദ്ധ്യാത്മികത. അസീസിയിലെ വിശുദ്ധ ഫ്രാൻസീസിൻ്റെ സമൂലമായ ഹൃദയപരിവർത്തനത്തിൽ വേരുപാകിയ ഈ ജീവിതശൈലി വിശുദ്ധ ക്ലാരയും വിശുദ്ധ അന്തോണീസും വിശുദ്ധ ബൊനവെഞ്ചറും മറ്റനവധി വിശുദ്ധരിലൂടെയും തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ അതു ക്രൈസ്‌തവ ജീവിതത്തിൻ്റെ ജീവനുള്ള സാക്ഷ്യമായി വിളങ്ങി ശോഭിച്ചു. ജീവിത ലാളിത്യത്തിലും എളിമയിലും ആനന്ദത്തിലും സാഹോദര്യത്തിലും സൃഷ്‌ടികളോടുള്ള സ്‌നേഹത്തിലും മുദ്രകുത്തിയ സുവിശേഷത്മാക ജീവിതശൈലിയാണ്. കത്തോലിക്കാ സഭയിലെ മറ്റു പല ആത്മീയ വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫ്രാൻസിസ്കൻ പാത ഒരു സൈദ്ധാന്തിക അവതരണം മാത്രമല്ല സുവിശേഷത്തിന്റെ ജീവനുള്ള വ്യാഖ്യനമാണ് ആണ് .ബനഡിക്ട് പതിനാറാമൻ പാപ്പ ഇപ്രകാരം പറയുന്നു : “ഫ്രാൻസിസ്കൻ സിദ്ധി മുഴുവൻ സഭയ്ക്കുള്ള ഒരു വിലയേറിയ സമ്മാനം ആണ്,സൃഷ്ടിയോടുള്ള സ്നേഹത്തിന്റെയും ജീവിതത്തിൻ്റെ സൂക്ഷ്‌മദർശനങ്ങലേക്കും അതു അനുഗാമികളെ കൂട്ടികൊണ്ടു പോകുന്നു.

ഈ ആത്മീയതയുടെ അടിസ്ഥാന ശിലകളായിരിക്കുന്ന ഏഴ് അത്ഭുത കല്ലുകളെ നമുക്കൊന്ന് മനസ്സിലാക്കാം. കേവലം കല്ലിൽ തീർത്ത മൂർത്ത സൃഷ്ടികൾ അല്ല ഇവ, മറിച്ച് ആത്മാവിൽ ജീവൻ സ്പന്ദിക്കുന്ന നീരുറവകളാണ്

1. മൂടുപടം ധരിക്കാത്ത സുവിശേഷാത്മക ജീവിതം

ഫ്രാൻസിസ്കൻ ആത്മീയതയുടെ ആദ്യത്തെ അത്ഭുതം സുവിശേഷത്തിന്റെ സമൂലവും അക്ഷരാർത്ഥത്തിലുള്ളതുമായ ആലിംഗനം ആണ്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിശുദ്ധ സുവിശേഷം ഹൃദയം കൊണ്ട് ജീവിക്കാൻ തീരുമാനിച്ചപ്പോൾ ക്രിസ്തുവിൻ്റെ മൗതീക ശരീരമായ സഭയിൽ ഇത്തിൾക്കണ്ണിപോലെ പടർന്നു പിടിച്ചിരുന്ന ഭൗതികതയുടെ പുറംതോട് അടർന്നു വീഴാൻ ആരംഭിച്ചു.. ഫ്രാൻസിസ് പറയുന്നു “വിശുദ്ധ സുവിശേഷത്തിന്റെ തനിരൂപം അനുസരിച്ച് ജീവിക്കണമെന്ന് അത്യുന്നതൻ തന്നെ എനിക്ക് വെളിപ്പെടുത്തി.”

സുവിശേഷത്തിന്റെ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ ജീവിതം മാത്രമായിരുന്നില്ല അത് മറിച്ച് ഈശോയുടെ വാക്കുകളുടെ പൂർണ്ണഹൃദയത്തോടുകൂടിയുള്ള സ്വീകരണമായിരുന്നു ഫ്രാൻസിസിനു സുവിശേഷാത്മക ജീവിതം. ക്രിസ്തു ശിഷ്യന്മാരെ പ്രേഷിത ദൗത്യത്തിന് അയക്കുന്ന തിരുവചന ഭാഗം കേട്ടപ്പോൾ ഫ്രാൻസിസ് ഇപ്രകാരം പ്രത്യുത്തരിച്ചു എന്നു തോമസ് ചെലാനോ സാക്ഷ്യപ്പെടുത്തുന്നു :”ഞാൻ ആഗ്രഹിക്കുന്നത് ഇതാണ് , ഞാൻ അന്വേഷിക്കുന്നത് ഇതാണ്, ഞാൻ പൂർണ്ണഹൃദയത്തോടെ ആഗ്രഹിക്കുന്നത് .”

ഫ്രാൻസിസിൻ്റെ ജീവചരിത്രകാരനായ വിശുദ്ധ ബൊനവെഞ്ചറിൻ്റെ അഭിപ്രായത്തിൽ “ഫ്രാൻസിസ് സുവിശേഷം മുഴുവൻ ആശ്ലേഷിക്കുകും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ വാക്കിലും പ്രവർത്തികളിലും പൂർണ്ണമായി പിന്തുടരാൻ ശ്രമിക്കുകയും ചെയ്തു.” സുവിശേഷത്തോടുള്ള ഈ ആത്മസമർപ്പണവും വിശ്വസ്തതയുമാണ് ഫ്രാൻസിസ്കൻ ആത്മീയതയുടെയും ജീവിതശൈലിയുടെയും ആദ്യത്തെ അത്ഭുതം

2. ദാരിദ്ര്യത്തെ ഹൃദയപൂർവം ആശ്ലേഷണം ചെയ്യൽ

ഫ്രാൻസിസ്കൻ ആത്മീയതയുടെ രണ്ടാമത്തെ അത്ഭുതം രണ്ടാം ക്രിസ്തുവായ ഫ്രാൻസിസ് ദാരിദ്ര്യത്തെ പൂർണ്ണമനസ്സോടെ ആലിംഗനം ചെയ്യുന്നതാണ്. ദാരിദ്ര്യം ഫ്രാന്‍സീസിന്റെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനമായിരുന്നു. ഭൗതികമായ ദാരിദ്ര്യം മാത്രമായിരുന്നില്ല അതുകൊണ്ട് അര്‍ത്ഥമാക്കിയത്; ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാക്കലും അതിന്റെ ഭാഗമായിരുന്നു. ദാരിദ്ര്യത്തെ ഒരു ദുരിതമായിട്ടല്ല മറിച്ച് വിമോചനം ആയിട്ടാണ് അവൻ കണ്ടത്. ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ വഴിയായിരുന്നു ഫ്രാൻസീസിനു ദാരിദ്യം. ദാരിദ്ര്യത്തെ തൻ്റെ മണവാട്ടിയായി സ്വീകരിച്ചുകൊണ്ടു ഫ്രാൻസിസ് ഇപ്രകാരം പറയുന്നു “ദരിദ്രാവസ്ഥയിൽ ദൈവത്തിനെതിരെ പരാതിപ്പെടാത്തവനും മുറുമുറുക്കാത്തവനും ഭാഗ്യവാൻ.”

ഈ ആത്മീയത ഫ്രാൻസിനും മാത്രം സ്വന്തമായിരുന്നതല്ല അവൻ്റെ മാതൃക പിൻചെന്ന അസീസിയിലെ വിശുദ്ധ ക്ലാര ദാരിദ്യത്തെ വിശുദ്ധ ആനുകൂല്യമായി സ്വീകരിച്ച തൻ്റെ സഭാ നിയമത്തിൽ ഇപ്രകാരം എഴുതി “സഹോദരിമാർ തങ്ങൾക്കായി ഒന്നും വീടോ, സ്ഥലമോ കൈവശപ്പെടുത്തരുത്.”

ദാരിദ്ര്യത്തെ പുണരുന്ന ഈ ഫ്രാൻസിസ്കൻ മനോഭാവം ക്രിസ്തുവിൻറെ ശൂന്യവൽക്കരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഫ്രാൻസിസിൻ്റെ ദാരിദ്ര്യ ചൈതന്യത്തെ വിപ്ലവകരമായ സുവിശേഷ സാക്ഷ്യമായി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിന്നു. ക്രിസ്തീയ ദാരിദ്ര്യം പ്രത്യാശയുടെ ഒരു പ്രവർത്തിയാണെന്ന് ഫ്രാൻസിസിൻ്റെ ജീവിതം നമ്മളെ ഓർമിപ്പിക്കുന്നു

3. അതിരുകളില്ലാത്ത വിശ്വസാഹോദര്യം

മൂന്നാമത്തെ അത്ഭുതം ഫ്രാൻസിസ്കൻ സാഹോദര്യമാണ്. തന്റെ അനുയായികളെ പുരോഹിതന്മാരോ സന്യാസിമാരോ എന്നതിലുപരി ഫ്രയേഴ്‌സ് മൈനർ(Friars Minor) – ചെറിയ സഹോദരന്മാർ – എന്ന് വിളിക്കണമെന്ന് വിശുദ്ധ ഫ്രാൻസിസിനു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്, ഓരോ മനുഷ്യനും ഒരു സഹോദരനോ സഹോദരിയോ ആയിരുന്നു.

ഈ സാഹോദര്യം സാർവത്രികമായി അദ്ദേഹം വ്യാപിപ്പിച്ചു. ഉദാഹരണത്തിന് കുരിശുയുദ്ധകാലത്ത് (1219) ഡാമിയേറ്റയിലെ സുൽത്താൻ അൽ-കാമിലിനെ കാണാൻ ഫ്രാൻസിസ് പോയി. തന്റെ ജീവനുള്ള ഭീഷണി വകവയ്ക്കാതെ സംഭാഷണവും സമാധാനവും അക്രമത്തേക്കാൾ ശക്തമാണെന്ന് കാണിക്കാനായിരുന്നു ഈ ശ്രമം. എല്ലാവരും സോദരിൽ (2020) ഫ്രാൻസിസ് മാർപാപ്പ ഈ പൈതൃകത്തിൽ നിന്ന് സാരാംശം ഉൾക്കൊണ്ടു എഴുതുന്നു : “ഫ്രാൻസിസ് സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാക്കുകളുടെ ഒരു യുദ്ധം നടത്തിയില്ല; അദ്ദേഹം ദൈവസ്നേഹം പ്രചരിപ്പിച്ചു” (No ‘: 4).

ഫ്രാൻസിസ് തൻ്റെ ആദ്യ സഭാ നിയമത്തിൽ ഇപ്രകാരം എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ എളിമയും ദാരിദ്ര്യവും പിന്തുടരാൻ എല്ലാ സഹോദരന്മാരും പരിശ്രമിക്കട്ടെ, ലോകത്തിൽ നാം ആരെയും നമ്മുടെ ശത്രുക്കളാക്കരുത്, മറിച്ച് എല്ലാവരും നമ്മുടെ സഹോദരന്മാരായിരിക്കണം”

4. പ്രപഞ്ചമെന്ന കുടുംബം

നാലാമത്തെ അത്ഭുതം ഫ്രാൻസീസിനു സൃഷ്ടികളോടുള്ള ആദരവാണ്. വിശുദ്ധ ഫ്രാൻസിസ് എല്ലാ സൃഷ്ടികളും ഉൾക്കൊള്ളുന്ന പ്രപഞ്ചത്തെ ഒരു കുടുംബമായി മനസ്സിലാക്കി. സര്‍വ്വചരാചരങ്ങളിലും അദ്ദേഹം ദൈവത്തിന്റെ പ്രതിഛായ കണ്ടു. തന്റെ പ്രസിദ്ധമായ “സൂര്യകീര്‍ത്തന”ത്തില്‍ സൂര്യന്‍ തന്റെ സഹോദരനും ചന്ദ്രന്‍ സഹോദരിയും ഭൂമി അമ്മയുമാണ്. മരണാസന്നനായപ്പോള്‍ സഹോദരീ എന്നാണ് അദ്ദേഹം മരണത്തെ സംബോധന ചെയ്തത്. വിശുദ്ധ ബൊണവെഞ്ചർ ഈ ദൈവശാസ്ത്രത്തെ കൂടുതൽ ആഴത്തിലാക്കി: “മുഴുവൻ പ്രപഞ്ചവും ഒരുമിച്ച് ദിവ്യ നന്മയിൽ പങ്കെടുക്കുന്നു, അതിന്റെ വൈവിധ്യത്തിലൂടെ ദിവ്യജ്ഞാനം കാണിക്കുന്നു” (Breviloquium II,12). അദ്ദേഹത്തിന്, സൃഷ്ടി നമ്മെ ദൈവത്തിലേക്ക് നയിക്കുന്ന ഒരു ഗോവണി ആയിരുന്നു. അങ്ങേയ്ക്കു സ്തുതിയിൽ (2015) ഫ്രാൻസിസ് മാർപാപ്പ ഈ ഫ്രാൻസിസ്കൻ പാരമ്പര്യത്തെ വീണ്ടും ഉറപ്പിച്ചു പറഞ്ഞു: “ദൈവം നമ്മോട് സംസാരിക്കുകയും അവന്റെ അനന്തമായ സൗന്ദര്യത്തിന്റെയും നന്മയുടെയും ഒരു കാഴ്ച നമുക്ക് നൽകുകയും ചെയ്യുന്ന ഒരു മഹത്തായ പുസ്തകമായി പ്രകൃതിയെ കാണാൻ വിശുദ്ധ ഫ്രാൻസിസ് നമ്മെ ക്ഷണിക്കുന്നു” (No : 12).

5. ജിവിത ലാളിത്യത്തിന്റെ ആനന്ദം

അഞ്ചാമത്തെ ഫ്രാൻസിസ്കകൻ അത്ഭുതം ജീവിത ലാളിത്യത്തിന്റെ ആനന്ദമാണ്. ഫ്രാൻസിസ്കൻ ആനന്ദം കേവലമായ പ്രസാദാത്മകത്വം മാത്രമല്ല, കഷ്ടപ്പാടുകൾക്കിടയിലും ആഴമേറിയതും ക്രിസ്തു കേന്ദ്രീകൃതവുമായ സന്തോഷമായിരുന്നു. ഫിയോറെറ്റിയിൽ (Little Flowers of St, Francis) ഫ്രാൻസിസ് ബ്രദർ ലിയോയോട് “പൂർണ്ണ സന്തോഷം” എന്താണന്നു വിശദീകരിക്കുന്നു: “വിജയമോ ബഹുമാനമോ അല്ല, മറിച്ച് ക്രിസ്തുവിന്റെ സ്നേഹത്തിനുവേണ്ടി തിരസ്കരണവും അപമാനവും ക്ഷമയോടെ സഹിക്കലാണ്.”

മറ്റൊരവസരത്തിൽ ഫ്രാൻസിസ് തൻ്റെ ആദ്യ സഭാ നിയമത്തിലൂടെ സഹോദരന്മാരെ ഉദ്‌ബോധിപ്പിക്കുന്നു: “സഹോദരന്മാർ തങ്ങളെത്തന്നെ ദുഃഖിതരും വിഷാദഭരിതരുമായി ബാഹ്യമായി പ്രകടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം, മറിച്ച് അവർ കർത്താവിൽ സന്തോഷമുള്ളവരായി കാണിക്കട്ടെ” ( 7:16).

വിശുദ്ധ ക്ലാരയും ഇതേ ചിന്താഗതി പുലർത്തിയിരുന്നു പ്രാഗിലെ വിശുദ്ധ ആഗ്നസിന് എഴുതിയ കത്തിൽ വിശുദ്ധ ക്ലാര ഈ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു: “നിൻ്റെ മനസ്സിനെ നിത്യതയുടെ കണ്ണാടിക്ക് മുന്നിൽ വയ്ക്കുക … നിൻ്റെ മുഴുവൻ സത്തയെയും ദൈവത്തിന്റെ പ്രതിച്ഛായയിലേക്ക് മാറ്റുക” (ആഗ്നസിനുള്ള നാലാമത്തെ കത്ത്, 23). അത്തരം ധ്യാനം ക്ലാരയുടെ ജീവിതം കൂടുതൽ തേജോമയമാക്കി.

ഈ സന്തോഷകരമായ ജീവിത ലാളിത്യം ഫ്രാൻസിസ്കൻ സഭയുടെ ഒരു മുഖമുദ്രയായി തുടരുന്നു.

“ഇത്‌ ഞാന്‍ നിങ്ങളോടു പറഞ്ഞത്‌ എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്‌.”(യോഹന്നാന്‍ 15 : 11 ക്രിസ്തുവിന്റെ വാക്കുകൾ സഭയെ കൂടുതൽ ആനന്ദ പുളകിതയാക്കുന്നു.

6. സമാധാന ഭൗത്യം

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ. ആറാമത്തെ അത്ഭുതം സമാധാനമാണ്. വിശുദ്ധ ഫ്രാൻസിസിൻ്റെ എല്ലാ ആശംസകളും ആരംഭിച്ചത് “പാക്സ് എറ്റ് ബോനും ” (സമാധാനവും നന്മയും) എന്ന വാക്കോടെയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സമാധാനം സംഘർഷത്തിന്റെ അഭാവമല്ല, മറിച്ച് ക്രിസ്തുവിലൂടെയുള്ള അനുരഞ്ജനമായിരുന്നു.

ഫ്രാൻസിസ് തന്റെ പിൽക്കാല നിയമത്തിൽ ഇങ്ങനെ നിർദ്ദേശിച്ചു: “അവർ വാക്കുകൾ കൊണ്ട് കലഹിക്കുകയോ വഴക്കിടുകയോ ചെയ്യരുത്, മറിച്ച് അവർ സൗമ്യരും, സമാധാനപയരും, എളിമയുള്ളവരും, സൗമ്യരും, വിനയമുള്ളവരുമായിരിക്കട്ടെ, എല്ലാവരോടും മാന്യമായി സംസാരിക്കട്ടെ” (III:10–11).

സഭ ഈ പൈതൃകത്തെ ഇപ്പോഴും അംഗീകരിക്കുന്നു. ഫ്രാൻസിസിന്റെ അസീസി നഗരം സമാധാനത്തിന്റെയും മതാന്തര സാഹോദര്യത്തിന്റെയും ആഗോള പ്രതീകമായി തുടരുന്നു. അതിനാലാണ് 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ അസീസിയെ ലോക സമാധാന പ്രാർത്ഥനാ ദിനത്തിന്റെ സ്ഥലമായി തിരഞ്ഞെടുത്തത് ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ എന്നു തുടങ്ങുന്ന ഫ്രാൻസീസ് പുണ്യവാൻ്റെ പ്രാർത്ഥന സമാധാനത്തിനു വേണ്ടി നിലകൊള്ളാനുള്ള നമ്മുടെ ദൗത്യം ഓർമ്മിപ്പിക്കുന്നു.

7. സ്നേഹത്തിലും വിനയത്തിലുമുള്ള പ്രേഷിത ദൗത്യം

ഏഴാമത്തെ അത്ഭുതം സ്നേഹത്തിലും വിനയത്തിലുമുള്ള ഫ്രാൻസിസ്കൻ പ്രേഷിത ദൗത്യമാണ്. ഫ്രാൻസിസും അദ്ദേഹത്തിന്റെ സന്യാസിമാരും എളിമയോടും വിനയത്തോടും കൂടെ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു. ഫ്രാൻസിസ് തന്റെ ആദ്യകാല നിയമത്തിൽ മിഷനറിമാരെ ഉപദേശിച്ചു: “അവർ വാദങ്ങളിലോ തർക്കങ്ങളിലോ ഏർപ്പെടരുത്, മറിച്ച് ദൈവത്തിനുവേണ്ടി എല്ലാ മനുഷ്യജീവികൾക്കും വിധേയരാകുകയും തങ്ങൾ ക്രിസ്ത്യാനികളാണെന്ന് ഏറ്റുപറയുകയും ചെയ്യട്ടെ” (16:6).

ഈ മിഷനറി ശൈലി സ്നേഹത്തിൽ വേരൂന്നിയതാണ്, കീഴടക്കലല്ല. ഇത് അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും പിൽക്കാല ഫ്രാൻസിസ്കൻ സുവിശേഷവൽക്കരണത്തിന് രൂപം നൽകി, പലപ്പോഴും ദരിദ്രരോടും തദ്ദേശീയ ജനങ്ങളോടും ഉള്ള അടുപ്പത്താൽ ഇത് അടയാളപ്പെടുത്തി. രണ്ടാം വത്തിക്കാൻ കൗൺസിൽ Ad Gents (1965) ഈ ചൈതന്യം തിരിച്ചറിഞ്ഞു പഠിപ്പിച്ചു: “എല്ലാ ജനങ്ങളിലും അവിടുത്തെ സാക്ഷ്യപ്പെടുത്തുന്നതിന്, സഭ തന്റെ യജമാനന്റെ അതേ എളിമയിലും സ്വയം ശൂന്യമാക്കലിലും പങ്കുചേരണം.” ഫ്രാൻസിസ്കൻ ദൗത്യം കൃത്യമായി ഈ സുവിശേഷ വിനയത്തെ ഉൾക്കൊള്ളുന്നു.

ഉപസംഹാരം

ഫ്രാൻസിസ്കൻ ആത്മീയതയുടെ ഏഴ് അത്ഭുതങ്ങൾ – മൂടുപടം ധരിക്കാതെ സുവിശേഷം ജീവിക്കുക, ദാരിദ്ര്യം ആശ്ലേഷിക്കുക, സാർവത്രിക സാഹോദര്യം, പ്രപഞ്ചം കുടുംബമാക്കുക, ലാളിത്യത്തിന്റെ ആനന്ദം കണ്ടെത്തുക, സമാധാനത്തിൻ്റെ ഉപകരണമാവുക, എളിമയിലും വിനയത്തിലും പ്രേഷിത ദൗത്യം നിറവേറ്റുക- സഭയ്ക്കും ലോകത്തിനും ശക്തമായ സമ്മാനങ്ങളായി ഇന്നും തുടരുന്നു. അവ വിദൂര ആദർശങ്ങളല്ല, മറിച്ച് ഫ്രാൻസിസ്, ക്ലാര, ബൊണവെഞ്ചർ, മാക്സിമിലിയൻ കോൾബെ തുടങ്ങിയ വിശുദ്ധന്മാരിലും എല്ലാവർക്കും സഹോദരീസഹോദരന്മാരായി ജീവിച്ച എണ്ണമറ്റ ഫ്രാൻസിസ്കൻമാരിലും ഉൾക്കൊണ്ടിരിക്കുന്ന ജീവന്റെ പാതകളാണ്. ഫ്രാൻസിസ് മാർപാപ്പ തൻ്റെ പേരിനു കാരണഭൂതനായ വിശുദ്ധനെ സ്മരിച്ചു കൊണ്ട് നമ്മെ ഓർമ്മിപ്പിക്കുന്നു: “‘പുറപ്പെടുന്ന’ ഒരു സഭ തുറന്ന വാതിലുകളുടെ സഭയാണ്” ( സുവിശേഷത്തിൻ്റെ ആനന്ദം 46). അതാണ് ഫ്രാൻസിസ്കൻ വഴി: തുറന്ന വാതിലുകൾ, തുറന്ന കൈകൾ, തുറന്ന ഹൃദയങ്ങൾ, ജീവിതം കൊണ്ട് തന്നെ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രഖ്യാപിക്കുന്ന ആദ്ധ്യാത്മികത.

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment