Daniel, Chapter 6 | ദാനിയേൽ, അദ്ധ്യായം 6 | Malayalam Bible | POC Translation

ദാനിയേല്‍ സിംഹക്കുഴിയില്‍

  • 1 : രാജ്യം ഭരിക്കാന്‍ അതിന്റെ എല്ലാ ഭാഗങ്ങളിലുമായി നൂറ്റിയിരുപതു പ്രധാന ദേശാധിപന്‍മാരെ നിയമിക്കുന്നതു നല്ലതാണെന്നു ദാരിയൂസിനു തോന്നി.   
  • 2 : അവരുടെമേല്‍ മൂന്നു തലവന്‍മാരെയും അവന്‍ നിയമിച്ചു. അവരില്‍ ഒരുവന്‍ ദാനിയേലായിരുന്നു. രാജാവിനു നഷ്ടം സംഭവിക്കാതിരിക്കാന്‍ പ്രധാനദേശാധിപന്‍മാര്‍ ഇവരെ കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.   
  • 3 : അദ്ഭുതകരമായ ദൈവികചൈതന്യമുണ്ടായിരുന്നതുകൊണ്ട്, ദാനിയേല്‍ മറ്റെല്ലാ തലവന്‍മാരെയും പ്രധാന ദേശാധിപന്‍മാരെയുംകാള്‍ ശ്രേഷ്ഠനായിത്തീര്‍ന്നു; തന്റെ രാജ്യം മുഴുവന്റെയും അധികാരിയായി അവനെ നിയമിക്കാന്‍ രാജാവ് ആലോചിച്ചു.   
  • 4 : അപ്പോള്‍ തലവന്‍മാരും പ്രധാന ദേശാധിപന്‍മാരും ദാനിയേലിന്റെ മേല്‍ രാജദ്രോഹക്കുറ്റം ആരോപിക്കാന്‍ പഴുതു നോക്കി; പരാതിക്കു മതിയായ കാരണമോ കുറ്റമോ കണ്ടെണ്ടത്താന്‍ അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, അവന്‍ വിശ്വസ്തനായിരുന്നു. ഒരു കുറ്റവും അവര്‍ അവനില്‍ കണ്ടില്ല.   
  • 5 : അപ്പോള്‍, അവര്‍ പറഞ്ഞു: ഈ ദാനിയേലില്‍, അവന്റെ ദൈവത്തിന്റെ നിയമത്തെ സംബന്ധിച്ചല്ലാതെ മറ്റു പരാതിക്കു കാരണം കണ്ടെണ്ടത്താന്‍ നമുക്കു കഴിയുകയില്ല.   
  • 6 : ഈ തലവന്‍മാരും പ്രധാന ദേശാധിപന്‍മാരും തമ്മില്‍ ആലോചിച്ചുറച്ച്, രാജാവിന്റെ അടുത്തെത്തി പറഞ്ഞു: ദാരിയൂസ് രാജാവ് നീണാള്‍ വാഴട്ടെ!   
  • 7 : എല്ലാ തല വന്‍മാരും സ്ഥാനപതികളും പ്രധാനദേശാധിപന്‍മാരും ഉപദേശകരും നാടുവാഴികളും ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, അടുത്ത മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ മറ്റേതെങ്കിലും ദേവന്‍മാരോടോ മനുഷ്യരോടോ പ്രാര്‍ഥിക്കുന്നവനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞു കളയുമെന്ന് ഒരു കല്‍പന പുറപ്പെടുവിച്ച്, നിരോധനം ഏര്‍പ്പെടുത്തണം.   
  • 8 : രാജാവേ, മേദിയാക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച് മാറ്റം വരുത്തുകയോ ലംഘിക്കുകയോ ചെയ്യാനാവാത്ത ആ നിരോധനാജ്ഞ മുദ്രവച്ചു സ്ഥിരീകരിക്കണം.   
  • 9 : ദാരിയൂസ് നിരോധനാജ്ഞയില്‍ മുദ്രവച്ചു.   
  • 10 : രേഖയില്‍ മുദ്രവച്ചിരിക്കുന്നെന്ന് അറിഞ്ഞദാനിയേല്‍ സ്വഭവനത്തിലേക്കു പോയി. വീടിന്റെ മുകളിലത്തെനിലയില്‍ ജറുസലെമിനു നേരേ തുറന്നുകിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താന്‍മുന്‍പ് ചെയ്തിരുന്നതു പോലെ, അവന്‍ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്‍മേല്‍നിന്ന് തന്റെ ദൈവത്തോടു പ്രാര്‍ഥിക്കുകയും നന്ദി പറയുകയും ചെയ്തു.   
  • 11 : മേല്‍പറഞ്ഞമനുഷ്യര്‍ തീരുമാനിച്ചിരുന്നതു പോലെ ചെന്ന്, ദാനിയേല്‍ തന്റെ ദൈവത്തിന്റെ മുന്‍പില്‍ പ്രാര്‍ഥിക്കുന്നതും അപേക്ഷിക്കുന്നതും കണ്ടു.   
  • 12 : അവര്‍ രാജ സന്നിധിയിലെത്തി നിരോധനാജ്ഞയെപ്പറ്റി പറഞ്ഞു: രാജാവേ, മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ ആരെങ്കിലും പ്രാര്‍ഥിച്ചാല്‍ അവനെ സിംഹങ്ങളുടെ കുഴിയില്‍ തള്ളും എന്നൊരു നിരോധനാജ്ഞയില്‍ നീ ഒപ്പുവച്ചിരുന്നില്ലേ? രാജാവ് പറഞ്ഞു: മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും അലംഘനീയമായ നിയമമനുസരിച്ച്, അത് തീര്‍ച്ചയായും അങ്ങനെതന്നെ.   
  • 13 : അവര്‍ പറഞ്ഞു: രാജാവേ, യൂദായില്‍നിന്നുള്ള പ്രവാസികളിലൊരുവനായ ആദാനിയേല്‍ നിന്നെയാകട്ടെ, നീ ഒപ്പുവച്ച നിരോധനാജ്ഞയെ ആകട്ടെ മാനിക്കാതെ ദിവസവും മൂന്നു പ്രാവശ്യം തന്റെ പ്രാര്‍ഥന നടത്തുന്നു.   
  • 14 : ഇതുകേട്ടപ്പോള്‍ രാജാവ് അത്യധികം വ്യസനിച്ചു; ദാനിയേലിനെ രക്ഷിക്കാന്‍മനസ്‌സിലുറച്ച് അവനെ രക്ഷിക്കുന്നതിനുവേണ്ടി സൂര്യന്‍ അസ്തമിക്കുന്നതുവരെ അവന്‍ പരിശ്രമിച്ചു.   
  • 15 : അപ്പോള്‍, ആലോചിച്ചുറച്ചു വന്നിരുന്ന ആളുകള്‍ രാജാവിനോടു പറഞ്ഞു: രാജാവേ, നീ അറിഞ്ഞാലും. മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച്, രാജാവ് പുറപ്പെടുവിക്കുന്ന കല്‍പനയും ശാസനയും മാറ്റിക്കൂടാ.   
  • 16 : രാജാവ് കല്‍പിച്ചതനുസരിച്ച് ദാനിയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ കുഴിയിലേക്കെറിഞ്ഞു. രാജാവ് ദാനിയേലിനോടു പറഞ്ഞു: നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ!   
  • 17 : ദാനിയേലിനെക്കുറിച്ചുള്ള വിധിക്കു മാറ്റം വരാതിരിക്കാന്‍ കുഴി ഒരു കല്ലുകൊണ്ട് അടയ്ക്കുകയും രാജാവിന്റെയും പ്രഭുക്കന്‍മാരുടെയും മോതിരങ്ങള്‍കൊണ്ട് അതിനു മുദ്രവയ്ക്കുകയും ചെയ്തു.   
  • 18 : രാജാവു കൊട്ടാരത്തിലേക്കു പോയി. രാത്രി മുഴുവന്‍ ഉപവാസത്തില്‍ കഴിച്ചുകൂട്ടി. വിനോദങ്ങളെല്ലാം അവന്‍ പരിത്യജിച്ചു; നിദ്രഅവനെ സമീപിച്ചില്ല.   
  • 19 : രാജാവ് അതിരാവിലെ എഴുന്നേറ്റ് സിംഹങ്ങളുടെ കുഴിയിലേക്കു തിടുക്കത്തില്‍ ചെന്നു;   
  • 20 : ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോള്‍, ദുഃഖം നിറഞ്ഞസ്വരത്തില്‍ രാജാവ് വിളിച്ചു ചോദിച്ചു: ദാനിയേല്‍, ജീവിക്കുന്ന ദൈവത്തിന്റെ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ സിംഹങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ശക്തനായിരുന്നോ?   
  • 21 : ദാനിയേല്‍ രാജാവിനോടു പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ!   
  • 22 : തന്റെ മുന്‍പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. രാജാവേ, നിന്റെ മുന്‍പിലും ഞാന്‍ നിരപരാധനാണല്ലോ.   
  • 23 : അപ്പോള്‍ രാജാവ് അത്യധികം സന്തോഷിച്ച്, ദാനിയേലിനെ കുഴിയില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ കല്‍പിച്ചു. ദാനിയേലിനെ കുഴിയില്‍ നിന്നു കയറ്റി. തന്റെ ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ട് അവന് ഒരു പോറല്‍ പോലും ഏറ്റതായി കണ്ടില്ല.   
  • 24 : ദാനിയേലിനെ കുറ്റംവിധിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകല്‍പനപ്രകാരംകൊണ്ടുവന്ന് സിംഹത്തിന്റെ കുഴിയില്‍ എറിഞ്ഞു. കുഴിയുടെ അടിയിലെത്തും മുന്‍പേ, സിംഹങ്ങള്‍ അവരെ അടിച്ചു വീഴ്ത്തി, അസ്ഥികള്‍ ഒടിച്ചു നുറുക്കി.   
  • 25 : ദാരിയൂസ് രാജാവ് ഭൂമുഖത്തുള്ള സകല ജനതകള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷക്കാര്‍ക്കും എഴുതി: നിങ്ങള്‍ക്കു സമാധാനം സമൃദ്ധമാകട്ടെ!   
  • 26 : എന്റെ അധികാരത്തിലുള്ള എല്ലാവരും ദാനിയേലിന്റെ ദൈവത്തിനു മുന്‍പില്‍ ഭയന്നു വിറയ്ക്കണമെന്ന് ഞാന്‍ വിളംബരം ചെയ്യുന്നു. എന്തെന്നാല്‍, അവിടുന്നാണ് നിത്യനും ജീവിക്കുന്നവനുമായ ദൈവം; അവിടുത്തെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. അവിടുത്തെ ആധിപത്യത്തിന് അവസാനമില്ല.   
  • 27 : അവിടുന്ന് രക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. ആകാശത്തിലും ഭൂമിയിലും അവിടുന്ന് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നു. അവിടുന്നാണ് ദാനിയേലിനെ സിംഹങ്ങളുടെ പിടിയില്‍ നിന്നു രക്ഷിച്ചത്.   
  • 28 : ദാരിയൂസിന്റെയും പേര്‍ഷ്യാക്കാരനായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേല്‍ ഐശ്വര്യപൂര്‍വം ജീവിച്ചു.   
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment