കര്‍ത്താവിന്റെ ആരോപണം
- 1 : ഇസ്രായേല്‍ജനമേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക. ദേശവാസികള്‍ക്കെതിരേ അവിടുത്തേക്ക് ഒരു ആരോപണമുണ്ട്. ഇവിടെ വിശ്വസ്തതയോ സ്‌നേഹമോ ഇല്ല. ദൈവവിചാരം ദേശത്ത് അറ്റുപോയിരിക്കുന്നു.
- 2 : ആണയിടലും വഞ്ചനയും കൊലപാതകവും മോഷണവും വ്യഭിചാരവും സീമാതീതമായിരിക്കുന്നു. ഒന്നിനുപിറകേ ഒന്നായി കൊല പാതകം നടക്കുന്നു.
- 3 : അതിനാല്‍, ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും ക്ഷയിക്കുന്നു; വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും സമുദ്രത്തിലെ മത്‌സ്യങ്ങള്‍പോലും അപഹരിക്കപ്പെടുന്നു.
- 4 : എന്നാല്‍, ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ് എന്റെ ആരോപണം.
- 5 : പട്ടാപ്പകല്‍ നീ കാലിടറി വീഴും. പ്രവാചക നും രാത്രി നിന്നോടൊപ്പം കാലിടറി വീഴും.
- 6 : നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും. അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്‌കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്‌കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്‍പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും.
- 7 : അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരായുള്ള അവരുടെ പാപവും പെരുകി. അവരുടെ മഹിമ ഞാന്‍ അപമാനമായി മാറ്റും.
- 8 : എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്ഷിക്കുന്നു.
- 9 : പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും.
- 10 : അവര്‍ ഭക്ഷിക്കും, തൃപ്തരാവുകയില്ല; പരസംഗം ചെയ്യും; പെരുകുകയില്ല; കാരണം, വ്യഭിചാരത്തില്‍ മുഴുകാനായി അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു.
- 11 : വീഞ്ഞും പുതുവീഞ്ഞും സുബോധം കെടുത്തും.
- 12 : തടിക്കഷണത്തോട് എന്റെ ജനം ഓരോ സംഗതി ആരായുന്നു. അവരുടെ ദണ്‍ഡ് അവര്‍ക്കു പ്രവചനമരുളുന്നു. വ്യഭിചാരത്തിന്റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു. പരസംഗത്തിനു വേണ്ടി തങ്ങളുടെ ദൈവത്തെ അവര്‍ പരിത്യജിച്ചു.
- 13 : ഗിരിശൃംഗങ്ങളില്‍ അവര്‍ ബലിയര്‍പ്പിക്കുന്നു. കുന്നിന്‍മേലും കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും ചുവട്ടിലും അവര്‍ അര്‍ച്ചന നടത്തുന്നു. അവയുടെ തണല്‍ സുഖം നല്‍കുന്നു. നിങ്ങളുടെ പുത്രിമാര്‍ വേശ്യാവൃത്തി നടത്തുന്നു. നിങ്ങളുടെ ഭാര്യമാര്‍ പരസംഗം ചെയ്യുന്നു.
- 14 : വേശ്യാവൃത്തി ചെയ്യുന്നതിനു നിങ്ങളുടെ പുത്രിമാരെയോ, വ്യഭിചരിക്കുന്നതിനു നിങ്ങളുടെ ഭാര്യമാരെയോ ഞാന്‍ ശിക്ഷിക്കുകയില്ല; കാരണം, പുരുഷന്‍മാര്‍തന്നെ പരസംഗത്തിലേര്‍പ്പെടുകയും ദേവദാസികളോടൊത്തു ബലിയര്‍പ്പിക്കുകയും ചെയ്യുന്നു. അറിവില്ലാത്ത ജനം നശിക്കും.
- 15 : ഇസ്രായേലേ, നീ പരസംഗം ചെയ്യുന്നെങ്കിലും യൂദാ ആ തെറ്റിലകപ്പെടാതിരിക്കട്ടെ! ഗില്‍ഗാലില്‍ പ്രവേശിക്കരുത്. ബഥാവനില്‍ പോവുകയുമരുത്; കര്‍ത്താവാണേ എന്ന് ആണയിടരുത്.
- 16 : ദുശ്ശാഠ്യമുള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേല്‍ ശാഠ്യം പിടിക്കുന്നു. വിശാലമായ പുല്‍ത്തകിടിയില്‍ കുഞ്ഞാടിനെ എന്നപോലെ കര്‍ത്താവിന് അവരെ മേയ്ക്കാനാവുമോ?
- 17 : എഫ്രായിം വിഗ്ര ഹങ്ങളെ പുണര്‍ന്നിരിക്കുന്നു;
- 18 : അവന്‍ മദ്യപന്‍മാരോടൊത്തു കഴിയുന്നു. അവര്‍ വ്യഭിചാരത്തില്‍ മുഴുകുന്നു; മഹിമയെക്കാള്‍ മ്‌ളേച്ഛത കാംക്ഷിക്കുന്നു.
- 19 : കാറ്റിന്റെ ചിറക് അവരെ തൂത്തെറിയും. തങ്ങളുടെ ബലിപീഠങ്ങളെക്കുറിച്ച് അവര്‍ ലജ്ജിക്കും.
Advertisements
Advertisements
Advertisements
Advertisements


Leave a comment