Zechariah, Chapter 8 | സഖറിയാ, അദ്ധ്യായം 8 | Malayalam Bible | POC Translation

ജറുസലെം പുനരുദ്ധരിക്കപ്പെടും

1 : എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:   

2 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ സീയോനെപ്രതി അസഹിഷ്ണുവായിരിക്കുന്നു; അവള്‍ക്കു വേണ്ടി ക്രോധത്താല്‍ ജ്വലിക്കുന്നു.   

3 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ സീയോനിലേക്കു മടങ്ങിവരും; ജറുസലെമിന്റെ മധ്യേ വസിക്കും. ജറുസലെം വിശ്വസ്ത നഗരമെന്നും സൈന്യങ്ങളുടെ കര്‍ത്താവിന്റെ പര്‍വതം, വിശുദ്ധഗിരി എന്നും വിളിക്കപ്പെടും.   

4 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വൃദ്ധന്‍മാരും വൃദ്ധകളും പ്രായാധിക്യംമൂലം കൈയില്‍ വടിയുമായി ജറുസലെമിന്റെ തെരുവുകളില്‍ വീണ്ടും ഇരിക്കും.   

5 : കളിച്ചുല്ലസിക്കുന്ന ബാലികാബാലന്‍മാരെക്കൊണ്ട് നഗരവീഥികള്‍ നിറയും.   

6 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇക്കാലത്ത് ജനത്തില്‍ അവശേഷിക്കുന്നവര്‍ക്ക് അത് അദ്ഭുതമായി തോന്നും. എന്നാല്‍ എനിക്കും അദ്ഭുതമായി തോന്നണമോ? – സൈന്യങ്ങളുടെ കര്‍ത്താവ് ചോദിക്കുന്നു.   

7 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ എന്റെ ജനത്തെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും രക്ഷിക്കും.   

8 : ഞാന്‍ അവരെ കൊണ്ടുവന്ന് ജറുസലെമില്‍ പാര്‍പ്പിക്കും. വിശ്വസ്തതയിലും നീതിയിലും അവര്‍ എനിക്കു ജനവും ഞാന്‍ അവര്‍ക്കു ദൈവവും ആയിരിക്കും.   

9 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ കര്‍ത്താവിന്റെ ആലയം നിര്‍മിക്കാന്‍ അടിസ്ഥാനമിട്ട നാള്‍ മുതല്‍ പ്രവാചകന്‍മാരിലൂടെ കേട്ട വചനംതന്നെ ഇപ്പോള്‍ ശ്രവിക്കുന്ന നിങ്ങള്‍ കരുത്താര്‍ജിക്കുവിന്‍.   

10 : അക്കാലത്തിനുമുന്‍പ് മനുഷ്യനും മൃഗത്തിനും കൂലി ലഭിച്ചിരുന്നില്ല. പുറത്തു പോകുന്നവനും അകത്തു വരുന്നവനും ശത്രുവില്‍നിന്ന് സുരക്ഷിതത്വവും ഇല്ലായിരുന്നു. കാരണം, ഞാന്‍ ഓരോരുത്തനെയും സഹോദരന്റെ ശത്രുവാക്കി.   

11 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഇപ്പോള്‍ ഈ ജനത്തില്‍ അവശേഷിക്കുന്നവരോട് മുന്‍കാലങ്ങളിലെപ്പോലെ വര്‍ത്തിക്കുകയില്ല.   

12 : ഞാന്‍ സമാധാനം വിതയ്ക്കും; മുന്തിരി ഫലം നല്‍കും; നിലം വിള വു നല്‍കും; ആകാശം മഞ്ഞു പൊഴിക്കും. ഈ ജനത്തില്‍ അവശേഷിക്കുന്നവര്‍ ഇതെല്ലാം അവകാശമാക്കാന്‍ ഞാന്‍ ഇടയാക്കും.   

13 : യൂദാഭവനമേ, ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ ജനതകളുടെ ഇടയില്‍ ശാപമായിരുന്നതുപോലെ ഞാന്‍ നിങ്ങളെ രക്ഷിച്ച് അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍.   

14 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:   

15 : നിങ്ങളുടെ പിതാക്കന്‍മാര്‍ എന്നെ പ്രകോപിപ്പിച്ചപ്പോള്‍ ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ തീരുമാനിക്കുകയും അതിന് ഇളവുവരുത്താതിരിക്കുകയും ചെയ്തതുപോലെ ഈ നാളില്‍ ഞാന്‍ ജറുസലെമിനുംയൂദാഭവനത്തിനും നന്‍മവരുത്താന്‍ ഉറച്ചിരിക്കുന്നു. ഭയപ്പെടേണ്ടാ – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

16 : ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്; പരസ്പരം സത്യം പറയുക; നഗരകവാടങ്ങളില്‍ സത്യസന്ധമായിന്യായം വിധിക്കുക; അങ്ങനെ സമാധാനം പാലിക്കുക.   

17 : പരസ്പരം തിന്‍മ നിരൂപിക്കരുത്. കള്ളസത്യത്തില്‍ ഇഷ്ടം തോന്നരുത്. ഞാന്‍ ഇവ വെറുക്കുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

18 : എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:   

19 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ ഉപവാസംയൂദാഭവനത്തിനു സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അവസരവും ആനന്‌ദോത്‌സവവും ആയിരിക്കണം. അതുകൊണ്ട് സത്യത്തെയും സമാധാനത്തെയും സ്‌നേഹിക്കുവിന്‍.   

20 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകള്‍, അനേകം നഗരങ്ങളിലെ നിവാസികള്‍, ഇനിയും വരും.   

21 : ഒരു പട്ട ണത്തിലെ നിവാസികള്‍ മറ്റൊന്നില്‍ ചെന്നു പറയും; നമുക്കു വേഗം ചെന്ന് കര്‍ത്താവിന്റെ പ്രീതിക്കായി പ്രാര്‍ഥിക്കാം; നമുക്കുസൈന്യങ്ങളുടെ കര്‍ത്താവിന്റെ സാന്നിധ്യം തേടാം. ഞാന്‍ പോവുകയാണ്.   

22 : അനേകം ജനതകളും ശക്തമായരാജ്യങ്ങളും സൈന്യങ്ങളുടെ കര്‍ത്താവിനെ തേടി ജറുസലെമിലേക്കുവന്ന് അവിടുത്തെ പ്രീതിക്കായി പ്രാര്‍ഥിക്കും.   

23 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിവിധഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍നിന്നു പത്തുപേര്‍ ഒരു യഹൂദന്റെ അങ്കിയില്‍ പിടിച്ചുകൊണ്ടു പറയും: ഞങ്ങള്‍ നിന്റെ കൂടെ വരട്ടെ. ദൈവം നിന്നോടുകൂടെയുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു.        

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment