ഈശോയോടൊപ്പം ഒരു ദിനം:

ഒത്തിരി നാളുകളായി ഈശോയുടെ ഒപ്പം മാത്രമായി ഒരു ദിവസത്തിലെ കുറെ സമയം ചെലവഴിച്ചിട്ട് എന്ന് ഞാനോർത്തു.

ഓരോ ദിവസവും ഓരോരോ തിരക്കും കാലാവസ്ഥ അനുകൂലം അല്ലാത്തതും ആരോഗ്യ പ്രശ്നവും ഒക്കെ ആയി മുന്നോട്ട് മുന്നോട്ട് പോയി.

ഈയിടെയായി എനിക്ക് ഒരു കാര്യം മനസിലായി…

നാളെ എന്ന് വച്ചാൽ നടക്കില്ല…

ഇന്ന് തന്നെ എന്നോർത്താൽ പിന്നെയും കാര്യം നടക്കും.

രാവിലെ തിരുവചനത്തിലെ ജറമിയ 33:3 എടുത്തു നോക്കി.

“എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.”
(ജറെമിയാ 33 : 3)

ഇത് ഈശോയുടെ ഫോൺ നമ്പർ ആണെന്നാണ് യൂട്യൂബിലെ ഏതോ talk ൽ കേട്ടത്. എന്റെ കൂടെയിരിക്കാൻ ഈശോയെ വിളിക്കുന്നത് ഒഫീഷ്യൽ ആയിത്തന്നെ ആയിക്കോട്ടെ എന്ന് ഞാൻ കരുതി.

കണ്ണടച്ച് സ്നേഹത്തോടെ ഒത്തിരി ആഗ്രഹത്തോടെ ഞാൻ പറഞ്ഞു

ഈശോയെ, ഇന്നെന്റെ കൂടെ ആയിരിക്കാൻ പ്രത്യേകം വരേണമേ. എനിക്ക് യോഗ്യതയോ പ്രത്യേകം ഒരുക്കമോ ഒന്നും ഉണ്ടായിട്ടല്ല, ഞാൻ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ അവിടുന്ന് അങ്ങേ നാമത്തിന്റെ മഹത്വത്തിനായി എന്റെ സമീപേ കടന്നു വരേണമേ. ഇന്നെന്റെ കൂടെ വസിക്കേണമേ.

ഹൃദയത്തിൽ നിന്നെന്നത് പോലെ അത് വിശ്വാസത്തോടെ പറഞ്ഞു കഴിഞ്ഞപ്പോൾ ഓർത്തു.

അതാണ് നല്ലത്…

ഈശോയെ സ്വീകരിക്കാൻ ഈശോയോടൊത്തു ആയിരിക്കാൻ ഒരുങ്ങാൻ തുടങ്ങിയാൽ ഞാൻ തനിയെ എന്ത്‌ മാത്രം ഒരുങ്ങും. എങ്ങനെ ഒരുങ്ങും!

ഈശോയെ ഒത്തിരി സ്നേഹിക്കുന്ന മറ്റുള്ളവരിലേക്ക് നോക്കിയാൽ ഞാൻ തലകുനിച്ചു പോകും എന്ന് തീർച്ച!

വിശ്വാസത്തിന്റെ കണ്ണുകളിലൂടെ എന്റെ സമീപേ ഉള്ള ഈശോയുടെ സന്നിധിയിൽ ആയിരുന്നു കൊണ്ട്എന്നെക്കുറിച്ച് ഞാൻ ചിന്തിച്ചു.

എപ്പോഴും തന്നോളമെന്നെ സ്നേഹിക്കുന്ന ഈശോയെ ഞാൻ പലപ്പോഴും ഓർക്കാറു പോലുമില്ല.

എന്റെ അനുദിനസന്തോഷങ്ങളിൽ ഞാൻ ഈശോയെ എപ്പോഴെങ്കിലും കൂട്ടുന്നുണ്ടോ!

എന്നിലെ ആർക്കും മാറ്റാനാവാത്ത എന്റെ മാത്രം സങ്കടങ്ങൾ, ഓർക്കുമ്പോൾ ആത്മാവിനെ തന്നെ മരവിപ്പിച്ചു കളയുന്ന ഭൗതികവും മാനസികവും ആത്മീയവുമായ ആകുലതകൾ, ഒക്കെ ഈശോയുമായി ഞാൻ അപ്പോഴപ്പോൾ സംസാരിക്കുന്നുണ്ടോ?

ഈശോയെയും എന്നെയും തമ്മിൽ അകറ്റുന്ന എന്റെ പാപങ്ങളെ കുറിച്ച് ജീവിച്ചിരിക്കുന്ന ഈ നിമിഷം ഞാൻ ബോധവതിയാണോ! നിത്യ കൃപയിലേയ്ക്ക് തിരിച്ചു വരാൻ ഇപ്പോഴും എനിക്ക് കഴിയുന്ന ഈ സമയത്ത് എന്റെ പാപാവസ്ഥയുടെ ആഴവും കാഠിന്യവും ദുർഭഗമായ അവസ്ഥയും എന്നിൽ അനുതാപം ജനിപ്പിക്കുന്നുണ്ടോ?

അളവില്ലാതെ എനിക്ക് കിട്ടുന്ന ദൈവസ്നേഹത്തെ കുറിച്ചും ദൈവസ്നേഹത്തിന്റെ പാരമ്യത്തിൽ വിസ്മയിച്ച് ഒരാത്മാവ് ദൈവാരാധനയിൽ ആയിരിക്കുന്ന സ്വർഗത്തെ കുറിച്ചും ദൈവസാന്നിധ്യമില്ലാത്ത, പിശാചിന്റെ വാസസ്ഥലമായ, നിത്യ മരണത്തിന്റെ ഇടമായ നരകത്തെ കുറിച്ചും ഞാൻ ഓർക്കാറുണ്ടോ?

രാവിലെ എണീറ്റ് ആഹാരമുണ്ടാക്കി മക്കൾക്ക് മേശയിൽ പ്രഭാത ഭക്ഷണം വിളമ്പി വയ്ക്കുന്ന ഒരമ്മയ്ക്ക് അവർ നിസാര കാരണം പറഞ്ഞു കഴിക്കാതെ പോകുമ്പോൾ എന്ത്‌ മാത്രം മന പ്രയാസം ഉണ്ടാകും.

എന്നാൽ എനിക്ക് നിത്യ രക്ഷ നൽകാൻ ഈശോ എന്ത്‌ മാത്രം പീഡകൾ സഹിച്ചു.എന്നെ ജീവൻ പിരിയുവോളം സ്നേഹിച്ചു. എന്നോടുള്ള/ ഓരോ ആത്മാവിനോടുമുള്ള പിരിയാനാവാത്ത നിത്യസ്നേഹത്തിൽ പൂരിതനായി അവിടുന്ന് ഉയിർത്തു, ദിവ്യകാരുണ്യരൂപനായി നമ്മോടൊപ്പം ഇന്നും വസിക്കുന്നു.

എന്നാൽ ഇതിനെ കുറിച്ച് അനുദിനമെന്നത് പോകട്ടെ മാസത്തിൽ ഒരിക്കൽ എങ്കിലും ഞാൻ ധ്യാനിക്കുന്നുണ്ടോ!

ഈശോ അനുദിനം ദൈവാലയത്തിലെ ബലിപീഠത്തിൽ കുർബാന മദ്ധ്യേ സ്വയം ദിവ്യകാരുണ്യമായി രൂപാന്തരപ്പെട്ടു എനിക്ക് സ്നേഹത്തോടെ വിളമ്പാനായി നോക്കുമ്പോൾ എനിക്ക് സാധിക്കുന്ന ദിവസമെങ്കിലും ഒരുക്കത്തോടെ പരിശുദ്ധ കുർബാന സ്വീകരിക്കാനായി ഞാൻ അവിടെ ഉണ്ടോ?

ഇത്തിരി നേരമെങ്കിലും തിരുവോസ്തിരൂപനായ ഈശോ അരുളിക്കയിൽ എഴുന്നള്ളി ഇരിക്കുമ്പോൾ അര മണിക്കൂറോ അഞ്ചു മിനിട്ടോ ഞാൻ അവിടുത്തെ പക്കൽ പോയി ഇരിക്കാറുണ്ടോ!
അതോ ഈശോ തനിയെ ഇരിക്കുന്നത് കണ്ടു എന്റെ ഹൃദയത്തിൽ ഒന്നും തോന്നാറില്ലേ!

ശരിക്കും ഈ നിമിഷത്തിൽ ഞാനൊന്നു സ്വയം നിശ്ചലമായി എന്നെ തന്നെ ഞാനൊന്നു പരിശോധിച്ചാൽ എന്റെ ആത്മ സ്ഥിതിയെ കുറിച്ച് എനിക്ക് സമാധാനമുണ്ടോ?

ഈ നിമിഷം മരിക്കാനും വിധിയ്ക്കായി ദൈവസന്നിധിയിൽ നിൽക്കാനും എനിക്ക് സമ്മതമാണോ?

അതോ മരിക്കുന്ന അതേ സമയം നീതിയോടെ നടക്കാൻ പോകുന്ന തനതു വിധിയിൽ ഞാൻ എന്നേക്കുമായി ഈശോയിൽ നിന്നും മറഞ്ഞകലേണ്ടി വരുമോ?

കുറച്ചു നേരം ഞാൻ സ്വയം ചിന്തിച്ചു…

എന്താണ് എന്നിൽ നടക്കുന്നത്!

ജറമിയ 29:11 ൽ ഭൂമിയിലെ എന്റെ തുടക്കം മുതൽ അതിന്റെ അവസാന നിമിഷം വരെയുള്ള സമയത്തേയ്ക്ക് അതിനപ്പുറമുള്ള നിത്യതയിലേയ്ക്ക് പത്തു കല്പനകൾ എഴുതിയ അതേ ദൈവകരങ്ങളാൽ എന്നെക്കുറിച്ച് എഴുതപ്പെട്ട ഒരു വചനമുണ്ട്.

“കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്‌ – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.”
(ജറെമിയാ 29 : 11)

ഞാൻ ഇപ്പോൾ ആര് തന്നെ ആയിരുന്നാലും ഹൃദയം തകർന്നിരിക്കുന്ന ഒരു പാപി ആണെങ്കിലും ദൈവകൃപയിൽ പ്രസാദവരത്തിന്റെ ആന്തരിക സന്തോഷത്തിൽ ആണെങ്കിലും ഈ നിമിഷവും എന്നെ കുറിച്ചുള്ള ദൈവപിതാവിന്റെ പദ്ധതി സജീവമാണ്.

ഞാൻ സ്വയം കെട്ടി പൊക്കിയ ജീവിതസ്വപ്‌നങ്ങൾ, എന്റെ ആത്മീയ ഉന്നമനത്തിനുള്ള ആത്മാർത്ഥവും സങ്കീർണവുമായ പദ്ധതികൾ ഒക്കെയും ഈ നിമിഷവും ഫലപ്രദം ആകുന്നില്ലേ?

എന്റെ പദ്ധതി ദൈവിക പദ്ധതിയോട് ചേർന്ന് പോകുന്നുണ്ടായിരുന്നോ?

അതോ ലാസറിനെ ഉയർപ്പിക്കാൻ ഈശോ കുറച്ചു ദിവസം കാത്തത് പോലെ, ദൈവിക പദ്ധതി പ്രകാരമുള്ള, ദൈവമഹത്വം വെളിപ്പെടേണ്ട തക്ക സമയം ആകാത്തതാണോ കാരണം?

നാം വസിക്കുന്ന ലോകത്തിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ നമ്മെ ഈ നിമിഷം വല്ലാതെ അസ്വസ്ഥപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ?

അത് ഉറച്ച ധൈര്യത്തോടെ അലറിമറിയുന്ന ആഴമുള്ള ജലത്തിൽ ഈശോയെ നോക്കിക്കൊണ്ട് ഇറങ്ങിയ പത്രോസ് ഒരു നിമിഷം നോട്ടം മാറ്റി ലോകത്തിലേയ്ക്ക് നോക്കിയപ്പോൾ, സ്വയം നോക്കിയപ്പോൾ മരണഭീതിയോടെ ഭയപ്പെട്ടത് പോലെ, ജീവിതത്തിൽ ഓരോരോ കാര്യങ്ങൾ വരുമ്പോൾ ഞാനും വല്ലാതെ പേടിക്കുന്നത് ഈശോയിൽ നിന്നും ഈ നിമിഷത്തെ നോട്ടം മാറ്റി ഞാൻ എന്നിലേയ്ക്കും എന്റെ സാഹചര്യങ്ങളിലേയ്ക്കും നോക്കുമ്പോൾ ഞാൻ എന്ന എന്റെ ലോകത്തിൽ നിന്ന് എന്റെ കണ്ണുകളിൽ നിന്ന് ഈശോ ഒരു നിമിഷം മറഞ്ഞിട്ടാണ്.

എങ്കിലും സാരമില്ല, ഈശോ ഇവിടെത്തന്നെയുണ്ട്. നമ്മുടെ ചാരെയുണ്ട്…

ഈശോയെ എന്ന് ഒന്ന് വിളിച്ചാൽ മതി. അവിടുത്തെ കരം നമ്മെ തേടിയെത്തും. തകർന്നതും തളർന്നതും മൃതവുമായ ഏതവസ്ഥയിൽ നിന്നും നമ്മെ തൽക്ഷണം സ്നേഹത്തോടെ ഉയർത്തി സുരക്ഷിതമാക്കി ആശ്വസിപ്പിക്കും.

“ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കു മുമ്പേ വഞ്ചിയില്‍ കയറി മറുകരയ്‌ക്കു പോകാന്‍ യേശു ശിഷ്യന്‍മാരെ നിര്‍ബന്ധിച്ചു.
അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനു ശേഷം ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കു കയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച്‌ ആയിരുന്നു.

ഇതിനിടെ വഞ്ചി കരയില്‍ നിന്ന്‌ ഏറെദൂരം അകന്നു കഴിഞ്ഞിരുന്നു. കാറ്റ്‌ പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട്‌ അതു വല്ലാതെ ഉലഞ്ഞു.

രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിന്‍ മീതേ നടന്ന്‌ അവരുടെ അടുത്തേക്കു ചെന്നു.

അവന്‍ കടലിനു മീതേ നടക്കുന്നതു കണ്ട്‌ ശിഷ്യന്‍മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്‌, ഭയം നിമിത്തം നിലവിളിച്ചു.

ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്‌, ഭയപ്പെടേണ്ടാ.

പത്രോസ്‌ അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനു മീതേ കൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക.

വരൂ, അവന്‍ പറഞ്ഞു.
പത്രോസ്‌ വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു ചെന്നു.

എന്നാല്‍, കാറ്റ്‌ ആഞ്ഞടിക്കുന്നതു കണ്ട്‌ അവന്‍ ഭയന്നു.

ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്ഷിക്കണേ!

ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചു കൊണ്ടു പറഞ്ഞു: അല്‍പവിശ്വാസീ, നീ സംശയിച്ചതെന്ത്‌?

അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു.
വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട്‌ സത്യമായും നീ ദൈവപുത്രനാണ്‌ എന്നുപറഞ്ഞു.

(മത്തായി 14 : 22-33)

പരിശുദ്ധ കുർബാനയുടെ സമയത്ത് നമുക്കുള്ള നിസാരമായവയെ ഈശോയ്ക്ക് കാഴ്ചയായി നൽകുമ്പോൾ നമുക്ക് ഒരിക്കലും മറക്കാനും മനസിലാകാത്തതുമായ
അത്ഭുതമായ ദിവ്യകാരുണ്യമായി സ്വയം മാറി എത്ര പേര് ദൈവാലയത്തിലുണ്ടോ അത്രയും പേർക്കായി സ്വയം പകുത്തു തന്നു തൃപ്തിയും നിറവും നൽകുന്ന ഒരു ദൈവിക സ്നേഹത്തിന്റെ പങ്കുവയ്ക്കൽ കഥ പോലെ അഞ്ചപ്പവും രണ്ടു മീനും വർദ്ധിപ്പിച്ചു എല്ലാവരുടെയും വിശപ്പകറ്റിയിട്ട് ഈശോ ശിഷ്യരെ മറുകരയിലേയ്ക്ക് വഞ്ചിയിൽ പറഞ്ഞു വിട്ടു എന്ന് നാം തിരുവചനത്തിൽ വായിക്കുന്നു.

ഈശോയ്ക്ക് വേണമെങ്കിൽ അപ്പോഴും പത്രോസിനെ എപ്പോഴത്തെയും പോലെ കൂടെ കൂട്ടാമായിരുന്നു.

കണ്ണിൽ നിന്നും മറയാത്ത ഈശോയെ കണ്ണിമയ്ക്കാതെ ആരാധനയോടെ പത്രോസ് നോക്കി നിന്നേനെ….

പരിശുദ്ധ കുർബാന സ്വീകരിച്ചു കഴിഞ്ഞുള്ള നിമിഷങ്ങളിൽ ഈശോയെ നോക്കാൻ എനിക്കും എന്തൊരു സന്തോഷമാണ് എന്ന് ഞാൻ ഓർത്തു.

എന്റെ ചിന്തയിൽ ഈശോയും ഞാനും മാത്രം ആയിരിക്കുന്ന സമയം.

ആയിരമായിരം സ്വർഗീയ ദൈവദൂതന്മാരുടെ മുൻപാകെ അനവരതം ആരാധിക്കപ്പെടുന്ന ബലവാനായ ദൈവത്തിന്റെ മുൻപാകെ ആയിരിക്കുന്ന സമയം.

അത് എളുപ്പമുള്ള കാര്യമാണെന്ന് എനിക്ക് തോന്നി…

“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)

എന്നാണല്ലോ.

ദൈവാലയത്തിൽ ആയിരുന്നു ഈശോയിലേയ്ക്ക് മാത്രം നോക്കുന്ന അവസ്ഥയിൽ നിന്നും തിരിച്ചു എന്റെ കാല് ചവിട്ടിയാൽ താഴ്ന്നു പോകുന്ന ആഴമുള്ള ജലം പോലെയുള്ള എന്റെ അനുദിന ജീവിതത്തിലേക്ക്, എന്റെ ചുറ്റുമുള്ള ലോകത്തിലേയ്ക്ക് ഈശോയിലുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രം ഇറങ്ങുമ്പോൾ എന്നിൽ വസിക്കുന്ന ഈശോയിൽ തന്നെ എന്റെ നോട്ടം പതിപ്പിക്കുന്നതിനു പകരം
നിസാരമായ എന്നിലേക്ക് നോക്കുന്ന എന്റെ അവസ്ഥ ഞാൻ ഓർത്തു.

ആലോചിച്ചപ്പോൾ എന്റെ ഭൗമികആത്മീയ ജീവിതത്തിന്റെ ഒരു സാദൃശ്യം പോലെ പത്രോസ് അപ്പസ്തോലന്റെ ആ യാത്ര എനിക്ക് തോന്നി.

കാറ്റിനെയും കടലിനെയും മറ്റെല്ലാ സൃഷ്ടവസ്തുക്കളെയും മാത്രമല്ല എന്നെതന്നെയും ഏറ്റവും സ്നേഹത്തോടെ സൃഷ്ടിച്ചവനായ എന്നേയ്ക്കും രക്ഷിച്ചവനായ എന്റെ കർത്താവ് എന്നെ അവിടുത്തെ ഹിതം അനുസരിച്ചു അയക്കുമ്പോൾ ഞാൻ ഓർക്കേണ്ടത് എന്താണ്?

മറുകര ആകുന്ന നിത്യതയിലേയ്ക്ക് എന്നെ മനസോടെ അയച്ചത് ഈശോ ആണ്.

പലപ്പോഴും മനസ്സിൽ ഒന്നിനുപിന്നാലെ ഒന്നായി, ഒന്നിനും ഉടനടി ഉത്തരമില്ലാതെ ഉള്ളിൽ അലറി മറിയുന്ന ആകുലതകളാകുന്ന തിരകളിൽ പെട്ട് ഞാൻ ഒറ്റയ്ക്കാണെന്നു തോന്നിയേക്കാം.

ഞാൻ ഇപ്പോൾ പൂർണമായി തകർന്ന് പോയേക്കുമെന്നും ഇവിടെ ഞാൻ തീർന്നു എന്നും കരുതിപ്പോകുന്ന കഠിനമായ ജീവിതസാഹചര്യങ്ങളിലും രോഗപീഡകളിലും സാമ്പത്തിക തകർച്ചകളിലും ഭൗതികവും ആത്മീയവുമായ കുറവുകളിലും പട്ടിണിയിലും ഞാൻ യഥാർത്ഥത്തിൽ അവസാനിച്ചു പോകുമോ!

ഇല്ല… കാരണം ഈശോ ഒരു നിമിഷം പോലും നമ്മിൽ നിന്നും മാറി ഇരിക്കുന്നില്ല.

ജോബിനെ പോലെ സ്വന്തമായിട്ടുള്ളത് എല്ലാം തകർന്നിരിക്കുന്ന അവസ്ഥയിൽ, അപ്പോഴപ്പോൾ നടക്കുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ വിവേചിച്ചറിഞ്ഞു നമ്മെ വേറൊരു മനുഷ്യനും ആശ്വസിപ്പിക്കാൻ പറ്റാത്ത, എന്നാൽ കുറ്റപ്പെടുത്തുന്ന അവസ്ഥയിൽ, കുറച്ചു നാളത്തേയ്ക്കെങ്കിലും സ്വന്തം മാതാപിതാക്കൾക്കും ജീവിതപങ്കാളിക്കും കുഞ്ഞുങ്ങൾക്കും കൂട്ടുകാർക്കും പോലും അതൊക്കെ പോകട്ടെ ചില സമയത്തു നമുക്ക് പോലും സ്വയം നമ്മെ മനസിലാക്കാൻ പറ്റാതെയിരിക്കുന്ന അവസ്ഥയിൽ നാം ശരിക്കും തളർന്നു പോകുമോ!

ഇല്ല.

കാരണം ഈശോ ഒരമ്മയക്കാളുപരിയായി, അപ്പനെക്കാളുപരിയായി, സഹോദരങ്ങളെയും കൂട്ടുകാരെയുംകാൾ ഉപരിയായി ഏതൊരവസ്ഥയിലും നമ്മെ മനസിലാക്കി കരുണാർദ്രതയോടെ നമുക്ക് കൂട്ടുണ്ട്.

“ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്‌തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.
അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്‌തതുകൊണ്ട്‌ പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു
സാധിക്കുമല്ലോ.”
(ഹെബ്രായര്‍ 2 : 17-18)

“സ്വര്‍ഗത്തിലേക്കു കടന്നുപോയ ശ്രേഷ്‌ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം.
നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപംചെയ്‌തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്‌ഷിക്കപ്പെട്ടവനാണ്‌ അവന്‍ .
അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.”
(ഹെബ്രായര്‍ 4 : 14-16)

ഒന്നോർത്തു നോക്കിയാൽ ദൈവഹിതപ്രകാരമുള്ള
സഹനം അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് പിടിച്ചു നിൽക്കാൻ ഏറ്റവും പ്രയാസം. ആ സമയത്താണ് മാനുഷികമായ പ്രതീക്ഷകൾ പൂർണമായും അറ്റ് പോകുന്നത്. ഇനി രക്ഷയില്ല എന്നോർത്തു ഇഷ്ടമായാലും അല്ലെങ്കിലും സ്വയം അനിവാര്യമായ വിധിയ്ക്ക് കീഴടങ്ങുന്ന പരാജിതന്റെ അവസ്ഥ.

ഒരു മനുഷ്യന് യഥാർത്ഥത്തിൽ സങ്കൽപിക്കാൻ പറ്റാത്ത ഏറ്റവും ക്ഷീണിതമായ ഒരവസ്ഥയാണത്.

മരണത്തിനു തൊട്ടു മുൻപുള്ള ഒരുവന്റെ അവസ്ഥ.

നമുക്ക് വേണ്ടി ഈശോയും ഈ അവസ്ഥയിലൂടെ കടന്നു പോയി ഗത് സമനിൽ…

രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിന്‍ മീതേ നടന്ന്‌ അവരുടെ അടുത്തേക്കു ചെന്നു.
മത്തായി 14 : 25

നാലാം യാമം പുലരിക്ക് മുൻപുള്ള സമയമാണ്. അങ്ങേയറ്റമുള്ള സഹനങ്ങളിൽ ദൈവികസാന്നിധ്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതും നാലാം യാമത്തിലാണ്.

എന്നാൽ സഹനങ്ങളുടെ ആധിക്യത്തിൽ, ഈശോ കുറച്ചു നേരത്തേയ്ക്കെങ്കിലും മറഞ്ഞിരിക്കുന്നതിന്റെ പരിഭ്രാന്തിയിൽ, വെള്ളത്തിനു മീതെ, വീശിയടിക്കുന്ന കൊടും കാറ്റിനു ഇടയിലൂടെ കടന്നു വരുന്നത് ഈശോ ആണെന്ന് തിരിച്ചറിയാനുള്ള മന:സാന്നിധ്യം പോലും പത്രോസ് അപ്പസ്തോലനും ഈശോയുടെ മറ്റു ശിഷ്യന്മാർക്കും നഷ്‌ടപ്പെട്ടിരുന്നു. അവർ ഈ വഞ്ചിയിൽ നേരത്തെ യാത്ര ചെയ്യാത്തവരല്ല, ഏതു കാലാവസ്ഥയിലും വഞ്ചി നിയന്ത്രിക്കാൻ അറിയാത്തവരല്ല, ഒന്നുമില്ലെങ്കിലും വഞ്ചിയിൽ അവർ ഒരുമിച്ചായിരുന്നു. ഒരു കൂട്ടം പരിചയസമ്പന്നരായ മുക്കുവർ അവർക്ക് ചിരപരിചിതമായ വെള്ളത്തിൽ എന്നും കയറുന്ന വഞ്ചിയിൽ ഒന്നിച്ചു അക്കരെ കടക്കുമ്പോൾ സാധാരണ ഗതിയിൽ എളുപ്പത്തിൽ പൂർത്തിയാകേണ്ട ഒരു യാത്ര ആയിരുന്നു അത്. എന്നാൽ മാനുഷിക ശക്തിയ്ക്ക് അതീതമായി
പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോൾ, അത് യാമങ്ങളോളം നീണ്ടു നിന്നപ്പോൾ, എത്ര ശ്രമിച്ചിട്ടും അതിനെ മറികടക്കാൻ പറ്റാതെ ഇരുന്നപ്പോൾ, ബുദ്ധി മരവിച്ചു പോയ അവർക്ക് അവരുടെ വള്ളത്തിന്റെ ചെറുസുരക്ഷിതപരിധിയിൽ അല്ലാതെ കൊടുങ്കാറ്റിൽ അലറിമറിയുന്ന വെള്ളത്തിനു മീതെ ശാന്തനായി നിന്നത് അവരുടെ ഗുരുവും കർത്താവും സൃഷ്ടാവുമായ ഈശോ ആണെന്ന് പെട്ടെന്ന് മനസിലായില്ല.

ഈശോ ദൈവമാണെന്നും അവിടുത്തേയ്ക്ക് അസാധ്യമായി യാതൊന്നുമില്ലെന്നും അവർ മറന്നു.

എന്നാൽ ശിഷ്യന്മാർക്ക് ആ സമയങ്ങളിൽ ഒത്തിരി പരിമിതികൾ ഉണ്ടായിരുന്നു. ദൈവിക കാര്യങ്ങളെ കുറിച്ച് ജ്ഞാനം നൽകുന്ന
പരിശുദ്ധാത്മാവിന്റെ അഭിഷേകം അവർക്ക് ലഭിച്ചിരുന്നില്ല.

എന്നാൽ നമുക്കോ?

മാമോദീസ മുതലുള്ള കൂദാശകൾ വഴി പരിശുദ്ധാത്മാവിനെ സമൃദ്ധമായി നമുക്ക് ലഭിച്ചു, ഇപ്പോഴും ലഭിയ്ക്കുന്നു. ചോദിക്കുമ്പോൾ ഒക്കെ നമുക്ക് ദൈവപിതാവ് ഈശോയിലൂടെ ദൈവാരൂപിയെ നമ്മിലേയ്ക്ക് വർഷിക്കുകയും ചെയ്യും.

കൂടാതെ നമുക്ക് നിത്യതയിലേയ്ക്കുള്ള സർവകാര്യങ്ങളും നമുക്ക് പറഞ്ഞു തരുന്ന നമ്മുടെ ആത്മാവിനെ രൂപാന്തരപ്പെടുത്തുന്ന ഈശോ തന്നെയായ ദൈവവചനം നമ്മുടെ ഭാഷയിൽ ഇഷ്ടമുള്ളപ്പോൾ ഒക്കെയും നമുക്ക് വായിക്കാം.

നമ്മെ നയിക്കാൻ പരിശുദ്ധ അമ്മയും യൗസേപ്പിതാവും കാവൽ മാലാഖയും ഉണ്ട്.

നമ്മെ സംരക്ഷിക്കാൻ ഏതു നേരവും മിഖായേൽ മാലാഖയുടെ നേതൃത്വത്തിൽ ദൈവത്തിന്റെ സൈന്യം മുഴുവനും ഉണ്ട്.

ഏതു ജീവിതാവസ്ഥയിൽ നാം അയയ്ക്കപ്പെട്ടാലും അവിടെ എങ്ങനെ ജീവിക്കണം എന്നതിനുള്ള ഉദാഹരണമായി ലോകമെമ്പാടും നിന്ന് ജീവിതത്തിന്റെ സകല തുറകളിലും നിന്നുള്ള പണ്ഡിതരും പാമരരും സ്ത്രീകളും കുട്ടികളും വൃദ്ധരുമായിട്ടുള്ള സ്വർഗ്ഗവാസികളായ വിശുദ്ധരുണ്ട്.

ഇന്നും ജീവിക്കുന്ന നമുക്ക്‌ ഇപ്പോൾ നാം കടന്നു പോകുന്ന സഹനങ്ങൾ നിസാരമെന്നു മുന്നറിയിപ്പ് തന്നു അവാച്യവും ദീർഘവുമായ സഹനങ്ങൾ സഹിച്ചു ശുദ്ധീകരിക്കപ്പെടുന്ന ശുദ്ധീകരണാത്മാക്കൾ ഉണ്ട്.

നമ്മെ നയിക്കാൻ തിരുസഭാമാതാവുണ്ട്.

എല്ലാത്തിലുമുപരി നമ്മുടെ ദൈവം തിരുവോസ്തി രൂപനായി ജനങ്ങളുടെ ഇടയിൽ സർവമഹത്വത്തോടും കൂടെ വാഴുന്ന കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്.

ശിശു സഹജമായ വിശ്വാസം ഒന്ന് കൊണ്ട് മാത്രമെ മുകളിൽ പറഞ്ഞതൊക്കെയും നമ്മുടെ ആത്മാവിൽ അനുഭവവേദ്യമാകൂ.

നമ്മുടെ വിശ്വാസത്തെ നമ്മുടെ പ്രിയപ്പെട്ടവരെയും ചുറ്റുമുള്ളവരെയും ബോധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞു എന്ന് വരികയില്ല. എന്നാൽ അവർക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കാൻ പറ്റും. അവർക്ക് വേണ്ടിയും കൂടെ ഒരു വാചകം കൂടുതലായി പറഞ്ഞു ദൈവത്തെ സ്തുതിക്കാൻ പറ്റും. ഒരു കാരുണ്യ പ്രവൃത്തി അവർക്കായി ചെയ്യാൻ പറ്റും. കുഞ്ഞു സഹനങ്ങൾ അവർക്കായി കാഴ്ച വയ്ക്കാൻ പറ്റും.

ഒരു പക്ഷെ ഒരു പാട് വർഷങ്ങൾ കഴിഞ്ഞു നാം പ്രാർത്ഥിച്ചവരിൽ പലരും നമ്മെക്കാളും ഉപരിയായി പ്രാർത്ഥിക്കുന്നതും ദൈവത്തെ സ്നേഹിക്കുന്നതും കാണാനും അത് വഴി ദൈവത്തെ മഹത്വപ്പെടുത്താനും ഈശോ ഇടവരുത്തി എന്നിരിക്കും.

ഒരു പ്രാർത്ഥനയും വെറുതെയാകില്ല. ഒരു സഹനത്തിനും ഫലം ഉണ്ടാകാതെ ഇരിക്കുകയില്ല.

ഇപ്പോൾ ദൈവാലയത്തിൽ പോകാൻ നമുക്ക് തടസമില്ല. വചനം കയ്യിൽ വയ്ക്കാനും വായിക്കാനും നമുക്ക് തടസമില്ല.

എന്നിട്ടുമെന്തെ നമ്മുടെ നിത്യതയോളം പരമപ്രധാനമായ ഈശോ എന്ന വ്യക്തിയെ നാം ഇനിയും വിശ്വസിക്കുന്നില്ല.

കാരണം ആലോചിച്ചാൽ “ഇന്ന് ഈ നിമിഷം” എന്ന വാക്കിനെ കുറിച്ച് നാം അത്ര മേൽ ബോധവാൻമാരല്ല എന്നത് കൊണ്ടാണ് എന്നെനിക്ക് തോന്നി.

ഇന്ന് ഈ നിമിഷം എന്നത് എന്റെ നിത്യത നിർണയിക്കുന്നതോളം പ്രധാനമാണ്.

കഴിഞ്ഞ നിമിഷം വരെ ഞാനൊരു അതിവിശുദ്ധമായ അവസ്ഥയിൽ ആയിരുന്നിരിക്കാം. എന്നാൽ ഈ നിമിഷം ഞാൻ ഒരു മാരക പാപത്തിന്റെ അവസ്ഥയിൽ ആണെങ്കിലോ! എന്റെ നിത്യത അപകടകരമായ അവസ്ഥയിൽ അല്ലെ?

കഴിഞ്ഞ നിമിഷം വരെ ഞാനൊരു കൊടും പാപി ആയിരുന്നിരിക്കാം. എന്നാൽ നല്ല കള്ളനെ പോലെ ഈ നിമിഷം ഞാൻ അനുതപിച്ചു അനുരഞ്ജനപ്പെട്ടു പറുദീസ അനുഭവത്തിൽ ആണെങ്കിലോ! ഭൗതിക മരണത്തെ പോലും എനിക്ക് പേടിക്കേണ്ടതില്ല.

ഇതിലും പേടിക്കേണ്ട ഒന്നുണ്ട്…

ഈ നിമിഷത്തെ ഉദാസീനത

ഒരു യുദ്ധം നാം താമസിക്കുന്ന സ്ഥലത്തു നടക്കുമ്പോൾ നാം ആരും ഉദാസീനർ ആകാറില്ല. മറിച്ചു അതീവ ജാഗ്രതയോടെ അധികാരികളുടെ alert കൾക്ക് കാതോർക്കും. അതിനനുസരിച്ചു പ്രവർത്തിക്കും. യുദ്ധമുഖത്തുള്ള പടയാളികൾ, അഗ്നിശമനസേനയിലെ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ ഇവരൊക്കെ അവരവരുടെ ജോലികൾക്ക് യോജിച്ച രീതിയിൽ ഒരു വീഴ്ചയും വരുത്താതെ രക്ഷാകവചങ്ങൾ ഉപയോഗിക്കും ഏറ്റവും ലളിതമായി പറഞ്ഞാൽ ഭൗതിക ജീവൻ രക്ഷിക്കാൻ അത് കൂടിയേ കഴിയൂ.

എന്നാൽ ആത്മീയമായി എത്രയോ വലിയ യുദ്ധമാണ് ഞാൻ ആയിരിക്കുന്ന എന്റെ ലോകത്തിൽ നടക്കുന്നത്!

പുറമെ ദുർബല ആയി കാണപ്പെടുന്നെങ്കിലും ഞാനൊരു ആത്മീയ യോദ്ധാവ് ആണ്.

“നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന്‌ ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന്‌ അറിയുകയും ചെയ്യുവിന്‍. “
(1 പത്രോസ് 5 : 7-9)

“ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്‌.
എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്‌തങ്ങളാണ്‌.
ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്‌ധത്യപൂര്‍ണമായ എല്ലാ പ്രതിബന്‌ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്‌തുവിനെ അനുകരിക്കേണ്ടതിന്‌ എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.”
(2 കോറിന്തോസ്‌ 10 : 3-5)

എന്തിനോടാണ് ഞാൻ നിരന്തരം പട വെട്ടുന്നത്…

എന്നിലെ എന്റെ വിപരീത ചിന്തകളോട്….

എന്നിൽ തന്നെ ആശ്രയിക്കാനുള്ള എന്റെ പ്രവണതയോട്…

പാപത്തോട്, പാപസാഹചര്യങ്ങളിൽ തന്നെ വീണു കിടക്കാനുള്ള എന്റെ സ്വഭാവരീതിയോട്…

എന്നോട് മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്ന് ഞാൻ ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാനും മറ്റുള്ളവരോട് സംസാരിക്കാനും പ്രവർത്തിക്കാനും ഉള്ള എന്റെ വിമുഖതയോട്.

ദൈവരാജ്യത്തിലെ പടയാളി എന്ന നിലയിൽ സ്വർഗീയ സൈന്യങ്ങളോട് ചേർന്നും ദൈവത്തിന്റെ വാത്സല്യഭാജനമായ കുഞ്ഞ് എന്ന നിലയിലും പിതാവായ ദൈവത്തെ ഏതു സമയത്തും ആരാധിക്കാനും സ്തുതിക്കാനും മഹത്വപ്പെടുത്താനും അവിടുത്തെ ഹിതമനുസരിച്ചു പ്രവർത്തിക്കാനും ഞാൻ തീക്ഷ്‌ണജാഗരൂകത പുലർത്തേണ്ടതിനെ കുറിച്ചു

ദൈവഹിതപ്രകാരം മാറിമാറിയുന്ന ഓരോരോ ജീവിതസാഹചര്യങ്ങളിലും ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മുന്നിലും ജീവിക്കുന്ന എന്റെ ദൈവത്തിലുള്ള പൂർണമായ ആശ്രയം കൈമോശം വരാതെ ഇരിക്കുന്നതിനു…

പാപത്തിൽ വീണാലും ഉടനടി എഴുനേൽക്കുവാൻ, ഉടനടി അനുതപിച്ചു അനുരഞ്ജനത്തിന്റെ കൂദാശയിലൂടെ പ്രസാദവരത്തിൽ ആയിരിക്കുവാൻ…

അനുദിനം ദിവ്യബലിയ്ക്ക് പോകുവാൻ..

ഒക്കെയും ആത്മ ബലം വേണം.

സുഖം പ്രധാനമായ ശരീരത്തോട് പട വെട്ടണം

നിർബന്ധ ബുദ്ധിയുള്ള മനസ്സിനോട് പട വെട്ടണം

അഹങ്കാരത്വരയുള്ള ആത്മാവിനെ എളിമയിൽ നിലനിറുത്തുവാൻ സ്വയം നിരന്തരവും കൃത്യവുമായ ആത്മ ശോധന നടത്താൻ പട വെട്ടണം.

അലക്ഷ്യമായി കാടുകയറുന്ന ചിന്തകളെ നിയന്ത്രിക്കാൻ
കൃത്യമായ പ്രാർത്ഥനകൾ നടത്താൻ ആരുമറിയാതെ ആശയടക്കങ്ങൾ, പരോപകാര പ്രവൃത്തികൾ ഒക്കെ ചെയ്യാൻ ഒരു പടയാളിയുടെ അച്ചടക്കം വേണം.

“അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തു നില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌.
അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട്‌ പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
അതിനാല്‍, സത്യം കൊണ്ട്‌ അരമുറുക്കി, നീതിയുടെ കവചം ധരിച്ച്‌ നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍.
സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്‌ഷ കള്‍ ധരിക്കുവിന്‍.
സര്‍വോപരി, ദുഷ്‌ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന്‌ നിങ്ങളെ ശക്‌തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.
രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്‌മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.”
(എഫേസോസ്‌ 6 : 10-17)

എന്നെ കുറിച്ച് ആലോചിച്ചപ്പോൾ ചെറുതും വലുതുമായ പാപങ്ങളിൽ എത്രയോ നിസാരമായി വീണു പോകുന്ന, എത്രയും വേഗം കുമ്പസാരിക്കാതെ അടുത്ത ദിവസമാകട്ടെ കുമ്പസാരം എന്ന് മാറ്റി വയ്ക്കുന്ന, സൗജന്യമായി ലഭിച്ച നിത്യ രക്ഷയെ കുറിച്ച് ഓർക്കുക പോലുമില്ലാത്ത, കൂടെയുള്ള ഈശോയെക്കുറിച്ച് ചിന്തയില്ലാത്ത, അഹങ്കാരിയും നന്ദിഹീനയും ബുദ്ധിശൂന്യയുമായ ആത്മാവ് ആണെന്ന് തോന്നി.

ഈശോ രക്ഷിച്ച എന്റെ ആത്മാവിനെ നരകത്തിനായി നേടാൻ രാവും പകലും ആഴ്ചകളും മാസങ്ങളും വർഷങ്ങളുമായി മടുപ്പില്ലാതെ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന പിശാചിനെ കുറിച്ച് ഞാനോർത്തു.

പിശാചിനെ തെല്ലും ഭയപ്പെടാതെ ഇന്നും ജീവിക്കുന്ന, എന്നെ സ്നേഹിക്കുന്ന എന്റെ ഏകരക്ഷകനും സൃഷ്ടാവും കർത്താവും എന്റെ ദൈവവുമായ ഈശോ എന്ന ദൈവമനുഷ്യന്റെ തിരുഹൃദയത്തിൽ സ്വമനസാ അഭയം തേടി ജാഗരൂകതയോടെ വർത്തിച്ചു കൊണ്ട് നിത്യ മരണം നൽകുന്ന പാപത്തിൽ നിന്നും ഒഴിഞ്ഞു മാറി നന്ദിയോടെ ദൈവത്തെ സ്തുതിച്ചു ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ കഴിയേണ്ടതല്ലേ എന്റെ ഭൂമിയിലെ ജീവിതം!

ദൈവപരിപാലനയിൽ കീഴിൽ ആണെന്ന് സ്വയം കരുതുമ്പോഴും അനുദിനം ചെയ്തു തീർക്കേണ്ട ഭൗതിക കാര്യങ്ങൾ പൊടുന്നനെ ആർത്തലച്ചു മുന്നിൽ വരുമ്പോൾ, അവ മാനുഷികമായ രീതിയിൽ നമ്മുടേതായ സമയത്ത് വേണ്ടത് പോലെ ചെയ്തു പൂർത്തിയാക്കാൻ പറ്റാതെ വരുമ്പോൾ അറിയാതെ ദുർബലരായി പെട്ടെന്ന് ഉള്ളിലെ വിശ്വാസം ക്ഷയിച്ചു ഭയന്ന് നിസ്സഹായമായി നിലവിളിക്കുമ്പോൾ എന്റെ കൂടെ വിട്ടുമാറാതെ നിൽക്കുന്ന ഈശോയ്ക്ക് എന്ത്‌ സങ്കടം വരുന്നുണ്ടാകും!

മുറിവേറ്റ ഓർമ്മകൾ സമാനസാഹചര്യങ്ങളിൽ പിന്നെയും ഹൃദയത്തിൽ ഉയരുമ്പോൾ ഞാനില്ലേ കുഞ്ഞേ നിന്റെ മുറിവുകൾ ഒക്കെയും ഞാൻ വഹിച്ചതല്ലേ എന്ന് പറയുന്ന ഈശോയെ ഞാൻ ശ്രദ്ധിക്കുന്നതേയില്ലല്ലോ.

അങ്ങനെ നോക്കിയാൽ എന്റെ കുറ്റവും കുറവും തീരുന്നേയില്ലല്ലോ എന്ന് ഞാനോർത്തു.

കുറച്ചു ചെറിയ കാര്യങ്ങൾ മാത്രമെങ്കിലും എന്നെക്കൊണ്ട് പറ്റണം.

സ്വയം പരിശോധിക്കുക. ആത്മാർഥമായി ആത്മ ശോധന നടത്തുക. അടുക്കൽ അടുക്കൽ കുമ്പസാരിക്കുക. സാധിക്കുന്നിടത്തോളം ദിവസം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. ദിവ്യകാരുണ്യം സ്വീകരിക്കുക. അമ്മയുടെ പക്കൽ കുഞ്ഞെന്നത് പോലെ ദിവ്യകാരുണ്യത്തിന് മുന്നിൽ കൂടെക്കൂടെ ഓടിയെത്തുക, ആവുന്നത്ര സമയം അവിടെ ആയിരിക്കുക. ഈശോ സംസാരിക്കുന്നത് കേൾക്കണം എന്ന് തോന്നുമ്പോൾ തിരുവചനം വായിക്കുക. ചെറിയതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ പരിശുദ്ധാത്മാവിന്റെ സഹായം എപ്പോഴും തേടുക.

എന്റെ ഏതു സാഹചര്യത്തിലും ഈശോയെ എന്ന് വിളിക്കുക.

ഏതു വിഷമകരമായ ഭൗതിക മാനസിക ആത്മീയസാഹചര്യങ്ങളിലും ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു എന്ന് പറയുക.

ഇപ്പോൾ എനിക്ക് ജലദോഷമായാലും ഹാർട്ട് അറ്റാക്ക് ആയാലും ലഘു പാപം ആയാലും മാരക പാപം ആയാലും ഞാനെന്റെ ജീവിതത്തിന്റെ അവസാന മിനിറ്റിൽ ആയാലും ആയിരിക്കുന്ന അവസ്ഥയിൽ നല്ല കള്ളനെ പോലെ ഈശോയിൽ പൂർണമായി ശിശു സഹജമായ വിശ്വാസത്തോടെ ശരണപ്പെടുക.

ഈശോയ്ക്ക് നമ്മുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ പദ്ധതി ഉണ്ട്.

അവിടുന്ന് നോക്കിക്കോളും.

ഞാൻ പിന്നെയും കുറച്ചു മുൻപ് വായിച്ച വചനഭാഗത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചു.

തന്നിലേയ്ക്കും തന്റെ സാഹചര്യങ്ങളിലേയ്ക്കും ഒരു നിമിഷം നോക്കിയ പത്രോസ് അപ്പസ്തോലൻ ഞൊടിയിടയിൽ വിവേകം വീണ്ടെടുത്തു, ഈശോയെ രക്ഷിക്കണമെ എന്ന് നിലവിളിച്ചു.

മരണത്തെ നേരിട്ട് കണ്ട ആ നിമിഷം പത്രോസ് അപ്പസ്തോലന് മുന്നിൽ രക്ഷകനായി ഈശോ മാത്രമേയുണ്ടായിരുന്നുള്ളൂ.

അപ്പോൾ അദ്ദേഹം ഈശോയെ എന്ന് വിളിച്ചത് എത്രയോ പരിഭ്രാന്തനായിട്ട് ആയിരിക്കും.

ഈശോ കരം നീട്ടി. പത്രോസ് അപ്പസ്‌തോലനെ ആ നിമിഷം തന്നെ സഹായിച്ചു സുരക്ഷിതമായി വഞ്ചിയിൽ കയറ്റി.

മരണാസന്നനായ ഒരു രോഗിയെ അതിവേഗം ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു വന്നിട്ട് രോഗിയുടെ അടുത്ത ബന്ധുക്കൾ കിതപ്പോടെയും പ്രതീക്ഷയോടെയും വിളിക്കുന്ന ഒരു വിളിയുണ്ട്…

ഡോക്ടറെ….

രോഗി ധരിച്ചിരിക്കുന്നത് വീട്ടിൽ ഇട്ടിരുന്ന വേഷമായിരുന്നിരിക്കാം. ബന്ധുക്കളിൽ പലരും മുഷിഞ്ഞ വേഷമായിരിക്കാം ഇട്ടിരിക്കുന്നത്. മറ്റൊന്നും അവർ ശ്രദ്ധിക്കുകയില്ല. അവരുടെ നോട്ടം ആ ഡോക്ടറിൽ ആയിരിക്കും. അവരുടെ ശ്രദ്ധ തങ്ങളുടെ പ്രിയപ്പെട്ട ആൾക്ക്‌ ഉചിതമായ ചികിത്സയും പരിചരണവും കിട്ടുക എന്നത് മാത്രമായിരിക്കും.

മണിക്കൂറുകളോളം ബന്ധുക്കൾ വിശന്നും ദാഹിച്ചും കാത്തിരുന്നു എന്ന് വന്നേക്കാം. പ്രിയപ്പെട്ട ആരെങ്കിലും ആശുപത്രി കിടക്കയിൽ ജീവന് വേണ്ടി പൊരുതുമ്പോൾ പുറത്ത്‌ കാത്തിരിക്കുന്ന ആൾക്ക് കയ്യിൽ ഏറ്റവും പുതിയ മൊബൈൽ ഉണ്ടെങ്കിലും അതൊന്നും ആരും തുറക്കുക പോലുമില്ല…
ലോകത്തിന്റെ വിനോദങ്ങൾ ഒന്നും ഹൃദയത്തെ സ്പർശിക്കുകയില്ല.

എന്നാൽ ഞാൻ എന്നെങ്കിലും എന്റെ അത്യാവശ്യങ്ങളിൽ, ആശങ്കകളിൽ, രോഗാധിക്യത്തിൽ, ദാരിദ്യത്തിൽ, ആത്മീയ വിശപ്പിൽ, ഹൃദയദാഹത്തിൽ, ഓടിക്കിതച്ചു ഇടവക ദൈവാലയത്തിൽ കയറി അൾത്താരയുടെ മുൻപിൽ വന്നു നിറകണ്ണുകളോടെ ലോകത്തിൽ വേറേ ആരും ഇനി ആശ്രയം ഇല്ലാ എന്ന് ഉള്ളിലറിഞ്ഞു നിന്നു കൊണ്ട് ഈശോയെ എന്ന് വിളിച്ചിട്ടുണ്ടോ?

സക്രാരിയുടെ മുന്നിൽ നിൽക്കുമ്പോൾ കൺമുന്നിൽ സ്വർഗത്തിൽ ഞാൻ നേരിട്ട് കണ്ടുമുട്ടേണ്ട യഥാർത്ഥ ദൈവം ആണ് നിൽക്കുന്നത് എന്നുള്ള അറിവിൽ ഈശോയിൽ എന്നെ വിഷമിപ്പിക്കുന്ന വിഷയത്തിൽ, എനിക്ക് ഇനി ഒന്നും ചെയ്യാനാവാത്ത നിസ്സഹായതയിൽ പൂർണമായി വിട്ടു കൊടുത്തു ശരണപ്പെടാൻ ഒരിക്കൽ എങ്കിലും എനിക്ക് പറ്റിയിട്ടുണ്ടോ!

ഈശോയുടെ മുന്നിൽ ഞാൻ ചെല്ലുന്നത് ഏതവസ്ഥയിലും ആയിക്കോട്ടെ.

മനസ് തളർന്നും ശരീരം രോഗത്താൽ തകർന്നും ആത്മാവ് മൃതമായ അവസ്ഥയിലും ആയിക്കൊള്ളട്ടെ…

രോഗി ഡോക്ടറുടെ അടുത്ത് തക്ക സമയത്തു എത്തുക എന്നത് പോലെ ജീവിച്ചിരിക്കുന്ന നിമിഷങ്ങളിൽ ഈശോയുടെ മുന്നിൽ എത്തുക അവിടുന്നിൽ പൂർണമായി ശരണപ്പെടുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം

മരണ നിമിഷം വരെ നമുക്ക് ദൈവകരുണയിൽ സ്വമനസാ ശരണപ്പെടാം…

എന്നാൽ സ്വന്തം അനുഭവത്തിൽ നിന്നും പറയുകയാണെങ്കിൽ വളരെ അധികം രോഗാവസ്ഥയിൽ ആയിരിക്കുമ്പോൾ കഠിനമായ ശ്വാസം മുട്ടലോ തീവ്രമായ വേദനയോ മരണഭീതിയോ ഒക്കെ അനുഭവപ്പെടുന്ന സമയത്ത് ചിലപ്പോൾ ഈശോയെ എന്ന് വിളിക്കാൻ പോലും ആവാത്ത വിധത്തിൽ നമ്മൾ ആ സമയം അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളിലും മാനസിക സംഘർഷങ്ങളിലും വേദനയിലും ഒക്കെ മുഴുകി പോയി എന്ന് വരാം…

എങ്കിലും അതും ഈശോയ്ക്ക് മനസിലാകും.

നാം ഭയപ്പെടേണ്ട…

അവിടുന്ന് കൂടെയുണ്ട്.

അവിടുന്ന് നമ്മുടെ കാര്യത്തിൽ നിരന്തരം ശ്രദ്ധാലുവാണ്.

ദൈവാരൂപി ഓരോ സമയത്തും ഓരോ സഹനത്തിലും നമ്മെ സഹായിക്കും.

ദൈവത്തിന്റെ അനന്തമായ ശക്തിയെ കുറിച്ച് ഓരോ അനുഭവത്തിലൂടെയും നമുക്ക് മനസിലായികൊണ്ടിരിക്കും. ഓരോ അനുഭവത്തിലൂടെയും വിസ്മയകരമായ ദൈവപരിപാലനയിൻ കീഴിൽ സുരക്ഷിതമായി കടന്നു പോകുമ്പോൾ ദൈവസ്തുതികൾ കൊണ്ട് മനം നിറയും.

അത് മാത്രമല്ല…

പത്രോസ് അപ്പസ്തോലൻ കടന്നു പോയ സഹനത്തിന്റെയും ഇനി രക്ഷയില്ല, തങ്ങൾക്ക് സഹായിക്കാനും പറ്റുകയില്ല എന്ന അവസ്ഥയിൽ, ഈശോ അദ്ദേഹത്തെ സഹായിക്കുന്നത് വഞ്ചിയിൽ ഉള്ള ശിഷ്യന്മാർ കണ്ടു, അതവർക്ക് ജീവിതപാഠമായി അവരുടെ ഹൃദയത്തിലും മനസിലും പതിഞ്ഞു ആത്മാവിൽ ദൈവസ്നേഹം നിറഞ്ഞു. അവർ ആ സംഭവം കണ്ടു രക്ഷകനായ ദൈവത്തെ സ്തുതിച്ചു ആരാധിച്ചു. പിന്നീടൊരിക്കലും ആ സംഭവം അവർ മറന്നില്ല.

ഇത് പോലെ നമ്മുടെ സഹന സാഹചര്യങ്ങളിൽ, ആരോഗ്യവും സാമ്പത്തികവും ഒക്കെ തകർന്ന് പോയ അവസ്ഥയിൽ തളർന്ന മനസും ഹൃദയവുമായി നടക്കുമ്പോഴും ചുണ്ടുകളിൽ ഈശോ കൂടെയുണ്ടെന്ന ധൈര്യം നൽകുന്ന പുഞ്ചിരി ഉണ്ടെങ്കിൽ അനേകരുടെ മുന്നിൽ അതൊരു നിശബ്ദസാക്ഷ്യമാണ്.

സാധാരണ ജീവിതവീഥിയിൽ കൂടെ നടക്കുന്നവർ നേരിട്ട് കാണുന്ന ഈ സാക്ഷ്യം വാക്കുകളെക്കാൾ ശക്തമാണ്.

ദൈവത്തിന്റെ തക്ക സമയം വരുന്നത് വരെ കാത്തിരിക്കാൻ കാണുന്നവർക്കും പ്രചോദനം നൽകുന്ന സ്നേഹസാക്ഷ്യമാണത്.

ഏതായാലും ഇന്ന് മറക്കാതെ ഈശോയെ ആവുന്നിടത്തോളം സ്നേഹിക്കണം എന്ന് ഞാനുറച്ചു.

കുറച്ചു നേരം ഓരോരോ കാര്യമോർത്തു ദൈവത്തെ സ്തുതിച്ചു. ഇത്തിരി നേരം സാധാരണ പ്രാർത്ഥനകൾ പ്രാർത്ഥിക്കാൻ ശ്രമിച്ചു.

ചെറിയ ജോലികൾ ചെയ്തു. അനുദിന കാര്യങ്ങളിൽ മുഴുകി.

ഇടയ്ക്കിടയ്ക്ക് ഈശോയെ ഓർത്തു.

പക്ഷെ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നു എങ്കിലും ഓരോരോ കാര്യങ്ങൾ വന്നപ്പോൾ മിക്കവാറും സമയവും ഞാൻ അവിടുത്തെ സാന്നിധ്യം മറന്നു.

പിന്നീട് ഓർത്തപ്പോൾ അവിടുത്തോട് ക്ഷമാപണം നടത്തി.

അവിടുത്തെ സ്വീകരിച്ചതും പരിചരിച്ചതും കൂടെ നടന്നതും പോരാ എന്ന് ആത്മാവിൽ നൊമ്പരമായി, എങ്കിലും പുതുതായി കാര്യങ്ങൾ വന്നപ്പോൾ ഞാൻ വീണ്ടും മറന്നു.

പക്ഷെ പരിശുദ്ധാരൂപി എന്നെ സഹായിച്ചു. ഈശോയെ കുറച്ചേ ഞാനോർത്തുള്ളൂ എങ്കിലും അവിടുത്തേയ്ക്കായി ഒരു ദിവസം മാറ്റി വയ്ക്കാൻ എനിക്ക് തോന്നിയല്ലോ എന്ന് അവിടുന്ന് ഓർമിപ്പിച്ചു.

ഈശോ ബഹുമാനിക്കപ്പെടുന്ന ഹൃദയങ്ങൾ കണ്ടു ദൈവപിതാവ് ആനന്ദിക്കുകയും ചെയ്യുമല്ലോ.

എന്റെ തീരുമാനത്തിലും എന്റെ വിളിയിലും ഞാൻ നിസാരയും ബലഹീനയും വീണു പോകുന്നവളും ആയിരുന്നു എങ്കിലും എന്റെ ദിവസത്തിലേയ്ക്ക് എന്റെ ക്ഷണം സ്നേഹത്തോടെ സ്വീകരിച്ചു വന്ന സ്വർഗീയ അതിഥി ആയ ഈശോ അങ്ങനെ ആയിരുന്നില്ല. അവിടുന്ന് 100% വിശ്വസ്തനായിരുന്നു.

ഉച്ചകഴിഞ്ഞു കുറെ ആവശ്യങ്ങൾക്ക് പുറത്ത്‌ പോകേണ്ട കാര്യം വന്നു.

പോകും വഴി
ബസിൽ കയറിയപ്പോൾ പതിവില്ലാതെ ഏറ്റവും പുറകിലെ ബാക്കിലേയ്ക്ക് ഫേസ് ചെയ്യുന്ന സീറ്റ്‌ ആണ് കിട്ടിയത്.

എനിക്ക് പുറകോട്ട് നോക്കിയിരിക്കാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു. ആ സീറ്റിൽ ഞാൻ ഇരിക്കാറില്ല.

എന്നാൽ ഒരു സ്റ്റോപ്പിൽ എത്തിയപ്പോൾ സ്പീഡിൽ പോകും വഴി ബസ് പെട്ടെന്ന് sudden break ഇട്ടു. മുന്നോട്ട് അഭിമുഖമായി ഇരുന്നിരുന്ന ഏറ്റവും മുന്നിലെയും പുറകിലെയും ആളുകൾ സീറ്റിൽ നിന്നും മുന്നോട്ട് തെറിച്ചു.

എല്ലാവരും എണീറ്റ് സീറ്റിൽ ഇരുന്നപ്പോൾ ഞാൻ പറഞ്ഞു.

ഞാന്‍ ഈ സീറ്റ് എന്തിനാ എനിക്ക് കിട്ടിയത് എന്നു ചിന്തിച്ചിരുന്നു. ഇപ്പോൾ എനിക്ക് മനസ്സിലായി — അത് ഏറ്റവും സുരക്ഷിതമായ സീറ്റ് ആയതിനാലായിരുന്നു ദൈവം അത് എനിക്കു അനുവദിച്ചത്.

പുറകിലെ സീറ്റിൽ ഇരുന്നിരുന്ന ഞങ്ങൾ എല്ലാവരും ഒത്തുകൂടി ദൈവത്തിന്റെ പരിരക്ഷയെ കുറിച്ച് ചിന്തിച്ചു, അതിനെ കുറിച്ച് സംസാരിച്ചു. അവസാനം, ഞങ്ങള്‍ ആ ദൈവിക പരിരക്ഷയ്ക്കും ദൈവത്തിനും ഹൃദയത്തില്‍നിന്ന് നന്ദി അര്‍പ്പിച്ചു.

എന്റെ കുറച്ചു കാര്യങ്ങളും കൂടി ചെയ്തു പൂർത്തിയാക്കിയതിനു ശേഷം പരിശുദ്ധ കുർബാനയുടെ സമയത്തിനു പതിനഞ്ചു മിനിറ്റ് മുൻപേ എനിക്ക് ദൈവാലയത്തിൽ എത്താൻ കഴിഞ്ഞു.

എന്റെ കയ്യിലെ ബാക്ക്‌ പാക്കിൽ എന്റെ ബൈബിൾ ഉണ്ടായിരുന്നു.

കുറച്ചു നേരം അത് തുറന്നു വായിച്ചു, ധ്യാനിച്ചു.

വായിച്ച സമയങ്ങളിൽ അത് ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന അനുഭവമായി മാറി ഹൃദയത്തിൽ മറഞ്ഞു.

പരിശുദ്ധ കുർബാന തുടങ്ങുന്നതിനു തൊട്ട് മുൻപ് ഒന്ന് കൂടെ തിരുവചനത്തിൽ നോക്കിയപ്പോൾ ഇങ്ങനെ ഞാൻ വായിച്ചു.

“ദൈവമായ കര്‍ത്താവിന്റെ ആത്മാവ്‌ എന്റെ മേല്‍ ഉണ്ട്‌. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്‌ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു.
ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.”
(ഏശയ്യാ 61 : 1-2)

ഈശോയ്ക്ക് സിനഗോഗിൽ ചെന്നപ്പോൾ വായിക്കാൻ കിട്ടിയ വചനം.

ഈശോ വസിക്കുന്ന എനിക്ക്, എന്നെപ്പോലുള്ള അനേകം സാധാരണ മനുഷ്യർക്ക് ഇന്ന് കിട്ടിയ വചനം.

പരിശുദ്ധാരൂപി സദയം നമ്മിൽ വസിക്കുന്നതിനാൽ ഈ വചനത്തിന്റെ ആന്തരിക അർത്ഥവും വ്യാഖ്യാനവും ലളിതമായി ആത്മാവിൽ ആലേഖനം ചെയ്യപ്പെടുന്നത് ഓരോരുത്തരും അനുഭവിച്ചു അറിഞ്ഞിരിക്കും.

പരിശുദ്ധ കുർബാനയുടെ സമയം വന്നെത്തി.

വയോധികനായ ഒരു വന്ദ്യപുരോഹിതൻ അൾത്താരയിലേയ്ക്ക് കടന്നു വന്നു.

ആ നിമിഷം ഞാൻ ഒരു കാര്യം ഓർത്തു.

ഈശോ എന്നെ എവിടെയാണ് കൊണ്ട് വന്നിരിക്കുന്നത്!

സ്വർഗീയ വിരുന്ന് ശാലയിൽ..

ഏറ്റവും മുന്തിയ കുർബാന എന്ന വിരുന്ന് നൽകാൻ…

“വിരുന്നുശാലയിലേക്ക്‌ അവന്‍ എന്നെ കൂട്ടിക്കൊണ്ടുവന്നു.”
(ഉത്തമഗീതം 2 : 4)

എന്നെ കൊണ്ട് പറ്റുന്ന പോലെ ഏകാഗ്രമായി ആ പരിശുദ്ധ കുർബാനയിൽ ഞാൻ പങ്കെടുത്തു.

പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ആ കൂറ്റൻ ദൈവാലയത്തിന്റെ ഒത്തിരി ഉയരത്തിലുള്ള മുകളിലത്തെ പടിയിൽ Holy Holy Holy എന്നെഴുതിയിരുന്നു.

ആ നിമിഷം ഞാനോർത്തു ദൈവമേ ഈ ദൈവാലയങ്ങൾ ഇത്ര ഉന്നതമായി പണിതിരിക്കുന്നത് അനേകം സ്വർഗീയ സൈന്യങ്ങൾ മാനവരോടൊപ്പം ഈ പരിശുദ്ധ കുർബാന വിരുന്നിൽ ദൈവാലയത്തിനുള്ളിൽ സന്നിഹിതരായി പരിശുദ്ധ ത്രിത്വത്തെ വാഴ്ത്താൻ ആണല്ലോ എന്ന്. അതോടൊപ്പം ഓരോ പരിശുദ്ധ കുർബാനയിലും ഈശോയുടെ തിരുരക്തത്തിന്റെ ഒരു തുള്ളി കൊണ്ട് നിത്യ ദാഹം ശമിപ്പിക്കുന്നതിനായി ആരെങ്കിലും അവരേ ഒന്നോർക്കേണമേ എന്ന മനുഷ്യരോടുള്ള മൗന യാചനയോടെ നിസഹായരായി ദൈവാലയത്തിൽ സന്നിഹിതരായ പാവപ്പെട്ടവരും വേദനിക്കുന്നവരുമായ ശുദ്ധീകരണ ആത്മാക്കളെയും ഞാനോർത്തു.

ഈശോയുടെ തിരു ശരീരവും തിരു രക്തവും വാഴ്ത്തിയ സമയം പരിശുദ്ധകുർബാന അവർക്കായും കാഴ്ച വെച്ചു.

കുർബാന സ്വീകരണത്തിന്റെ സമയം മനസ്താപപ്രകരണം ഉള്ളിൽ ചൊല്ലി ഈശോയെ സ്നേഹത്തോടെ ഹൃദയത്തിൽ സ്വീകരിച്ചു.

അപ്പോഴും ഈ ദൈവാലയത്തിൽ ഇന്ന് കുമ്പസാരം ഇല്ലല്ലോ അത് കൂടെയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് ഞാനോർത്തു.

പരിശുദ്ധ കുർബാന കഴിഞ്ഞു കുറച്ചു നേരം ഞാൻ ബെഞ്ചിൽ തന്നെ ഇരുന്നു.

പിന്നീട് ഒരിടത്തു കൂടി പോകാനുണ്ടായിരുന്നതിനാൽ എഴുനേറ്റു വരും വഴി കുർബാന ചൊല്ലിയ വൈദികൻ പ്രായമുള്ള നടക്കാൻ പ്രയാസമുള്ള ഒരു സ്ത്രീയെ അവർ ഇരിക്കുന്ന സ്ഥലത്തുപോയി ഇരുന്നു കുമ്പസാരിപ്പിക്കുന്നത് അത്ഭുതത്തോടെ കണ്ടു.

ചിന്തകൾ പോലും അറിയുന്ന എന്റെ ഈശോ…

എനിക്കും ലളിതമായി കുമ്പസാരിക്കാൻ പറ്റി.

കുറച്ചു നേരം അൾത്താരയുടെ ചാരെ പോയി നിന്നു.

ഈശോയെ തന്ന ദൈവപിതാവിനെ ഓർത്തു.

പരിശുദ്ധ അമ്മയുടെ അൾത്താരയിൽ നോക്കിയപ്പോൾ അത് സദുപദേശത്തിന്റെ മാതാവിന്റെ അൾത്താര ആയിരുന്നു.

ഒത്തിരി പഴയ ദൈവാലയം ആയിരുന്നതിനാൽ യൗസേപ്പിതാവിന്റെയും ഉണ്ണി ഈശോയുടെയും കരുണയുടെ ഈശോയുടെയും ഒക്കെ ചെറു അൾത്താരകൾ ഉണ്ടായിരുന്നു.

എങ്കിലും തിരു സക്രാരി ഇരിക്കുന്ന പ്രധാനഅൾത്താര ഏറ്റവും മനോഹരമായി വേറിട്ട്‌ നിന്നു.

ദൈവാലയത്തിൽ നിന്നിറങ്ങി വീട്ടിലേക്കുള്ള ബസിൽ ഇരിക്കുമ്പോൾ ഹൃദയം നന്ദി കൊണ്ട് നിറയുന്നുണ്ടായിരുന്നു.

ഈശോയോടൊപ്പം മന:പൂർവ്വം ചിലവഴിക്കാൻ തീരുമാനിച്ച മണിക്കൂറുകളിൽ ഹൃദയത്തിൽ ദൈവസ്നേഹം നിറഞ്ഞു. എങ്കിലും നിരന്തര ദൈവസാന്നിധ്യത്തെ കുറിച്ച് ധ്യാനിക്കാനുള്ള എന്റെ പരിചയമില്ലായ്മയും എന്റെ ഒരുക്കകുറവും സ്നേഹരാഹിത്യവും മൂലം ഈ ദിവസത്തിന്റെ വലിയൊരു ഭാഗവും ഞാൻ പാഴാക്കി എന്ന് തന്നെ വേണം പറയാൻ.

ഇത്ര കുറവോടെ ആയിരുന്നിട്ടും ഇന്നത്തെ ദിവസം ഹൃദയത്തിൽ ഉയർന്ന ചിന്തകളും ഈശോയുമായുള്ള ആത്മാവിന്റെ ആന്തരിക സംസാരവും ഈശോയോടൊന്നിച്ചുള്ള ചെറു പ്രവൃത്തികളും പത്തു ശതമാനം പോലും എഴുതാൻ പറ്റിയിട്ടില്ല.

എങ്കിലും ചെറിയ ആത്മാക്കളുടെ അവിടുത്തെ സ്നേഹിക്കാനുള്ള ചെറുപരിശ്രമങ്ങളും അവിടുത്തേയ്ക്ക് പ്രീതികരമാണല്ലോ.

കാരണം….

“ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു. “
(1 യോഹന്നാന്‍ 4 : 19)

ഇനി ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഈശോയെ കൂടെ നടക്കാൻ ക്ഷണിക്കാം. ഈശോ ഹൃദയത്തിൽ വസിക്കാൻ ഹൃദയം ഒരുക്കാം. നിരന്തരപ്രസാദവരത്തിന്റെ അവസ്ഥയിൽ ആയിരിക്കാം. കരുണ കാണിച്ചു കൊണ്ടേയിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിനെ
നിരന്തരമായി ഹൃദയത്തിൽ നിന്നും ഉയരുന്ന സ്തുതികളാൽ മഹത്വപ്പെടുത്താം.

“സ്വര്‍ഗീയമായ എല്ലാ ആത്‌മീയവരങ്ങളാലും ക്രിസ്‌തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ പിതാവുമായ ദൈവം സ്‌തുതിക്കപ്പെട്ടവനാകട്ടെ!”
(എഫേസോസ്‌ 1 : 3)

ആമേൻ

Fediverse reactions
March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading