നമ്മുടെ കർത്താവിൻ്റെ സൂലാക്ക (സ്വർഗ്ഗാരോഹണം) കഴിഞ്ഞ് പത്താം ദിവസമാണ് പുത്രൻ തമ്പുരാനാൽ സഹായകനായി വാഗ്ദാനം ചെയ്യപ്പെട്ട റൂഹാ ദ്കുദ്ശാ തമ്പുരാൻ ശ്ലീഹന്മാരുടെമേൽ ഇറങ്ങിവന്നതിൻ്റെ ഓർമ്മയായ പന്തക്കുസ്താ തിരുനാൾ. പൗരസ്ത്യ സുറിയാനി സഭയുടെ പഞ്ചാംഗം അനുസരിച്ച് ഇന്നേദിനം ക്യംതായുടെ ആഴ്ചകൾ (ഉയിർപ്പുകാലം) അവസാനിക്കുകയും ശ്ലീഹാനോമ്പോടെ ശ്ലീഹാക്കാലത്തിൻ്റെ ആഴ്‌ചകൾ ആരംഭിക്കുകയും ചെയ്യുന്നു.

മാറാനായ തിരുനാളുകളിൽ എല്ലാം “ഏക പിതാവ് പരിശുദ്ധനാകുന്നു…….” എന്ന സ്തുതിപ്പിന് ശേഷം ഭയഗീതം എന്ന് വിളിക്കപ്പെടുന്ന ദ്ഹീലത്ത് ആലപിക്കുകയും, തദസവരത്തിൽ മദ്ബഹായുടെ രണ്ടാം വിരി (ഗവായ്ത്താ വേലാ ܓܲܘܵܝܬܵܐ ܘܹܐܠܵܐ അഥവാ ഉള്ളിലെ വിരി) അടയ്ക്കുകയും ചെയ്യേണ്ടതാണ്. മദ്ബഹായിലുള്ളവർ രണ്ടുഗണമായി മാറിമാറിയാണ് ദ്ഹീലത്ത് ആലപിക്കുന്നത്. മാറാനായ തിരുനാൾ ദിനങ്ങളിൽ മാത്രമാണ് പരിശുദ്ധ കുർബാനയിൽ ദ്ഹീലത്ത് ഉള്ളത്.

നമ്മുടെ സഭയുടെ ആരാധന ക്രമത്തിൽ പന്തക്കുസ്താ തിരുനാളിൽ ദ്ഹീലത്ത് ആലപിച്ച് അവസാനിച്ചശേഷം മദ്ബഹായുടെ ഉള്ളിലെ വിരി തുറക്കുകയും അതേത്തുടർന്ന് പ്രത്യേക കുമ്പിടൽ ക്രമം അനുഷ്ഠിക്കുകയും ചെയ്യുന്നു.
ഈ ക്രമത്തിന് ശേഷം മ്ശംശാനായുടെ “ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ” എന്ന ആഹ്വാനത്തോടെ പരിശുദ്ധ കുർബാന പതിവുപോലെ തുടരുകയും ചെയ്യുന്നു.

പരിശുദ്ധ കുർബാന കൈക്കൊള്ളുന്നതിന് ശേഷം മാറാനായ തിരുനാൾ ദിനങ്ങളിലെ തെശ്ബോഹ്ത്തായാണ് (ഹയ്യെൽ മാറൻ……) ആലപിക്കുന്നത്.
ക്യംതാ (ഉയിർപ്പു) തിരുനാൾ മുതൽ പന്തക്കുസ്താ തിരുനാൾ വരെ പൗരസ്ത്യ സുറിയാനി സഭയുടെ ക്രമത്തിൽ ആരാധന ക്രമ മധ്യേ മുട്ടുകുത്തൽ / കുമ്പിടീൽ വിലക്കപ്പെട്ടിരിക്കുന്നു. അവ സന്തോഷത്തിൻ്റെയും ആനന്ദത്തിൻ്റെയും ഉയിർപ്പിൻ്റെയും ദിനങ്ങളാണ്. പന്തക്കുസ്താ മുതൽ വീണ്ടും അനുതാപകരമായ ജീവിതത്തിലേക്ക് പ്രത്യേകമായി നാം മടങ്ങുന്നു. ഇതിൻ്റെ സൂചകമായി അന്നേദിവസം പള്ളിയിൽ പ്രത്യേക ശുശ്രൂഷയോടെ മുട്ടുകുത്തൽ / കുമ്പിടീൽ പുനരാരംഭിക്കുന്നു. എഴുന്നേറ്റ് നിൽക്കുന്നത് ഉത്ഥാനത്തിൻ്റെ സൂചകമാണ്.

“അവന്റെ ഇടിമിന്നലുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിച്ചു.

പാറക്ലേത്തായായ റൂഹാ സൃഷ്ടികളിൽ കതിരൊളി വീഴ്ത്തി. ഈ മുഴുലോകത്തിലും അവന്റെ കൃപ നിറഞ്ഞു. മനുഷ്യരുടെ പാപങ്ങൾ ഇതാ ഹൂസായാ വഴിയും മാമോദിസാ വഴിയും മോചിക്കപ്പെട്ടിരിക്കുന്നു. ആവശ്യക്കാർ നല്ല ശരണം സ്വീകരിക്കുന്നു. അവിദ്യർ ശ്രേഷ്ഠമായ വിജ്ഞാനത്താൽ നിറയുകയും, രോഗികൾ സുഖമാക്കപ്പെടുകയും, മരിച്ചവർ ജീവന്റെ പ്രത്യാശ വഹിക്കുകയും ചെയ്തു.
അതിനാൽ പിതാവിനൊപ്പവും പുത്രനൊപ്പവും റൂഹാ ദ്ക്കുദ്ശാ! നിന്നെയും സംശയമേതുമില്ലാതെ ഞങ്ങൾ ആരാധിക്കുന്നു. നീ ഞങ്ങളെല്ലാവരുടെയും നവ്ശകളെ രക്ഷിക്കുന്നതിന് ഞങ്ങൾ യാചിക്കുന്നു…”
(പൗരസ്ത്യ സുറിയാനി സഭയുടെ പന്തക്കുസ്താ തിരുനാളിലെ കുമ്പിടീൽ ക്രമത്തിന്റെ കാലായിൽ നിന്നും)

റൂഹാവിജ്ഞാനീയത്താൽ സമ്പുഷ്ടവും സത്യവിശ്വാസത്തിൻ്റെ കലർപ്പില്ലാത്ത പ്രഘോഷണവുമാണ് പൗരസ്ത്യ സുറിയാനി സഭയിലെ ഈ ശുശ്രൂഷ.

പൊതുവായി എല്ലാ ആരാധനക്രമ പാരമ്പര്യങ്ങളിലുംതന്നെ ഇത്തരം പ്രത്യേക ശുശ്രൂഷ പന്തക്കുസ്താ ദിനത്തിലുണ്ട്.

  • ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.

Ref.

  1. തിരുനാളുകൾ: ഫാ. ചാൾസ് പൈങ്ങോട്ട് സിഎംഐ
  2. സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം: ഫാ. തോമസ് മണ്ണൂരാംപറമ്പിൽ.
  3. The feast of Pentecost in the Syro Malabar Church, An Histirico-Liturgical study: Fr. Jacob Ennolikara.

♱ സീറോ മലബാർ സഭയിലെ പന്തക്കുസ്തായിലെ കുമ്പിടൽ ക്രമം PDF ആയി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് 👇👇👇

https://drive.google.com/file/d/1MImWIeC_HF_4bQaVXcNjGClT01P_0Ozz/view?usp=sharing

Fediverse reactions
May 2026
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading