ഫാ. ജെന്നി കായംകുളത്തുശ്ശേരി
ആമുഖം
ഉത്ഥാനകാലത്തിന്റെ (Season of Resurrection) ആനന്ദഭരിതമായ അമ്പത് ദിനങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സഭ ശ്ലീഹാക്കാലത്തിലേക്ക് (Season of Śliḥe) പ്രവേശിക്കുന്നത് പന്തക്കുസ്താ തിരുനാളോടുകൂടിയാണ്. ആദ്യകാല സഭയിൽ ഉത്ഥാനകാലത്ത് ഉപവാസമോ, പാപപരിഹാര പ്രവൃത്തികളോ, പ്രാർത്ഥനകളിൽ മുട്ടുകുത്തലോ പതിവില്ലായിരുന്നു. എന്നാൽ പന്തക്കുസ്താ തിരുനാളോടെ സഭ പുതിയൊരു നോമ്പുകാലത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ പ്രാരംഭമെന്നോണം നടത്തുന്ന അതീവ ഗൗരവമേറിയതും ഭക്തിസാന്ദ്രവുമായ ഒരു ശുശ്രൂഷയാണ് ‘കുമ്പിടൽ ശുശ്രൂഷ’ അഥവാ സുറിയാനിയിൽ ‘തക്സാ ദ്സെഗ്ദ്സാ’ (ܛܲܟܣܵܐ ܕܣܸܓܕܬܵܐ – Rite of Genuflection / Service of Kneeling). പൗരസ്ത്യ സുറിയാനി (East Syriac) ആരാധനാ പാരമ്പര്യത്തിൽ ഈ ശുശ്രൂഷയ്ക്ക് ആഴമേറിയ ദൈവശാസ്ത്രപരവും ആരാധനാക്രമപരവുമായ പ്രാധാന്യമുണ്ട്.
പന്തക്കുസ്താ തിരുനാളിന്റെ യഹൂദ പശ്ചാത്തലം
ക്രൈസ്തവ പന്തക്കുസ്താ തിരുനാളിന്റെ വേരുകൾ കിടക്കുന്നത് യഹൂദരുടെ ‘വാരങ്ങളുടെ പെരുന്നാൾ’ (Feast of Weeks) അഥവാ ‘ഷാവൂത്ത്’ (Shavuot) എന്ന ആഘോഷത്തിലാണ്. പെസഹാ തിരുനാളിന് ശേഷം അമ്പതാമത്തെ ദിവസം കൊയ്ത്തുത്സവമായും ആദ്യഫലങ്ങൾ ദൈവത്തിന് സമർപ്പിക്കുന്ന ദിനമായും യഹൂദർ ഇത് ആഘോഷിച്ചു പോന്നു. ഗ്രീക്ക് ഭാഷയിലെ ‘അമ്പതാമത്’ എന്നർത്ഥം വരുന്ന ‘പെന്തെകോസ്തെ’ (Pentēkostē) എന്ന വാക്കിൽ നിന്നാണ് പന്തക്കുസ്താ എന്ന പേരുണ്ടായത്. കാർഷിക പ്രാധാന്യത്തിനപ്പുറം, സീനായ് മലമുകളിൽ വച്ച് മോശയ്ക്ക് ദൈവപ്രമാണം (Torah) ലഭിച്ച ഉടമ്പടിയുടെ അനുസ്മരണവും ഈ തിരുനാളിനുണ്ടായിരുന്നു. പുതിയ നിയമത്തിൽ, പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ (അപ്പസ്തോലപ്രവർത്തനങ്ങൾ രണ്ടാം അധ്യായം) ഈ തിരുനാൾ സഭയുടെ ജന്മദിനമായും സുവിശേഷ പ്രഘോഷണത്തിന്റെ ആരംഭമായും രൂപാന്തരപ്പെട്ടു.
ആരാധനാക്രമ നിലപാടുകളും നിഖ്യാ കൗൺസിലിന്റെ സ്വാധീനവും.
ആദിമ സഭയിൽ പ്രാർത്ഥനാ വേളകളിലെ ശാരീരിക നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഉത്ഥാനത്തിന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഞായറാഴ്ചകളിലും ഉത്ഥാനകാലം മുഴുവനും ‘എഴുന്നേറ്റു നിൽക്കുക’ എന്നതായിരുന്നു സാർവത്രിക ക്രമം. എ.ഡി. 325-ൽ നടന്ന നിഖ്യാ കൗൺസിൽ (Council of Nicaea) ഇരുപതാമത്തെ കാനോൻ വഴി ഉത്ഥാനകാലത്തും ഞായറാഴ്ചകളിലും മുട്ടുകുത്തുന്നത് വിലക്കുകയും, നിൽക്കുന്ന നിലപാട് ഏകീകരിക്കുകയും ചെയ്തു. പന്തക്കുസ്താ തിരുനാൾ വരെ ഈ സന്തോഷം തുടരുമെന്ന് നാലാം നൂറ്റാണ്ടിലെ തീർത്ഥാടകയായ എജീരിയ (Egeria) സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ പന്തക്കുസ്താ തിരുനാളിന്റെ സമാപ്തിയോടെ ആരാധനാസമൂഹം വീണ്ടും മുട്ടുകുത്തി പാപപരിഹാരത്തിന്റെയും മാനസാന്തരത്തിന്റെയും വഴിയിലേക്ക് പ്രവേശിക്കുന്നു.
തക്സാ ദ്സെഗ്ദ്സായുടെ ഘടനയും അനുഷ്ഠാനവും
പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ (പ്രത്യേകിച്ച് പോൾ ബെഡ്ജാന്റെ ‘Breviarium III’-ൽ വിവരിച്ചിരിക്കുന്നതുപോലെ), പന്തക്കുസ്താ കുർബാന മധ്യേയാണ് ഈ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ‘വിശുദ്ധകൂർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു (Sancta Sanctis) എന്ന പ്രഖ്യാപനത്തിന് ശേഷവും കാർമ്മികന്റെ ദിവ്യകാരുണ്യ സ്വീകരണത്തിന് തൊട്ടുമുമ്പുമായാണ് ഇത് അനുഷ്ഠിക്കുന്നത്.
ഈ കുമ്പിടൽ ശുശ്രൂഷ പ്രധാനമായും മൂന്ന് ഘട്ടങ്ങളായി (Units / Kneelings) തിരിച്ചിരിക്കുന്നു:
- ഒന്നാം കുമ്പിടൽ (First Kneeling):
പിതാവായ ദൈവത്തിന് സമർപ്പിച്ചിരിക്കുന്നു. ശുശ്രൂഷയുടെ ആരംഭത്തിൽ ശെമ്മാശൻ “നമുക്കെല്ലാവർക്കും മുട്ടുകുത്താം, ദൈവത്തിന്റെ ശക്തിയാൽ എഴുന്നേൽക്കാം” എന്ന് പ്രഖ്യാപിക്കുമ്പോൾ സമൂഹം മുട്ടുകുത്തുന്നു. സങ്കീർത്തനങ്ങൾ (Psalms 66, 86), ഹ്പാക്താ (Hpaktā – പ്രതിഗീതം), സ്ലോസാ (Slōtā – പ്രാർത്ഥന) എന്നിവ ഇതിലുണ്ട്.
- രണ്ടാം കുമ്പിടൽ (Second Kneeling):
പുത്രനായ ദൈവത്തിന് (മിശിഹായ്ക്ക്) സമർപ്പിച്ചിരിക്കുന്നു. ഇതിൽ സങ്കീർത്തനങ്ങൾ 96, 97 എന്നിവയും കാർമ്മികന്റെ മൗനപ്രാർത്ഥനകളും ഉൾപ്പെടുന്നു. മിശിഹായുടെ സ്വർഗ്ഗാരോഹണവും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വാഗ്ദാനവും ഇതിൽ അനുസ്മരിക്കുന്നു.
- മൂന്നാം കുമ്പിടൽ (Third Kneeling):
പരിശുദ്ധാത്മാവായ ദൈവത്തിന് സമർപ്പിച്ചിരിക്കുന്നു. സങ്കീർത്തനങ്ങൾ 99, 100 എന്നിവ ആലപിക്കുന്നു. തുടർന്ന് കാസ്കർക്കാരനായ മാർ സാവരീശോ രചിച്ച ‘കാറോസൂസാ’ (Kārōzūtā – കാറോസൂസ) പ്രാർത്ഥനയും സ്ലോസായും ചൊല്ലുന്നു.
ശുശ്രൂഷയിലുടനീളം പ്രാർത്ഥനകൾക്ക് ശേഷം കാർമ്മികൻ “കർത്താവിന്റെ ശക്തിയിൽ എഴുന്നേൽക്കുവിൻ” എന്ന് പ്രഖ്യാപിക്കുകയും, ശുദ്ധീകരണത്തിന്റെ പ്രതീകമായി അൾത്താരയിലും വൈദികരിലും ജനങ്ങളുടെമേലും വിശുദ്ധ ജലം തളിക്കുകയും ചെയ്യുന്നു. യോഹന്നാന്റെ സുവിശേഷ വായനയോടും (Evangelion), ശമരിയാക്കാരി സ്ത്രീയുമായുള്ള മിശിഹായുടെ കൂടിക്കാഴ്ചയെ അനുസ്മരിക്കുന്ന ഒനീ സാ പ്രാർത്ഥനകളോടും കൂടി ശുശ്രൂഷ സമാപിക്കുന്നു.
പ്രധാന ദൈവശാസ്ത്ര ചിന്തകൾ (Major Theological Themes)
തക്സാ ദ്സെഗ്ദ്സാ വെറുമൊരു ശാരീരിക അനുഷ്ഠാനമല്ല, മറിച്ച് പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രത്തിന്റെ ഒരു വലിയ കലവറയാണ്.
- ത്രിത്വൈക ദൈവശാസ്ത്രം (Trinitarian Theology):
മൂന്ന് കുമ്പിടലുകൾ യഥാക്രമം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തിത്വങ്ങൾക്ക് സമർപ്പിച്ചിരിക്കുന്നതിലൂടെ രക്ഷാകര ചരിത്രം എന്നത് ത്രിത്വത്തിന്റെ ഒരുമിച്ചുള്ള പ്രവർത്തനമാണെന്ന് സഭ പഠിപ്പിക്കുന്നു.
- മിശിഹാവിജ്ഞാനീയം (Christology): പ്രാർത്ഥനകളിൽ മിശിഹായെ രാജാവ് (King), കർത്താവ് (Lord), ദൈവത്തിന്റെ കുഞ്ഞാട് (Lamb of God), ആത്മീയ വൈദ്യൻ (Physician), ജീവന്റെ ഔഷധം (Medicine of Life), സൃഷ്ടാവ് (Creator) എന്നീ മഹനീയ പദവികൾ നൽകി ആരാധിക്കുന്നു.
- റൂഹാവിജ്ഞാനീയം (Pneumatology): പരിശുദ്ധാത്മാവിനെ ‘പാറക്ലേത്താ’ (Paraclete / ആശ്വാസപ്രദായകൻ), ‘ജീവൻ്റെ ജലം’ (Living Water) എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. സഭയെ വിശുദ്ധീകരിക്കുന്നതിലും, കൂദാശകൾ പൂർത്തീകരിക്കുന്നതിലും, പാപങ്ങൾ മോചിക്കുന്നതിലും പരിശുദ്ധാത്മാവിനുള്ള പങ്ക് വ്യക്തമാക്കുന്നു.
- പാപപരിഹാരവും മാനസാന്തരവും (Penitence and Conversion):
അമ്പത് ദിവസത്തെ ആഘോഷത്തിന് ശേഷം തങ്ങളുടെ പാപങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും, കണ്ണീരോടെ ദൈവത്തോട് ക്ഷമ ചോദിക്കാനും ഈ ശുശ്രൂഷ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. മുട്ടുകുത്തൽ വഴിയുള്ള താഴ്മ പാപമോചനത്തിലേക്കും ആത്മീയ പുനരുദ്ധാരണത്തിലേക്കും വഴിതുറക്കുന്നു.
കേരളത്തിലെ സഭാ ചരിത്രവും ഇന്നത്തെ പ്രസക്തിയും
മാർ തോമാ ക്രിസ്ത്യാനികൾ പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മിഷണറിമാരുടെ വരവ് വരെ പൂർണ്ണമായും പൗരസ്ത്യ സുറിയാനി ആരാധനാക്രമമാണ് പിന്തുടർന്നിരുന്നത്. അതിനാൽ ഈ പന്തക്കുസ്താ കുമ്പിടൽ ശുശ്രൂഷ അക്കാലത്ത് കേരളത്തിലും നിലവിലിരുന്നു എന്ന് അനുമാനിക്കാം. എന്നാൽ ഉദയംപേരൂർ സൂനഹദോസിനും ലത്തീൻവൽക്കരണത്തിനും ശേഷം സിറോ-മലബാർ സഭയിൽ ഈ സവിശേഷ അനുഷ്ഠാനം വിസ്മൃതിയിലാണ്ടുപോയി. നിലവിൽ തൃശൂരിലെ കൽദായ സുറിയാനി സഭയിലും (Assyrian Church of the East) മലങ്കര ഓർത്തഡോക്സ്/കത്തോലിക്കാ സഭകളിലും അന്ത്യോക്യൻ ആരാധന ക്രമത്തിലും – ഈ കുമ്പിടൽ ശുശ്രൂഷ നിലനിൽക്കുന്നുണ്ട്.
സിറോ-മലബാർ സഭയുടെ ആരാധനാക്രമ പുനരുദ്ധാരണത്തിന്റെ പശ്ചാത്തലത്തിൽ, വിസ്മരിക്കപ്പെട്ടുപോയ ഈ ‘തക്സാ ദ് സെഗ്ദ്സാ’ പന്തക്കുസ്താ തിരുനാൾ കുർബാനയിൽ പുനഃസ്ഥാപിക്കേണ്ടത് വിശ്വാസികളിൽ ആത്മീയ ഉണർവും പാപബോധവും ത്രിത്വൈക ഭക്തിയും വളർത്താൻ അത്യന്തം അനിവാര്യമാണ്.
Bibliography
- Bedjan, Paul, ed. Breviarium Juxta Ritum Syrorum Orientalium id est Chaldaeorum, Vol. III. Rome: Propaganda Fidei, 1938; Reprinted Rome, 2002.
- Bradshaw, Paul F. and Maxwell E. Johnson. The Origins of Feasts, Fasts and Seasons in Early Christianity. United Kingdom: Liturgy Press, 2011.
- Brock, Sebastian P. An Introduction to Syriac Studies. New Jersey: Gorgias Press, 2006.
- Gingras, G. E. Egeria: Diary of A Pilgrimage. New York: Newman Press, 1970.
- Gunstone, John. The Feast of Pentecost. London: The Faith Press, 1967.
- Kakkanatt, Antony. Christological Catechesis of the Liturgy. Rome: Mar Thoma Yogam, 1996.
- Maniyattu, Pauly, ed. East Syriac Theology: An Introduction. Satna: Ephrem’s Publications, 2007. 8 Pathikulangara, Varghese. Indo-Chaldean Liturgy. Kottayam: OIRSI, 1979.
- Payngot, Charles. Aradhanavalsaram. Kottayam: OIRSI, 2001.
- Vellian, Jacob. “Taksa D’ Segdta: Service of Kneeling”. The Harp 18/1 (2005): 72-81.


Leave a comment