Ezra, Chapter 7 | എസ്രാ, അദ്ധ്യായം 7 | Malayalam Bible | POC Translation

Advertisements

എസ്രാ ജറുസലെമില്‍

1 പേര്‍ഷ്യാരാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്റെ ഭരണകാലത്ത് സെറായായു ടെ മകനായ എസ്രാ ബാബിലോണില്‍നിന്നു പുറപ്പെട്ടു. ഹില്‍ക്കിയായുടെ മകന്‍ അസറിയായുടെ മകനായിരുന്നു സെറായാ.2 ഹില്‍ക്കിയാ ഷല്ലൂമിന്റെയും അവന്‍ സാദോക്കിന്റെയും സാദോക്ക് അഹിത്തൂബിന്റെയും മകനായിരുന്നു.3 അഹിത്തൂബ് അമരിയായുടെയും അവന്‍ അസറിയായുടെയും അസറിയാ മെറായോത്തിന്റെയും മകനായിരുന്നു.4 മെറായോത്ത് സെറഹിയായുടെയും അവന്‍ ഉസിയുടെയും ഉസി ബുക്കിയുടെയും മകനായിരുന്നു.5 ബുക്കി അബിഷുവയുടെയും അവന്‍ ഫിനെഹാസിന്റെയും, ഫിനെഹാസ് എലെയാസറിന്റെയും അവന്‍ പ്രധാന പുരോഹിതനായ അഹറോന്റെയും മകനായിരുന്നു.6 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു നല്‍കിയ മോശയുടെ നിയമത്തില്‍ അവ ഗാഹമുള്ളവനായിരുന്നു എസ്രാ. ദൈവമായ കര്‍ത്താവിന്റെ കരം അവന്റെ മേലുണ്ടായിരുന്നതിനാല്‍ അവന്‍ ആവശ്യപ്പെട്ടതെല്ലാം രാജാവ് അനുവദിച്ചു.7 അര്‍ത്താക്‌സെര്‍ക്‌സസ് രാജാവിന്റെ ഏഴാംഭരണവര്‍ഷം കുറെഇസ്രായേല്യരും ലേവ്യരും പുരോഹിതരും, ഗായകരും, വാതില്‍കാവല്‍ക്കാരും, ദേവാലയശുശ്രൂഷകരും എസ്രായോടൊപ്പം ജറുസലെമിലേക്കു പോന്നു.8 അവന്‍ ജറുസലെമില്‍ എത്തിയത് രാജാവിന്റെ ഏഴാംഭരണവര്‍ഷം അഞ്ചാംമാസമാണ്.9 ദൈവാനുഗ്രഹത്താല്‍ അവന്‍ ഒന്നാംമാസം ഒന്നാം ദിവസം ബാബിലോണില്‍നിന്നുയാത്രപുറപ്പെട്ട്, അഞ്ചാംമാസം ഒന്നാം ദിവസം ജറുസലെമിലെത്തി.10 കര്‍ത്താവിന്റെ നിയമം പഠിക്കാനും അനുഷ്ഠിക്കാനും അവിടുത്തെ അനുശാസനങ്ങളും പ്രമാണങ്ങളും ഇസ്രായേലില്‍ പഠിപ്പിക്കാനും അവന്‍ ഉത്‌സുകനായിരുന്നു.11 ഇസ്രായേലിനുവേണ്ടി കര്‍ത്താവു നല്‍കിയ കല്‍പനകളും നിയമങ്ങളും പഠിച്ച പണ്‍ഡിതനും പുരോഹിതനുമായ എസ്രായ്ക്ക് അര്‍ത്താക്‌സെര്‍ക്‌സസ്‌രാജാവു നല്‍കിയ കത്തിന്റെ പകര്‍പ്പ്:12 രാജാധിരാജനായ അര്‍ത്താക്‌സെര്‍ക്‌സസ്, സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ നിയമങ്ങളില്‍ പാണ്‍ഡിത്യമുള്ള പുരോഹിതന്‍ എസ്രായ്ക്ക് എഴുതുന്നത്:13 എന്റെ രാജ്യത്തുള്ള ഏത് ഇസ്രായേല്യനും പുരോഹിതനും ലേവ്യനും ജറുസലെമിലേക്കു പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍, നിന്നോടുകൂടെ പോന്നുകൊള്ളട്ടെ എന്നു ഞാന്‍ കല്‍പിക്കുന്നു.14 നിങ്ങളുടെ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച നിയമങ്ങളനുസരിച്ച് യൂദായിലെയും ജറുസലെമിലെയും വിവരങ്ങള്‍ ആരായാന്‍ രാജാവും തന്റെ ഏഴ്ഉപദേശകരും നിങ്ങളെ അയയ്ക്കുന്നു.15 ജറുസലെമില്‍ വസിക്കുന്ന ഇസ്രായേലിന്റെ ദൈവത്തിന് രാജാവും ഉപദേശകരും സ്വാഭീഷ്ടക്കാഴ്ചയായി അര്‍പ്പിക്കുന്ന സ്വര്‍ണവും വെള്ളിയും നിങ്ങള്‍ കൊണ്ടുപോകണം.16 ബാബിലോണ്‍ദേശത്തുനിന്ന് നിങ്ങള്‍ക്കു ലഭിച്ച സ്വര്‍ണവും വെള്ളിയും, ജറുസലെമിലെ ദേവാലയത്തിനുവേണ്ടി ജനവും പുരോഹിതന്‍മാരും അര്‍പ്പിക്കുന്ന സ്വാഭീഷ്ടക്കാഴ്ചകളും നിങ്ങള്‍ കൊണ്ടുപോകണം.17 ഈ പണം കൊണ്ട് കാള, മുട്ടാട്, ചെമ്മരിയാട് എന്നിവയെ ധാന്യബലിക്കുംപാനീയബലിക്കും ആവശ്യകമായ വസ്തുക്കളോടുകൂടി വാങ്ങി ജറുസലെമില്‍ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ബലിപീഠത്തില്‍ അര്‍പ്പിക്കണം.18 ശേഷിച്ച സ്വര്‍ണവും വെള്ളിയുംകൊണ്ട് നീയും സഹോദരന്‍മാരും നിങ്ങളുടെ ദൈവത്തിന്റെ ഹിത മനുസരിച്ച്, ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക.19 നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി നല്‍കിയിട്ടുള്ള പാത്രങ്ങള്‍ ജറുസലെമിന്റെ ദൈവത്തിനു സമര്‍പ്പിക്കണം.20 കൂടാതെ, നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍എന്തെങ്കിലും ആവശ്യം വന്നാല്‍ അത് രാജ ഭണ്‍ഡാരത്തില്‍നിന്ന് എടുത്തുകൊള്ളൂ.21 നദിക്കക്കരെയുളള ദേശത്തെ ഭണ്‍ഡാരവിചാരകരോട് ഞാന്‍, അര്‍ത്താക്‌സെര്‍ക്‌സസ് രാജാവ്, കല്‍പിക്കുന്നു: പുരോഹിതനും സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ നിയമത്തില്‍ പണ്‍ഡിതനും ആയ എസ്രാ നിങ്ങളോട് ആവശ്യപ്പെടുന്നതെന്തും -22 വെള്ളി നൂറു താലന്തുവരെയും, ഗോതമ്പ് നൂറു കോര്‍വരെയും, വീഞ്ഞും എണ്ണയും നൂറു ബത്തുവരെയും, ഉപ്പ് ആവശ്യംപോലെയും ശുഷ്‌കാന്തിയോടെ കൊടുക്കണം.23 സ്വര്‍ഗ സ്ഥനായ ദൈവത്തിന്റെ ക്രോധം രാജാവിന്റെയും പുത്രന്‍മാരുടെയും രാജ്യത്തിന്‍മേല്‍ പതിക്കാതിരിക്കാന്‍ അവിടുന്നു കല്‍പിക്കുന്നതെന്തും അവിടുത്തെ ആലയത്തിനുവേണ്ടി കൊടുക്കാന്‍ ശ്രദ്ധിക്കുക.24 പുരോഹിതന്‍മാര്‍, ലേവ്യര്‍, ഗായകര്‍, വാതില്‍കാവല്‍ക്കാര്‍, ദേവാലയശുശ്രൂഷകര്‍, ഇതരസേ വകര്‍ എന്നിവരുടെമേല്‍ കപ്പം, നികുതി, ചുങ്കം, ഇവ ചുമത്തുന്നത് ഞാന്‍ വിലക്കുന്നു.25 എസ്രാ, നിന്റെ ദൈവത്തില്‍ നിന്നു നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനമനുസരിച്ച്, നദിക്കക്കരെയുള്ള ദേശത്തെ ജനത്തിനുന്യായപാലനം നടത്താന്‍ നിങ്ങളുടെ ദൈവത്തിന്റെ നിയമം അറിവുള്ളവരില്‍നിന്നുന്യായാധിപന്‍മാരെ നിയമിക്കുകയും നിയമപരിജ്ഞാനമില്ലാത്തവരെ അതു പഠിപ്പിക്കുകയും ചെയ്യുക.26 നിങ്ങളുടെ ദൈവത്തിന്റെ യോ രാജാവിന്റെ യോ നിയമം ലംഘിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുക. അവരെ വധിക്കുകയോ നാടുകടത്തുകയോ തടവിലിടുകയോ അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയോ ആകാം.27 ജറുസലെമില്‍ കര്‍ത്താവിന്റെ ആലയം മനോഹരമായി പണിതുയര്‍ത്തുന്നതിനു രാജാവിനെ പ്രചോദിപ്പിച്ച നമ്മുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!28 രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും സേവകപ്രമുഖ രുടെയും മുന്‍പില്‍ അവിടുന്ന് തന്റെ അന ശ്വരസ്‌നേഹം എന്റെ മേല്‍ ചൊരിഞ്ഞു. എന്റെ ദൈവമായ കര്‍ത്താവിന്റെ കരം എന്റെ മേലുണ്ടായിരുന്നതിനാല്‍ പ്രമുഖന്‍മാരായ ഇസ്രായേല്യരെ കൂട്ടിക്കൊണ്ടുപോകുന്നതിനു ഞാന്‍ ധൈര്യപ്പെട്ടു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment