Ezra, Chapter 9 | എസ്രാ, അദ്ധ്യായം 9 | Malayalam Bible | POC Translation

Advertisements

മിശ്രവിവാഹം

1 ഇത്രയുമായപ്പോള്‍ ജനനേതാക്കന്‍മാരില്‍ ചിലര്‍ എന്നെ സമീപിച്ചു പറഞ്ഞു: ഇസ്രായേല്‍ജനവും പുരോഹിതന്‍മാരും ലേവ്യരും കാനാന്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, അമ്മോന്യര്‍, മൊവാബ്യര്‍, ഈജിപ്തുകാര്‍, അമോര്യര്‍ എന്നിവരില്‍നിന്ന് അകന്നു വര്‍ത്തിക്കാതെ അവരുടെ മ്ലേച്ഛ തകളില്‍ മുഴുകിയിരിക്കുന്നു.2 ഇസ്രായേല്യര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്‍മാര്‍ക്കും ഭാര്യമാരായി അവരുടെ പുത്രിമാരെ സ്വീകരിച്ചു. അങ്ങനെ വിശുദ്ധവംശം തദ്‌ദേശവാസികളുമായി കലര്‍ന്ന് അശുദ്ധമായി. ഈ അവിശ്വസ്തതയില്‍ മുന്നിട്ടു നില്‍ക്കുന്നത് ശുശ്രൂഷകരും നേതാക്കളുമാണ്.3 ഇതു കേട്ടു ഞാന്‍ വസ്ത്രവും മേലങ്കിയും കീറി; മുടിയും താടിയും വലിച്ചുപറിച്ചു; സ്തബ്ധനായി ഇരുന്നു.4 സായാഹ്‌നബലിയുടെ സമയംവരെ ഞാന്‍ അങ്ങനെ ഇരുന്നു; മടങ്ങിയെത്തിയ പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്ത വാക്കുകേട്ടു പരിഭ്രാന്തരായ എല്ലാവരും എന്റെ ചുറ്റുംകൂടി.5 സായാഹ്‌ന ബലിയുടെ സമയത്ത് ഞാന്‍ ഉപവാസത്തില്‍ നിന്നെഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടിന്‍മേല്‍ വീണ്, എന്റെ ദൈവമായ കര്‍ത്താവിന്റ നേര്‍ക്ക് കൈകളുയര്‍ത്തി അപേക്ഷിച്ചു:6 എന്റെ ദൈവമേ, അങ്ങയുടെ നേര്‍ക്ക് മുഖമുയര്‍ത്താന്‍ ഞാന്‍ ലജ്ജിക്കുന്നു. എന്തെന്നാല്‍, ഞങ്ങളുടെ തിന്‍മകള്‍ തലയ്ക്കുമീതേ ഉയര്‍ന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളം എത്തിയിരിക്കുന്നു.7 ഞങ്ങള്‍ പിതാക്കന്‍മാരുടെകാലം മുതല്‍ ഇന്നുവരെ വലിയ പാപം ചെയ്തിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്‍മാരും പുരോഹിതന്‍മാരും ഇന്നത്തെപ്പോലെ അന്യരാജാക്കന്‍മാരുടെ കരങ്ങളില്‍, വാളിനും പ്രവാസത്തിനും കവര്‍ച്ചയ്ക്കും വര്‍ധിച്ച നിന്ദനത്തിനും ഏല്‍പിക്കപ്പെട്ടു.8 ഞങ്ങളില്‍ ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അതിന് അവിടുത്തെ വിശുദ്ധ സ്ഥലത്ത് അഭയസ്ഥാനം നല്‍കുകയും ചെയ്തു ഞങ്ങളുടെദൈവമായ കര്‍ത്താവ് ഞങ്ങളോടു ക്ഷണനേരത്തേക്ക് കരുണ കാണിച്ചിരിക്കുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധനത്തില്‍ ആശ്വാസം തന്നു ഞങ്ങളുടെ കണ്ണുകള്‍ക്കു തിളക്കം കൂട്ടി.9 ഞങ്ങള്‍ അടിമകളാണ്, ഞങ്ങളുടെ ദൈവം അടിമത്തത്തില്‍ ഞങ്ങളെ ഉപേക്ഷിച്ചില്ല. പേര്‍ഷ്യാ രാജാക്കന്‍മാരുടെ മുന്‍പില്‍ അവിടുന്നു തന്റെ അനശ്വരസ്‌നേഹം ഞങ്ങളോടു കാണിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ ആലയം കേടുപാടുകള്‍ പോക്കി പണിതീര്‍ക്കുന്നതിന് അവര്‍ ഞങ്ങളെ ഉത്തേജിപ്പിക്കുകയും യൂദായിലും ജറുസലെമിലും ഞങ്ങള്‍ക്കു സംരക്ഷണം നല്‍കുകയും ചെയ്തു.10 ഞങ്ങളുടെ ദൈവമേ, ഇപ്പോള്‍ ഞങ്ങള്‍ എന്തു പറയേണ്ടു? ഞങ്ങള്‍ അങ്ങയുടെ കല്‍പനകള്‍ ലംഘിച്ചു.11 അവിടുത്തെ ദാസന്‍മാരായ പ്രവാചകന്‍മാരിലൂടെ അങ്ങ് അരുളിച്ചെയ്തു: നിങ്ങള്‍ അവകാശമാക്കാന്‍ പോകുന്ന ദേശം തദ്‌ദേശവാസികളുടെ മ്ലേ ച്ഛതകള്‍കൊണ്ടു മലിനമാണ്. അവര്‍ അത് ഒരറ്റംമുതല്‍ മറ്റേയറ്റം വരെ മ്ലേച്ഛതകള്‍കൊണ്ടു നിറച്ചിരിക്കുന്നു.12 അതിനാല്‍, നിങ്ങളുടെ പുത്രിമാര്‍ അവരുടെ പുത്രന്‍മാര്‍ക്കോ, അവരുടെ പുത്രിമാര്‍ നിങ്ങളുടെ പുത്രന്‍മാര്‍ക്കോ ഭാര്യമാരാകരുത്. അവരുടെ സമാധാനവും സമൃദ്ധിയും തേടുകയുമരുത്. നിങ്ങള്‍ ശക്തിയാര്‍ജിച്ച്, ദേശത്തെ വിഭവങ്ങള്‍ അനുഭവിക്കുകയും, അത് മക്കള്‍ക്ക് ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യുന്നതിന് അവര്‍ക്കു സമാധാനവും ഐശ്വര്യവും കാംക്ഷിക്കരുത്.13 ഞങ്ങളുടെ ദുഷ്‌കൃത്യങ്ങളും മഹാപാപങ്ങളും നിമിത്തം ഞങ്ങള്‍ക്കു വന്നു ഭവിച്ചിരിക്കുന്ന ശിക്ഷ ഞങ്ങള്‍ അര്‍ഹിക്കുന്നതില്‍ കുറവാണ്. ഞങ്ങളില്‍ ഒരു ഭാഗത്തെ അവിടുന്ന് അവശേഷിപ്പിച്ചിരിക്കുന്നു.14 ഇനിയും ഞങ്ങള്‍ അങ്ങയുടെ കല്‍പനകള്‍ ലംഘിച്ച്, ഈ മ്ലേഛ്ഛതകള്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങളുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയോ? ഞങ്ങളില്‍ ആരും രക്ഷപ്പെടുകയോ അവശേഷിക്കുകയോ ചെയ്യാത്തവിധം അങ്ങു കോപത്താല്‍ ഞങ്ങളെ നശിപ്പിക്കുകയില്ലേ?15 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അവിടുന്നു നീതിമാനാണ്, ഇതാ ഞങ്ങളില്‍ ഒരു അവശിഷ്ടഭാഗം രക്ഷപെട്ടിരിക്കുന്നു. ഞങ്ങള്‍ അവിടുത്തെ മുന്‍പില്‍ പാപവും പേറി നില്‍ക്കുന്നു. അങ്ങനെ, അങ്ങയുടെ മുന്‍പില്‍ നില്‍ക്കാന്‍ ആരും അര്‍ഹരല്ല.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment