The Book of Obadiah | ഒബാദിയ | Malayalam Bible | POC Translation

ആമുഖം

ഇരുപത്തൊന്നു വാക്യങ്ങള്‍ മാത്രമുള്ള ഈ ചെറിയ പുസ്തകത്തിന്റെ അകത്തുനിന്നോ പുറത്തു നിന്നോ ഗ്രന്ഥകര്‍ത്താവിനെപ്പറ്റി പേരല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ല. ജറുസലെമിന്റെ നാശം കണ്ടുരസിച്ചവന്‍ എന്ന് ഏദോമിനെപ്പറ്റി പറയുന്ന പശ്ചാത്തലത്തില്‍ (10-11) ബി.സി. 587 നു ശേഷം ഗ്രന്ഥരചന നടന്നു എന്ന് ഊഹിക്കാം. ഇസ്രായേലിന്റെ പരമ്പരാഗതശത്രുവായ ഏദോമിന്റെ ദ്രോഹങ്ങള്‍ക്കുള്ള പ്രതികാരം ആസന്നമാണ് എന്നു പ്രഖ്യാപിക്കുകയാണ് പ്രവാചകന്‍. യാക്കോബിന്റെ പതനത്തില്‍ സന്തോഷിച്ച ഏദോം അന്യാധീനമാകും. ഏദോമിന്റെ മല തകര്‍ക്കപ്പെടും (1-14). കര്‍ത്താവിന്റെ ദിനം ആഗതമാകുമ്പോള്‍ അവിടുന്ന് ജനതകളെ ശിക്ഷിക്കുകയും ഇസ്രായേലിനു രക്ഷ നല്‍കുകയും ചെയ്യും. തങ്ങളെ ദ്രോഹിച്ചവരുടെ ദേശങ്ങള്‍ ഓരോന്നായി ഇസ്രായേല്‍ കൈവശമാക്കും. ആധിപത്യം കര്‍ത്താവിന്‍േറ താകും (15-21).

അദ്ധ്യായം 1

ഏദോമിനു ശിക്ഷ

1 : ഒബാദിയായ്ക്കുണ്ടായ ദര്‍ശനം. ഏദോമിനെക്കുറിച്ച് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവില്‍നിന്നു ഞങ്ങള്‍ക്കു വാര്‍ത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്കു ദൂതന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക, അവള്‍ക്കെതിരേ നമുക്കുയുദ്ധത്തിനിറങ്ങാം.   

2 : ഞാന്‍ നിന്നെ ജനതകളുടെയിടയില്‍ നിസ്‌സാരയാക്കും. നീ അത്യധികം അവഹേളിക്കപ്പെടും.   

3 : പാറപ്പിളര്‍പ്പുകളില്‍ വസിക്കുന്നവളും ഉയര്‍ന്ന മലമുകളില്‍ ആസ്ഥാനമുറപ്പിച്ചവളും ആര്‍ക്ക് എന്നെതാഴെയിറക്കാനാവും എന്നു ഹൃദയത്തില്‍ പറയുന്നവളും ആയ നിന്റെ അഹങ്കാരം നിന്നെ വഞ്ചിച്ചിരിക്കുന്നു.   

4 : നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

5 : കള്ളന്‍മാരും കൊള്ളക്കാരും രാത്രി ഭവനത്തില്‍ കടന്നാല്‍ അവര്‍ക്കാവശ്യമുള്ളതല്ലേ എടുക്കൂ? മുന്തിരിപ്പഴം ശേഖ രിക്കുന്നവര്‍ കാലാ ഉപേക്ഷിക്കാറില്ലേ? എന്നാല്‍, നീ എത്രനശിച്ചിരിക്കുന്നു!   

6 : ഏസാവ് എങ്ങനെ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു; അവന്റെ നിക്‌ഷേപങ്ങള്‍ എങ്ങനെ കവര്‍ച്ച ചെയ്യപ്പെട്ടു!   

7 : നിന്നോടു സഖ്യം ചെയ്തവരെല്ലാം നിന്നെ വഞ്ചിച്ചിരിക്കുന്നു. അവര്‍ നിന്നെ അതിര്‍ത്തിവരെ ഓടിച്ചിരിക്കുന്നു. നിന്നോടു കൂട്ടുചേര്‍ന്നവര്‍ നിനക്കെതിരേ പ്രബലരായിരിക്കുന്നു. നിന്റെ വിശ്വസ്തമിത്രങ്ങള്‍ നിനക്കു കെണി വച്ചിരിക്കുന്നു.   

8 : വിവേകമുള്ളവരാരും അവിടെ ഇല്ല. ആദിവസം ഞാന്‍ ഏദോമില്‍നിന്നു വിജ്ഞാനികളെയും ഏസാവുമലയില്‍നിന്നു വിവേകികളെയും നശിപ്പിക്കുകയില്ലേ? – കര്‍ത്താവ് ചോദിക്കുന്നു.   

9 : ഏസാവുമലയില്‍നിന്ന് എല്ലാവരും വിച്‌ഛേദിക്കപ്പെടുന്ന വിധത്തില്‍ തേമാനേ, നിന്റെ ധീരയോദ്ധാക്കള്‍ പരിഭ്രാന്തരാകും.   

10 : നിന്റെ സഹോദരന്‍ യാക്കോബിനോടു നീ ചെയ്ത അക്രമം നിമിത്തം നീ ലജ്ജിതനാകും. നീ എന്നേക്കുമായി വിച്‌ഛേദിക്കപ്പെടും.   

11 : അന്യര്‍ അവന്റെ സമ്പത്ത് അപഹരിക്കുകയും വിദേശീയര്‍ അവന്റെ കവാടം കടക്കുകയും ജറുസലെമിനുവേണ്ടി നറുക്കിടുകയും ചെയ്തപ്പോള്‍ നീ അവരിലൊരുവനെപ്പോലെ മാറിനിന്നു.   

12 : നിന്റെ സഹോദരന്റെ കഷ്ടതയുടെ നാളില്‍ നീ ഗര്‍വോടെ സന്തോഷിക്കരുതായിരുന്നു. യൂദായുടെ വിനാശത്തിന്റെ നാളില്‍ നീ ആഹ്ലാദിക്കരുതായിരുന്നു. അവരുടെ ദുരിതത്തിന്റെ നാളില്‍ നീ വന്‍പു പറയരുതായിരുന്നു.   

13 : എന്റെ ജനത്തിന് അനര്‍ഥം ഭവിച്ച നാളില്‍ നീ അവരുടെ കവാടങ്ങള്‍ കടക്കരുതായിരുന്നു. അവന്റെ അനര്‍ഥത്തിന്റെ നാളില്‍ അവന്റെ വിപത്തിനെക്കുറിച്ചു നീ സന്തോഷിക്കരുതായിരുന്നു; അവന്റെ അനര്‍ഥത്തിന്റെ നാളില്‍ നീ അവന്റെ വസ്തുവകകള്‍ കവര്‍ച്ച ചെയ്യരുതായിരുന്നു.   

14 : അവന്റെ ആളുകളില്‍ പലായനം ചെയ്ത വരെ വെട്ടിവീഴ്ത്താന്‍ വഴിത്തിരിവുകളില്‍ നീ നില്‍ക്കരുതായിരുന്നു. കഷ്ടതയുടെ നാളുകളെ അതിജീവിച്ച അവന്റെ ആളുകളെ നീ ശത്രുവിന് ഏല്‍പിച്ചുകൊടുക്കരുതായിരുന്നു. സകല ജനതകളുടെയുംമേല്‍ കര്‍ത്താവിന്റെ ദിനം ആസന്നമായിരിക്കുന്നു.   

15 : നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും പ്രവര്‍ത്തിക്കും. നിന്റെ പ്രവര്‍ത്തികള്‍ നിന്റെ തന്നെതലയില്‍ നിപതിക്കും.   

16 : എന്റെ വിശുദ്ധ പര്‍വതത്തില്‍വച്ചു നീ പാനം ചെയ്തതുപോലെ ചുറ്റുമുള്ള എല്ലാ ജനതകളും പാനംചെയ്യും. അവര്‍ കുടിക്കുകയും വിഴുങ്ങുകയുംചെയ്യും. ജനിച്ചിട്ടേയില്ലെന്നു തോന്നുമാറ് അവര്‍ അപ്രത്യക്ഷരാകും.   

ഇസ്രായേലിനു രക്ഷ

17 : എന്നാല്‍, സീയോന്‍മലയില്‍ രക്ഷപ്രാപിച്ച കുറേപ്പേര്‍ ഉണ്ടായിരിക്കും. അവിടം വിശുദ്ധമായിരിക്കും. യാക്കോബിന്റെ ഭവനം തങ്ങളുടെ വസ്തുവകകള്‍ വീണ്ടെടുക്കും.   

18 : യാക്കോബിന്റെ ഭവനം അഗ്‌നിയും, ജോസഫിന്റെ ഭവനം തീജ്വാലയും ആയിരിക്കും; ഏസാവിന്റെ ഭവനം വയ്‌ക്കോലും. അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചു കളയും. ഏസാവിന്റെ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല – കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.   

19 : നെഗെബിലുള്ളവര്‍ ഏസാവുമലയും ഷെഫേലായിലുള്ളവര്‍ ഫിലിസ്ത്യരുടെ ദേശവും കൈവശമാക്കും. അവര്‍ എഫ്രായിമിന്റെയും സമരിയായുടെയും ദേശം കൈവശപ്പെടുത്തും. ബഞ്ചമിന്‍ ഗിലയാദ് സ്വന്തമാക്കും.   

20 : ഹാലായിലുള്ള ഇസ്രായേല്യരായ പ്രവാസികള്‍ സരേഫാത്തുവരെയുള്ള ഫെനീഷ്യപ്രദേശം കൈവശമാക്കും. സേഫരാദിലുള്ള ജറുസലെമിലെ പ്രവാസികള്‍ നെഗെബിന്റെ നഗരങ്ങള്‍ സ്വന്തമാക്കും.   

21 : വിമോചകര്‍ സീയോന്‍മലയില്‍ എത്തും; അവര്‍ ഏസാവുമലയെ ഭരിക്കും; ആധിപത്യം കര്‍ത്താവിന്‍േറ തായിരിക്കും.   

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment