Zechariah, Chapter 2 | സഖറിയാ, അദ്ധ്യായം 2 | Malayalam Bible | POC Translation

അളവുചരട്

1 : ഞാന്‍ കണ്ണുയര്‍ത്തിനോക്കി. അതാ, കൈയില്‍ അളവുചരടുമായി ഒരുവന്‍ .   

2 : നീ എവിടെ പോകുന്നു? – ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ജറുസലെമിനെ അളന്ന് അതിന്റെ നീളവും വീതിയും എത്രയെന്നു നോക്കാന്‍ പോകുന്നു.   

3 : എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതന്‍മുന്നോട്ടു വന്നു. അവനെ സ്വീകരിക്കാന്‍മറ്റൊരു ദൂതനും വന്നു.   

4 : അവന്‍ പറഞ്ഞു: ഓടിച്ചെന്ന് ആയുവാവിനോടു പറയുക. ജറുസലെം മനുഷ്യരും മൃഗങ്ങളും പെരുകി കോട്ടയില്ലാതെ ഗ്രാമപ്രദേശങ്ങള്‍പോലെ കിടക്കും.   

5 : ഞാന്‍ അതിനു ചുറ്റും അഗ്‌നി കൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്റെ മധ്യത്തില്‍ അതിന്റെ മഹത്വമായിരിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

6 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: വടക്കേ ദേശം വിട്ടോടുവിന്‍. ആകാശത്തിലെ നാലു കാറ്റുകള്‍ പോലെ ഞാന്‍ നിങ്ങളെ അന്യദേശങ്ങളില്‍ ചിതറിച്ചിരിക്കുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു:   

7 : ബാബിലോണ്‍ പുത്രിയോടൊത്ത് വസിക്കുന്ന നിങ്ങള്‍ സീയോനിലേക്കു രക്ഷപെടുക.   

8 : നിങ്ങളെ കവര്‍ച്ചചെയ്ത ജനതകളുടെ അടുത്തേക്ക് അവിടുത്തെ മഹത്വം എന്നെ അയച്ചു. നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്ണമണിയെയാണ് സ്പര്‍ശിക്കുന്നത്. സൈന്യങ്ങളുടെ കര്‍ത്താവായ അവിടുന്ന് അരുളിച്ചെയ്യുന്നു:   

9 : ഞാന്‍ അവരുടെമേല്‍ കൈ ഓങ്ങും. അവരെ സേവിച്ചവര്‍ക്ക് അവര്‍ കൊള്ളമുതലാകും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.   

10 : സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

11 : അന്ന് അനേകം ജനതകള്‍ കര്‍ത്താവിനോടു ചേരും. അവര്‍ എന്റെ ജനമാകും. ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.   

12 : അപ്പോള്‍ കര്‍ത്താവ് വിശുദ്ധദേശത്ത് തന്റെ ഓഹരിയായി യൂദായെ സ്വന്തമാക്കും; ജറുസലെമിനെ വീണ്ടും തിരഞ്ഞെടുക്കും.   

13 : മര്‍ത്ത്യരേ, കര്‍ത്താവിന്റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. അവിടുന്ന് തന്റെ വിശുദ്ധവസതിയില്‍നിന്ന് എഴുന്നേ റ്റിരിക്കുന്നു.     

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment