യഥാര്‍ഥ ഉപവാസം
1 : ദാരിയൂസ് രാജാവിന്റെ നാലാം ഭരണ വര്‍ഷം ഒന്‍പതാം മാസമായ കിസ്ളേവ് നാലാംദിവസം സഖറിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
2 : കര്‍ത്താവിന്റെ പ്രീതിക്കായി പ്രാര്‍ഥിക്കാന്‍, ബഥേല്‍ നിവാസികള്‍ ഷരേസറിനെയും രഗെംമെലെക്കിനെയും അവരുടെ ആളുകളെയും അയച്ചു.
3 : അനേക വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തുപോന്നതുപോലെ അഞ്ചാം മാസത്തില്‍ വിലാപവും ഉപവാസവും ആചരിക്കണമോ എന്ന് പ്രവാചകന്മാരോടും സൈന്യങ്ങളുടെ കര്‍ത്താവിന്റെ ആലയത്തിലെ പുരോഹിതന്മാ രോടും ആരായാന്‍ അവരെ ഏല്പിച്ചു.
4 : അപ്പോള്‍ സൈന്യങ്ങളുടെ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:
5 : നീ ദേശത്തെ ജനത്തോടും പുരോഹിതന്മാരോടും പറയുക. നിങ്ങള്‍ കഴിഞ്ഞഎഴുപതു വര്‍ഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും വിലാപവും ഉപവാസവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ?
6 : നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്കുവേണ്ടിത്തന്നെയല്ലേ?
7 : ജറുസലെമും പ്രാന്തനഗരങ്ങളും ജനനിബിഡവും ഐശ്വര്യപൂര്‍ണവും ആയി കഴിഞ്ഞിരുന്നപ്പോള്‍, നെഗെബിലും സമതലപ്രദേശങ്ങളിലും ജനങ്ങള്‍ വസിച്ചിരുന്നപ്പോള്‍, പണ്ടത്തെ പ്രവാചകന്മാരിലൂടെ കര്‍ത്താവ് ഇതല്ലേ കല്പിച്ചിരുന്നത്?
8 : കര്‍ത്താവ് സഖറിയായോട് അരുളിച്ചെയ്തു:
9 : െൈസന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, സത്യസന്ധമായി വിധിക്കുക; സഹോദരര്‍ പരസ്പരം കരുണയും അലിവും കാണിക്കുക.
10 : വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്. നിങ്ങളില്‍ ആരും തന്റെ സഹോദരനെതിരേ തിന്മ നിരൂപിക്കരുത്.
11 : എന്നാല്‍ അവര്‍ കൂട്ടാക്കിയില്ല; കേള്‍ക്കാതിരിക്കാന്‍ ദുശ്ശാഠ്യത്തോടെ ചെവി അടച്ചുകളഞ്ഞു.
12 : സൈന്യങ്ങളുടെ കര്‍ത്താവ് തന്റെ ആത്മാവിനാല്‍ മുന്കാലപ്രവാചകന്മാരിലൂടെ അരുളിച്ചെയ്ത നിയമവും വചനങ്ങളും കേള്‍ക്കാതിരിക്കാന്‍ അവര്‍ ഹൃദയം കഠിന മാക്കി. അതുകൊണ്ട് സൈന്യങ്ങളുടെ കര്‍ത്താവിന്റെ ക്രോധം അവരുടെമേല്‍ പതിച്ചു.
13 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതുപോലെ അവര്‍ വിളിക്കുമ്പോള്‍ ഞാനും കേള്‍ക്കുകയില്ല.
14 : ഞാന്‍ ചുഴലിക്കാറ്റയച്ച് അവരെ അപരിചിതരായ ജനതകളുടെ ഇടയില്‍ ചിതറിച്ചു. അവര്‍ വിട്ടുപോയ ദേശം ശൂന്യമായി. ആരും അതിലേ കടന്നു പോയില്ല. മനോഹരമായ ദേശം വിജനമായി.


Leave a comment