തപസ്സു ചിന്തകൾ 42

ഒറ്റപ്പെടലുകളെ ദൂരയകറ്റാം

വലിയ ആഴ്ചയിൽ സഹിക്കുന്നവരിലേക്കും ഏറ്റവും സഹായം ആവശ്യമുള്ളവരിലേക്കും നുമുക്കെത്തിച്ചേരാം. നമുക്കു ഇല്ലാത്തതിനെപ്പറ്റി ചിന്തിക്കാതെ, മറ്റുള്ളവർക്കു എന്തു നന്മ ചെയ്യാൻ കഴിയും എന്നു നമുക്കു ചിന്തിക്കാം. ഫ്രാൻസീസ് പാപ്പ

ഓശാന വിളികളുടെ അകമ്പടിയോടെ നാം വലിയ ആഴ്ചയിലേക്കു പ്രവേശിച്ചു. ഈ ഞായറാഴ്ചയ്ക്കു പീഡാനുഭവ ഞായർ (Passion Sunday) എന്നൊരു പേരുമുണ്ട്. മനുഷ്യ രക്ഷയെന്ന പുതിയ പുറപ്പാടിലേക്കു (New Exodus) രക്ഷകൻ കടന്നു വരുന്ന പ്രവേശന കവാടം കൂടിയാണ് ഈ ഞായർ.

ഈശോ തൻ്റെ പീഡാസഹനങ്ങളിലേക്കു മാത്രമല്ല കഷ്ടാനുഭവ ആഴ്ചയിൽ അവനെ ആവരണം ചെയ്യുന്ന ഭയാനകമായ ഏകാന്തതയുടെ (ഒറ്റപ്പെടലിൻ്റെ ) പാതയിലേക്കുമാണ് അവൻ ജറുസലെമിലെ രാജകീയ പ്രവേശനത്തിലൂടെ പതിയെ നടന്നു കയറുന്നത്.

ഓശാനയുടെ ആരവങ്ങൾക്കപ്പുറം തന്നെ കാത്തിരിക്കുന്ന ഭീകരമായ ഏകാന്തത അവൻ്റെ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്.

പിഡാനുഭവ ആഴ്ചയിലെ ഈശോയുടെ ജീവിത രേഖ പരിശോധിച്ചാൽ ഒറ്റപ്പെടലിൽ നിന്നു മനഷ്യവശംത്തെ കരകയറ്റാൻ അവൻ ചെയ്ത പ്രവർത്തികൾ കാണാൻ കഴിയും.

ശിഷ്യന്മാരോടൊപ്പം ഈശോ പെസഹാ ഭക്ഷിക്കുന്നു.

മനുഷ്യൻ ഒരിക്കലും ഒറ്റപ്പടാതിരിക്കാൻ തൻ്റെ ശരീര രക്തങ്ങൾ വിഭജിച്ചു നൽകുന്ന വിശുദ്ധ കുർബാന സ്ഥാപിക്കുകയും യുഗാന്ത്യംവരെ മനുഷ്യരോടൊപ്പം ഉണ്ടാവും എന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു: “യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” (മത്തായി 28 : 20)

ഒറ്റപ്പെടുന്നവർക്കു ശുശ്രൂഷ ചെയ്യാൻ പൗരോഹിത്യം എന്ന കൂദാശ അവൻ സ്ഥാപിച്ചു.

ഭയാനകമായ മരണത്തിന് മുമ്പായി അവൻ ഗെത്സെമൻ തോട്ടത്തിലേക്ക് പോകുമ്പോൾ, അവന്റെ അടുത്ത ശിഷ്യൻമാരായ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും അവനോടൊപ്പം ആയിരിക്കാൻ അവൻ തിരഞ്ഞെടുത്തു. ഒറ്റപ്പെടലകറ്റാൻ താൻ തിരഞ്ഞെടുത്തവർ ഉറങ്ങുന്ന കാഴ്ച അവനു ഹൃദയ നൊമ്പരമേകി.

” അവര്‍ ഉറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?(മത്തായി 26 : 40)

ആരും ഒറ്റപ്പെട്ടിരിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. കുരിശിൻ ചുവട്ടിൽ തൻ്റെ അമ്മ ഒറ്റയ്ക്കാവുന്നത് അവനു ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല, അതിനാൽ യോഹന്നാനെ അമ്മയ്ക്കു മകനായും മറിയത്തെ യോഹന്നാനു അമ്മയായും നൽകുന്നു.

ഒറ്റപ്പെടൽ ദൈവപുത്രനു പോലും വേദന ഉളവാക്കിയ യാഥാർത്ഥ്യമാണങ്കിൽ നാം എത്ര കണ്ടു മറ്റുള്ളവർക്കു താങ്ങും തണലുമായി നിൽക്കണം.

2020ലെ ഓശാന ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തി:

‘ആർക്കുവേണ്ടിയാണാ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അവനെ നമുക്കു ഒറ്റികൊടുക്കാതിരിക്കാം, നമ്മുടെ ജീവിതങ്ങളുടെ കേന്ദ്രമായ അവനെ നമുക്കു ഉപേക്ഷിക്കാതിരിക്കാം. ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുന്നതിനു വേണ്ടിയാണ് നമ്മൾ ഈ ലോകത്തിലായിരിക്കുന്നത്… ജീവിതം മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി വ്യയം ചെയ്തില്ലങ്കിൽ അതു പ്രയോജനരഹിതമാണന്നു വീണ്ടും മനസ്സിലാക്കണം ജീവിതം സ്നേഹത്താലാണ് അളക്കപ്പെടുന്നത്, അതിനാൽ ഈ വിശുദ്ധ ദിനങ്ങളിൽ നമ്മുടെ ഭവനങ്ങളിലുള്ള -നമ്മോടുള്ള ദൈവസ്നേഹത്തിൻ്റെ പൂർണ്ണതയുടെ പ്രതീകമായ – ക്രൂശിത രൂപത്തിൻ്റെ മുമ്പിൽ നമുക്കു നിൽക്കാം, സ്വന്തം ജീവൻ നൽകി നമ്മളെ ശുശ്രൂഷിച്ച ദൈവത്തിൻ്റെ മുമ്പിൽ. ശുശ്രൂഷിക്കാനുള്ള കൃപ ജിവിതത്തിൽ ലഭിക്കാനായി നമുക്കു പ്രാർത്ഥിക്കാം. സഹിക്കുന്നവരിലേക്കും ഏറ്റവും സഹായം ആവശ്യമുള്ളവരിലേക്കും നുമുക്കെത്തിച്ചേരാം. നമുക്കു ഇല്ലാത്തതിനെപ്പറ്റി ചിന്തിക്കാതെ, മറ്റുള്ളവർക്കു എന്തു നന്മ ചെയ്യാൻ കഴിയും എന്നു നമുക്കു ചിന്തിക്കാം.”

ആൾകൂട്ടത്തിലെ ഓശാന വിളികളെക്കാൾ ആത്മാർത്ഥത നിറഞ്ഞ നാമജപ മന്ത്രണങ്ങളാണ് ഈശോ ഇഷ്ടപ്പെടുന്നത്. കൂട്ടത്തിലായതുകൊണ്ടു മാത്രം ആർക്കും കൂട്ടുകാരനാവാൻ കഴിയില്ലന്നു ഈശോയുടെ പീഡാനുഭവം തെളിയിക്കുന്നു. ഓശാന വിളികളോടെ വലിയ ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ ഒറ്റപ്പെടലിൻ്റെ ദു:ഖം അനുഭവിക്കുന്നവരെ ചേർത്തു പിടിക്കാൻ നമ്മുടെ കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്യട്ടെ.

നിറഞ്ഞ വിലയിരുത്തലുകളാണ് ഈശോ ആഗ്രഹിക്കുന്നത്. ഒറ്റിൻ്റെയും ഒറ്റപ്പെടലിൻ്റെയും ഓർമ്മകൾ വേദന മാത്രമേ മനുഷ്യനു സമ്മാനിച്ചട്ടുള്ളു.

മരണത്തെ കീഴ്പ്പെടുത്താൻ ഒരുങ്ങുന്ന യോദ്ധാവിനെപ്പോലെ ഈശോ ജറുസലേമിലേക്കു പ്രവേശിക്കുന്നു. അവിടെ അവൻ അവമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും നഗ്നനാക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യും അവസാനം മരണത്തെ പരാജയപ്പെടുത്തി അവൻ നമുക്കു ജീവൻ നൽകും.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading