🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ

32nd Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 88:2

കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ മുമ്പില്‍ എത്തുമാറാകട്ടെ;
എന്റെ നിലവിളിക്ക് അങ്ങ് ചെവിചായിക്കണമേ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.
അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായി
അങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജ്ഞാനം 6:12-16
ജ്ഞാനത്തെ തേടുന്നവര്‍ അവളെ കണ്ടെത്തുന്നു.

തേജസ്സുറ്റതാണ് ജ്ഞാനം; അതു മങ്ങിപ്പോവുകയില്ല.
ജ്ഞാനത്തെ സ്‌നേഹിക്കുന്നവര്‍
നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു;
അവളെ തേടുന്നവര്‍ കണ്ടെത്തുന്നു.
തന്നെ അഭിലഷിക്കുന്നവര്‍ക്കു വെളിപ്പെടാന്‍
അവള്‍ തിടുക്കം കൂട്ടുന്നു.
പ്രഭാതത്തിലുണര്‍ന്ന് അവളെ തേടുന്നവര്‍
പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടും;
അവള്‍ വാതില്‍ക്കല്‍ കാത്തുനില്‍പുണ്ട്.
അവളില്‍ ചിന്തയുറപ്പിക്കുന്നതാണ് വിവേകത്തിന്റെ പൂര്‍ണത.
അവളുടെ കാര്യത്തില്‍ ജാഗരൂകതയുള്ളവന്‍ ദുഃഖവിമുക്തനാകും.
യോഗ്യതയുള്ളവരെ ജ്ഞാനം അന്വേഷിച്ചുചെല്ലുന്നു,
അവരുടെ ചിന്തകളിലും പാതകളിലും
അവള്‍ കനിവോടെ പ്രത്യക്ഷപ്പെടുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 63:63:1-4,6bc,5-6a,7

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

ദൈവമേ, അവിടുന്നാണ് എന്റെ ദൈവം;
ഞാനങ്ങയെ തേടുന്നു.
എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
ഉണങ്ങിവരണ്ട ഭൂമിയെന്ന പോലെ
എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

അങ്ങേ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍
ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വന്നു.
അങ്ങേ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്;
എന്റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
ഞാന്‍ കൈകളുയര്‍ത്തി അങ്ങേ നാമം വിളിച്ചപേക്ഷിക്കും.
ഞാന്‍ മജ്ജയും മേദസും കൊണ്ടെന്ന പോലെ സംതൃപ്തിയടയുന്നു.
എന്റെ അധരങ്ങള്‍ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും
രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യും.
അവിടുന്ന് എന്റെ സഹായമാണ്;
അങ്ങേ ചിറകിന്‍ കീഴില്‍ ഞാന്‍ ആനന്ദിക്കും.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

രണ്ടാം വായന

1 തെസ 4:13-18
യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.

സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കു ന്നു. യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും. കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു. എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടു കൂടെ ആയിരിക്കുകയും ചെയ്യും. അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പം ആശ്വസിപ്പിക്കുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 25:1-13
ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരുപമ അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം. അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു. വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല. വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു. മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി. അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍! എന്ന് ആര്‍പ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള്‍ തെളിച്ചു. വിവേകശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക. വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍. അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് മറ്റു കന്യകമാര്‍ വന്ന്, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന് അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല. അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിക്കപ്പെട്ട ഈ ബലിവസ്തുക്കള്‍
സംപ്രീതിയോടെ അങ്ങ് കടാക്ഷിക്കണമേ.
അങ്ങേ പുത്രന്റെ പീഡാസഹന രഹസ്യത്താല്‍
ഞങ്ങള്‍ ആഘോഷിക്കുന്നത്
ഭക്തിസ്‌നേഹത്തോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:1-2

കര്‍ത്താവ് എന്നെ നയിക്കുന്നു,
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്ത്തകിടിയില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ വഴിനടത്തുന്നു.

Or:
cf. ലൂക്കാ 24:35

അപ്പം മുറിക്കലില്‍ കര്‍ത്താവായ യേശുവിനെ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി,
അങ്ങേ കാരുണ്യം കേണപേക്ഷിക്കുന്ന ഞങ്ങള്‍
അങ്ങേക്ക് കൃതജ്ഞതയര്‍പ്പിക്കുന്നു.
അങ്ങേ ആത്മാവിന്റെ വര്‍ഷത്താല്‍,
സ്വര്‍ഗീയശക്തി പ്രവേശിച്ചവരിലെല്ലാം
നിഷ്‌കളങ്കതയുടെ കൃപ നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading