{പുലർവെട്ടം 381}


പതിനെട്ടു മണിക്കൂർ നീണ്ട അവന്റെ കുരിശാരോഹണത്തിന്റെ വേദനയുടെ നിഴലിൽ സുവിശേഷം വച്ചുനീട്ടുന്ന പ്രസാദപരാഗങ്ങളെ നാം കാണാതെപോയി. അതുകൊണ്ടാണ് യേശു ചിരിച്ചിരുന്നോ എന്നതിനേക്കുറിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നത്. ജീവോന്മുഖമായ ഒരു സംസ്കാരത്തിൽ നിന്നാണ് പ്രസാദം എന്ന പദമുണ്ടായതെന്നു തോന്നുന്നു. ആനന്ദത്തിന്റെ മറ്റൊരു ഭാവം തന്നെയാണത്. പ്രസാദത്തിലേക്ക് ഒരാളെ നയിക്കുന്ന ചില സുവിശേഷതളിർപ്പുകളെ വേഗത്തിലൊന്നു കണ്ടാൽ നല്ലതാണ്.

ജീവൻ എന്ന മഹാവിസ്മയവുമായി ബന്ധപ്പെട്ടാണ് ഈ പ്രസാദപാഠങ്ങൾ ആരംഭിക്കുന്നത്. ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. കേട്ട മാത്രയിൽ ഗ്രാമീണമനുഷ്യർ എന്തൊരു ആനന്ദത്തോടെയാണ് ആ ഈറ്റില്ലത്തിലേക്ക് ഓടിവരുന്നത്. ആരുടെ കുഞ്ഞ് എന്നൊന്നും ഓർക്കേണ്ട- ഒരു കുഞ്ഞ്. നമ്മുടെ കൊടിയ ശൈത്യത്തിലേക്കും ഇരുട്ടിലേക്കും മിന്നിയ കൊള്ളിയാൻ. ഭാരപ്പെടുത്തുന്ന നിശ്ശബ്ദതയ്ക്കു മീതെ മുഴങ്ങുന്ന ജീവന്റെ നിലവിളി. ക്രിയേറ്റിവിറ്റിയുമായി ബന്ധപ്പെട്ട എന്തിലും ഇതിന്റെ ചുറ്റോളങ്ങളുണ്ട്. ഒരു പയർമണി നട്ടിട്ട് അതിനു തളിരും പൂവും ഉണ്ടാകുന്നതിന്റെ ആഹ്ലാദമറിയാത്ത ആരെങ്കിലുമുണ്ടാവുമോ വായനക്കാർക്കിടയിൽ? മുട്ട പൊട്ടി കോഴിക്കുഞ്ഞിന്റെ കൊക്കു കാണുവാൻ എത്ര ദിവസമാണ് നമ്മളിങ്ങനെ പമ്മിയും പരതിയും നടന്നത്. ഒരു ചെറിയ പുതുമ പോലും സൃഷ്ടിക്കുന്ന വ്യതിയാനം നോക്കൂ. രണ്ടില മേശപ്പുറത്ത് ഗ്ലാസിൽ വച്ചാലും കറിയുടെ കൂട്ട് ഒന്നു മാറ്റിനോക്കിയാലുമൊക്കെ സ്വയം ബോധ്യപ്പെടാവുന്നതാണിത്.

കണ്ടെത്തലുകളുമായി ബന്ധപ്പെട്ടും പ്രസാദം പറയുന്നുണ്ട്. നിധി കണ്ടെത്തിയവന്റേയും നാണയം കണ്ടെത്തിയവന്റേയും ആടിനെ തിരികെ കിട്ടിയവന്റേയും മകൻ തിരിച്ചുവന്നവരുടേയുമൊക്കെ മാത്രമാണ് ആനന്ദമെന്നു കരുതരുത്. ബന്ധങ്ങളേക്കുറിച്ച് നമ്മളെത്തിയ ചില നിരീക്ഷണങ്ങളൊക്കെ ഈ ജനുസിൽ കൂട്ടി വായിക്കാവുന്നതേയുള്ളു. കഠിനഹൃദയരെന്ന് നിനച്ചവരുടെ ഉള്ളിൽ കരിക്കിലെന്നപോലെ മധുരമാണെന്ന് തിരിച്ചറിഞ്ഞവർക്ക് ജീവിതം എത്ര കനമില്ലാത്തതായി മാറുന്നു!

ശുദ്ധജ്ഞാനവുമായി ബന്ധപ്പെട്ടും പ്രസാദം ചിതറുന്നുണ്ട്. അതിനെത്തേടിയാണ് ഗ്രന്ഥങ്ങൾ ഉൾപ്പടെയുള്ള മുഴുവൻ ഗുരുകടാക്ഷങ്ങളിലേക്കും മനുഷ്യരെത്തുന്നത്. പന്ത്രണ്ടാം വയസിൽ ബാലനായ യേശു തന്റെ അഗാധജ്ഞാനത്തിന്റെ സുഗന്ധം പരത്തിയപ്പോൾ അത്യധികമായ വാത്സല്യത്തോടെ അവനെ ഉറ്റുനോക്കുന്ന വയോധികരായ ജ്ഞാനികളുടെ ഒരു പെയിന്റിങ് കണ്ടിട്ടുണ്ട്. അറിവിനെ അതിശയിക്കുന്ന ഒരു ജ്ഞാനം വാതിലിനു പുറത്ത് ക്ഷമയോടെ കാത്തുനിൽക്കുന്നു. ഓടാമ്പൽ നീക്കി അതിനെ അകത്തേക്കു സ്വീകരിക്കുമ്പോൾ ഏതൊക്കെ ഋതുക്കളാണ് നമുക്ക് വിരുന്നുവരുന്നത്!

മനുഷ്യർ ബോധപൂർവം ഏറ്റുവാങ്ങുന്ന ചില സഹനങ്ങളിലും പ്രസാദത്തിന്റെ വിത്ത് ഉറങ്ങുന്നുണ്ട്. ‘എന്നെ പ്രതി മനുഷ്യർ നിങ്ങളെ നിന്ദിക്കുകയും വലിച്ചിഴയ്ക്കുകയും സകലവിധ ആരോപണങ്ങളുടെ കരുവാക്കുകയും ചെയ്യുമ്പോൾ ആനന്ദിച്ചുല്ലസിക്കുക’ എന്ന് യേശു പറഞ്ഞിട്ടുണ്ട്. ആ ആനന്ദത്തിലാണ് അവന്റെ സ്നേഹത്തിൽനിന്ന് എന്നെ അകറ്റുവാൻ ആർക്കാവുമെന്ന് പൗലോസ് മധുരമായ ഹുങ്ക് പറയുന്നത്.

അങ്ങനെ പ്രസാദത്തിലേക്ക് എത്രയെത്ര സുഗന്ധമുള്ള വഴികൾ! ഉറുമ്പുവലിപ്പമുള്ള കാര്യങ്ങളിൽ തട്ടിയും തടഞ്ഞുവീണും അഭിരമിച്ചും ആഘോഷിച്ചും നമ്മൾ ഓരോ ദിനവും കുറിയവരായി തീരരുതെന്നാണ് ആ നടപ്പാതകളെല്ലാം നമ്മളോടു പറയുന്നത്.


– ബോബി ജോസ് കട്ടികാട്

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading