Saint Augustine Zhao Rong and Companions

നൂറ്റാണ്ടുകളോളം ചൈനയിലെ ക്രൈസ്തവവിശ്വാസം ഉയർച്ചകളും താഴ്ചകളും നിറഞ്ഞ ഒരു യാത്രയായിരുന്നു. നിരവധി മിഷനറിമാർ പ്രത്യാശയോടെ അവിടെയെത്തി, സുവിശേഷം സ്നേഹത്തോടെ പ്രസംഗിച്ചു, ചെറിയ ക്രൈസ്തവസമൂഹങ്ങൾ രൂപപ്പെടുത്തി. എന്നാൽ വീണ്ടും വീണ്ടും പീഡനങ്ങൾ ഉണ്ടായി — ദേവാലയങ്ങൾ തകർക്കപ്പെട്ടു, വിശ്വാസികൾ കൊല്ലപ്പെട്ടു. എങ്കിലും ക്രിസ്തുവിന്റെ പ്രകാശം ഒരിക്കലും അണഞ്ഞില്ല.

ചൈനയിലേക്കുള്ള സുവിശേഷത്തിന്റെ ആദ്യപ്രവേശനം

ക്രിസ്തുമതം ആദ്യമായി ചൈനയിലെത്തിയത് ഏകദേശം എ.ഡി. 630-ലാണ്. പേർഷ്യയിൽ നിന്നെത്തിയ രണ്ടു ക്രൈസ്തവസന്യാസിമാരെ ചക്രവർത്തി സ്വാഗതം ചെയ്തു. അവർ ദേവാലയങ്ങൾ പണിതു, സുവിശേഷം പ്രസംഗിച്ചു. എന്നാൽ കുറച്ചു നൂറ്റാണ്ടുകൾക്കുശേഷം ശക്തമായ പീഡനങ്ങൾ ആരംഭിച്ചതോടെ ക്രൈസ്തവവിശ്വാസം ചൈനയിൽ ഏതാണ്ട് ഇല്ലാതെയായി.

മത്തെയോ റിച്ചിയും പുതിയ പ്രത്യാശയും

പതിനാറാം നൂറ്റാണ്ടിൽ ഒരു പുതിയ പ്രത്യാശ ഉദിച്ചു. വിശുദ്ധ ഫ്രാൻസിസ് സേവ്യർ ചൈനയിൽ സുവിശേഷം പ്രസംഗിക്കാൻ അതിയായി ആഗ്രഹിച്ചെങ്കിലും അവിടെയെത്തുന്നതിനു മുമ്പേ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചത് ഇറ്റാലിയൻ ജെസ്യൂട്ട് വൈദികനായ മത്തെയോ റിച്ചിയാണ്. 1582-ൽ അദ്ദേഹം ചൈനയിലെത്തി. ചൈനീസ് ഭാഷയും സംസ്കാരവും പഠിച്ച അദ്ദേഹം സുവിശേഷത്തോടൊപ്പം ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അറിവുകളും ജനങ്ങൾക്കു പകർന്നുനൽകി. അദ്ദേഹത്തിന്റെ സ്നേഹവും വിനയവും അനേകരെ ക്രിസ്തുവിലേക്കു നയിച്ചു.

എന്നാൽ ആ സമാധാനം അധികകാലം നീണ്ടുനിന്നില്ല. പുതിയ ചക്രവർത്തിമാർ അധികാരത്തിലെത്തിയപ്പോൾ ക്രിസ്തുമതം രാജ്യത്തിനു ഭീഷണിയാണെന്നു കരുതി. ദേവാലയങ്ങൾ അടച്ചുപൂട്ടി, മിഷനറിമാരെ അറസ്റ്റു ചെയ്തു, വിശ്വാസികളോടു ക്രിസ്തുവിനെ തള്ളിപ്പറയുകയോ മരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ആദ്യ രക്തസാക്ഷി: ഫാ. ഫ്രാൻസിസ്കോ ഫെർണാണ്ടസ് ഡി കാപ്പിയാസ്

ഈ വിശുദ്ധരിൽ ആദ്യം രക്തസാക്ഷിയായത് സ്പാനിഷ് ഡൊമിനിക്കൻ വൈദികനായ ഫാ. ഫ്രാൻസിസ്കോ ഫെർണാണ്ടസ് ഡി കാപ്പിയാസ് ആയിരുന്നു. ഫിലിപ്പീൻസിൽ വർഷങ്ങളോളം മിഷൻ പ്രവർത്തനം നടത്തിയശേഷം അദ്ദേഹം ചൈനയിലെത്തി, അനേകരെ ക്രിസ്തുവിശ്വാസത്തിലേക്കു നയിച്ചു.

1647-ൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തു ക്രൂരമായി പീഡിപ്പിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം സന്തോഷം കൈവിട്ടില്ല. ജയിലിൽ നിന്ന് എഴുതിയ കത്തിൽ, താൻ അവിടെ കണ്ടെത്തിയത് വിലയേറിയ മുത്തുകളാണെന്ന് അദ്ദേഹം പറഞ്ഞു — കഷ്ടപ്പാടിലൂടെ ആഴപ്പെട്ട ക്രിസ്തുവിനോടുള്ള സ്നേഹമെന്ന മുത്തുകൾ. രണ്ടു മാസങ്ങൾക്കുശേഷം ജപമാലയിലെ ദുഃഖരഹസ്യങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ ശിരച്ഛേദം ചെയ്തു.

ഫ്രാൻസിസ്‌കോയുടെ മരണം സുവിശേഷപ്രഘോഷണത്തെ അവസാനിപ്പിച്ചില്ല.

വിശ്വാസത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവർ

അടുത്ത രണ്ടു നൂറ്റാണ്ടുകളിൽ അനേകം വൈദികരും സന്യാസിനികളും മതബോധകരും മാതാപിതാക്കളും കർഷകരും തൊഴിലാളികളും വ്യാപാരികളും കൊച്ചുകുട്ടികൾ വരെയും യേശുവിനെ നിഷേധിക്കുന്നതിനെക്കാൾ മരണം തിരഞ്ഞെടുക്കുകയായിരുന്നു. ചിലർ സ്വദേശികളായ ചൈനക്കാരായിരുന്നു; മറ്റുചിലർ വിദേശ മിഷനറിമാരായിരുന്നു. ജീവനെക്കാൾ വിലയേറിയതു വിശ്വാസമാണെന്ന് അവർ ലോകത്തിനു സാക്ഷ്യം നൽകി.

വിശുദ്ധ അഗസ്റ്റിൻ ഷാവോ റോങ്ങിന്റെ കഥ

അവരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് വിശുദ്ധ അഗസ്റ്റിൻ ഷാവോ റോങ്ങ്. അദ്ദേഹം ആദ്യം ഒരു സൈനികനായിരുന്നു. ഒരു ദിവസം, അറസ്റ്റിലായ ഫ്രഞ്ച് മെത്രാൻ ബിഷപ്പ് ജോൺ ഗബ്രിയേൽ ടൗറിൻ ഡുഫ്രെസ്നെയെ ജയിലിലേക്കു കൊണ്ടുപോകാനുള്ള ചുമതല അദ്ദേഹത്തിനു ലഭിച്ചു. യാത്രയിലുടനീളം ആ മെത്രാന്റെ സമാധാനവും സ്നേഹവും ക്ഷമയും ദൈവവിശ്വാസവും ഷാവോ റോങ്ങിന്റെ ഹൃദയത്തെ സ്പർശിച്ചു. ഷാവോ ക്രിസ്തുമതത്തെക്കുറിച്ചു പഠിക്കുകയും സ്നാനം സ്വീകരിച്ച് അഗസ്റ്റിൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. പിന്നീട് ചൈനയിലെ ആദ്യത്തെ സ്വദേശിയായ രൂപതാവൈദികനായി അഭിഷിക്തനായി. അധികം വൈകാതെ ഷാവോവും പീഡനത്തിന് ഇരയായി. അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു. യേശുവിനെ നിഷേധിച്ചാൽ ജീവൻ രക്ഷിക്കാമെന്ന് അധികാരികൾ വാഗ്ദാനം ചെയ്തു. എന്നാൽ അഗസ്റ്റിൻ തന്റെ വിശ്വാസം ഉപേക്ഷിച്ചില്ല. ഒടുവിൽ 1815-ൽ ജയിലിൽ പീഡനമേറ്റു മരണമടഞ്ഞു.

അവൻ്റെ ധൈര്യം അനേകം വിശ്വാസികൾക്കു പ്രചോദനമായി.

ബോക്സർ കലാപവും ഒടുവിലത്തെ രക്തസാക്ഷിത്വങ്ങളും

1900-ൽ നടന്ന ബോക്സർ കലാപം ചൈനയിലെ ക്രൈസ്തവർക്കെതിരായ ഏറ്റവും ഭീകരമായ പീഡനമായിരുന്നു. ആയിരക്കണക്കിനു ക്രൈസ്തവർ കൊല്ലപ്പെട്ടു — വൈദികരും സന്യാസിനികളും മതബോധകരും മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെ എല്ലാവരും വിശ്വാസത്തിനുവേണ്ടി ജീവൻ സമർപ്പിച്ചു. ഇന്ന് അനുസ്മരിക്കുന്ന 120 വിശുദ്ധരിൽ 86 പേർ ഈ കാലഘട്ടത്തിലാണ് രക്തസാക്ഷികളായത്. അവസാനത്തെ രണ്ടുപേർ 1930-ൽ രക്തസാക്ഷിത്വം വരിച്ചു. 1648 മുതൽ 1930 വരെയുള്ള കാലയളവിൽ 87 സ്വദേശികളായ ചൈനീസ് ക്രൈസ്തവരും 33 വിദേശ മിഷനറിമാരും ഉൾപ്പെടെ ആകെ 120 വിശുദ്ധർ ക്രിസ്തുവിനുവേണ്ടി ജീവൻ സമർപ്പിച്ചു. 2000 ഒക്ടോബർ 1-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ 120 രക്തസാക്ഷികളെയും ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിച്ചു.

ഈ വിശുദ്ധരുടെ ജീവിതം നമ്മെ ഒരു വലിയ സത്യം പഠിപ്പിക്കുന്നു: വിശ്വാസമാണ് ലോകത്തിലെ ഏറ്റവും വിലയേറിയ നിധി. അവർ ലോകത്തിലെ എല്ലാം നഷ്ടപ്പെടുത്തി, പക്ഷേ ക്രിസ്തുവിനെ നേടിയെടുത്തു. ഇന്നും അവരുടെ ജീവിതം നമ്മെ ധൈര്യത്തോടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും സുവിശേഷം സ്നേഹത്തോടെ പങ്കുവെക്കാനും പ്രചോദിപ്പിക്കുന്നു.

✍ ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading