Palm Sunday Prayer at Home (Malayalam)

ഓശാനപ്പെരുന്നാളില്‍ കുടുബങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന.

(ഫാ ജേക്കബ് എറണാട്ട് , കുടുംബ ലിറ്റർജി പേജ് നമ്പർ 232, ©മാർ ലൂയിസ് പബ്ലിക്കേഷൻ എറണാകുളം 04842352110)

ഓശാന ഞായര്‍

നമ്മുടെ കര്‍ത്താവു മഹത്വപൂര്‍ണ്ണനായി ജറുസലം ദേവാലയത്തില്‍ പ്രവേശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ദിനമാണിത്. എല്ലാവരും പ്രാര്‍ത്ഥനാമുറിയില്‍ സമ്മേളിക്കുന്നു. തിരുഹൃദയരൂപത്തിനുമുമ്പില്‍ നിലവിളക്കു കത്തിച്ചിരിക്കുന്നു.

നേതാവ് :പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍

സമൂഹം :ആമ്മേന്‍

നേതാ : അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി

സമൂ : ആമ്മേന്‍

നേതാ : ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും

സമൂ : ആമ്മേന്‍

നേതാ : സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ….

(സമൂഹവും ചേര്‍ന്ന്)

നമുക്കു പ്രാര്‍ത്ഥിക്കാം

ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, അങ്ങു മഹത്വപൂര്‍ണ്ണനായി ജരുസലെം ദൈവാലയത്തില്‍ പ്രവേശിച്ചുവല്ലോ. ദേവാലയത്തിനുള്ളിലും പരിസരങ്ങളിലും അവയുടെ പരിശുദ്ധിക്കു യോജിക്കാത്തവിധം പെരുമാറിയിരുന്ന കച്ചവടക്കാരെയും നാണയമാറ്റക്കാരെയും അവിടുന്നു ബഹിഷ്കരിച്ചുകൊണ്ട് പിതാവായ ദൈവത്തിന്‍റെ കാര്യത്തിലുള്ള തീഷ്ണത അങ്ങു വെളിപ്പെടുത്തിയല്ലോ. അങ്ങു നല്‍കിയ ദിവ്യമായ മാതൃകയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് ഞങ്ങളില്‍ വസിക്കുന്നുവെന്നും (1) മനസ്സിലാക്കിക്കൊണ്ട്, ഞങ്ങളുടെ ഹൃദയത്തിലുള്ള എല്ലാ മാലിന്യങ്ങളെയും അകറ്റി അതിനെ അങ്ങേക്ക് അധിവാസയോഗ്യമാക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും.

സമൂ : ആമ്മേന്‍

സങ്കീര്‍ത്തനം : 24

വിജ്ഞാപനം: കര്‍ത്താവിന്‍റെ വിശുദ്ധ മലയിലേയ്ക്കുള്ള പ്രവേശത്തെ മുന്‍കൂട്ടി ദര്‍ശിച്ച സങ്കീര്‍ത്തകന്‍ ആ ജൈത്രയാത്രയെ വിവരിച്ചരിക്കുന്ന ഭാഗം നമുക്ക് ആവര്‍ത്തിക്കാം

നേതാ : കര്‍ത്താവിന്‍റെ മലയിലേക്ക് ആരു കയറും?

അവിടെ കാലുകുത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും?

സമൂ : കര്‍ത്താവിന്‍റെ….

നേതാ : നീതിമാനു കര്‍ത്താവിന്‍റെ അനുഗ്രഹവും

ദൈവത്തിന്‍റെ സമ്മാനവും ലഭിക്കും

സമൂ : കര്‍ത്താവിന്‍റെ….

നേതാ : യാക്കോബിന്‍റെ മഹത്വപൂര്‍ണ്ണനായ ദൈവമേ,

അങ്ങയെ ഈ തലമുറ കാത്തിരിക്കുന്നു

സമൂ : കര്‍ത്താവിന്‍റെ….

നേതാ : വാതിലുകളെ, ശിരസ്സുയര്‍ത്തുവിന്‍

നിത്യകവാടങ്ങളെ തുറക്കുവിന്‍

മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.

സമൂ : കര്‍ത്താവിന്‍റെ….

നേതാ : ഈ മഹത്വത്തിന്‍റെ രാജാവാരാകുന്നു?

യുദ്ധവീരനും ശക്തനുമായ കര്‍ത്താവുതന്നെ

നിത്യനും ബഹുമാന്യനുമായ കര്‍ത്താവ് അവിടുന്നാകുന്നു.

സമൂ : കര്‍ത്താവിന്‍റെ….

നേതാ : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ : ആദിമുതല്‍ എന്നേക്കും, ആമ്മേന്‍.

നമുക്കു പ്രാര്‍ത്ഥിക്കാം

പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ മിശിഹായേ, അങ്ങയുടെ പീഡാസഹനത്താലും കുരിശുമരണത്താലും വീണ്ടെടുത്ത ഞങ്ങളെ കരുണാപൂര്‍വ്വം തൃക്കണ്‍പാര്‍ക്കണമേ. കൂദാശകളാല്‍ സംശുദ്ധമാക്കപ്പെട്ട ഞങ്ങളുടെ ആത്മാവിനെയും ശരീരത്തെയും നിര്‍മ്മലമായി സൂക്ഷിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ കര്‍ത്താവും രക്ഷകനുമായ അങ്ങ് എന്നും ഞങ്ങളുടെ ഹൃദയത്തില്‍ വസിക്കണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും.

സമൂ : ആമ്മേന്‍

സുവിശേഷവായന

വിജ്ഞാപനം: മാനവ സമൂഹത്തിന്‍റെ സമുദ്ധാരണത്തിനുവേണ്ടി മനുഷ്യനായിപ്പിറന്ന മിശിഹാ മഹത്വപൂര്‍ണ്ണമായ ജീവിതാന്ത്യത്തില്‍ കഠിനപീഡകള്‍ സഹിക്കേണ്ടിയിരുന്നു. അവിടുന്നുതന്നെ അക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. ആ സുവിശേഷഭാഗം നമുക്കു വായിച്ചു ധ്യാനിക്കാം.

നേതാ : നിങ്ങള്‍ക്കു സമാധാനം.

സമൂ : അങ്ങേയ്ക്കും സമാധാനം..

നേതാ : വി. മത്തായി എഴുതിയ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ

സുവിശേഷം (മത്താ. 16:21-23)

“ഈശോ തനിക്കു ജരുസലെമിലേയ്ക്കു പോകേണ്ടയിരിക്കുന്നുവെന്നും പ്രമാണികളില്‍നിന്നും വേദപണ്ഡിതരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അന്നു മുതല്‍ ശിഷ്യര്‍ക്കു വെളിപ്പെടുത്തിത്തുടങ്ങി. അപ്പോള്‍ പത്രോസ് ഈശോയെ അല്പം മാറ്റി നിര്‍ത്തിക്കൊണ്ട് വിലക്കിപ്പറയാന്‍ തുടങ്ങി. നാഥാ, ദൈവം കനിഞ്ഞ് അങ്ങേയ്ക്ക് ഇതൊന്നും സംഭവിക്കാതിരിക്കട്ടെ. ഇശോ തിരിഞ്ഞു പത്രോസിനോട് പറഞ്ഞു: സാത്താനേ, നീ എന്‍റെ മുമ്പില്‍നിന്നു പോകുക! നീ എനിക്കു പ്രതിബന്ധമാണ്. കാരണം നിന്‍റെ ചിന്ത വെറും മാനുഷികമാണ്, ദൈവികമല്ല.”

സമൂ : നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.

കര്‍ത്താവിന്‍റെ പീഡാനുഭവത്തെപ്പറ്റി അല്പനേരം മൗനമായി ധ്യാനിക്കുന്നു.

സമൂഹപ്രാര്‍ത്ഥന

നേതാ : നമുക്കെല്ലാവര്‍ക്കും ജരുസലേമിലേയ്ക്കു പ്രവേശിക്കുന്ന മിശിഹായെ ധ്യാനിച്ചുകൊണ്ട് ‘കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ’ എന്നപേക്ഷിക്കാം.

സമൂ : കര്‍ത്താവേ….

നേതാ : ജീവിതത്തില്‍ മഹത്വംപോലെതന്നെ പീഡകളുമുണ്ടാകുമെന്ന് പഠിപ്പിച്ച കര്‍ത്താവേ, സന്തോഷത്തെപ്പോലെ സഹനത്തെയും സ്വാഗതം ചെയ്യാനുള്ള അനുഗ്രഹം നല്‍കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ : കര്‍ത്താവേ….

നേതാ : പുണ്യപൂര്‍ണ്ണരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാം ഉപേക്ഷിച്ച് കുരിശുമെടുത്തുകൊണ്ട് തന്നെ അനുഗമിക്കണമെന്നു പഠിപ്പിച്ച ദിവ്യഗുരോ, ജീവിതക്ലേശങ്ങളാകുന്ന കുരിശുവഹിച്ചുകൊണ്ട് അങ്ങയെ അനുഗമിക്കുവാനുള്ള കൃപാവരം തരണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ : കര്‍ത്താവേ….

നേതാ : ഓശാന ഇല്ലാതെ ദുഃഖവെള്ളിയും, ദുഖഃവെള്ളിയില്ലാതെ ഉയിര്‍പ്പും ഉണ്ടാവുകയില്ലെന്നു മാതൃകവഴി പഠിപ്പിച്ച ദിവ്യനാഥാ, ഏതൊരു സാഹചര്യത്തിലും ദൈവഹിതം ഗ്രഹിക്കാനുള്ള അനുഗ്രഹം നല്‍കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ : കര്‍ത്താവേ….

നേതാ : ഇന്നാരംഭിക്കുന്ന വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നതിനും അങ്ങയുടെ പീഡാനുഭവത്തിന്‍റെ ഫലങ്ങള്‍ അനുഭവിക്കുന്നതിനും വേണ്ട കൃപാവരം തരണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ : കര്‍ത്താവേ….

നമുക്കു പ്രാര്‍ത്ഥിക്കാം

പീഡാസഹനവും കുരിശുമരണവും വഴി പാപത്തിന്‍റെ കറകളില്‍നിന്നും പിശാചിന്‍റെ അടിമത്തത്തില്‍നിന്നും ഞങ്ങളെ രക്ഷിച്ച മിശിഹായേ, എല്ലായ്പോഴും അങ്ങയെ അനുഗമിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേ, ബലഹീനതയാലോ, മനഃപൂര്‍വ്വമായോ പാപത്തില്‍ വീഴാനിടവരുമ്പോള്‍ അങ്ങു

തന്നെ ഞങ്ങളെ താങ്ങി ഉയര്‍ത്തണമേ. മനുഷ്യരുടെ പരിഹാസങ്ങളും പീഡനങ്ങളും ഭയപ്പെടാതെ സന്തോഷപൂര്‍വ്വം അങ്ങയോടൊത്തു ചരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. കുരിശില്ലാതെ കിരീടമില്ലെന്നും, യുദ്ധത്തിനുശേഷം സമാധാനമുണ്ടാകുമെന്നും മനസ്സിലാക്കി വര്‍ത്തിക്കുവാനും അവസാനം അങ്ങയെ നേരില്‍ കണ്ട് ആനന്ദിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും.

സമൂ : ആമ്മേന്‍

അവസരോചിതമായ ഒരു ഗാനം ഈ സന്ദര്‍ഭത്തില്‍ ആലപിക്കാം

ഓശാന ഈശനു സതതം

ഓശാന, ഓശാന, ഓശാന

പരിശുദ്ധന്‍ പരിശുദ്ധന്‍ പരമ ശക്തന്‍

നിരന്തം മുഴങ്ങുന്നു വാനിലേവം

ഇഹപരമഖിലവുമഖിലേശ്വരാ

മഹിമയാല്‍ നിറയുന്നു നിരുപമമേ – ഓശാനാ

Advertisements

2 thoughts on “Palm Sunday Prayer at Home (Malayalam)

Leave a comment