Mathavinte Vanakkamasam – May 15

മാതാവിന്റെ വണക്കമാസം – മെയ്  15

Mathavinte Vanakkamasam May 15

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം

പതിനഞ്ചാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു”
(ലൂക്ക 1:38)

ബെത്ലെഹത്തിലേക്കുള്ള യാത്ര
💙💙💙💙💙💙💙💙💙💙💙💙

പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനേ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന്‍ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു. യൗസേപ്പേ, നീ ഭയപ്പെടേണ്ട നിന്‍റെ ഭാര്യയില്‍ ഉത്ഭവിച്ചിരിക്കുന്ന ശിശു പരിശുദ്ധാത്മാവിനാലത്രേ. നീ അവന് ഈശോ എന്നു പേരിടണം. അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും മോചിക്കും. (വി.മത്താ. 1:18-25) ദൂതന്റെ ഈ വാക്കുകൾ മൂലം വി.യൗസേപ്പിന്‍റെ സംശയങ്ങള്‍ ദുരീകൃതമായി. തിരുക്കുടുംബത്തില്‍ വലിയ സമാധാനവും സന്തുഷ്ടിയും പരസ്പര സ്നേഹവും വിശ്വാസവും കളിയാടി.

തദവസരത്തില്‍ റോമാചക്രവര്‍ത്തി അഗസ്റ്റസ് സീസര്‍ അദ്ദേഹത്തിന്‍റെ പ്രജകളുടെ സെന്‍സ് എടുക്കുവാന്‍ കല്‍പന പ്രഖ്യാപിച്ചു. യൗസേപ്പു ദാവീദ് ഗോത്രജനായിരുന്നതിനാല്‍ നസ്രസില്‍ നിന്നും ദാവീദിന്‍റെ പട്ടണമായ ബെത്ലെഹത്തെയ്ക്കു പരിശുദ്ധ മറിയത്തെയും കൂട്ടി പുറപ്പെട്ടു. ലൗകികാധികാരികളുടെ കല്‍പനയില്‍ ദൈവഹിതം ദര്‍ശിച്ചു കൊണ്ട് മേരിയും വി.യൗസേപ്പും ബെത്ലെഹത്തിലേക്കു പോയി. പ.കന്യക പൂര്‍ണ ഗര്‍ഭിണിയായിരുന്നതിനാല്‍ വേണമെങ്കില്‍ ബെത്ലെഹത്തിലേക്കു പോകുന്നതില്‍ നിന്നും ഒഴിവു ലഭിക്കുമായിരുന്നു. എന്നാല്‍ പ.കന്യകയും ദൈവഹിതത്തോടുള്ള പരിപൂര്‍ണ്ണ‍മായ വിശ്വസ്തത പ്രകടിപ്പിക്കുകയാണ്. സുദീര്‍ഘവും ക്ലേശകരവുമായിരുന്നു യാത്ര. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മിക്കയാസ് പ്രവാചകന്‍ വഴി ദൈവം ഇപ്രകാരം അരുളിച്ചെയ്തിരുന്നു. “ബെത്ലെഹമേ, നീ യൂദായുടെ രാജാക്കളില്‍ ഒട്ടും ചെറുതല്ല. എന്തെന്നാല്‍ നിന്നില്‍ നിന്ന്‍ പിറക്കുന്നവന്‍ എന്‍റെ ജനമായ ഇസ്രായേലിനെ മേയിക്കും.” ഇപ്രകാരമുള്ള പ്രവചനം സാര്‍ത്ഥകമാകുവാനാണ് റോമന്‍ സാമ്രാജ്യം വഴി ദൈവം ലോകത്തെ മുഴുവന്‍ ഇളക്കി മറിച്ചത്.

വി.യൗസേപ്പും പ.കന്യകാമറിയവും യാത്രാക്ലേശത്താല്‍ പരിക്ഷീണരായി വിശ്രമത്തിന് പരിചിതരുടെയും ബന്ധുക്കളുടെയും വീടുകളില്‍ അഭയം അന്വേഷിച്ചു. പക്ഷെ ഇവിടെ സ്ഥലമില്ല എന്നുള്ള മറുപടിയാണ് അവർക്ക് ലഭിച്ചത്. അവസാനം അവര്‍ സത്രങ്ങളുടെയും വാതിലുകള്‍ മുട്ടി. അവിടെയും സ്ഥലം ലഭിക്കാതിരുന്നതിനാല്‍ അവർ ഭഗ്നാശരായി കദനഭാരത്തോടുകൂടി കന്നുകാലി തൊഴുത്തിൽ അഭയം തേടി. വി.യൗസേപ്പിനും പ.കന്യകയ്ക്കും അതു വളരെ മര്‍മ്മഭേദകമായിരുന്നു.

ദൈവം അവിടുത്തെ ദിവ്യകുമാരന്‍റെ ആഗമനത്തിനു ലോകത്തെ അനേക സഹസ്രാബ്ദങ്ങള്‍ ഒരുക്കിയിട്ടും അവിടുന്ന് ലോകത്തില്‍ അവതീര്‍ണ്ണനായപ്പോള്‍ അവിടുത്തെ വന്നു പിറക്കുവാന്‍ സ്ഥലമില്ല എന്നുള്ള വസ്തുതയാണ് നാം കാണുന്നത്. ഇത് ദിവ്യജനനിക്ക് എത്ര വേദനാജനകമായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂ. ഇന്നത്തെ ലോകത്തിലും മതങ്ങളുടെ, സാമൂഹ്യസാമ്പത്തിക, സാംസ്ക്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നും ക്രിസ്തുവിനെ ബഹിഷ്ക്കരിച്ച് ക്രിസ്തുവില്ലാത്ത ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുവാന്‍ പരിശ്രമിക്കുകയാണ്. അതിനാല്‍ പ.കന്യകയിലൂടെ ക്രിസ്തുവിനെ വീണ്ടും പ്രസ്തുത രംഗങ്ങളിലെല്ലാം പ്രതിഷ്ഠിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവിന്‍റെ ആദ്യത്തെ ആഗമനത്തിനു മേരി കളമൊരുക്കിയെന്ന യാഥാർഥ്യം വീണ്ടും മനസ്സിൽ കൊണ്ട് വരാം.

സംഭവം
💙💙💙💙

അമലോത്ഭവനാഥയുടെ തീർത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ ദൈവജനനി നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ലൂയിസ് ബൊയോ എന്ന മനുഷ്യന്‍ കേട്ടു. ഖനി ജോലിക്കാരനായ അയാളുടെ കാഴ്ച ശക്തി ഇരുപതുവര്‍ഷം മുമ്പ് ഒരു അപകടം മൂലം നഷ്ടമായതാണ്. ഗ്രോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത് ദൈവജനനി ആയിരിക്കണം. അവിടുത്തെ അത്ഭുത നീരുറവയിലെ വെള്ളമുപയോഗിച്ചാല്‍ എന്‍റെ കണ്ണുകള്‍ക്ക് കാഴ്ചയുണ്ടാകും എന്നയാള്‍ വിശ്വസിച്ചു. മോസാബായിലെ ഉറവയില്‍ നിന്നു കുറച്ചു വെള്ളം കൊണ്ടുവരാൻ സ്വപുത്രിയെ വിളിച്ച് അയാള്‍ പറഞ്ഞു. അവൾ അവിടെ ചെന്നു വെള്ളം കൊണ്ടുവന്നു. ദിവ്യജനനിയുടെ സഹായം അപേക്ഷിക്കുകയും ചെളി നിറഞ്ഞ ആ വെള്ളം കൊണ്ട് ലൂയിസ് സ്വന്തം കണ്ണുകള്‍ കഴുകുകയും ചെയ്തു.

ഉടനെതന്നെ അയാള്‍ സന്തോഷപൂര്‍വ്വം വിളിച്ചു പറഞ്ഞു: “എന്‍റെ കണ്ണിന് കാഴ്ച ലഭിച്ചു.” ലൂയീസിന്‍റെ അത്ഭുതവും ആനന്ദവും അതിരറ്റതായിരുന്നു. അവിടെ കൂടിയിരുന്നവരും അത്ഭുതസ്തബ്ധരായി. അയാള്‍ ഒരു‍ നിമിഷം പോലും താമസിക്കാതെ ഡോ. ഡോനസിന്‍റെ വസതിയിലേക്ക് പാഞ്ഞു.

ഡോക്ടറെ കണ്ട മാത്രയില്‍ അയാള്‍ മതി മറന്ന് ഉന്‍മത്തനെപ്പോലെ വിളിച്ചു പറഞ്ഞു: ഡോക്ടര്‍ എന്‍റെ കണ്ണിന് കാഴ്ച ലഭിച്ചിരിക്കുന്നു. “ലൂയിസേ അതു സാദ്ധ്യമല്ല. നിന്‍റെ കണ്ണ് യാതൊരു ചികിത്സ കൊണ്ടും സുഖപ്പെടാവുന്നതല്ല.” ഡോക്ടര്‍ പ്രതിവചിച്ചു. പക്ഷെ തന്‍റെ കണ്ണുകള്‍ ലൂര്‍ദ്ദിലെ വെള്ളം കൊണ്ട് കഴുകിയ വിവരം അയാള്‍ ഡോക്ടറെ പറഞ്ഞു മനസ്സിലാക്കി. ഡോക്ടര്‍ ഡോനാസ് വളരെ സൂക്ഷ്മതയോടെ കണ്ണു പരിശോധിച്ചു കണ്ണിനു ശരിയായ കാഴ്ച ലഭിച്ചിരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. മനുഷ്യശക്തിക്ക് അസാധ്യമായ ഒരു കാര്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും വിദഗ്ദ്ധനായ ആ ഡോക്ടര്‍ എല്ലാവരുടെയും മുന്നിൽ പ്രസ്താവിച്ചു.

പ്രാര്‍ത്ഥന:
💙💙💙💙

പ.കന്യകയെ, അങ്ങേ വിരക്ത ഭര്‍ത്താവായ യൗസേപ്പിനോടു കൂടി ബെത്ലഹെത്തു ചെന്ന് വാസസ്ഥലമന്വേഷിച്ചിട്ടു ലഭിക്കാതിരുന്നതിനാല്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചുവല്ലോ. എങ്കിലും അവിടുന്ന് ദൈവതിരുമനസ്സിന് വിധേയമായി അവയെല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമതകളും അസൗകര്യങ്ങളും ക്ഷമാപൂര്‍വ്വം സഹിക്കുന്നതിന് അങ്ങയുടെ മാതൃക ഞങ്ങള്‍ക്ക് പ്രചോദനമരുളട്ടെ. ആധുനികലോകം അവിടുത്തെ തിരുക്കുമാരനെ ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ നിന്നു ബഹിഷ്ക്കരിച്ചിരിക്കുകയാണല്ലോ. പ്രസ്തുത രംഗങ്ങളിലെല്ലാം അങ്ങേ തിരുക്കുമാരന് പ്രവേശനം നല്‍കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. പ്രത്യേകമായി ഞങ്ങളുടെ ഹൃദയങ്ങളില്‍ അവിടുത്തെ രാജാവായി ജനങ്ങള്‍ അഭിഷേചിക്കട്ടെ. അങ്ങും അങ്ങേ ദിവ്യസുതനും ഞങ്ങളില്‍ ഭരണം നടത്തണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

സ്വര്‍ഗ്ഗരാജ്ഞി, ഞങ്ങളെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിനര്‍ഹമാക്കേണമേ.
💙💙💙💙💙💙💙💙💙💙💙💙

Advertisements
Advertisements
Advertisement

17 thoughts on “Mathavinte Vanakkamasam – May 15

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s