മാതാവിന്റെ വണക്കമാസം – മെയ് 21
💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം
ഇരുപത്തിയൊന്നാംതീയതി
💙💙💙💙💙💙💙💙💙💙💙💙
“അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍. യഹൂദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു”
(യോഹന്നാന്‍2:5-6).
ഈശോമിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ
💙💙💙💙💙💙💙💙💙💙💙💙
ലോകരക്ഷകനായ മിശിഹായെ മാതൃവാത്സല്യത്തോടുകൂടി ദിവ്യജനനി വളര്‍ത്തിക്കൊണ്ടു വന്നു. മുപ്പതാമത്തെ വയസ്സുവരെ പ.കന്യകയോടുകൂടിയാണ് ഈശോ വസിച്ചത്. എന്നാല്‍ മുപ്പതു വയസ്സായപ്പോള്‍ അവിടന്ന് പരസ്യജീവിതം സമാരംഭിച്ചു. പ.കന്യകയുടെ പക്കല്‍ ചെന്നു ഈശോ യാത്ര പറഞ്ഞപ്പോള്‍ പ.കന്യകയുടെ മാതൃഹൃദയം വളരെ വേദനിച്ചിരിന്നുവെന്ന്‍ ചരിത്രകാരന്മാര്‍ പറയപ്പെടുന്നു. പ.കന്യക പിന്നീട് ഏകാന്തമായ ഒരു ജീവിതം നയിച്ചു എന്നു കരുതാന്‍ പാടില്ല. ക്രിസ്തുവിന്‍റെ പരസ്യജീവിതകാലത്ത് മേരി അവിടത്തോട് സജീവമായി സഹകരിച്ചിരുന്നു. പല ഭക്തസ്ത്രീകളും ഈശോയെ അനുഗമിച്ചിരുന്നതായി ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പല അവസരങ്ങളിലും പ.കന്യക മിശിഹായുടെ പ്രവര്‍ത്തന രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. കാനായിലെ കല്യാണ വിരുന്നില്‍ പ.കന്യകയും ഈശോയും അവിടുത്തെ ശിഷ്യന്മാരും സംബന്ധിച്ചിരുന്നു. തദവസരത്തില്‍ ആതിഥേയന്‍റെ വീഞ്ഞു തീര്‍ന്നതിനാല്‍ പ.കന്യക അവരുടെ വിഷമം മനസ്സിലാക്കി ഈശോയെ ഓര്‍മ്മപ്പെടുത്തി. അപ്രതീക്ഷിതമായി തീര്‍ന്ന് പോയ വീഞ്ഞ് മൂലം ഒരു ആതിഥേയനുണ്ടാകാവുന്ന മാനസിക ക്ലേശം ഊഹിക്കാവുന്നതാണ്. പ.കന്യക അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു. ഈശോ ഇതിനുമുമ്പ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല.
എങ്കിലും പ.കന്യക അവിടുത്തെ ദിവ്യസുതന്‍റെ ദൈവത്വം മനസ്സിലാക്കിക്കൊണ്ടാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്. അപ്പോള്‍ ഈശോ പ.കന്യകയോട് അരുളിച്ചെയ്തത് പരുഷമായിട്ടാണ്. എന്നു പ്രഥമ വീക്ഷണത്തില്‍ നമുക്കു തോന്നാം. അവിടുന്നു പ.കന്യകയെ സ്ത്രീ എന്നു അഭിസംബോധന ചെയ്തു. സാമാന്യമായ ബഹുമാനമനുസരിച്ചാണെങ്കില്‍ മേരിയെ അമ്മയെന്നു വിളിക്കേണ്ടിയിരുന്നു. എന്നാല്‍ ഈശോ സ്ത്രീ എന്നു വിളിച്ചതും മുമ്പ് വാഗാദാനം ചെയ്തിട്ടുള്ള സ്ത്രീ മരിയാംബിക തന്നെയാണെന്ന് അനുസ്മരിക്കുവാനാണ്.
പ.കന്യക ഒരര്‍ത്ഥത്തില്‍ അവിടുത്തെ ദിവ്യകുമാരനെ കുരിശു മരണത്തിനു ക്ഷണിക്കുകയാണ്. ദിവ്യജനനിയുടെ പരസ്നേഹ ചൈതന്യവും ഇവിടെ പ്രകടമാകുന്നു. പ.കന്യകയ്ക്കു നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിനുള്ള സ്ഥാനവും ഇത് സ്പഷ്ടമാക്കുന്നുണ്ട്. പ.കന്യകാമറിയം വഴി നമുക്കു വരപ്രസാദങ്ങള്‍ ലഭിക്കുന്നു എന്നുള്ളത് വ്യക്തമാക്കുന്നു. കര്‍ത്താവു, സമയമായിട്ടില്ല എന്നു പറഞ്ഞുവെങ്കിലും കന്യാംബിക പറയുന്നു: അവിടുന്നു പറയുന്നതു പോലെ നിങ്ങള്‍ ചെയ്യുവിന്‍. അവര്‍ യഹൂദാചാരപ്രകാരമുള്ള ക്ഷാളന കര്‍മ്മം നിര്‍വഹിക്കുന്നതിനുപയോഗിക്കുന്ന ആറു കല്‍ഭരണികളില്‍ വെള്ളം നിറച്ചു.
ഈശോ അവിടുത്തെ മാതാവിന്‍റെ അഭ്യര്‍ത്ഥന ആദരിച്ച് വെള്ളത്തെ വീഞ്ഞാക്കി മാറ്റി അത്ഭുതം പ്രവര്‍ത്തിക്കുന്നു. ബാഹ്യാചാരാനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന യഹൂദ മതത്തിന്‍റെ സ്ഥാനത്ത്, മനുഷ്യ ഹൃദയത്തിന് ആനന്ദം പകരുന്ന ക്രൈസ്തവ സഭയുടെ ഒരു പ്രതീകവും കൂടിയാണ് ആ വീഞ്ഞ്. കൂടാതെ മറ്റൊരു അവസരത്തില്‍ ഈശോയെ കാണുവാനായി പ.കന്യകയും ഈശോയുടെ സഹോദരന്മാരും ചെന്നതായി നാം സുവിശേഷത്തില്‍ കാണുന്നുണ്ട്.
പ.കുര്‍ബാനയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്ന അവസരത്തില്‍ ജനങ്ങള്‍ ചോദിക്കുന്നു: ഇവന്‍റെ അമ്മയും നമ്മോടു കൂടെയില്ലേ? ഇപ്രകാരം പ.കന്യക ഈശോയുടെ പരസ്യജീവിത കാലത്ത് അവിടുത്തെ സന്തത സഹചാരിണിയായി ആത്മരക്ഷയ്ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു. ഇന്നത്തെ കത്തോലിക്കരോടും, ദിവ്യസുതന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുക എന്നതാണ് ദിവ്യജനനി അരുളിച്ചെയ്യുന്നത്. മക്കളായ നമ്മുടെ ആത്മരക്ഷയില്‍ മാതാവിന് അത്യധികമായ താത്പര്യമുണ്ട്.
സംഭവം
💙💙💙
ആംഗ്ലേയ സാഹിത്യകാരനായ ജി.കെ.ചെസ്റ്റര്‍ട്ടന്‍ ഒരു ആംഗ്ലിക്കന്‍ സഭാംഗമായിരുന്നു. അദ്ദേഹം, ഏതാണ് ക്രിസ്തു സ്ഥാപിച്ച സഭ എന്നറിയുന്നതിനു വേണ്ടി എല്ലാ സഭാ വിഭാഗങ്ങളുടെയും തത്വസംഹിത പഠിച്ച് പാലസ്തീനായിലേക്ക് തീര്‍ത്ഥയാത്ര നടത്തി. അവസാനം അദ്ദേഹം ബ്രാണ്ട്വീസിയിലുള്ള ദൈവമാതൃ സ്വരൂപത്തിന്‍റെ മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കുമ്പോഴാണ് കത്തോലിക്കാ സഭയെ സമാശ്ലേഷിക്കുവാനുള്ള തീരുമാനം എടുക്കുന്നത്. കര്‍ദ്ദിനാള്‍ ന്യൂമാനും മറ്റനേകം പ്രശസ്ത വ്യക്തികളും സഭാംബികയുടെ മടിത്തടത്തില്‍ എത്തുന്നതും ദിവ്യജനനിയുടെ ഭക്തി നിമിത്തമാണ്.
പ്രാര്‍ത്ഥന
💙💙💙💙
ദൈവമാതാവേ, അവിടുന്ന്‍ ഈശോയുടെ പരസ്യജീവിതകാലത്ത് ഈശോയോടുകൂടി സഞ്ചരിച്ചു കൊണ്ട് രക്ഷാകര കര്‍മ്മത്തില്‍ സഹകരിച്ചല്ലോ. ദിവ്യമാതാവേ, ഞങ്ങളും ആത്മാക്കളുടെ രക്ഷയില്‍ തീക്ഷ്ണതയുള്ളവരായി ജീവിക്കുവാന്‍ സഹായിക്കേണമേ. അവിടുത്തെ ദിവ്യസുതന്‍റെ സുവിശേഷ പ്രബോധനങ്ങള്‍ അറിയാത്തവരെയും, അതിനെ അവഗണിച്ചുകൊണ്ട് ജീവിക്കുന്നവരെയും, പാപികളെയും അങ്ങേ ദിവ്യകുമാരന്‍റെ സവിധത്തിലേക്കാനയിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. കാനായിലെ കല്യാണ വിരുന്നില്‍ അവിടുത്തെ പരസ്നേഹവും സേവന ചൈതന്യവും പ്രകാശിതമാകുന്നു. ഞങ്ങളും അങ്ങേ അനുകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തരാക്കേണമേ.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .
(മൂന്നു പ്രാവശ്യം ചൊല്ലുക).
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്‍റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്‍റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്‍റെ വാതിലേ,
ഉഷകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്‍മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്‍മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്‍മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്‍റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
ജപം
സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
ജപം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ .
സുകൃതജപം
💙💙💙💙💙
മറിയത്തിന്‍റെ വിമലഹൃദയമേ, ഇന്ത്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
💙💙💙💙💙💙💙💙💙💙💙💙

11 thoughts on “Mathavinte Vanakkamasam – May 21”