പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച ” തിരുനാൾ

പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച” തിരുനാൾ

 
സെഹിയോൻ ഊട്ടുശാലയിലെ ഓർമ്മകളെ തൊട്ടുണർത്തി ഒരിക്കൽ കൂടി പെസഹാ സുദിനം നമ്മളെ തേടി വന്നിരിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിനു തെളിമയും തിളക്കവും നൽകാൻ ഒരു വിശുദ്ധ വ്യാഴാഴ്ച.
മൂന്നു ചരിത്ര സംഭവങ്ങളാണു കടന്നു പോകലിന്റെ ഈ തിരുനാളിൽ നാം അനുസ്മരിക്കുക. സ്നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം, സ്നേഹത്തിന്റെ ശുശ്രൂഷയായ പൗരോഹിത്യത്തിന്റെ സ്ഥാപനം, സ്നേഹത്തിന്റെ അർത്ഥമറിഞ്ഞുള്ള പുതുപ്രമാണം. അതുവഴി ക്രൈസ്തവ വിശ്വസത്തിന്റെ അകക്കാമ്പിലൂടെ നടന്നു സ്നേഹത്തിന്റെ പുതു വിപ്ലവത്തിനു ജീവിതത്തിലുടെ പ്രഭ വിതറേണ്ട സുന്ദര സുദിനം.
 
സുവിശേഷത്തിൽ യേശു “അത്യധികം ആഗ്രഹിച്ച ” ഒരേ ഒരു കാര്യമേയുള്ളൂ. അതു ശിഷ്യന്മാരുമൊത്തുള്ള പെസഹാ ഭക്ഷണമാണു. “അവന് അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ്‌ നിങ്ങളോടു കൂടെ ഈ പെസഹാ ഭക്‌ഷിക്കുന്നതിന്‌ ഞാന് അത്യധികം ആഗ്രഹിച്ചു. “(ലൂക്കാ 22:15). യേശു അത്യധികം ആഗ്രഹിച്ച ഒരു തിരുനാൾ , അതാണല്ലോ നാം ഇന്നു ആഘോഷിക്കുന്ന ഈ വിശുദ്ധ പെസഹാ. യേശു അത്യധികം ആഗ്രഹിച്ച ഈ തിരുനാളിനു, മൂന്നു ആത്മീയ ഇതളുകൾ ഉണ്ട്, അഥവാ മനുഷ്യവംശത്തിന്റെ നിലനില്പിനു അത്യധികം ആവശ്യമുള്ള മൂന്നു അമുല്യ ദാനങ്ങൾ: വി. കുർബാന, പൗരോഹിത്യം, സ്നേഹത്തിന്റെ നവ പ്രമാണം. ലോകത്തിനു അത്യാവശ്യമുള്ള മൂന്നു ആത്മീയ സമ്പത്തുകൾ. യേശു മനുഷ്യവംശത്തോടുള്ള തന്റെ പരമായ സ്നേഹം പ്രകടിപ്പിച്ച മൂന്നു മാർഗ്ഗങ്ങളാണിവ.
 
വി. കുർബാന
പഴയ നിയമ പെസഹായുടെ ഓർമ്മയിൽ യേശു പുതിയ പെസഹാ സ്ഥാപിക്കുന്നു. ദൈവത്തിനു ഇസ്രായേൽ ജനതയോടുള്ള കരുതലിന്റെ മുദ്രയായിരുന്നു പഴയ പെസഹാ എങ്കിൽ, മനുഷ്യവംശത്തോടുള്ള ദൈവപുത്രന്റെ അടങ്ങാത്ത സ്നേഹത്തിന്റെ മുദ്രയാണ് പുതിയ പെസഹാ ആയ വി. കുർബാന. പഴയ നിയമ പെസഹായിൽ കുഞ്ഞാടു ബലി വസ്തു ആയെങ്കിൽ, പുതിയ നിയമ പെസഹായിൽ ദൈവപുത്രൻ സ്വയം ബലിയാടാകുന്നു. പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തിനു വാഗ്ദത്ത നാട്ടിലേക്കുള്ള വഴിയിൽ മന്ന നൽകിയ ദൈവം, പുതിയ നിയമത്തിൽ പുതിയ ഇസ്രായേലായ സഭയ്ക്കു ജീവൻ നൽകാൻ സ്വശരീരവും രക്തവും നൽകുന്നു. ദൈവം മനുഷ്യവംശത്തിനു നൽകാൻ അത്യധികം ആഗ്രഹിച്ച പുതിയ പെസഹാ ആണ് നാം എന്നും അർപ്പിക്കുന്ന വി. കുർബാന. ആർസിലെ വികാരിയായ വി. ജോൺ മരിയാ വിയാനി പറയുന്നു : ” തന്നെക്കാൾ മഹത്തായ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനെക്കാൾ മഹത്തായ ഒന്ന് ദൈവം നമുക്കു തരുമായിരുന്നു. ” ചുരുക്കത്തിൽ വിശുദ്ധ കുർബാന ആവുക എന്നതു യേശുവിന്റെ അത്യധികമായ ആഗ്രഹമായിരുന്നു. ലോകാവസാനം വരെ നിത്യം നിലനില്ക്കുന്ന വാഗ്ദാനവുമാണത്. “യുഗാന്തംവരെ എന്നും ഞാന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.”(മത്തായി 28:20). മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണു പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യൻ തീരുമാനമെടുക്കേണ്ട പുണ്യദിനമാണിന്ന്. ബനഡിക്ടു പതിനാറാമൻ പാപ്പയുടെ അഭിപ്രായത്തിൽ അന്തിമാത്താഴം തന്നെ ഒരർത്ഥത്തിൽ സഭാ സ്ഥാപന കർമ്മമാണ്, കാരണം യേശു സ്വയം സമർപ്പിക്കുകയും പുതിയൊരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്ത ദിനം. അതിനാൽ സഭാ സ്ഥാപന ദിനമായ ഇന്നു വിശുദ്ധ കുർബാനയിലേക്കു നമുക്കു തിരിയാം.
 
പാവങ്ങളുടെ അമ്മയായ കൽക്കത്തയിലെ വി. മദർ തേരേസാ നമ്മെ ഓർമിപ്പിക്കുന്നു: “ക്രൂശിത രൂപത്തിലേക്കു നീ നോക്കുമ്പോൾ ഈശോ നിന്നെ അന്നു എത്ര മാത്രം സ്നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്നു നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.” ദൈവസ്നേനേഹത്തിനു വിശുദ്ധ കുർബാന അർപ്പണത്തിലുടെ പ്രത്യുത്തരം നൽകുക. വിശുദ്ധ കുർബാനയെ അധിക്ഷേപിക്കുന്ന അപമാനിക്കുന്ന ആധുനിക സംസ്കാരത്തിൽ ദൈവത്തിന്റെ അത്യധിക ആഗ്രഹമായ വി.കുർബാനയുടെ ശോഭയെ നമുക്കു ഉയർത്തിപ്പിടിക്കാം.
 
പൗരോഹിത്യം
യേശു അത്യധികം ആഗ്രഹിച്ച പെസഹാ തിരുനാളിലെ രണ്ടാമത്തെ ഇതൾ ശുശ്രൂഷാ പൗരോഹിത്യമാണ്. “എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ , ( 1 കോറി 11: 24) എന്നു അപ്പസ്തോലന്മാരോടു യേശു പറഞ്ഞപ്പോൾ അവിടുന്നു അവരെ പുതിയ ഉടമ്പിടിയുടെ പുരോഹിതരാക്കി. യേശുവിന്റെ പൗരോഹിത്യം സഭയിൽ സവിശേഷ മായി തുടർന്നു കൊണ്ടുപോകാൻ നിയോഗം സ്വീകരിച്ചവരാണ് പുരോഹിതർ. പെസഹാദിനത്തിൽ യേശു സ്ഥാപിച്ച രണ്ടാമത്തെ കൂദാശ. വിശുദ്ധ കുർബാനയും പൗരോഹിത്യവും ഈശോ അത്യധികം ആഗ്രഹിച്ച കൂദാശകളാണ്. പൗരോഹിത്യം ഒരേ സമയം വിളിയും വെല്ലുവിളിയുമാണ്. യേശു ആഗ്രഹിച്ചതുപോല വി. കുർബാന ആകാനും അതുവഴി പൗരോഹിത്യം അനേകർക്കു ജീവൻ പകരാനുമുള്ള വിളി. വി. കുർബാനയാകുന്ന ബലിയുടെ അർപ്പകനെന്ന നിലയിൽ യേശുവിന്റെ എന്നേക്കുമുള്ള ബലിയുമായി പുരോഹിതൻ ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നു. ഓരോ പുരോഹിതനും അപരനു വേണ്ടി അർപ്പിക്കപ്പെടുന്ന ബലി വസ്തു ആകണമെന്നു പെസഹാ ദിനം ഓർമ്മിപ്പിക്കുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പ സ്നേഹത്തിന്റെ കൂദാശ എന്ന ചാക്രിക ലേഖനത്തിൽ ” ഈശോയോടുകൂടെ ലോകത്തിന്റെ ജീവനു വേണ്ടി മുറിക്കപ്പെട്ട അപ്പമാകാൻ ഓരോ പുരോഹിതനും വിളിക്കപ്പെട്ടിരിക്കുന്നു” എന്നു തിരുസഭയെ ഓർമ്മിപ്പിക്കുന്നു. അപരനു വേണ്ടി ബലിയാകേണ്ട ഇടയ ധർമ്മത്തിൽ ഓരോ പുരോഹിതനും ശക്തി പകരേണ്ടതു വിശ്വാസികളുടെ കടമയും ഉത്തരവാദിത്വവുമാണ്. പുരോഹിതന്മാരുടെ ബലഹീനതകൾ കൊണ്ടു ഉടഞ്ഞുപോകുന്ന പളുങ്കുപാത്രമല്ല ക്രിസ്തീയ പുരോഹിത്യം. മാനുഷിക ദൃഷ്ടിയിൽ അതിന്റെ ശോഭ മങ്ങിയെക്കാം, പക്ഷേ ദൈവം അത്യധികം ആഗ്രഹിച്ച വ്യക്തികളാണ് ഓരോ പുരോഹിതനും. പഴികൾ ചാരി പൗരോഹിത്യത്തിന്റെ ശോഭക്കു മങ്ങലേൽപ്പിക്കാൻ നിരവധി കാരണങ്ങൾ നമ്മുടെ സാഹചര്യങ്ങളിൽ കണ്ടേക്കാം. വിധി പ്രസ്താവിക്കും മുമ്പു “നിത്യപുരോഹിതനായ ഈശോയെ അങ്ങയുടെ ദാസന്മാരായ വൈദീകർക്കു യാതൊരാപത്തും വരുത്താതേ … എന്ന പ്രാർത്ഥന നമ്മൾ അർത്ഥം മനസ്സിലാക്കി ഒന്നു ചെല്ലണം. വിശുദ്ധ ജോൺ മരിയ വിയാനിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ” മതത്തെ നശിപ്പിക്കാൻ ഒരുവൻ ആഗ്രഹിച്ചാൽ അയാൾ വൈദീകര ആക്രമിച്ചുകൊണ്ടു തുടങ്ങുന്നു. എന്തെന്നാൽ എവിടെ വൈദീകരില്ലയോ അവിടെയെല്ലാം ബലികളും ഇല്ലാതാകും. എവിടെ ബലികൾ ഇല്ലാതാകുന്നുവോ അവിടെ മതവും ഇല്ലാതാകുന്നു.”
 
സ്നേഹത്തിന്റെ പുതു പ്രമാണം
പെസഹാ തിരുനാളിലെ മൂന്നാമത്തെ ഇതൾ പരസ്നേഹത്തിന്റെ പുത്തൻ പ്രമാണമാണ്. “നിങ്ങള് പരസ്‌പരം സ്‌നേഹിക്കു വിന്. ഞാന് നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്. നിങ്ങള്ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില് നിങ്ങള് എന്െറ ശിഷ്യന്മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും.” (യോഹന്നാന് 13:35). വിശുദ്ധ കുർബാനയിൽ പിറവി കൊള്ളുന്ന പുതിയ ഇസ്രായേലായ സഭക്കു യേശു നൽകുന്ന ഏക പ്രമാണമാണിത്. സ്നേഹത്തിന്റെ പാരമ്യം കാണിച്ചു നൽകാൻ അവൻ ശിഷ്യന്മാരുടെ കാലുകൾ കഴുകി. അപരനെ വലിയവനാക്കുമ്പോഴെ സ്വയം പരിത്യജിക്കുമ്പോഴെ, ഇല്ലാതാകുമ്പോഴെ ക്രിസ്തീയ സ്നേഹം അതിന്റെ പൂർണ്ണതയിലെത്തുകയുള്ളു. പെസഹാ ദിനത്തിൻ യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിയപ്പോൾ സ്നേഹത്തിന്റെ പ്രായോഗിക ഭാഷ ശുശ്രൂഷയുടേതാണന്നു അവൻ അടിവര ഇടുക ആയിരുന്നു. അതിനാലാണ് ക്ലെയർ വോയിലെ വിശുദ്ധ ബർണാഡും മിലാനിലെ വിശുദ്ധ അബ്രോസും കാൽകഴുകൽ ശുശ്രൂഷയെ എട്ടാമത്തെ കൂദാശയായി വിശേഷിപ്പിക്കുന്നത്. അപരനെ വളർത്താനായി, അപനെ സമാശ്വസിപ്പിക്കാനായി, അവന്റെ കണ്ണീരൊപ്പാനായി, അവനു മഹത്വം നൽകാനായി ഞാൻ ചെറുതാകുമ്പോൾ ഞാൻ ഈശോ അത്യധികം ആഗ്രഹിച്ച വ്യക്തിയാകുന്നു.
 
പെസഹായുടെ തിരുകർമ്മങ്ങളിൽ നാം പങ്കു ചേരുമ്പോൾ, വിശുദ്ധ കുർബാനയെ അകമഴിഞ്ഞു സ്നേഹിക്കാനും പൗരോഹിത്യത്തെ മനം നിറഞ്ഞു വിലമതിക്കുവാനും സ്നേഹത്തിന്റെ നവ പ്രമാണത്തെ ഹൃദയം നിറഞ്ഞു ആശ്ലേഷിക്കുവാനും നമുക്കു പരിശ്രമിക്കാം. അതുവഴി നമ്മൾ യേശു അത്യധികം ആഗ്രഹിക്കുന്ന വ്യക്തികളും, നമ്മുടെ ഇടവക യേശു അത്യധികം ആഗ്രഹിക്കുന്ന ആലയങ്ങളും നമ്മുടെ കുടുംബങ്ങൾ യേശു അത്യധികമായി വസിക്കാൻ ഇഷ്ടപ്പെടുന്ന ഭവനങ്ങളും ആയി പരിണമിക്കും.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment