ദിവ്യബലി വായനകൾ 12th Sunday in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

20-June-2021, ഞായർ

12th Sunday in Ordinary Time 

Liturgical Colour: Green.

____

ഒന്നാം വായന

ജോബ് 38: 1, 8-11

ഇവിടെ നിന്റെ ഉദ്ധതമായ തിരമാലകള്‍ നില്‍ക്കണം.

അപ്പോള്‍ കര്‍ത്താവ് ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ഉത്തരം നല്‍കി. ഗര്‍ഭത്തില്‍ നിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകടച്ചു തടഞ്ഞവന്‍ ആര്‍? അന്ന് ഞാന്‍ മേഘങ്ങളെ അതിന് ഉടുപ്പും കൂരിരുട്ടിനെ അതിന് ഉടയാടയും ആക്കി. ഞാന്‍ അതിന് അതിര്‍ത്തികള്‍ നിശ്ചയിച്ച് കതകുകളും ഓടാമ്പലുകളും ഉണ്ടാക്കി. ഞാന്‍ പറഞ്ഞു: ഇവിടം വരെ നിനക്കു വരാം. അതിനപ്പുറമരുത്. ഇവിടെ നിന്റെ ഉദ്ധതമായ തിരമാലകള്‍ നില്‍ക്കണം.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 107:23-24,25-26,28-29,30-31

R. കര്‍ത്താവിനു നന്ദി പറയുവിന്‍, അവിടുത്തെ കാരുണ്യം അനന്തമാണ്‌.

ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍ കപ്പലുകളില്‍ പുറപ്പെട്ടു. അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന് പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍, കണ്ടു.

R. കര്‍ത്താവിനു നന്ദി പറയുവിന്‍, അവിടുത്തെ കാരുണ്യം അനന്തമാണ്‌.

അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു. അവ ആകാശത്തോളം ഉയര്‍ന്നു, വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെ ധൈര്യം ചോര്‍ന്നുപോയി.

R. കര്‍ത്താവിനു നന്ദി പറയുവിന്‍, അവിടുത്തെ കാരുണ്യം അനന്തമാണ്‌.

അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു.

R. കര്‍ത്താവിനു നന്ദി പറയുവിന്‍, അവിടുത്തെ കാരുണ്യം അനന്തമാണ്‌.

ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത്
അവിടുന്ന് അവരെ എത്തിച്ചു. അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്ത അത്ഭുതത്തെ പ്രതിയും
നന്ദി പറയട്ടെ.

R. കര്‍ത്താവിനു നന്ദി പറയുവിന്‍, അവിടുത്തെ കാരുണ്യം അനന്തമാണ്‌.

____

രണ്ടാം വായന

2 കോറി 5:14-17

ഇതാ, പുതിയതു വന്നുകഴിഞ്ഞു.

ഒരുവന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോധ്യമുള്ളതിനാല്‍, ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു. ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കു വേണ്ടി ജീവിക്കാതെ, തങ്ങളെ പ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനു വേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കും വേണ്ടി മരിച്ചത്. അതിനാല്‍, ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല. ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.

കർത്താവിന്റെ വചനം.
____

സുവിശേഷ പ്രഘോഷണവാക്യം

cf. എഫേ 1:17,18

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ വിളിയുടെ പ്രത്യാശയെപ്പറ്റി അറിയാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ നിങ്ങളുടെ ആന്തരികനേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ.
അല്ലേലൂയാ!


Or:

ലൂക്കാ 7:16

അല്ലേലൂയാ, അല്ലേലൂയാ!
ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.
അല്ലേലൂയാ!

____

സുവിശേഷം

മാര്‍ക്കോ 4:35-41

ഇവന്‍ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!

അക്കാലത്ത്, അന്നു സായാഹ്നമായപ്പോള്‍ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കു പോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. യേശു അമരത്തു തലയണ വച്ച് ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?അവര്‍ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവന്‍ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment