ദിവ്യബലി വായനകൾ Tuesday of week 20 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 17/8/2021

Tuesday of week 20 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്
അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.
അങ്ങനെ, അങ്ങയെ എല്ലാറ്റിലും,
എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,
എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്ന
അങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ന്യായാ 6:11-24
ഗെദയോനേ, ഇസ്രായേലിനെ മോചിപ്പിക്കുക; ഞാനാണു നിന്നെ അയയ്ക്കുന്നത്/

അക്കാലത്ത്, കര്‍ത്താവിന്റെ ദൂതന്‍ ഓഫ്രായില്‍വന്ന് അബിയേസര്‍ വംശജനായ യോവാഷിന്റെ ഓക്കുമരത്തിന്‍ കീഴില്‍ ഇരുന്നു. യോവാഷിന്റെ പുത്രന്‍ ഗിദെയോന്‍ മിദിയാന്‍കാര്‍ കാണാതിരിക്കാന്‍ വേണ്ടി മുന്തിരിച്ചക്കില്‍ ഗോതമ്പു മെതിക്കുകയായിരുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ് നിന്നോടുകൂടെ. ഗിദെയോന്‍ ചോദിച്ചു: പ്രഭോ, കര്‍ത്താവ് ഞങ്ങളോടുകൂടെ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇതെല്ലാം ഞങ്ങള്‍ക്കു സംഭവിക്കുന്നത്? ഈജിപ്തില്‍ നിന്നു കര്‍ത്താവ് ഞങ്ങളെ കൊണ്ടുവന്നില്ലയോ എന്നുപറഞ്ഞുകൊണ്ട് ഞങ്ങളുടെ പൂര്‍വികന്മാര്‍ വിവരിച്ചുതന്ന അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ എവിടെ? എന്നാല്‍, ഇപ്പോള്‍ കര്‍ത്താവ് ഞങ്ങളെ ഉപേക്ഷിച്ച് മിദിയാന്‍കാരുടെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു. കര്‍ത്താവ് അവന്റെ നേരേ തിരിഞ്ഞു പറഞ്ഞു: നിന്റെ സര്‍വശക്തിയോടും കൂടെ പോയി ഇസ്രായേല്യരെ മിദിയാന്‍കാരുടെ കൈയില്‍ നിന്നു മോചിപ്പിക്കുക. ഞാനാണ് നിന്നെ അയയ്ക്കുന്നത്. ഗിദെയോന്‍ പറഞ്ഞു: അയ്യോ, കര്‍ത്താവേ! ഇസ്രായേലിനെ രക്ഷിക്കാന്‍ എനിക്കെങ്ങനെ കഴിയും? മനാസ്സെയുടെ ഗോത്രത്തില്‍ എന്റെ വംശം ഏറ്റവും ദുര്‍ബലമാണ്. എന്റെ കുടുംബത്തില്‍ ഏറ്റവും നിസ്സാരനുമാണ് ഞാന്‍. കര്‍ത്താവ് അവനോടു പറഞ്ഞു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഒറ്റയാളെയെന്നപോലെ മിദിയാന്‍കാരെ നീ നിഗ്രഹിക്കും. അവന്‍ പറഞ്ഞു: അവിടുന്ന് എന്നില്‍ സംപ്രീതനാണെങ്കില്‍, അവിടുന്നാണ് എന്നോടു സംസാരിക്കുന്നത് എന്നതിന് ഒരടയാളം തരണം. ഞാന്‍ തിരിച്ചു വരുന്നതുവരെ അങ്ങ് ഇവിടെനിന്നുപോകരുതേ! ഞാന്‍ എന്റെ കാഴ്ച തിരുമുന്‍പില്‍ കൊണ്ടുവരട്ടെ. അവിടുന്നു പറഞ്ഞു: നീ തിരിച്ചു വരുന്നതുവരെ ഞാന്‍ കാത്തിരിക്കാം.
ഗിദെയോന്‍ വീട്ടില്‍പ്പോയി ഒരാട്ടിന്‍കുട്ടിയെ പാകം ചെയ്തു. ഒരു ഏഫാ മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. മാംസം ഒരു കുട്ടയിലും ചാറ് ഒരു പാത്രത്തിലും ആക്കി ഓക്കുമരത്തിന്‍കീഴില്‍ കൊണ്ടുവന്ന് അവനു കാഴ്ചവച്ചു. ദൈവദൂതന്‍ പറഞ്ഞു: ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറമേല്‍ വയ്ക്കുക, ചാറ് അതിന്മേല്‍ ഒഴിക്കുക. അവന്‍ അങ്ങനെ ചെയ്തു. അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ കൈയിലിരുന്ന വടിയുടെ അഗ്രം കൊണ്ട് ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും തൊട്ടു. പാറയില്‍ നിന്ന് തീ ഉയര്‍ന്ന് മാംസവും അപ്പവും ദഹിപ്പിച്ചു. ദൂതന്‍ അവന്റെ ദൃഷ്ടിയില്‍ നിന്നു മറഞ്ഞു. അത് കര്‍ത്താവിന്റെ ദൂതനായിരുന്നുവെന്ന് ഗിദെയോന് അ പ്പോള്‍ മനസ്സിലായി; അവന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദൂതനെ മുഖത്തോടു മുഖം കണ്ടിരിക്കുന്നു. കര്‍ത്താവ് പറഞ്ഞു: സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ, നീ മരിക്കുകയില്ല. ഗിദെയോന്‍ കര്‍ത്താവിന് ഒരു ബലിപീഠം പണിതു. അതിന് യാഹ്‌വേ – ഷലോം എന്നു പേരിട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 85:8,10-11,12-13

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും;
അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും;
ഹൃദയപൂര്‍വ്വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കുതന്നെ.

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും;
നീതി യും സമാധാനവും പരസ്പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും;
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കര്‍ത്താവു നന്മ പ്രദാനം ചെയ്യും;
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേക്കു വഴിയൊരുക്കും.

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മത്താ 19:23-30
ധനവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. ശിഷ്യന്മാര്‍ ഇതുകേട്ട് വിസ്മയഭരിതരായി അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കു സാധിക്കും? യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ്.
അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക? യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും. എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും. എന്നാല്‍, മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 130:7

കാരുണ്യം കര്‍ത്താവിനോടുകൂടെയാണ്;
സമൃദ്ധമായ രക്ഷയും അവിടത്തോടുകൂടെ.


Or:
യോഹ 6:51-52

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.
ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍
അവന്‍ എന്നേക്കും ജീവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശവഴി
ക്രിസ്തുവില്‍ പങ്കുകാരായിത്തീര്‍ന്ന്,
ഞങ്ങള്‍ അങ്ങേ കാരുണ്യത്തിനായി
താഴ്മയോടെ കേണപേക്ഷിക്കുന്നു.
ഭൂമിയില്‍ അവിടത്തെ സാദൃശ്യത്തോട്
അനുരൂപരായിത്തീരാനും
സ്വര്‍ഗത്തില്‍ അവിടത്തെ
കൂട്ടവകാശികളായിത്തീരാനും
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisements

Leave a comment