ദിവ്യബലി വായനകൾ Monday of week 23 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 6/9/2021


Monday of week 23 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും
ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

കൊളോ 1:24-2:3
തലമുറകളായി നിഗൂഢമായിരിക്കുന്ന രഹസ്യം വെളിപ്പെടുത്തുവാന്‍ ഞാന്‍ സഭയിലെ ശുശ്രൂഷകനായി.

സഹോദരരേ, നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു. നിങ്ങള്‍ക്കുവേണ്ടി ദൈവം എന്നെ ഭരമേല്‍പിച്ച ദൗത്യം വഴി ഞാന്‍ സഭയിലെ ശുശ്രൂഷകനായി. ദൈവവചനം പൂര്‍ണമായി വെളിപ്പെടുത്തുക എന്നതായിരുന്നു ആ ദൗത്യം.
യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധര്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതുതന്നെ. അവനെയാണ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ മനുഷ്യരെയും ക്രിസ്തുവില്‍ പക്വത പ്രാപിച്ചവരാക്കാന്‍ വേണ്ടി ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു നല്‍കുകയും എല്ലാവരെയും സര്‍വവിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്രേ, അവന്‍ എന്നില്‍ ശക്തിയായി ഉണര്‍ത്തുന്ന ശക്തികൊണ്ടു ഞാന്‍ കഠിനമായി അധ്വാനിക്കുന്നത്.
നിങ്ങള്‍ക്കു വേണ്ടിയും ലവൊദീക്യായിലുള്ളവര്‍ക്കു വേണ്ടിയും എന്റെ മുഖം നേരിട്ടുകണ്ടിട്ടില്ലാത്ത അനേകര്‍ക്കു വേണ്ടിയും ഞാന്‍ എത്ര ശക്തമായി പോരാടുന്നെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. സ്‌നേഹത്താല്‍ പരസ്പരബദ്ധമായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസവും സുനിശ്ചിതമായ ബോധ്യത്തിന്റെ പൂര്‍ണസമ്പത്തും ദൈവത്തിന്റെ രഹസ്യമായ ക്രിസ്തുവിനെ കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികള്‍ അവനിലാണ് ഒളിഞ്ഞുകിടക്കുന്നത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 62:5-6,8

എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

ദൈവത്തില്‍ മാത്രമാണ് എനിക്കാശ്വാസം,
അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്.
അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും;
എനിക്കു കുലുക്കം തട്ടുകയില്ല.

എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

ജനമേ, എന്നും ദൈവത്തില്‍ ശരണംവയ്ക്കുവിന്‍,
അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍,
അവിടുന്നാണു നമ്മുടെ സങ്കേതം.

എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 6:6-11
സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഒരു സാബത്തില്‍ യേശു ഒരു സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലത്തുകൈ ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. നിയമജ്ഞരും ഫരിസേയരും യേശുവില്‍ കുറ്റമാരോപിക്കാന്‍ പഴുതുനോക്കി, സാബത്തില്‍ അവന്‍ രോഗ ശാന്തി നല്‍കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ് നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റുനിന്നു. യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്മചെയ്യുന്നതോ തിന്മ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം? അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കിക്കൊണ്ട് അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈ നീട്ടി. അതു സുഖപ്പെട്ടു. അവര്‍ രോഷാകുലരായി, യേശുവിനോട് എന്താണു ചെയ്യേണ്ടതെന്നു പരസ്പരം ആലോചിച്ചു..

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.


Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും
സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment