ദിവ്യബലി വായനകൾ Tuesday of week 28 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 12/10/2021


Tuesday of week 28 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും
ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും
സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍
ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റോമാ 1:16a-25
അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തിയില്ല.

സഹോദരരേ, സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്. അതില്‍, വിശ്വാസത്തില്‍ നിന്നു വിശ്വാസത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാന്‍ വിശ്വാസംവഴി ജീവിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും അനീതിക്കുമെതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു. അവര്‍ തങ്ങളുടെ അനീതിയില്‍ സത്യത്തെ തളച്ചിടുന്നു.
ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്. ലോകസൃഷ്ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല. അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെ യുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു. ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്മാരായിത്തീര്‍ന്നു. അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി. അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 19:1-2,3-4

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു.

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു;
വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു.

ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല.
എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:37-41
നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും.

അക്കാലത്ത്, യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ഫരിസേയന്‍ തന്റെകൂടെ ഭക്ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവന്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. ഭക്ഷണത്തിനു മുമ്പ് അവന്‍ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയന്‍ അദ്ഭുതപ്പെട്ടു. അപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്ടതയും കൊണ്ടു നിറഞ്ഞിരിക്കുന്നു. ഭോഷന്‍മാരേ, പുറം നിര്‍മിച്ചവന്‍ തന്നെയല്ലേ അകവും നിര്‍മിച്ചത്? നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ അര്‍പ്പണത്തോടൊപ്പം
വിശ്വാസികളുടെ പ്രാര്‍ഥനകളും സ്വീകരിക്കണമേ.
അങ്ങനെ, ഭക്തകൃത്യങ്ങളുടെ ഈ അനുഷ്ഠാനംവഴി
സ്വര്‍ഗീയ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 34:10

സമ്പന്നന്‍ ദാരിദ്ര്യവും വിശപ്പും അനുഭവിച്ചു;
എന്നാല്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്
ഒരു നന്മയ്ക്കും കുറവുണ്ടാവുകയില്ല.


Or:
1 യോഹ 3:2

കര്‍ത്താവ് പ്രത്യക്ഷനാകുമ്പോള്‍
നാം അവിടത്തെപ്പോലെ ആകും;
കാരണം, അവിടന്ന് ആയിരിക്കുന്നപോലെ നാം അവിടത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഏറ്റവും പരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ഭോജനത്താല്‍
അങ്ങ് ഞങ്ങളെ പരിപോഷിപ്പിക്കുന്നപോലെ,
ദിവ്യപ്രകൃതിയില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment