ദിവ്യബലി വായനകൾ Thursday of week 28 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 14/10/2021


Thursday of week 28 in Ordinary Time 
or Saint Callistus, Pope, Martyr 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും
ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും
സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍
ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റോമാ 3:21-30
നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നു.

സഹോദരരേ, നിയമവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്. എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി. അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്തുവഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു. വിശ്വാസം വഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചുതന്നു. അവിടുന്നു തന്റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്പോള്‍ തന്റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്. അതുകൊണ്ട്, നമ്മുടെ വന്‍പുപറച്ചില്‍ എവിടെ? അതിനു സ്ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്ഥാനത്തില്‍? പ്രവൃത്തികളുടെ അടിസ്ഥാനത്തിലോ? അല്ല, വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍. എന്തെന്നാല്‍, നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്. എന്തെന്നാല്‍, ദൈവം ഏകനാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 130:1b-2,3-4,5-6ab

കര്‍ത്താവ് കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.

കര്‍ത്താവേ, അഗാധത്തില്‍ നിന്നു
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
ചെവി ചായിച്ച് എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!

കര്‍ത്താവ് കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.

കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍
ആര്‍ക്കു നിലനില്‍ക്കാനാവും?
എന്നാല്‍, അങ്ങ് പാപം പൊറുക്കുന്നവനാണ്;
അതുകൊണ്ടു ഞങ്ങള്‍ അങ്ങേ മുന്‍പില്‍
ഭയഭക്തികളോടെ നില്‍ക്കുന്നു.

കര്‍ത്താവ് കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.

ഞാന്‍ കാത്തിരിക്കുന്നു,
എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു.
അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍
ആകാംക്ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ.

കര്‍ത്താവ് കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:47-54
ആബേല്‍ മുതല്‍ സഖറിയാവരെയുള്ളവരുടെ രക്തത്തിന് ഈ തലമുറ ഉത്തരം പറയേണ്ടിവരും.

അക്കാലത്ത്, യേശു അരുളിച്ചെയ്തു: ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്മാര്‍ വധിച്ച പ്രവാചകന്മാര്‍ക്കു നിങ്ങള്‍ കല്ലറകള്‍ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ സാക്ഷ്യവും അംഗീകാരവും നല്‍കുന്നു. എന്തെന്നാല്‍, അവര്‍ അവരെ കൊന്നു; നിങ്ങളോ അവര്‍ക്കു കല്ലറകള്‍ പണിയുന്നു. അതുകൊണ്ടാണ്, ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ഞാന്‍ അവരുടെ അടുത്തേക്കു പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും അയയ്ക്കും. അവരില്‍ ചിലരെ അവര്‍ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. ലോകാരംഭം മുതല്‍ ചൊരിയപ്പെട്ടിട്ടുള്ള സകല പ്രവാചകന്മാരുടെയും രക്തത്തിന് – ആബേല്‍ മുതല്‍, ബലിപീഠത്തിനും വിശുദ്ധ സ്ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ട സഖറിയാ വരെയുള്ളവരുടെ രക്തത്തിന് – ഈ തലമുറ ഉത്തരം പറയേണ്ടിവരും. അതേ, ഞാന്‍ പറയുന്നു, ഈ തലമുറയോട് അത് ആവശ്യപ്പെടും. നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു. അവന്‍ അവിടെ നിന്നു പോകവേ, നിയമജ്ഞരും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെപ്പറ്റി സംസാരിക്കാന്‍ അവനെ പ്രേരിപ്പിക്കുകയും അവന്‍ പറയുന്നതില്‍ എന്തെങ്കിലും തെറ്റു കണ്ടുപിടിക്കാന്‍ തക്കം നോക്കുകയും ചെയ്തു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ അര്‍പ്പണത്തോടൊപ്പം
വിശ്വാസികളുടെ പ്രാര്‍ഥനകളും സ്വീകരിക്കണമേ.
അങ്ങനെ, ഭക്തകൃത്യങ്ങളുടെ ഈ അനുഷ്ഠാനംവഴി
സ്വര്‍ഗീയ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:10

സമ്പന്നന്‍ ദാരിദ്ര്യവും വിശപ്പും അനുഭവിച്ചു;
എന്നാല്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്
ഒരു നന്മയ്ക്കും കുറവുണ്ടാവുകയില്ല.


Or:
1 യോഹ 3:2

കര്‍ത്താവ് പ്രത്യക്ഷനാകുമ്പോള്‍
നാം അവിടത്തെപ്പോലെ ആകും;
കാരണം, അവിടന്ന് ആയിരിക്കുന്നപോലെ നാം അവിടത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഏറ്റവും പരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ഭോജനത്താല്‍
അങ്ങ് ഞങ്ങളെ പരിപോഷിപ്പിക്കുന്നപോലെ,
ദിവ്യപ്രകൃതിയില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment