ദിവ്യബലിവായനകൾ The Immaculate Conception of the Blessed Virgin Mary – Solemnity 

08 Dec 2021

The Immaculate Conception of the Blessed Virgin Mary – Solemnity 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പരിശുദ്ധകന്യകയുടെ അമലോദ്ഭവംവഴി
അങ്ങേ പുത്രന് സമുചിതമായ വാസസ്ഥലം
അങ്ങ് സജ്ജമാക്കിയല്ലോ.
അങ്ങേ പുത്രന്റെ മരണം മുന്‍കൂട്ടി കണ്ടുകൊണ്ട്,
പരിശുദ്ധ കന്യകയെ എല്ലാ പാപക്കറകളിലും നിന്ന്
അങ്ങ് കാത്തുരക്ഷിച്ചു.
പരിശുദ്ധ കന്യകയുടെ മാധ്യസ്ഥ്യംവഴി,
ഞങ്ങളെയും നിര്‍മലരാക്കി,
അങ്ങിലേക്ക് എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 3:9-15,20
നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും.

ദൈവമായ കര്‍ത്താവ് പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്. അവിടുന്നു ചോദിച്ചു: നീ നഗ്‌നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു. ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു പറഞ്ഞു: ഇതുചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും. നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും.
ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 98:1bcde,2-3ab,3cd-4

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.

രണ്ടാം വായന

എഫേ 1:3-6,11-12b
ലോക സ്ഥാപനത്തിനു മുമ്പുതന്നെ ദൈവം നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു.


സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും
ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും
കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം
സ്തുതിക്കപ്പെട്ടവനാകട്ടെ!

തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും
നിഷ്‌കളങ്കരുമായിരിക്കാന്‍
ലോക സ്ഥാപനത്തിനു മുമ്പുതന്നെ
അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു.
യേശുക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി
ദത്തെടുക്കപ്പെടണമെന്ന്,
അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച്
മുന്‍കൂട്ടി തീരുമാനിച്ചു.

അവിടുന്ന് ഇപ്രകാരം ചെയ്തത്
തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞ
തന്റെ കൃപയുടെ മഹത്വത്തിനും പുകഴ്ചയ്ക്കും വേണ്ടിയാണ്.

തന്റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു
തന്റെ പദ്ധതിയനുസരിച്ച് അവനില്‍ നമ്മെ
മുന്‍കൂട്ടി തെരഞ്ഞെടുത്തു നിയോഗിച്ചു.
ഇത്, ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പിച്ച നാം
അവന്റെ മഹത്വത്തിനും സ്തുതിക്കും വേണ്ടി ജീവിക്കുന്നതിനാണ്.

സുവിശേഷ പ്രഘോഷണവാക്യം

സുവിശേഷം

ലൂക്കാ 1:26-38
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.

ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധ കന്യകമറിയത്തിന്റെ
അമലോദ്ഭവ മഹോത്സവത്തില്‍
ഞങ്ങളര്‍പ്പിക്കുന്ന രക്ഷാകരമായ ബലി,
കനിവോടെ സ്വീകരിക്കണമേ.
അങ്ങേ മുന്‍കൂട്ടിയുള്ള കൃപയാല്‍,
പരിശുദ്ധ കന്യക എല്ലാ പാപക്കറകളിലും നിന്ന്
ഒഴിവാക്കപ്പെട്ടുവെന്നു പ്രഖ്യാപിക്കുന്ന ഞങ്ങളും
പരിശുദ്ധ കന്യകയുടെ മാധ്യസ്ഥ്യംവഴി,
എല്ലാ പാപങ്ങളിലും നിന്ന് വിമുക്തരാകാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

പരിശുദ്ധമറിയമേ, അങ്ങയെക്കുറിച്ച്
മഹത്തായ കാര്യങ്ങള്‍ അരുള്‍ചെയ്തിരിക്കുന്നു;
എന്തെന്നാല്‍, അങ്ങില്‍നിന്ന്
ഞങ്ങളുടെ ദൈവവും നീതിസൂര്യനുമായ ക്രിസ്തു ഉദയംചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
പരിശുദ്ധയായ കന്യകമറിയത്തിന്റെ പാപരഹിതമായ ഉദ്ഭവം
അങ്ങ് സവിശേഷമായി സംരക്ഷിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച കൂദാശ
ഞങ്ങളിലെ പാപത്തിന്റെ മുറിവുകള്‍ സുഖപ്പെടുത്തുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Advertisements
Advertisements

Leave a comment