March Devotion, March 12

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പന്ത്രണ്ടാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

“ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു”
(ലൂക്കാ 1:27).

കഷ്ടങ്ങളില്‍ ആലംബമായ വിശുദ്ധ യൗസേപ്പ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വി. യൗസേപ്പിനെ തിരുസഭയുടെ സംരക്ഷകന്‍ എന്നു വിളിക്കുന്നതിനു കാരണമുണ്ട്. തിരുസഭയുടെ ആരംഭമെന്ന് പറയുന്നത് അതിന്‍റെ ആദ്യ പ്രതിരൂപമായ തിരുക്കുടുംബത്തിലാണല്ലോ. അദ്ദേഹം തിരുക്കുടുംബത്തിന്‍റെ സംരക്ഷകനായിരുന്നു എന്ന കാരണത്താല്‍ തന്നെ സാര്‍വത്രിക സഭയുടെയും സംരക്ഷകനാണ്. വന്ദ്യപിതാവ്‌ അദ്ദേഹത്തിന്‍റെ നെറ്റിയിലെ വിയര്‍പ്പു കൊണ്ട്, പരിശുദ്ധ കന്യകാമറിയത്തിനെയും ദിവ്യശിശുവിനെയും സംരക്ഷിച്ചു പോന്നു. കൂടാതെ ഉണ്ണിമിശിഹായുടെ ജീവന്‍ അപകടത്തിലായിട്ടുള്ള സന്ദര്‍ഭങ്ങളില്‍ പിതൃസഹജമായ വാത്സല്യ സ്നേഹാദരങ്ങളോടെ വി. യൗസേപ്പ് ദൈവകുമാരനെ സംരക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തി.

ഈശോമിശിഹായുടെ ജനനാവസരത്തില്‍, ദിവ്യശിശുവിനു വേണ്ട എല്ലാ സംരക്ഷണവും ദരിദ്രനായ വിശുദ്ധ യൗസേപ്പ് തന്‍റെ കഴിവിന്‍റെ പരമാവധി നിര്‍വഹിച്ചു. ഹേറോദേസ് ദൈവകുമാരനെ ഭീഷണിപ്പെടുത്തിയപ്പോള്‍ വത്സല പിതാവ് തീക്ഷ്ണതയോടും ആത്മാര്‍പ്പണത്തോടും കൂടിയാണ് ഈജിപ്തിലേക്ക് പ്രയാണം ആരംഭിക്കുന്നത്. മാര്‍ഗ്ഗമദ്ധ്യേ പല അപകടങ്ങളും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ടായിരുന്നു.

ഈജിപ്തിലെ പ്രവാസകാലം ദുരിത പൂര്‍ണ്ണമായിരിന്നു. അജ്ഞാതമായ സ്ഥലത്ത് അവിശ്വാസികളുടെ മദ്ധ്യത്തിലാണ് തിരുക്കുടുംബം ജീവിതം നയിക്കേണ്ടിവന്നത്. പ്രസ്തുത സന്ദര്‍ഭങ്ങളിലെല്ലാം വിശുദ്ധ യൗസേപ്പിന്‍റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ ദിവ്യശിശുവിന്‍റെ ജീവിതം സുരക്ഷിതമാക്കിത്തീര്‍ത്തു. ഈജിപ്തില്‍ നിന്നുള്ള പ്രത്യാഗമനത്തിനു, പരമദുഷ്ടനായ അര്‍ക്കലാവോസ് ഹേറോസെസിന്‍റെ സ്ഥാനത്ത് ഭരണസാരഥ്യം വഹിക്കുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം അസ്വസ്ഥതനായി. ദൈവദൂതന്‍റെ പ്രത്യേക നിര്‍ദ്ദേശാനുസരണം അദ്ദേഹം നസ്രസില്‍ പോയി വസിക്കുകയാണ് ചെയ്തത്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഈശോയെ ദൈവാലയത്തില്‍ വച്ച് കാണാതായ അവസരത്തില്‍ വന്ദ്യപിതാവ്‌ ദുഃഖത്തോടുകൂടി അന്വേഷിച്ചതായി പ. കന്യക തന്നെ പ്രസ്താവിക്കുന്നു (വി. ലൂക്കാ. 2). നസ്രസിലെ അവസാന കാലത്തും വിശുദ്ധ യൗസേപ്പ് തിരുക്കുടുംബത്തിന്‍റെ എല്ലാവിധമായ സുരക്ഷിതത്വത്തിലും ദത്തശ്രദ്ധനായിരുന്നുയെന്ന് അനുമാനിക്കാം.

വിശുദ്ധ യൗസേപ്പിന്‍റെ പൈതൃക പരിലാളന ഇന്നു തിരുസഭയ്ക്കും ഉണ്ടെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം തിരുക്കുടുംബത്തിന്‍റെ നാഥനായിരുന്നതുപോലെ ഇന്ന് മിശിഹായുടെ മൗതികശരീരമായ തിരുസഭയുടെ സുരക്ഷിതത്തിലും സുസ്ഥിതിയിലും പുരോഗമനത്തിലും വളര്‍ച്ചയിലും കാതലായ പങ്ക് വഹിക്കുന്നുണ്ട്. തിരുസഭാ ചരിത്രം അതിനുള്ള തെളിവുകള്‍ നല്‍കുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ്, വി. യൗസേപ്പിന്‍റെ സംരക്ഷണയ്ക്കാണ് സമര്‍പ്പിച്ചത്.

സംഭവം
🔶🔶🔶

1750-ല്‍ ഫ്രാന്‍സില്‍ ഒരു വലിയ യുദ്ധമുണ്ടായി. മെറ്റ്സ് പട്ടണം ശത്രുക്കള്‍ വളഞ്ഞു. ഏറ്റവുമധികം കഷ്ടപ്പടുണ്ടായത് മെറ്റ്സ് പട്ടണത്തിലെ ഒരു കന്യകാലയത്തിനാണ്. പട്ടാളക്കാരെ പാര്‍പ്പിക്കാന്‍ വേണ്ടി തങ്ങളുടെ മഠവും സ്തുത്യര്‍ഹമായ നിലയില്‍ നടത്തിയിരുന്ന സ്ക്കൂളും അവര്‍ക്ക് വിട്ടൊഴിയേണ്ടി വന്നു. സ്വന്തം വസതി വെടിഞ്ഞ അവര്‍ പിന്നീട് താമസിച്ചത് നേരത്തെ പട്ടാളക്കാര്‍ ഉപേക്ഷിച്ചിട്ടു പോയ ഒരു ഗാരേജിലാണ്. ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ലഭിക്കാനുള്ള ബുദ്ധിമുട്ട് നിമിത്തം സന്യാസസഭ തന്നെ നിറുത്തിക്കളയേണ്ട പരിസ്ഥിതി പോലും അവര്‍ക്കുണ്ടായി. എങ്കിലും ആവശ്യ സമയങ്ങളില്‍ ആര്‍ക്കും സഹായമരുളുന്ന മാര്‍യൗസേപ്പിന്‍റെ സന്നിധിയില്‍ അവര്‍ കൂട്ടപ്രാര്‍ത്ഥന നടത്തി.

തിരുക്കുടുംബത്തിന്‍റെ പാലകനായ യൗസേപ്പ് അവരെ കാരുണ്യപൂര്‍വ്വം കടാക്ഷിച്ചു. കന്യകമാര്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്ന്‍ 31 മൈല്‍ അകലെയുള്ള യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ഒരു ഇടവകപ്പള്ളിയിലുള്ള ജനങ്ങള്‍ ഈ കന്യാസ്ത്രീമാരുടെ കഷ്ടപ്പാടുകള്‍ അറിയുകയും പിരിവെടുത്ത് അവര്‍ക്ക് ആവശ്യമായ സഹായം എത്തിച്ചുകൊടുക്കുവാന്‍ മുന്നോട്ട് വരികയും ചെയ്തു. യുദ്ധം കഴിഞ്ഞ് പടയാളികള്‍ മഠവും സ്കൂളും വിട്ടൊഴിയുന്നത് വരെ യൗസേപ്പിതാവിന്‍റെ ഭക്തദാസികളായ ആ കന്യകമാര്‍ കഴിഞ്ഞു കൂടിയത് ആ വിശുദ്ധ പിതാവിന്‍റെ നാമധേയത്തിലുള്ള ഇടവകയിലെ ജനങ്ങളുടെ ഔദാര്യപൂര്‍ണ്ണമായ സംരക്ഷണയിലാണ്.

ജപം
🔶🔶

തിരുക്കുടുംബത്തിന്‍റെ പാലകനായ വി. യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ദിവ്യശിശുവിനെ സംരക്ഷിച്ചു. ഇന്ന് മിശിഹായുടെ മൗതികശരീരമായ തിരുസഭയ്ക്ക് അനേകം അപകടങ്ങളേയും ഭീഷണികളേയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. അവയെ എല്ലാം വിജയപൂര്‍വ്വം തരണം ചെയ്യുവാനും ദൈവജനത്തെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിലേക്ക് സുരക്ഷിതരായി നയിക്കുവാനും വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനോട് അപേക്ഷിച്ചു നല്‍കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,

( മിശിഹായെ… )

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

( ഞങ്ങളെ അനുഗ്രഹിക്കണമേ )

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶
തിരുസഭയുടെ പാലകാ, ദൈവജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

⚜️⚜️⚜️⚜️ March 1️⃣2️⃣⚜️⚜️⚜️⚜️
വിശുദ്ധ സെറാഫിന
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1523-ല്‍ ടസ്കാനിയിലെ പുരാതന നഗരമായിരുന്ന ജെമിനിയാനോയില്‍, വിശുദ്ധ സെറാഫിന ജനിച്ചത്. അവളെ ‘ഫിനാ’ യെന്നും വിളിച്ചിരിന്നു. വിശുദ്ധയുടെ ഓര്‍മ്മകളാല്‍ ധന്യമാക്കപ്പെട്ട സ്ഥലമാണ് ജെമിനിയാനോ നഗരം. അവളുടെ ഓര്‍മ്മപുതുക്കല്‍ ‘സാന്താ ഫിനാ’ എന്ന പേരില്‍ ആഘോഷിച്ചു വരുന്നു. വളരെ നല്ലരീതിയില്‍ ജീവിച്ചതിനു ശേഷം ദാരിദ്ര്യത്തിലേക്ക് വഴുതി വീണ ദമ്പതികളായിരുന്നു വിശുദ്ധയുടെ മാതാപിതാക്കള്‍. കാഴ്ചക്ക്‌ വളരെ മനോഹരിയായിരുന്നു വിശുദ്ധ സെറാഫിനാ. വളരെ ദാരിദ്ര്യത്തിലായിരുന്നു അവര്‍ ജീവിച്ചിരുന്നതെങ്കിലും അവള്‍ എപ്പോഴും തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്കായി ദാനം ചെയ്യുക പതിവായിരുന്നു.

അവള്‍ തന്റെ ഭവനത്തില്‍ സന്യാസപരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. പകല്‍ മുഴുവന്‍ നൂല്‍ നൂല്‍പ്പും, തുന്നല്‍പ്പണികളും, രാത്രിയുടെ ഭൂരിഭാഗം പ്രാര്‍ത്ഥനയിലുമാണ് അവള്‍ ചിലവഴിച്ചിരുന്നത്. അവള്‍ യുവതിയായിരിക്കെ തന്നെ അവളുടെ പിതാവ്‌ മരണപ്പെട്ടു. അധികം നാള്‍ കഴിയുന്നതിനു മുന്‍പ്‌ തന്നെ അവളുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് അവള്‍ മാരകമായ രോഗത്തിനടിമയായി. അവളുടെ കൈകളും, കാലുകളും, നേത്രങ്ങളും, പാദങ്ങളും, മറ്റുള്ള ആന്തരീകാവയവങ്ങളും മരവിച്ചു തളര്‍വാതം പിടിച്ചതുപോലെയായി.

സെറാഫിനയുടെ രൂപ ഭംഗിയും, ആകര്‍ഷകത്വവും നഷ്ടപ്പെടുകയും, കാഴ്ചക്ക്‌ വളരെ വിരൂപയായ ഒരു സ്ത്രീയായി തീരുകയും ചെയ്തു. കര്‍ത്താവിന്റെ കുരിശിലെ സഹനങ്ങളെപോലെ സഹനമനുഭവിക്കുവാനുള്ള ആഗ്രഹത്താല്‍ ആറു വര്‍ഷത്തോളം അവള്‍ ഒരു മരപലകയില്‍ അനങ്ങുവാനും, തിരിയുവാനും കഴിയാതെ ഒരേ അവസ്ഥയില്‍ തന്നെ കിടന്നു. ജോലി ചെയ്യുവാനും, യാചിക്കുവാനുമായി അവളുടെ മാതാവ്‌ മണിക്കൂറുകളോളം അവളെ ഒറ്റക്കാക്കി പോകുമായിരുന്നു. എന്നിരുന്നാലും അവള്‍ യാതൊരു പരാതിയും പറഞ്ഞിരുന്നില്ല. കഠിനമായ വേദനകള്‍ സഹിക്കുമ്പോഴും അവള്‍ തന്റെ കണ്ണുകള്‍ ക്രൂശിത രൂപത്തില്‍ ഉറപ്പിച്ചുകൊണ്ടു വളരെ ശാന്തതയോടെ കിടക്കുകയും “എന്റെ വേദനകളല്ല യേശുവേ, നീന്നെ കാണാനുള്ള ആഗ്രഹമാണ് എന്നെ വേദനിപ്പിക്കുന്നത്” എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു.

അങ്ങിനെയിരിക്കെ പുതിയൊരു പ്രശ്നം അവളുടെ ജീവിതത്തിലേക്ക്‌ ഇടിത്തീപോലെ കടന്നുവന്നു. വിശുദ്ധയേ പൂര്‍ണ്ണമായും തനിച്ചാക്കികൊണ്ട് അവളുടെ അമ്മ മരണപ്പെട്ടു. ബെല്‍ദിയാ എന്ന് പേരായ തന്റെ വിശ്വസ്തയായ ഒരു കൂട്ടുകാരി ഒഴികെ അവള്‍ പൂര്‍ണ്ണമായും സമൂഹത്തില്‍ അവഗണിക്കപ്പെടുകയും അധികം നാള്‍ ജീവിച്ചിരിക്കുകയില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാകുകയും ചെയ്തു. ദരിദ്രരായ അയല്‍ക്കാരുടെ സന്ദര്‍ശനങ്ങള്‍ വല്ലപ്പോഴുമൊരിക്കലായി ചുരുങ്ങി. അങ്ങനെയിരിക്കേ ആരോ അവളോടു മഹാനായ വിശുദ്ധ ഗ്രിഗറിയേകുറിച്ചും അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ചും പറഞ്ഞു.

ഇത് അവളില്‍ അദ്ദേഹത്തെ പ്രതി ഒരു പ്രത്യേക ബഹുമാനം ഉളവാക്കുന്നതിന് കാരണമായി. ദൈവത്തിന്റെ ഇടപെടല്‍ കൊണ്ട് നിരവധി അസുഖങ്ങളാല്‍ പരീക്ഷിക്കപ്പെട്ട വിശുദ്ധ ഗ്രിഗറിയേപ്പോലെ താനും തന്റെ സഹനങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുമെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. അവളുടെ മരണത്തിന് എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ്‌ അവളെ ശ്രദ്ധിക്കുവാന്‍ ആരുമില്ലാതെ തനിച്ച് കിടക്കുന്ന അവസരത്തില്‍ വിശുദ്ധ ഗ്രിഗറി അവള്‍ക്ക്‌ ദര്‍ശനം നല്‍കികൊണ്ട് ഇങ്ങനെ പറഞ്ഞു “പ്രിയപ്പെട്ട മകളേ, എന്റെ തിരുനാള്‍ ദിവസം നിനക്ക്, ദൈവം വിശ്രമം തരും.” വിശുദ്ധന്‍റെ വാക്കുകള്‍ പോലെ അവള്‍ തിരുനാള്‍ ദിവസം ലോകത്തോട് വിടപറഞ്ഞു.

അന്ത്യകര്‍മ്മങ്ങള്‍ക്കായി അവളുടെ മൃതദേഹം കിടത്തിയിരുന്ന പലകയില്‍ നിന്നും അത് മാറ്റിയപ്പോള്‍ അഴുകിയ ആ പലക വെള്ള ലില്ലി പുഷ്പങ്ങളാല്‍ അലംകൃതമായിരിക്കുന്നതായി കാണപ്പെട്ടു. മുഴുവന്‍ നഗരവാസികളും അവളുടെ അന്ത്യകര്‍മ്മത്തില്‍ പങ്കെടുത്തു. അവളുടെ മധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നതായും പറയപ്പെടുന്നു. സെറാഫിനാ മരിച്ചു കിടന്ന അവസരത്തില്‍ അവള്‍ തന്റെ കരം ഉയര്‍ത്തി കൂട്ടുകാരിയായിരുന്ന ബെല്‍ദിയായേ ആലിംഗനം ചെയ്യുകയും അവളുടെ മുറിവേറ്റ കരം സുഖപ്പെടുത്തിയതായും പറയപ്പെടുന്നു. വിശുദ്ധയുടെ തിരുനാള്‍ ദിനമായ മാര്‍ച്ച് 12നോടടുത്ത് പുഷ്പിക്കുന്ന വെള്ള ലില്ലിപുഷ്പങ്ങളെ ജെര്‍മാനിയോയിലെ കര്‍ഷകര്‍ സാന്താ ഫിനായുടെ പുഷ്പങ്ങളെന്നാണ് ഇപ്പോഴും വിളിക്കുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. കാരിനോളായിലെ ബര്‍ണാര്‍ഡ്

2. നിക്കോമേഡിയായിലെ എഗ്ഡൂനൂസും കൂട്ടരും

3. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എല്‍ഫെജ്ജ് സീനിയര്‍

4. റോമന്‍ രക്തസാക്ഷിയായ മമീലിയന്‍ (മാക്സിമീലിയന്‍)

5. നിമീഡിയായിലെ മാക്സിമീലിയന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

✝️10 പ്രമാണങ്ങളുടെ ലംഘനത്തെ കുറിച്ച്‌ അക്കീത്തയില്‍ മാതാവ് പറഞ്ഞതെന്ത്?
💖〰️〰️🔥✝️✝️🔥〰️〰️💖

💫പരിശുദ്ധ മറിയത്തിന്റെ അക്കിത്തായിലെ പ്രത്യക്ഷീകരണങ്ങളിൽ 10 പ്രമാണങ്ങളുടെ ലംഘനം ഈ ആധുനിക യുഗത്തിൽ പുതിയ രീതികളിൽ പുരോഗമിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു.

💫ഒന്നാം പ്രമാണ ലംഘനം ദൈവത്തെക്കാൾ കൂടുതലായി മറ്റെന്തിനെങ്കിലും സ്ഥാനം നൽകലാണ്. വിഗ്രഹാരാധന,സാത്താൻ സേവ,ജ്യോതിഷം തുടങ്ങിയവ കൂടാതെ പണം, അധികാരക്കൊതി, ശരീരസംരക്ഷണം തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കൊടുക്കൽ, അക്രൈസ്തവ ആരാധനയിൽ പങ്കെടുക്കൽ, അവയുടെ മാതൃക സഭയിലേക്ക് കൊണ്ടുവരൽ ഇവയും ഈ പ്രമാണ ലംഘനങ്ങളിൽ പെടുന്നു.

💫രണ്ടാം പ്രമാണ ലംഘനം ദൈവത്തിന്റെ നാമത്തിന്റെ ദുരുപയോഗമാണ്. ദൈവദൂഷണം, ദൈവവചനങ്ങൾ വികലമായി വ്യാഖ്യാനിക്കൽ, ദൈവത്തെ കളിയാക്കുന്ന സിനിമകൾ, കോമഡികൾ തുടങ്ങിയവയുടെ ആസ്വാദനം തുടങ്ങിയവയും ഉൾപ്പെടുന്നു.

💫മൂന്നാം പ്രമാണ ലംഘനം കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കാതെ വിനോദ ദിനം ആക്കി മാറ്റുന്നതും അനാവശ്യ ജോലികൾ ചെയ്തു സമയം നഷ്ടപ്പെടുത്തുന്നതും ഉൾപ്പെടുന്നു.

💫പിന്നെ അക്കിത്ത മാതാവ് അഞ്ചാം പ്രമാണ ലംഘനത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അബോർഷൻ എന്ന മാരകപാപം ഒരു സാധാരണ കാര്യമായി മാറിയ ആധുനിക ലോകത്തിന്റെ അവസ്ഥ ഓർത്ത് വിലപിക്കേണ്ടതാണെന്ന് പരിശുദ്ധ അമ്മ പറയുന്നു.

💫ആറാം പ്രമാണ ലംഘനം ആണ് ഏറ്റവും കൂടുതൽ ആത്മാക്കളെ നരകത്തിലേക്ക് അയക്കുന്നത്. വ്യഭിചാരം, സ്വവർഗ്ഗഭോഗം തുടങ്ങിയവ നിയമവിധേയമാക്കുന്ന രാജ്യങ്ങളെ ദൈവകോപം കാത്തിരിക്കുന്നു.വിശുദ്ധിയും അച്ചടക്കവും ലോകത്തു നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു.വിവാഹമോചനം വളരെയധികം വർദ്ധിച്ചിരിക്കുന്നു. നിസ്സാരകാര്യങ്ങൾക്ക് വിവാഹമോചനം നടത്തലും പുനർവിവാഹവും വിവാഹേതരബന്ധങ്ങളും ആറാം പ്രമാണ ലംഘനം തന്നെയാണ്.

💫ദൈവം നൽകിയ പത്ത് പ്രമാണങ്ങളും പാലിക്കേണ്ടതും പാലിക്കാൻ പുതുതലമുറയെ പഠിപ്പിക്കേണ്ടതുമാണ്. പക്ഷേ, നേർവിപരീതമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ലംഘനങ്ങൾ മൂലം ആസന്നമായിരിക്കുന്ന ദൈവ കോപത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രാർത്ഥനയും പ്രായശ്ചിത്തവും മാത്രമാണ് പോംവഴി.

✝️അക്കിത്ത പ്രാർത്ഥന

💫ഏറ്റവും പരിശുദ്ധമായ ഈശോയുടെ തിരുഹൃദയമേ, അങ്ങ് പരിശുദ്ധ കുർബാനയിൽ സത്യമായും എഴുന്നള്ളിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുകയും എന്റെ ശരീരവും ആത്മാവും അങ്ങേയ്ക്ക് പൂർണ്ണമായി സമർപ്പിക്കുകയും ചെയ്യുന്നു. ലോകം മുഴുവനുമുള്ള അൾത്താരകളിൽ ബലി അർപ്പിക്കപ്പെടുന്ന അങ്ങേ ഹൃദയവും പിതാവായ ദൈവവും മഹത്വപ്പെടട്ടെ.അങ്ങേ രാജ്യം വരണമേ. എന്റെ ഈ എളിയ സമർപ്പണം സ്വീകരിക്കണമേ. അങ്ങയുടെ ഹിതം പോലെ പിതാവായ ദൈവത്തിന്റെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ആയി എന്നെ ഉപയോഗിച്ചാലും. എത്രയും പരിശുദ്ധ മറിയമേ,ദൈവത്തിന്റെ അമ്മേ, അങ്ങേ തിരുസുതനിൽ നിന്നും ഞാൻ വേർപെടുവാൻ ഒരിക്കലും ഇടയാകരുതേ.. എന്നെ അങ്ങയുടെ അരുമ സുതനായി സ്വീകരിച്ച് സംരക്ഷിക്കേണമേ.

ആമേൻ.


🌹പരിശുദ്ധ ജപമാലസഖ്യം.

💖〰️〰️🔥✝️✝️🔥〰️〰️💖

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്.. (ലൂക്കാ :19/10)

എന്റെ സ്നേഹ ദൈവമേ.. അനുഗ്രഹീതമായ ഈ പുതിയ പ്രഭാതത്തിലേക്കും.. സകലത്തെയും നവീകരിക്കുന്ന അങ്ങയുടെ പുതിയ സ്നേഹത്തിലേക്കും അളവറ്റ കരുണയോടെയും കരുതലോടെയും ഞങ്ങളെ വിളിച്ചുണർത്തിയതിനു നന്ദി..ജീവിതത്തിൽ പലപ്പോഴും ദൈവത്തോടും.. വ്യക്തികളോടുമുള്ള ഹൃദയബന്ധങ്ങളിൽ അകലം സൃഷ്ടിക്കുന്നത് സ്നേഹരാഹിത്യമല്ല.. ഞങ്ങളിലുള്ള അഹംഭാവമാണ്.. ഞാനിത്രയും പ്രാർത്ഥിച്ചിട്ടും.. വിശ്വസിച്ചിട്ടും എന്നെ പരിഗണിച്ചില്ലല്ലോ എന്നു ദൈവത്തോടും..ഞാനിത്രത്തോളം സ്നേഹിച്ചിട്ടും.. നിങ്ങൾക്കു വേണ്ടി ഇത്രയധികം പ്രവർത്തിച്ചിട്ടും എന്നോട് ഇങ്ങനെ ചെയ്തല്ലോ എന്നു ചുറ്റുമുള്ളവരോടും ആവലാതിപ്പെടുന്നതിനു പകരം എന്നെ ഇത്രയധികം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന നിങ്ങൾക്കു വേണ്ടി ഇത്രയുമല്ലേ എനിക്കു ചെയ്യാൻ കഴിഞ്ഞുള്ളു എന്ന മനോഭാവത്തോടെ പറയാനും പ്രവർത്തിക്കാനും കഴിയാതെ പോകുന്നതാണ് ഞങ്ങളുടെ ഹൃദയബന്ധങ്ങളെ ബന്ധനമാക്കി തീർക്കുന്നത്..

സ്നേഹ നാഥാ.. ഞങ്ങളുടെ സ്വാർത്ഥ ചിന്തകളിൽ നിന്നും അകന്നു മാറി കൂടുതൽ ലാളിത്യം ശീലിക്കാനും.. മറ്റുള്ളവരോട് അനുകമ്പയോടും ഹൃദയാർദ്രതയോടും കൂടെ പെരുമാറാനുമുള്ള വിവേകവും വിജ്ഞാനവും നൽകിയനുഗ്രഹിക്കേണമേ.. വിദ്വേഷം നിറയ്ക്കുന്ന വാക്കുകളിലൂടെയും.. പൊള്ളയായ വാഗ്ദാനങ്ങളിലൂടെയും..അശുഭകരമായ ചെയ്തികളിലൂടെയും പരസ്പരം മുറിപ്പെടുത്താതെ..ഞങ്ങൾക്കു ചുറ്റുമുള്ളവരെ ഞങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതാനും.. വിലമതിക്കാനുമുള്ള കൃപാവരത്താൽ ഞങ്ങളെ സമ്പന്നരാക്കുകയും ചെയ്യണമേ..

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ.. ഞങ്ങളുടെ സ്നേഹമായിരിക്കേണമേ.. ആമേൻ .

Advertisements

ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ട ണത്തില്‍ പോയി, അവിടെ ഒരു വര്‍ഷം താമസിച്ച്‌, വ്യാപാരം ചെയ്‌തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട്‌ ഒന്നു പറയട്ടെ.
യാക്കോബ്‌ 4 : 13


നാളത്തെനിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്‍പനേരത്തേക്കു പ്രത്യക്‌ഷപ്പെടുകയും അതിനുശേഷം അപ്രത്യക്‌ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.
യാക്കോബ്‌ 4 : 14


നിങ്ങള്‍ ഇങ്ങനെയാണ്‌ പറയേണ്ടത്‌: കര്‍ത്താവു മനസ്‌സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയുംയഥായുക്‌തം പ്രവര്‍ത്തിക്കുകയും ചെയ്യും.
യാക്കോബ്‌ 4 : 15


നിങ്ങളോ, ഇപ്പോള്‍ വ്യര്‍ഥ ഭാഷണത്താല്‍ ആത്‌മപ്രശംസ ചെയ്യുന്നു. ഇപ്രകാരമുള്ള ആത്‌മപ്രശംസ തിന്‍മയാണ്‌.
യാക്കോബ്‌ 4 : 16

ചെയ്യേണ്ട നന്‍മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു.
യാക്കോബ്‌ 4 : 17

വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും.
ജ്‌ഞാനം 6 : 10

ദൈവവചനം ആദരിക്കുന്നവന്‍ഉത്‌കര്‍ഷം നേടും;
കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
ഹൃദയത്തില്‍ ജ്‌ഞാനമുള്ളവന്‍വിവേകിയെന്ന്‌ അറിയപ്പെടുന്നു.
ഹൃദ്യമായ ഭാഷണം കൂടുതല്‍അനുനയിപ്പിക്കുന്നു.
വിവേകം ലഭിച്ചവന്‌ അതു ജീവന്റെ ഉറവയാണ്‌;
ഭോഷത്തം ഭോഷനുള്ള ശിക്‌ഷയത്ര.
വിവേകിയുടെ മനസ്‌സ്‌ വാക്കുകളെയുക്‌തിയുക്‌തമാക്കുന്നു;
അങ്ങനെ അതിനു പ്രേരകശക്‌തിവര്‍ധിക്കുന്നു.
ഹൃദ്യമായ വാക്കു തേനറപോലെയാണ്‌;
അത്‌ ആത്‌മാവിനു മധുരവും
ശരീരത്തിന്‌ ആരോഗ്യപ്രദവുമാണ്‌.
സുഭാഷിതങ്ങള്‍ 16 : 20-24

Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s