നോമ്പുകാല വചനതീർത്ഥാടനം 18

നോമ്പുകാല വചനതീർത്ഥാടനം – 18

വി. യാക്കോബ് 3 : 2
” സംസാരത്തിൽ തെറ്റു വരുത്താത്ത ഏവനും പൂർണ്ണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും”

ഭൂമിയിൽ മനുഷ്യരായ നമുക്കു മാത്രമായി ലഭിച്ചിരിക്കുന്ന സവിശേഷമായ ഒരു മഹദ് ദാനമാണ് സംസാരശേഷി. നമ്മുടെ വായിൽനിന്നു പുറപ്പെടുന്ന വാക്കുകൾ നമ്മൾ സ്വന്തമാക്കിയിരിക്കുന്ന സംസ്ക്കാരത്തിന്റെ സൗരഭ്യമോ സംസ്ക്കാരരാഹിത്യത്തിന്റെ ദുർഗന്ധമോ പുരണ്ടതായിരിക്കും. അതുകൊണ്ട് നമ്മുടെ നാവിനെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. നാവിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും അതിന്റെ ദുരുപയോഗം വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ചും ദൈവഭക്തരായ യഹൂദ ക്രിസ്ത്യാനികൾക്ക് വി. യാക്കോബ് ശ്ലീഹ പ്രായോഗികമായ ചില നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകുന്നതാണു സന്ദർഭം. ദൈവഭക്തിയുടെ മാനദണ്ഡമായാണ് നാവിന്റെ നിയന്ത്രണത്തെ ശ്ലീഹ കാണുന്നത്. നാവിനെ നിയന്ത്രിക്കാതിരിക്കുന്നത് ഹൃദയത്തെ വഞ്ചിക്കലാണെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവരുടെ ഭക്തി വ്യർത്ഥമാണെന്നും , സംസാരത്തിൽ തെറ്റ് വരുത്താത്തവനു മാത്രമേ പൂർണ്ണമനുഷ്യനാകുവാൻ കഴിയുകയുള്ളുവെന്നും ഒരു മുന്നറിയിപ്പെന്നോണം അദ്ദേഹം പറയുന്നു. കുതിരയുടെ കടിഞ്ഞാണും കപ്പലിന്റെ ചുക്കാനും ചെറുതെങ്കിലും അവകൊണ്ട് രണ്ടും നിയന്ത്രിക്കപ്പെടുന്നതുപോലെ ചെറിയ അവയവമായ നാവിനെക്കൊണ്ട് നമ്മുടെ ശരീരത്തെ നയിക്കാനും നിയന്ത്രിക്കാനും കഴിയും.
നന്നായി അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടുന്നതാണ് ആകർഷകമായ വ്യക്തിത്വത്തിന്റെ അടയാളമായി പലരും കരുതുന്നത്. എന്നാൽ, വാക്കുകളുടെ ഔചിത്യമാർന്ന പ്രയോഗമാണ് നമ്മുടെ വ്യക്തിത്വത്തെ അന്തസ്സുള്ളതാക്കിത്തീർക്കുന്നത്. ഹൃദ്യമായ സംസാരത്തിലൂടെയാണ് മറ്റുളളവരെ വശീകരിക്കുവാൻ കഴിയുന്നത്. വാക്കിന് അത്രമാത്രം മാന്ത്രിക ശക്തിയാണുള്ളത്. സംസ്ക്കാരദീപ്തമായ ഹൃദയത്തിൽനിന്നേ സംസ്ക്കാരസുരഭിലമായ വാക്കു ജനിക്കൂ . അത് മറ്റുള്ളവരെ നമ്മുടെ വ്യക്തിത്വത്തിന്റെ കാന്തവലയത്തിലേക്ക് ആകർഷിക്കുകയും നമ്മെ ആദരീണയരാക്കിത്തീർക്കുകയും ചെയ്യുന്നു. ഈ നോമ്പുകാലം അമാന്യമായ നമ്മുടെ സംസാരരീതികളെ പരിഹരിക്കുന്നതിനുള്ള കാലയളവായി പ്രയോജനപ്പെടുത്താം.

ഫാ. ആന്റണി പൂതവേലിൽ
19.03.2022.

Advertisements

Leave a comment