3rd Sunday of Lent – Proper Readings, readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥
20 Mar 2022
3rd Sunday of Lent – Proper Readings 
(see also The Samaritan Woman)

Liturgical Colour: Violet.

പ്രവേശകപ്രഭണിതം
cf. സങ്കീ 25:15-16

എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിലേക്ക് തിരിഞ്ഞിരിക്കുന്നു.
എന്തെന്നാല്‍, അവിടന്ന് എന്റെ പാദങ്ങള്‍
കെണിയില്‍നിന്നു വിടുവിക്കും.
എന്നെ കടാക്ഷിക്കുകയും എന്നില്‍ കനിയുകയും ചെയ്യണമേ.
എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്.


Or:
cf. എസെ 36:23-26

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങളില്‍ ഞാന്‍ സംപൂജിതനാകുമ്പോള്‍
ഞാന്‍ നിങ്ങളെ സര്‍വദേശങ്ങളിലും നിന്ന് ഒരുമിച്ചുകൂട്ടും.
നിങ്ങളുടെ മേല്‍ ഞാന്‍ ശുദ്ധജലം തളിക്കുകയും
നിങ്ങളുടെ സകലമാലിന്യങ്ങളിലും നിന്ന്
നിങ്ങള്‍ സംശുദ്ധരാക്കപ്പെടുകയും ചെയ്യും.
ഞാന്‍ നിങ്ങള്‍ക്ക് നവചൈതന്യം നല്കും.

സമിതിപ്രാര്‍ത്ഥന

സര്‍വകാരുണ്യത്തിന്റെയും സകലനന്മയുടെയും ഉടയവനായ ദൈവമേ,
ഉപവാസം, പ്രാര്‍ഥന, ദാനധര്‍മം എന്നിവയില്‍
പാപങ്ങളുടെ പരിഹാരം കാണിച്ചുതന്ന അങ്ങ്
ഞങ്ങളുടെ എളിമയുടെ ഈ ഏറ്റുപറച്ചില്‍
ദയാപൂര്‍വം ശ്രവിക്കണമേ.
അങ്ങനെ, മനസ്സാക്ഷിയാല്‍ എളിമപ്പെട്ട ഞങ്ങള്‍
അങ്ങേ കാരുണ്യത്താല്‍ എപ്പോഴും ഉയര്‍ത്തപ്പെടട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 3:1-8,13-15
ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.

മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്‌നിയില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല. അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ. അവന്‍ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ ! അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്. അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു.
കര്‍ത്താവു വീണ്ടും അരുളിച്ചെയ്തു: ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍ നിന്ന് ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു. ഈജിപ്തുകാരുടെ കൈയില്‍ നിന്ന് അവരെ മോചിപ്പിക്കാനും അവിടെ നിന്നു ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക് – കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേക്ക് – അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്.
മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?
ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്നു വീണ്ടും അരുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 103:1-2,3-4,6-7,8-9

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

കര്‍ത്താവു പീഡിതരായ എല്ലാവര്‍ക്കും
നീതിയും ന്യായവും പാലിച്ചുകൊടുക്കുന്നു.
അവിടുന്നു തന്റെ വഴികള്‍ മോശയ്ക്കും
പ്രവൃത്തികള്‍ ഇസ്രായേല്‍ ജനത്തിനും വെളിപ്പെടുത്തി.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;
ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

രണ്ടാം വായന

1 കോറി 10:1-6,10-12
മരുഭൂമിയിലെ നമ്മുടെ പിതാക്കന്മാരുടെ ജീവിതം നമുക്ക് ഒരു പാഠമാകേണ്ടതിന് അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു.

സഹോദരരേ, നമ്മുടെ പിതാക്കന്മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റ് മോശയോടു ചേര്‍ന്നു. എല്ലാവരും ഒരേ ആത്മീയഭക്ഷണം കഴിച്ചു. എല്ലാവരും ഒരേ ആത്മീയപാനീയം കുടിച്ചു. തങ്ങളെ അനുഗമിച്ച ആത്മീയശിലയില്‍ നിന്നാണ് അവര്‍ പാനം ചെയ്തത്. ആ ശില ക്രിസ്തുവാണ്. എന്നാല്‍, അവരില്‍ മിക്കവരിലും ദൈവം പ്രസാദിച്ചില്ല. അവരെല്ലാം മരുഭൂമിയില്‍ വച്ചു ചിതറിക്കപ്പെട്ടു. അവരെപ്പോലെ നാം തിന്മ ആഗ്രഹിക്കാതിരിക്കാന്‍ ഇതു നമുക്ക് ഒരു പാഠമാണ്.
അവരില്‍ ചിലര്‍ പിറുപിറുത്തതുപോലെ നാം പിറുപിറുക്കയുമരുത്. സംഹാരകന്‍ അവരെ നശിപ്പിച്ചുകളഞ്ഞു. ഇതെല്ലാം അവര്‍ക്ക് ഒരു താക്കീതായിട്ടാണു സംഭവിച്ചത്. നമുക്ക് ഒരു പാഠമാകേണ്ടതിന് അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു. യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്. ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.

കർത്താവ് അരുൾ ചെയ്യുന്നു: മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.

കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.

സുവിശേഷം

ലൂക്കാ 13:1-9
പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.

അക്കാലത്ത്, ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു. അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ? അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല എന്നു ഞാന്‍ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അവന്‍ ഈ ഉപമ പറഞ്ഞു: ഒരുവന്‍ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നുനോക്കാന്‍ അവന്‍ വന്നു; എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ അവന്‍ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍ നിന്ന് ഫലം അന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷംകൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ബലിവസ്തുക്കളില്‍ അങ്ങ് സംപ്രീതനാകണമേ.
സ്വന്തം പാപങ്ങളില്‍ നിന്നു മോചിപ്പിക്കപ്പെടാന്‍ പ്രാര്‍ഥിക്കുന്ന ഞങ്ങള്‍,
സഹോദരരുടെ പാപങ്ങള്‍ ക്ഷമിക്കാന്‍
പരിശ്രമിക്കുന്നതിന് അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം

എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ,
കുരുകില്‍പക്ഷി തനിക്കായി ഒരു ഭവനവും
മീവല്‍പക്ഷി തന്റെ കുഞ്ഞുങ്ങളെ വയ്ക്കാന്‍ ഒരു കൂടും കണ്ടെത്തുന്നു:
അങ്ങേ അള്‍ത്താരകളില്‍!
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
അവര്‍ എന്നേക്കും അങ്ങയെ സ്തുതിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയ രഹസ്യത്തിന്റെ അച്ചാരം സ്വീകരിച്ചു കൊണ്ടും
ഇഹത്തില്‍ ആയിരുന്നുകൊണ്ട്
ഉന്നതത്തില്‍ നിന്നുള്ള അപ്പത്താല്‍ സംതൃപ്തരായും
ഞങ്ങള്‍ അങ്ങയോട് വിനയപൂര്‍വം പ്രാര്‍ഥിക്കുന്നു.
ഈ രഹസ്യത്താല്‍ ഞങ്ങളില്‍ നിവര്‍ത്തിതമായത്,
പ്രവൃത്തിയാല്‍ പൂര്‍ത്തീകരിക്കപ്പെടട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s