പുറപ്പാട് പുസ്തകം, അദ്ധ്യായം 1
ഈജിപ്തിലെ അടിമത്തം
1 യാക്കോബിനോടുകൂടെ കുടുംബസമേതം ഈജിപ്തില്‍ വന്നുചേര്‍ന്ന ഇസ്രായേല്‍ മക്കള്‍ ഇവരാണ്:2 റൂബന്‍, ശിമയോന്‍, ലേവി, യൂദാ,3 ഇസാക്കര്‍, സെബുലൂണ്‍, ബഞ്ചമിന്‍,4 ദാന്‍, നഫ്താലി, ഗാദ്, ആഷേര്‍.5 യാക്കോബിന്റെ സന്താനങ്ങള്‍ ആകെ എഴുപതുപേരായിരുന്നു. ജോസഫ് നേരത്തെതന്നെ ഈജിപ്തില്‍ എത്തിയിരുന്നു.6 ജോസഫും സഹോദരന്‍മാരും ആ തലമുറമുഴുവനും മരിച്ചു.7 എന്നാല്‍ ഇസ്രായേലിന്റെ സന്താനപരമ്പര വര്‍ധിച്ചു വളരെയധികം ശക്തി പ്രാപിക്കുകയും രാജ്യംമുഴുവന്‍ വ്യാപിക്കുകയും ചെയ്തു.8 അങ്ങനെയിരിക്കേ, ഒരു പുതിയരാജാവ് ഈജിപ്തില്‍ ഭരണാധികാരിയായി. അവനു ജോസഫിനെപ്പറ്റി അറിവില്ലായിരുന്നു.9 അവന്‍ തന്റെ ജനത്തോടു പറഞ്ഞു: നോക്കുവിന്‍! ഇസ്രായേല്‍ ജനത്തിന്റെ എണ്ണവും ശക്തിയും നമ്മുടേതിനെക്കാള്‍ അധികമായി വരുന്നു.10 ഒരുയുദ്ധമുണ്ടായാല്‍ ഇവര്‍ ശത്രുപക്ഷം ചേര്‍ന്നു നമുക്കെ തിരായി പൊരുതുകയും അങ്ങനെ രാജ്യം വിട്ടുപോവുകയും ചെയ്‌തേക്കാം. അതിനാല്‍, അവര്‍ സംഖ്യയില്‍ വര്‍ധിക്കാതിരിക്കാന്‍ നമുക്ക് അവരോടു തന്ത്രപൂര്‍വം പെരുമാറാം.11 അനന്തരം അവരെ കഠിനാധ്വാനംകൊണ്ടു ഞെരുക്കാന്‍ ക്രൂരന്‍മാരായ മേല്‍നോട്ടക്കാരെ നിയമിച്ചു. അങ്ങനെ ഇസ്രായേല്‍ക്കാര്‍ ഫറവോയ്ക്കുവേണ്ടി പിത്തോം, റമ്‌സേസ് എന്നീ സംഭരണനഗരങ്ങള്‍ നിര്‍മിച്ചു.12 എന്നാല്‍, പീഡിപ്പിക്കുന്തോറും അവര്‍ വര്‍ധിക്കുകയും വ്യാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈജിപ്തുകാര്‍ ഇസ്രായേല്‍മക്കളെ ഭയപ്പെട്ടു തുടങ്ങി.13 അവരെക്കൊണ്ടു നിര്‍ദയം അടിമവേല ചെയ്യിച്ചു.14 കുമ്മായവും ഇഷ്ടികയും കൊണ്ടുള്ള പണികളും വയലിലെ വേലകളും കഠിനാധ്വാനവുംകൊണ്ട് അവരുടെ ജീവിതം ക്ലേശ പൂര്‍ണമാക്കി. മര്‍ദനത്തിന്‍കീഴില്‍ അടിമവേല ചെയ്യാന്‍ ഇസ്രായേല്യര്‍ നിര്‍ബന്ധിതരായി.15 ഈജിപ്തുരാജാവ്, ഷിഫ്‌റാ, പൂവാ എന്നു പേരായരണ്ടു ഹെബ്രായ സൂതികര്‍മിണികളോടു പറഞ്ഞു:16 നിങ്ങള്‍ ഹെബ്രായ സ്ത്രീകള്‍ക്കു പ്രസവശുശ്രൂഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കുവിന്‍: പിറക്കുന്നത് ആണ്‍കുട്ടിയെങ്കില്‍ അവനെ വധിക്കണം. പെണ്‍കുട്ടിയെങ്കില്‍ ജീവിച്ചുകൊള്ളട്ടെ.17 എന്നാല്‍ ആ സൂതികര്‍മിണികള്‍ ദൈവഭയമുള്ളവരായിരുന്നതിനാല്‍ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല.18 അവര്‍ ആണ്‍കുട്ടികളെ ജീവിക്കാനനുവദിച്ചു. ആകയാല്‍, രാജാവു സൂതികര്‍മിണികളെ വിളിച്ചു ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? ആണ്‍കുട്ടികളെ കൊല്ലാതെ വിട്ടതെന്തുകൊണ്ട്?19 സൂതികര്‍മിണികള്‍ ഫറവോയോടു പറഞ്ഞു: ഹെബ്രായ സ്ത്രീകള്‍ ഈജിപ്തുകാരികളെപ്പോലെയല്ല; അവര്‍പ്രസരിപ്പുള്ളവരാകയാല്‍, സൂതികര്‍മിണിചെന്നെത്തും മുന്‍പേ പ്രസവിച്ചുകഴിയും.20 ദൈവം സൂതികര്‍മിണികളോടു കൃപ കാണിച്ചു. ജനം വര്‍ധിച്ചു പ്രബലരായിത്തീര്‍ന്നു.21 സൂതികര്‍മിണികള്‍ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവര്‍ക്കു സന്താനപരമ്പരകളെ പ്രദാനംചെയ്തു.22 അപ്പോള്‍ ഫറവോ പ്രജകളോടു കല്‍പിച്ചു: ഹെബ്രായര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നൈല്‍ നദിയില്‍ എറിഞ്ഞുകളയുവിന്‍. പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ.
The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

