The Book of Exodus, Chapter 3 | പുറപ്പാട്, അദ്ധ്യായം 3 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 3

മോശയെ വിളിക്കുന്നു.

1 മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു.2 അവിടെ ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്‌നിയില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല.3 അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.4 അവന്‍ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍നിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ !5 അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്.6 അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്റെ പിതാക്കന്‍മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു.7 കര്‍ത്താവു വീണ്ടും അരുളിച്ചെയ്തു: ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍നിന്ന് ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെയാതനകള്‍ ഞാന്‍ അറിയുന്നു.8 ഈജിപ്തുകാരുടെ കൈയില്‍നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക് – കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേക്ക്- അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്.9 ഇതാ, ഇസ്രായേല്‍മക്കളുടെ നിലവിളി എന്റെ യടുത്ത് എത്തിയിരിക്കുന്നു. ഈജിപ്തുകാര്‍ അവരെ എപ്രകാരം മര്‍ദിക്കുന്നുവെന്നു ഞാന്‍ കണ്ടു.10 ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം.11 മോശ ദൈവത്തോടുപറഞ്ഞു: ഫറവോയുടെ അടുക്കല്‍ പോകാനും ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാനും ഞാന്‍ ആരാണ്?12 അവിടുന്ന് അരുളിച്ചെയ്തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും.13 മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?14 ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.15 അവിടുന്നു വീണ്ടും അ രുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം.16 നീ പോയി ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, പ്രത്യക്ഷപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുകയും ഈജിപ്തുകാര്‍ നിങ്ങളോടു പ്രവര്‍ത്തിക്കുന്നതു കാണുകയും ചെയ്തിരിക്കുന്നു.17 നിങ്ങളെ ഈജിപ്തിലെ കഷ്ടത കളില്‍നിന്നു മോചിപ്പിച്ച്, കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക്, തേനും പാലും ഒഴുകുന്ന ദേശത്തേക്ക്, കൊണ്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. നീ പറയുന്നത് അവര്‍ അനുസരിക്കും.18 ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരോടൊന്നിച്ച് നീ ഈജിപ്തിലെ രാജാവിന്റെ യടുക്കല്‍ച്ചെന്നു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നുദിവസത്തെയാത്രചെയ്ത്, മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ ഞങ്ങളെ അനുവദിക്കണം.19 കരുത്തുറ്റ കരംകൊണ്ട് നിര്‍ബന്ധിച്ചാലല്ലാതെ ഈജിപ്തിലെ രാജാവു നിങ്ങളെ വിട്ടയയ്ക്കില്ലെന്ന് എനിക്കറിയാം.20 ഞാന്‍ കൈനീട്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ഈജിപ്തിനെ പ്രഹരിക്കും. അപ്പോള്‍ അവന്‍ നിങ്ങളെ വിട്ടയയ്ക്കും.21 ഈജിപ്തുകാരുടെ ദൃഷ്ടിയില്‍ ഈ ജനത്തോടു ഞാന്‍ ബഹുമാനം ഉളവാക്കും. അങ്ങനെ നിങ്ങള്‍ പുറപ്പെടുമ്പോള്‍ ഒന്നുമില്ലാത്തവരായി പോകേണ്ടിവരില്ല.22 ഓരോ സ്ത്രീയും തന്റെ അയല്‍ക്കാരിയോടും തന്റെ വീട്ടില്‍ അതിഥിയായി പാര്‍ക്കുന്നവളോടും സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു വാങ്ങണം. അവനിങ്ങളുടെ പുത്രീപുത്രന്‍മാരെ അണിയിക്കണം. അങ്ങനെ നിങ്ങള്‍ ഈജിപ്തുകാരെ കൊള്ളയടിക്കണം.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment