പുറപ്പാട് പുസ്തകം, അദ്ധ്യായം 15
മോശയുടെ കീര്‍ത്തനം
1 മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനം ആല പിച്ചു: കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.2 കര്‍ത്താവ് എന്റെ ശക്തിയും സംരക്ഷകനുമാകുന്നു; അവിടുന്ന് എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും. അവിടുന്നാണ് എന്റെ പിതാവിന്റെ ദൈവം; ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.3 കര്‍ത്താവു യോദ്ധാവാകുന്നു; കര്‍ത്താവ് എന്നാകുന്നു അവിടുത്തെനാമം.4 ഫറവോയുടെ രഥങ്ങളെയും സൈന്യത്തെയും അവിടുന്നു കടലിലാഴ്ത്തി; അവന്റെ ധീരരായ സൈന്യാധിപര്‍ ചെങ്കടലില്‍ മുങ്ങിമരിച്ചു.5 ആഴമേറിയ ജലം അവരെ മൂടി, അഗാധതയിലേക്കു കല്ലുപോലെ അവര്‍ താണു.6 കര്‍ത്താവേ, അങ്ങയുടെ വലത്തുകൈ ശക്തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു; കര്‍ത്താവേ, അങ്ങയുടെ വലത്തുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു.7 അനന്തമഹിമയാല്‍ അങ്ങ് എതിരാളികളെ തകര്‍ക്കുന്നു; കോപാഗ്‌നി അയച്ച് വയ്‌ക്കോലെന്നപോലെ അവരെ ദഹിപ്പിക്കുന്നു.8 അങ്ങയുടെ നിശ്വാസത്താല്‍ ജലം കുന്നുകൂടി; പ്രവാഹങ്ങള്‍ നിശ്ചലമായി; കടലിന്റെ ആഴങ്ങള്‍ ഉറഞ്ഞു കട്ടയായി.9 ശത്രു പറഞ്ഞു: ഞാന്‍ അവരെ പിന്‍തുടര്‍ന്നു പിടികൂടും; അവരുടെ വസ്തുക്കള്‍ ഞാന്‍ കൊള്ളയടിച്ചു പങ്കുവയ്ക്കും; എന്റെ അഭിലാഷം ഞാന്‍ പൂര്‍ത്തിയാക്കും; ഞാന്‍ വാളൂരും;എന്റെ കരം അവരെ സംഹരിക്കും.10 നിന്റെ കാററു നീ വീശി; കടല്‍ അവരെ മൂടി; ഈയക്കട്ടകള്‍പോലെ അവര്‍ ആഴിയുടെ ആഴത്തിലേക്കു താണു.11 കര്‍ത്താവേ, ദേവന്‍മാരില്‍ അങ്ങേക്കുതുല്യനായി ആരുണ്ട്? കര്‍ത്താവേ, വിശുദ്ധിയാല്‍ മഹത്വപൂര്‍ണനും, ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഭീതിദനും, അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനുമായ അങ്ങേക്കു തുല്യനായി ആരുണ്ട്?12 അങ്ങു വലത്തുകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.13 അങ്ങു വീണ്ടെടുത്ത ജനത്തെ കാരുണ്യത്തോടെ അങ്ങു നയിച്ചു; അങ്ങയുടെ വിശുദ്ധ വസതിയിലേക്ക് ശക്തിയാല്‍ അവിടുന്ന് അവരെ നയിച്ചു.14 ഇതുകേട്ട ജനതകള്‍ ഭയന്നുവിറച്ചു. ഫിലിസ്ത്യര്‍ ആകുലരായി. ഏദോം പ്രഭുക്കന്‍മാര്‍ പരിഭ്രാന്തരായി.15 മൊവാബിലെ പ്രബലന്‍മാര്‍ കിടിലംകൊണ്ടു. കാനാന്‍നിവാസികള്‍ മൃതപ്രായരായി.16 അങ്ങയുടെ ജനം കടന്നുപോകുന്നതുവരെ, കര്‍ത്താവേ അങ്ങു വീണ്ടെടുത്ത ജനം കടന്നു പോകുന്നതുവരെ, ഭീതിയും പരിഭ്രാന്തിയും അവരെ കീഴ്‌പെടുത്തുന്നു; അങ്ങയുടെ കരത്തിന്റെ ശക്തി അവരെ ശിലാതുല്യം നിശ്ചലരാക്കുന്നു.17 കര്‍ത്താവേ, അങ്ങ് അവരെ കൊണ്ടുവന്ന് അങ്ങയുടെ വിശുദ്ധ മലയില്‍, അങ്ങേക്കു വസിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങയുടെ കരങ്ങള്‍ സ്ഥാപിച്ചവിശുദ്ധ മന്ദിരത്തില്‍ അവരെ നട്ടുപിടിപ്പിക്കും.18 കര്‍ത്താവ്, എന്നേക്കും രാജാവായി ഭരിക്കും.19 ഫറവോയുടെ കുതിരകള്‍ തേരുകളോടും പടയാളികളോടുമൊന്നിച്ചു കടലിലേക്കിറങ്ങിച്ചെന്നപ്പോള്‍, കര്‍ത്താവു കടല്‍വെള്ളം അവരുടെ മേല്‍ തിരികെപ്പായിച്ചു. എന്നാല്‍, ഇസ്രായേല്‍ജനം കടലിന്റെ നടുവേ വരണ്ട ഭൂമിയിലൂടെ കടന്നുപോയി.20 അപ്പോള്‍ പ്രവാചികയും അഹറോന്റെ സഹോദരിയുമായ മിരിയാം തപ്പു കൈയിലെടുത്തു; സ്ത്രീകളെല്ലാവരും തപ്പുകളെ ടുത്തു നൃത്തംചെയ്തുകൊണ്ട് അവളെ അനുഗമിച്ചു.21 മിരിയാം അവര്‍ക്കു പാടിക്കൊടുത്തു: കര്‍ത്താവിനെ പാടിസ്തുതിക്കുവിന്‍; എന്തെന്നാല്‍, അവിടുന്നു മഹത്വ പൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
മാറായിലെ ജലം
22 മോശ ഇസ്രായേല്‍ക്കാരെ ചെങ്കട ലില്‍നിന്നു മുന്‍പോട്ടു നയിച്ചു. അവര്‍ ഷൂര്‍മരുഭൂമിയില്‍ പ്രവേശിച്ചു. മരുഭൂമിയിലൂടെ മൂന്നു ദിവസംയാത്ര ചെയ്തിട്ടും ഒരിടത്തും വെള്ളം കണ്ടെണ്ടത്തിയില്ല.23 അവര്‍ മാറാ എന്ന സ്ഥലത്തു വന്നുചേര്‍ന്നു. അവിടത്തെ വെള്ളം അവര്‍ക്കു കുടിക്കാന്‍ കഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അക്കാരണത്താല്‍ ആ സ്ഥലത്തിനു മാറാ എന്നു പേരു നല്‍കപ്പെട്ടു.24 ജനം മോശയ്‌ക്കെതിരേ പിറുപിറുത്തു: ഞങ്ങള്‍ എന്തു കുടിക്കും?25 അവന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് അവന് ഒരു തടിക്കഷണം കാണിച്ചു കൊടുത്തു. അത് വെള്ളത്തിലിട്ടപ്പോള്‍വെള്ളം മധുരിച്ചു. അവിടെ വച്ച് അവിടുന്ന് അവര്‍ക്ക് ഒരു നിയമം നല്കി.26 അവിടുന്ന് അവരെ പരീക്ഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രദ്ധാപൂര്‍വംശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍ വരുത്തിയ മഹാമാരികളിലൊന്നും നിന്റെ മേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്.27 അതിനുശേഷം, അവര്‍ ഏലിംദേശത്തു വന്നു. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. അവിടെ ജലാശയത്തിനു സമീപം അവര്‍ പാളയമടിച്ചു.
The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

