The Book of Exodus, Chapter 31 | പുറപ്പാട്, അദ്ധ്യായം 31 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 31

ശില്‍പികള്‍

1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: യൂദാഗോത്രത്തില്‍പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.3 ഞാന്‍ അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്‍പവേലകളിലുമുള്ള വൈദഗ്ധ്യവും അവനു ഞാന്‍ നല്‍കിയിരിക്കുന്നു.4 കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക.5 പതിക്കാനുള്ള രത്‌നങ്ങള്‍ ചെത്തി മിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്‍പവേലകള്‍ക്കും വേണ്ടിയാണിത്.6 അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പെട്ട അഹിസാമാക്കിന്റെ പുത്രന്‍ ഓഹോലിയാബിനെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്‍പിച്ചതെല്ലാം നിര്‍മിക്കുന്നതിന് എല്ലാ ശില്‍പ വിദഗ്ധന്‍മാര്‍ക്കും പ്രത്യേക സാമര്‍ഥ്യം കൊടുത്തിട്ടുണ്ട്.7 സമാഗമകൂടാരം, സാക്ഷ്യപേടകം, അതിന്‍മേലുള്ള കൃപാസനം, കൂടാരത്തിലെ ഉപകരണങ്ങള്‍8 മേശയും അതിന്റെ ഉപകരണങ്ങളും, വിളക്കുകാലും അതിന്റെ ഉപകരണങ്ങളും, ധൂപപീഠം,9 ദഹന ബലിപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്റെ പീഠ വും,10 ചിത്രത്തുന്നലാല്‍ അലംകൃതമായ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോന്റെ വിശുദ്ധവസ്ത്രങ്ങള്‍, അവന്റെ പുത്രന്‍മാര്‍ പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ അണിയേണ്ട വസ്ത്രങ്ങള്‍,11 അഭിഷേകതൈലം, വിശുദ്ധ സ്ഥലത്തു ധൂപാര്‍പ്പണത്തിനുപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ഇവയെല്ലാം ഞാന്‍ നിന്നോടു കല്‍പിച്ച പ്രകാരം അവര്‍ നിര്‍മിക്കണം.

സാബത്താചരണം

12 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :13 ഇസ്രായേല്‍ ജനത്തോടു പറയുക, നിങ്ങള്‍ എന്റെ സാബത്ത് സൂക്ഷ്മമായി ആചരിക്കണം. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്നു നിങ്ങള്‍ അറിയാന്‍വേണ്ടി ഇത് എനിക്കും നിങ്ങള്‍ക്കും മധ്യേ തലമുറതോറും അടയാളമായിരിക്കും.14 നിങ്ങള്‍ സാബത്ത് ആചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്ധമായ ഒരു ദിവസമാണ്. അതിനെ അശുദ്ധമാക്കുന്നവന്‍ വധിക്കപ്പെടണം. അന്നു ജോലി ചെയ്യുന്നവന്‍ ജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. ആറു ദിവസം ജോലി ചെയ്യണം.15 എന്നാല്‍ ഏഴാം ദിവസം സാബത്താണ്; കര്‍ത്താവിനു വിശുദ്ധമായ വിശ്രമദിനം. സാബത്തുദിവസം ജോലിചെയ്യുന്നവന്‍ വധിക്കപ്പെടണം.16 ഇസ്രായേല്‍ ജനം ശാശ്വതമായ ഒരുടമ്പടിയായി തലമുറതോറും സാബത്താചരിക്കണം.17 ഇത് എനിക്കും ഇസ്രായേല്‍ ജനത്തിനും മധ്യേ ശാശ്വതമായ ഒരടയാളമാണ്; കര്‍ത്താവ് ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും ഏഴാം ദിവസം ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയുംചെയ്ത തിന്റെ അടയാളം.

ഉടമ്പടിപ്പത്രിക നല്‍കുന്നു

18 സീനായ് മലയില്‍ വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ – തന്റെ വിരല്‍കൊണ്ടെഴു തിയരണ്ടു കല്‍പലകകള്‍ – ദൈവം അവനു നല്‍കി.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment