The Book of Numbers, Chapter 14 | സംഖ്യ, അദ്ധ്യായം 14 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 14

ജനം പരാതിപ്പെടുന്നു

1 രാത്രി മുഴുവന്‍ ജനം ഉറക്കെ നിലവിളിച്ചു.2 അവര്‍ മോശയ്ക്കും അഹറോനുമെതിരായി പിറുപിറുത്തു. അവര്‍ പറഞ്ഞു: ഈജിപ്തില്‍വച്ചു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍! ഈ മരുഭൂമിയില്‍വച്ചു ഞങ്ങള്‍ മരിച്ചെങ്കില്‍!3 വാളിന് ഇരയാകാന്‍ കര്‍ത്താവു ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ശത്രുക്കള്‍ക്ക് ഇരയായിത്തീരുമല്ലോ? ഈജിപ്തിലേക്കു തിരികെ പോകുന്നതല്ലേ നല്ലത്?4 അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു തലവനെ തിരഞ്ഞെടുത്ത് അവന്റെ കീഴില്‍ ഈജിപ്തിലേക്കു തിരികെ പോകാം.5 അപ്പോള്‍ മോശയും അഹറോനും അവിടെ ഒന്നിച്ചുകൂടിയിരുന്ന ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ കമിഴ്ന്നു വീണു.6 ദേശം ഒറ്റുനോക്കാന്‍ പോയവരില്‍പെട്ട നൂനിന്റെ മകന്‍ ജോഷ്വയും യഫുന്നയുടെ മകന്‍ കാലെബും തങ്ങളുടെ വസ്ത്രം കീറി.7 അവര്‍ ഇസ്രായേല്‍ സമൂഹത്തോടു പറഞ്ഞു: ഞങ്ങള്‍ ഒറ്റുനോക്കാന്‍ പോയ ദേശം അതിവിശിഷ്ടമാണ്.8 കര്‍ത്താവു നമ്മില്‍ സംപ്രീതനാണെങ്കില്‍ അവിടുന്നു നമ്മെ അങ്ങോട്ടു നയിക്കുകയും തേനും പാലും ഒഴുകുന്ന ആ ദേശം നമുക്കു തരുകയും ചെയ്യും.9 നിങ്ങള്‍ കര്‍ത്താവിനോടു മറുതലിക്കരുത്; ആ ദേശത്തെ ജനങ്ങളെ ഭയപ്പെടുകയുമരുത്. അവര്‍ നമുക്ക് ഇരയാണ്. ഇനി അവര്‍ക്കു രക്ഷയില്ല. കര്‍ത്താവു നമ്മോടുകൂടെയാണ്; അവരെ ഭയപ്പെടേണ്ടതില്ല.10 എന്നാല്‍ ജോഷ്വയെയും കാലെബിനെയും കല്ലെറിയണമെന്നു സമൂഹം ഒറ്റസ്വരത്തില്‍ പറഞ്ഞു: അപ്പോള്‍ സമാഗമകൂടാരത്തില്‍ കര്‍ത്താവിന്റെ മഹത്വം ഇസ്രായേലിനു പ്രത്യക്ഷമായി.

മോശയുടെ മാധ്യസ്ഥ്യം

11 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഈ ജനം എത്രത്തോളം എന്നെ പ്രകോപിപ്പിക്കും? അവരുടെ മധ്യേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള അടയാളങ്ങള്‍ കണ്ടിട്ടും എത്രനാള്‍ എന്നെ അവര്‍ വിശ്വസിക്കാതിരിക്കും?12 ഞാന്‍ അവരെ മഹാമാരികൊണ്ടു പ്രഹ രിച്ചു നിര്‍മൂലനം ചെയ്യും. എന്നാല്‍, അവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയെ നിന്നില്‍നിന്നു പുറപ്പെടുവിക്കും.13 മോശ കര്‍ത്താവിനോടു പറഞ്ഞു: ഈജിപ്തുകാര്‍ ഇതേപ്പറ്റി കേള്‍ക്കും. അവിടുത്തെ ശക്തമായ കരമാണല്ലോ ഈ ജനത്തെ അവരുടെ ഇടയില്‍നിന്നു കൊണ്ടുപോന്നത്.14 ഈ ദേശത്തു വസിക്കുന്നവരോടും അവര്‍ ഇക്കാര്യം പറയും. കര്‍ത്താവേ, അങ്ങ് ഈ ജനത്തിന്റെ മധ്യേയുണ്ടെന്ന് അവര്‍ കേട്ടിട്ടുണ്ട്. കാരണം, ഈ ജനം അങ്ങയെ അഭിമുഖം കാണുന്നു; അവിടുത്തെ മേഘം ഇവരുടെ മുകളില്‍ എപ്പോഴും നില്‍ക്കുന്നു. പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്നിസ്തംഭവും കൊണ്ട് അവിടുന്ന് ഇവര്‍ക്കു വഴികാട്ടുന്നു.15 അതിനാല്‍ ഒരൊറ്റയാളെ എന്നപോലെ അങ്ങ് ഈ ജനത്തെ സംഹരിച്ചുകളഞ്ഞാല്‍ അങ്ങയുടെപ്രശസ്തി കേട്ടിട്ടുള്ള ജനതകള്‍ പറയും :16 അവര്‍ക്കു കൊടുക്കാമെന്നു സത്യംചെയ്ത ദേശത്ത് അവരെ എത്തിക്കാന്‍ കര്‍ത്താവിനു കഴിവില്ലാത്തതുകൊണ്ടു മരുഭൂമിയില്‍വച്ച് അവന്‍ അവരെ കൊന്നുകളഞ്ഞു.17 കര്‍ത്താവേ, അങ്ങ് അരുളിച്ചെയ്തിട്ടുള്ളതുപോലെ അങ്ങയുടെ ശക്തി വലുതാണെന്നു പ്രകടമാക്കണമേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.18 കര്‍ത്താവു ക്ഷമാശീലനും അചഞ്ചല സ്‌നേഹം കവിഞ്ഞൊഴുകുന്നവനുമാണ്. അവിടുന്ന് അകൃത്യവും അപരാധങ്ങളും ക്ഷമിക്കുന്നവനാണ്. എന്നാല്‍ കുറ്റക്കാരനെ വെറുതെ വിടാതെ, പിതാക്കന്‍മാരുടെ അകൃത്യങ്ങള്‍ക്കു മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.19 അങ്ങയുടെ കാരുണ്യാതിരേകത്തിനു യോജിച്ചവിധം ഈജിപ്തു മുതല്‍ ഇവിടം വരെ ഈ ജനത്തോടു ക്ഷമിച്ചതുപോലെ ഇപ്പോഴും ഇവരുടെ അപരാധം പൊറുക്കണമെന്ന് അങ്ങയോടു ഞാന്‍ യാചിക്കുന്നു.20 അപ്പോള്‍ കര്‍ത്താവ് അരുളിച്ചെയ്തു: നിന്റെ അപേക്ഷ സ്വീകരിച്ചു ഞാന്‍ ക്ഷമിച്ചിരിക്കുന്നു.21 എന്നാല്‍ ഞാനാണേ, ഭൂമി നിറഞ്ഞിരിക്കുന്ന എന്റെ മഹത്വമാണേ, കര്‍ത്താവായ ഞാന്‍ പറയുന്നു :22 എന്റെ മഹത്വവും, ഈജിപ്തിലും മരുഭൂമിയിലും വച്ചു ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടും എന്നെ പത്തു പ്രാവശ്യം പരീക്ഷിക്കുകയും എന്റെ സ്വരം അവഗണിക്കുകയുംചെയ്ത ഈ ജനത്തിലാരും,23 അവരുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ വാഗ്ദാനം ചെയ്ത ദേശം കാണുകയില്ല.24 എന്നെ നിന്ദിച്ചവരാരും അതു കാണുകയില്ല. എന്നാല്‍ എന്റെ ദാസനായ കാലെബിനെ അവന്‍ ഒറ്റുനോക്കിയ ദേശത്തേക്കു ഞാന്‍ കൊണ്ടുപോകും; അവന്റെ സന്തതികള്‍ അതു കൈവശമാക്കും. എന്തെന്നാല്‍, അവനെ നയിച്ച ചൈ തന്യം വ്യത്യസ്തമാണ്. അവന്‍ എന്നെ പൂര്‍ണമായി അനുഗമിക്കുകയും ചെയ്തു.25 താഴ്‌വരയില്‍ അമലേക്യരും കാനാന്യരും പാര്‍ക്കുന്നതുകൊണ്ടു നാളെ ചെങ്കടലിലേക്കുള്ള വഴിയിലൂടെ മരുഭൂമിയിലേക്കു പിന്തിരിയുക.26 കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:27 വഴിപിഴച്ച ഈ സമൂഹം എത്രനാള്‍ എനിക്കെതിരേ പിറുപിറുക്കും. എനിക്കെതിരേ ഇസ്രായേല്‍ ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു.28 അവരോടു പറയുക: ജീവിക്കുന്നവനായ ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പിറുപിറുത്തതുപോലെ ഞാന്‍ നിങ്ങളോടു ചെയ്യും.29 നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍ വീഴും.30 നിങ്ങളില്‍ ഇരുപതും അതിലേറെയും വയസ്സുള്ളവരില്‍, എനിക്കെതിരായി പിറുപിറുത്ത ഒരാള്‍പോലും, നിങ്ങളെ പാര്‍പ്പിക്കാമെന്നു ഞാന്‍ വാഗ്ദാനം ചെയ്ത ദേശത്തു പ്രവേശിക്കുകയില്ല. യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വയും മാത്രം അവിടെ പ്രവേശിക്കും.31 എന്നാല്‍, ശത്രുക്കള്‍ക്ക് ഇരയാകുമെന്നു നിങ്ങള്‍ ഭയപ്പെട്ട നിങ്ങളുടെ മക്കളെ ഞാന്‍ അവിടെ പ്രവേശിപ്പിക്കും. നിങ്ങള്‍ തിരസ്‌കരിച്ച ആ ദേശം അവര്‍ അനുഭവിക്കും.32 നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍ വീഴും.33 നിങ്ങളില്‍ അവസാനത്തെ ആള്‍ ഈ മരുഭൂമിയില്‍ വീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതയ്ക്കു പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങളുടെ മക്കള്‍ നാല്‍പതു വര്‍ഷം ഈ മരുഭൂമിയില്‍ നാടോടികളായി അലഞ്ഞു തിരിയും.34 നാല്‍പതു ദിവസം നിങ്ങള്‍ ആദേശം രഹസ്യ നിരീക്ഷണം നടത്തി. ഒരു ദിവസത്തിന് ഒരു വര്‍ഷം വീതം നാല്‍പതു വര്‍ഷത്തേക്കു നിങ്ങളുടെ അകൃത്യത്തിനു നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യണം. എന്നോടു കാട്ടിയ അവിശ്വസ്തതയുടെ രൂക്ഷത അങ്ങനെ നിങ്ങള്‍ അറിയും.35 കര്‍ത്താവായ ഞാനാണു പറയുന്നത്: എനിക്കെതിരേ ഒത്തുചേര്‍ന്ന ദുഷ്ടന്‍മാരുടെ ഈ കൂട്ടത്തോടു തീര്‍ച്ചയായും ഞാന്‍ ഇതു ചെയ്യും. അവരില്‍ അവസാനത്തെ മനുഷ്യന്‍വരെ ഈ മരുഭൂമിയില്‍ മരിച്ചുവീഴും.36 ദേശം ഒറ്റുനോക്കാന്‍ മോശ അയയ്ക്കുകയും37 മടങ്ങിവന്നു തെറ്റായ വാര്‍ത്ത പ്രച രിപ്പിച്ചു മോശയ്‌ക്കെതിരേ ജനം മുഴുവന്‍ പിറുപിറുക്കാന്‍ ഇടയാക്കുകയും ചെയ്തവര്‍ മഹാമാരി ബാധിച്ചു കര്‍ത്താവിന്റെ മുമ്പില്‍ മരിച്ചുവീണു.38 ഒറ്റുനോക്കാന്‍ പോയവരില്‍ നൂനിന്റെ മകനായ ജോഷ്വയും യഫുന്നയുടെ മകന്‍ കാലെബും മരിച്ചില്ല.39 മോശ ഇക്കാര്യം ഇസ്രായേല്‍ ജനത്തോടു പറഞ്ഞു. അവര്‍ ഏറെവിലപിച്ചു.40 പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് അവര്‍ മലമുകളിലേക്കു പോകാനൊരുങ്ങി. അവര്‍ പറഞ്ഞു: ഞങ്ങള്‍ പാപം ചെയ്തുപോയി! എന്നാല്‍, കര്‍ത്താവു വാഗ്ദാനം ചെയ്തദേശത്തേക്കു പോകാന്‍ ഇപ്പോഴിതാ ഞങ്ങള്‍ തയ്യാറാണ്.41 അപ്പോള്‍ മോശ പറഞ്ഞു: നിങ്ങള്‍ എന്തിനു കര്‍ത്താവിന്റെ കല്‍പന ലംഘിക്കുന്നു? അതൊരിക്കലും വിജയിക്കുകയില്ല.42 ശത്രുക്കളുടെ മുമ്പില്‍ തോല്‍ക്കാതിരിക്കാന്‍ നിങ്ങളിപ്പോള്‍ മുകളിലേക്കു കയറരുത്. എന്തെന്നാല്‍ കര്‍ത്താവു നിങ്ങളുടെകൂടെയില്ല.43 അമലേക്യരും കാനാന്യരും നിങ്ങള്‍ക്കെതിരേ നില്‍ക്കും. നിങ്ങള്‍ അവരുടെ വാളിനിരയാകും. കര്‍ത്താവിനു പുറംതിരിഞ്ഞിരിക്കുന്നതിനാല്‍ അവിടുന്നു നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.44 കര്‍ത്താവിന്റെ വാഗ്ദാന പേടകമോ മോശയോ പാളയത്തില്‍നിന്ന് ഇറങ്ങിച്ചെല്ലാതിരുന്നിട്ടും അവര്‍ ധിക്കാരപൂര്‍വം മലയിലേക്കു കയറി.45 മലയില്‍ പാര്‍ത്തിരുന്ന അമലേക്യരും കാനാന്യരും ഇറങ്ങിവന്ന് അവരെ ഹോര്‍മാ വരെ തോല്‍പിച്ചോടിച്ചു.

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses and the Bronze Serpent
Advertisements
Tabernacle
Advertisements
Numbers 21
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment