The Book of Numbers, Chapter 15 | സംഖ്യ, അദ്ധ്യായം 15 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 15

കര്‍ത്താവിനുള്ള കാഴ്ചകള്‍

1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക,3 നിങ്ങള്‍ക്ക് അധിവസിക്കാന്‍ ഞാന്‍ തരുന്നദേശത്തു നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ നിര്‍ദിഷ്ടമായ തിരുനാളുകളില്‍ അര്‍ച്ചനയോ ആയി, കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്നതിനു കന്നുകാലികളില്‍നിന്നോ ആട്ടിന്‍പറ്റത്തില്‍നിന്നോ ദഹനബലിയോ മറ്റു ബലികളോ നിങ്ങള്‍ അര്‍പ്പിക്കുമ്പോള്‍,4 വഴിപാടു കൊണ്ടുവരുന്ന ആള്‍ നാലിലൊന്നു ഹിന്‍ എണ്ണ ചേര്‍ത്ത പത്തിലൊന്ന് എഫാ നേരിയ മാവു ധാന്യബലിയായി കൊണ്ടുവരണം.5 ദഹനബലിയോടും മറ്റു ബലികളോടുമൊപ്പം അര്‍പ്പിക്കേണ്ട ബലിക്ക് ആട്ടിന്‍കുട്ടി ഒന്നിനു നാലിലൊന്നു ഹിന്‍ വീഞ്ഞു വീതം തയ്യാറാക്കണം.6 മുട്ടാടാണെങ്കില്‍ പത്തില്‍ രണ്ട് എഫാ നേരിയ മാവില്‍ മൂന്നിലൊന്നു ഹിന്‍ എണ്ണ ചേര്‍ത്തു ധാന്യബലി തയ്യാറാക്കണം.7 പാനീയബലിക്കു മൂന്നിലൊന്നു ഹിന്‍ വീഞ്ഞു സൗരഭ്യമായി കര്‍ത്താവിന് അര്‍പ്പിക്കണം.8 കര്‍ത്താവിനു നേര്‍ച്ചയോ സമാധാന ബലിയോ സമര്‍പ്പിക്കാനായി ഒരു കാളയെ ദഹനബലിയോ മറ്റു ബലിയോ ആയി ഒരുക്കുമ്പോള്‍9 അര ഹിന്‍ എണ്ണ ചേര്‍ത്ത, പത്തില്‍ മൂന്ന് എഫാ നേരിയ മാവു ധാന്യ ബലിയായി അര്‍പ്പിക്കണം.10 ദഹനബലിയോടൊപ്പം കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്താനായി അര ഹിന്‍ വീഞ്ഞു പാനീയബലിയായും അര്‍പ്പിക്കണം.11 കാളക്കുട്ടി, മുട്ടാട്, ആട്ടിന്‍കുട്ടി, കോലാട്ടിന്‍കുട്ടി ഇവയിലേതായാലും ഇപ്രകാരംതന്നെ ചെയ്യണം.12 അര്‍പ്പിക്കുന്ന ബലിമൃഗങ്ങളുടെ എണ്ണമനുസരിച്ച് ഓരോന്നിനും ഇങ്ങനെ ചെയ്യണം.13 സ്വദേശികള്‍ കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലി അര്‍പ്പിക്കുമ്പോള്‍ ഇങ്ങനെതന്നെ അനുഷ്ഠിക്കണം.14 തത്കാലത്തേക്കു നിങ്ങളുടെ കൂടെ താമസിക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയില്‍ സ്ഥിരതാമസമാക്കിയ ഒരുവനോ കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലി അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതുപോലെതന്നെ അവനും ചെയ്യണം.15 സമൂഹത്തിനു മുഴുവന്‍, നിങ്ങള്‍ക്കും നിങ്ങളോടുകൂടെ വസിക്കുന്ന പരദേശികള്‍ക്കും എക്കാലവും ഒരേ നിയമം ആയിരിക്കും. നിങ്ങളും പരദേശികളും, കര്‍ത്താവിന്റെ മുമ്പില്‍ ഒന്നുപോലെതന്നെ.16 നിങ്ങള്‍ക്കും നിങ്ങളോടുകൂടെ വസിക്കുന്ന പരദേശികള്‍ക്കും ഒരേ നിയമവും ചട്ടവും ആയിരിക്കണം.17 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:18 ഇസ്രായേല്‍ജനത്തോടു പറയുക: ഞാന്‍ കൊണ്ടുപോകുന്ന നാട്ടില്‍ എത്തിക്കഴിഞ്ഞ്19 അവിടെനിന്ന് ആഹാരം കഴിക്കുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിനു കാഴ്ചയര്‍പ്പിക്കണം.20 ആദ്യം കുഴയ്ക്കുന്ന മാവുകൊണ്ട് ഒരപ്പം ഉണ്ടാക്കി കര്‍ത്താവിനു കാഴ്ചയായി സമര്‍പ്പിക്കണം. മെതിക്കളത്തില്‍നിന്നുള്ള സമര്‍പ്പണംപോലെ അതും നീരാജനം ചെയ്യണം.21 ആദ്യം കുഴയ്ക്കുന്ന മാവില്‍നിന്നു തലമുറതോറും നിങ്ങള്‍ കര്‍ത്താവിനു കാഴ്ച സമര്‍പ്പിക്കണം.22 കര്‍ത്താവ് മോശവഴി നല്‍കിയ കല്‍പ നയ്‌ക്കെതിരായി അന്നുമുതല്‍23 നിങ്ങളും നിങ്ങളുടെ സന്താനങ്ങളും24 സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടാതെ അബദ്ധവശാല്‍തെറ്റു ചെയ്യാന്‍ ഇടയായാല്‍, സമൂഹം മുഴുവനുംകൂടി ഒരു കാളക്കുട്ടിയെ കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലിയായി അര്‍പ്പിക്കണം. അതോടൊപ്പം വിധിപ്രകാരം ധാന്യബലിയും പാനീയബലിയും അര്‍പ്പിക്കണം. പാപപരിഹാരബലിയായി ഒരു മുട്ടാടിനെയും അര്‍പ്പിക്കണം.25 പുരോഹിതന്‍ ഇസ്രായേല്‍ സമൂഹം മുഴുവനും വേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ അവര്‍ക്കു മോചനം ലഭിക്കും. കാരണം, അബദ്ധത്തില്‍ പിണഞ്ഞതെറ്റാണത്. അതിന് അവര്‍ കര്‍ത്താവിനു ദഹന ബലിയും പാപപരിഹാര ബലിയും സമര്‍പ്പിച്ചു.26 ഇസ്രായേല്‍ സമൂഹത്തിനും അവരുടെ ഇടയിലെ വിദേശികള്‍ക്കും മോചനം ലഭിക്കും; ജനങ്ങളെല്ലാം തെറ്റില്‍ ആയിരുന്നല്ലോ.27 ഒരാള്‍ അറിയാതെ തെറ്റു ചെയ്തുപോയാല്‍ അവന്‍ പാപപരിഹാരബലിയായി ഒരു വയസ്സുള്ള പെണ്ണാടിനെ കാഴ്ചവയ്ക്കണം.28 മനഃപൂര്‍വമല്ലാത്ത തെറ്റിനു പുരോഹിതന്‍ കര്‍ത്തൃസന്നിധിയില്‍ പരിഹാരമനുഷ്ഠിക്കട്ടെ. അവനു മോചനം ലഭിക്കും.29 അറിയാതെ ചെയ്യുന്ന തെറ്റിന് ഇസ്രായേല്‍ക്കാരനും അവരുടെയിടയില്‍ വസിക്കുന്ന വിദേശിക്കും ഒരേ നിയമംതന്നെയാണ്.30 കരുതിക്കൂട്ടിതെറ്റു ചെയ്യുന്ന സ്വദേശിയും വിദേശിയും കര്‍ത്താവിനെ അധിക്ഷേപിക്കുന്നു. അവനെ ജനത്തില്‍നിന്നു വിച്‌ഛേദിക്കണം.31 അവന്‍ കര്‍ത്താവിന്റെ വചനത്തെനിന്ദിക്കുകയും അവിടുത്തെ കല്‍പന ലംഘിക്കുകയും ചെയ്തതുകൊണ്ട് അവനെ തീര്‍ത്തും പുറന്തള്ളണം. സ്വന്തം അകൃത്യത്തിന്റെ ഫലം അവന്‍ അനുഭവിക്കണം.

സാബത്തു ലംഘനം

32 ഇസ്രായേല്‍ജനം മരുഭൂമിയില്‍ കഴിഞ്ഞിരുന്ന കാലത്ത് ഒരാള്‍ സാബത്തു നാളില്‍ വിറകു ശേഖരിച്ചു.33 അതു കണ്ടവര്‍ അവനെ സമൂഹത്തിന്റെ മുമ്പില്‍ മോശയുടെയും അഹറോന്റെയും അടുത്തു കൊണ്ടുവന്നു.34 എന്തു ചെയ്യണമെന്നു വ്യക്തമാകാതിരുന്നതുമൂലം അവര്‍ അവനെ തടവില്‍ വച്ചു.35 അപ്പോള്‍ കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആ മനുഷ്യന്‍ വധിക്കപ്പെടണം. പാളയത്തിനു പുറത്തുവച്ച് ജനം ഒന്നു ചേര്‍ന്ന് അവനെ കല്ലെറിയട്ടെ.36 കര്‍ത്താവു കല്‍പിച്ചതുപോലെ ജനം പാളയത്തിനു വെളിയില്‍വച്ച് അവനെ കല്ലെറിഞ്ഞുകൊന്നു.37 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:38 എക്കാലവും തങ്ങളുടെ വസ്ത്രത്തിന്റെ വിളുമ്പുകളില്‍ തൊങ്ങലുകള്‍ പിടിപ്പിക്കാനും തൊങ്ങലുകളില്‍ നീല നാടകള്‍കെട്ടാനും ഇസ്രായേല്യരോടു കല്‍പിക്കുക.39 ഹൃദയത്തിന്റെയും കണ്ണുകളുടെയും ചായ്‌വനുസരിച്ചുയഥേഷ്ടം ചരിക്കാനുള്ള നിങ്ങളുടെ പ്രവണതയെ പിഞ്ചെല്ലാതെ കര്‍ത്താവിന്റെ കല്‍പനകളെല്ലാം ഓര്‍ത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകള്‍ അടയാളമായിരിക്കും.40 അങ്ങനെ നിങ്ങള്‍ എന്റെ കല്‍പനകള്‍ ഓര്‍ത്ത് അനുഷ്ഠിക്കുകയും നിങ്ങളുടെ ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധരായിരിക്കുകയും വേണം.41 നിങ്ങളുടെദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses and the Bronze Serpent
Advertisements
Tabernacle
Advertisements
Numbers 21
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment