The Book of Numbers, Chapter 5 | സംഖ്യ, അദ്ധ്യായം 5 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 5

അശുദ്ധരെ അകറ്റുക

1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 കുഷ്ഠരോഗികളെയും സ്രാവമുള്ളവരെയും മൃതശരീരം തൊട്ട് അശുദ്ധരായവരെയും പാളയത്തില്‍നിന്നു പുറത്താക്കാന്‍ ഇസ്രായേല്‍ജനത്തോടു കല്‍പിക്കുക.3 ഞാന്‍ വസിക്കുന്ന പാളയം അശുദ്ധമാകാതിരിക്കാന്‍ നീ അവരെ, സ്ത്രീയായാലും പുരുഷനായാലും, പുറത്താക്കണം.4 ഇസ്രായേല്‍ജനം അങ്ങനെ ചെയ്തു. കര്‍ത്താവ് മോശയോടു കല്‍പിച്ചതുപോലെ അവരെ തങ്ങളുടെ പാളയത്തില്‍നിന്നു പുറത്താക്കി.

നഷ്ടപരിഹാരം

5 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:6 ഒരു പുരുഷനോ സ്ത്രീയോ മനുഷ്യസഹ ജമായ ഏതെങ്കിലും തെറ്റുചെയ്ത് കര്‍ത്താവിനോടുള്ള വിശ്വസ്തത ലംഘിച്ചാല്‍, തന്റെ തെറ്റ് ഏറ്റുപറയണം.7 മുഴുവന്‍മുതലും അതിന്റെ അഞ്ചിലൊന്നും കൂടി താന്‍ ദ്രോഹിച്ചവ്യക്തിക്കു തിരിച്ചുകൊടുത്ത് അവന്‍ പൂര്‍ണനഷ്ടപരിഹാരം ചെയ്യണം.8 നഷ്ടപരിഹാരം സ്വീകരിക്കാന്‍ ബന്ധുക്ക ളാരുമില്ലെങ്കില്‍ അതു കര്‍ത്താവിനു സമര്‍പ്പിക്കണം; അതു പുരോഹിതനുള്ളതായിരിക്കും. അവനുവേണ്ടി പാപപരിഹാരബലി അര്‍പ്പിക്കാനുള്ള മുട്ടാടിനുപുറമേയാണിത്.9 ഇസ്രായേല്‍ജനം പുരോഹിതന്റെ മുമ്പില്‍ കൊണ്ടുവരുന്ന സമര്‍പ്പിതവസ്തുക്കളെല്ലാം അവനുള്ളതായിരിക്കും.10 ജനം കൊണ്ടുവരുന്ന വിശുദ്ധവസ്തുക്കള്‍ അവനുള്ളതായിരിക്കും. പുരോഹിതനെ ഏല്‍പിക്കുന്നതെന്തും അവനുള്ളതാണ്.

ഭാര്യയെ സംശയിച്ചാല്‍

11 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:12 ഇസ്രായേല്‍ജനത്തോടു പറയുക; ഒരാളുടെ ഭാര്യ വഴിപിഴച്ച് അവിശ്വസ്തയായി പ്രവര്‍ത്തിക്കുകയും13 അന്യപുരുഷന്‍ അവളോടൊത്തു ശയിക്കുകയും അതു ഭര്‍ത്താവിന്റെ ദൃഷ്ടിയില്‍പെടാതിരിക്കുകയും അവള്‍ അശുദ്ധയെങ്കിലും പ്രവൃത്തിമധ്യേപിടിക്കപ്പെടാത്തതിനാല്‍ എതിര്‍സാക്ഷി ഇല്ലാതിരിക്കുകയും ചെയ്‌തെന്നുവരാം.14 ഭര്‍ത്താവിന് അസൂയ ജനിച്ച് അശുദ്ധയായ ഭാര്യയെ സംശയിക്കുകയോ അശുദ്ധയല്ലെങ്കിലും അസൂയപൂണ്ട് സംശയിക്കുകയോ ചെയ്‌തെന്നുവരാം.15 അപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ പുരോഹിതന്റെ മുമ്പില്‍ ഹാജരാക്കണം. അവള്‍ക്കുവേണ്ടി കാഴ്ചയായി പത്തിലൊന്ന് ഏഫാ ബാര്‍ലിമാവും കൊണ്ടുവരണം. അതിന്‍മേല്‍ എണ്ണ ഒഴിക്കുകയോ കുന്തുരുക്കം ഇടുകയോ അരുത്. കാരണം, അതു സംശയനിവാരണത്തിനുള്ള ധാന്യബലിയാണ്; സത്യം വെളിപ്പെടുത്തുന്നതിനുള്ള ധാന്യബലി.16 പുരോഹിതന്‍ അവളെ കര്‍ത്താവിന്റെ സന്നിധിയില്‍ നിര്‍ത്തണം.17 ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുത്ത് കൂടാരത്തിന്റെ തറയില്‍നിന്നു കുറച്ചു പൊടി അതിലിടണം.18 പുരോഹിതന്‍ ആ സ്ത്രീയെ കര്‍ത്താവിന്റെ സന്നിധിയില്‍ നിര്‍ത്തി, അവ ളുടെ ശിരോവസ്ത്രം മാറ്റിയതിനുശേഷം പാപത്തെ ഓര്‍മിപ്പിക്കുന്ന വ്യഭിചാരശങ്കയുടെ ധാന്യബലിക്കുള്ള വസ്തുക്കള്‍ അവളുടെ കൈയില്‍ വയ്ക്കണം. ശാപം വരുത്തുന്ന കയ്പുനീര് പുരോഹിതന്‍ കൈയില്‍ വഹിക്കണം.19 അനന്തരം, അവളെക്കൊണ്ട് സത്യംചെയ്യിക്കാന്‍ ഇങ്ങനെ പറയണം: ഭര്‍ത്താവിന് അധീനയായിരിക്കേ അന്യപുരുഷന്‍ നിന്നോടൊത്തു ശയിച്ച് നീ അശുദ്ധയായിട്ടില്ലെങ്കില്‍ ശാപം വരുത്തുന്ന ഈ കയ്പുനീര് നിനക്ക് ദോഷം ചെയ്യാതിരിക്കട്ടെ.20 എന്നാല്‍, നീ ഭര്‍ത്താവിന്റെ കീഴിലായിരിക്കേ ദുശ്ചരിതയായി നിന്നെത്തന്നെ അശുദ്ധയാക്കുകയും അന്യപുരുഷന്‍ നിന്നോടൊത്തു ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍,21 കര്‍ത്താവ് നിന്റെ അര ശോഷിപ്പിച്ച് മഹോദരം വരുത്തി നിന്നെ ജനങ്ങളുടെ ഇടയില്‍ മലിനവസ്തുവും ശാപജ്ഞാപകവും ആക്കിത്തീര്‍ക്കട്ടെ, എന്നുപറഞ്ഞ് അവളെക്കൊണ്ട് ശാപസത്യംചെയ്യിക്കണം.22 ശാപം വരുത്തുന്ന ഈ ജലം നിന്റെ കുടലുകളില്‍ കടന്ന് മഹോദരം വരുത്തുകയും അര ശോഷിപ്പിക്കുകയും ചെയ്യട്ടെ. അപ്പോള്‍ സ്ത്രീ ആമേന്‍ ആമേന്‍ എന്നു പറയണം.23 പുരോഹിതന്‍ ഈ ശാപം ഒരു പുസ്ത കത്തിലെഴുതി അത് കയ്പുവെള്ളത്തിലേക്കു കഴുകിക്കളയണം.24 ശാപം വമിക്കുന്ന ആ കയ്പുനീര് അവളെ കുടിപ്പിക്കണം. അത് ഉള്ളില്‍ കടന്ന് അവള്‍ക്കു കടുത്ത വേദന ഉളവാക്കും.25 പുരോഹിതന്‍ സ്ത്രീയുടെ കൈയില്‍നിന്ന് വ്യഭിചാരശങ്കയുടെ നൈവേദ്യം വാങ്ങി കര്‍ത്താവിനു നീരാജനമായി ബലിപീഠത്തില്‍ സമര്‍പ്പിക്കണം.26 അതിനുശേഷം പുരോഹിതന്‍ ധാന്യബലിയില്‍നിന്നു സ്മരണാംശമായി ഒരുപിടി എടുത്ത് ബലിപീഠത്തിന്‍മേല്‍വച്ചു ദഹിപ്പിക്കുകയും സ്ത്രീയെക്കൊണ്ടു കയ്പുനീര്‍ കുടിപ്പിക്കുകയും വേണം.27 അവള്‍ അശുദ്ധയായി ഭര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെങ്കില്‍ വെള്ളം കുടിച്ചുകഴിയുമ്പോള്‍ ആ ശാപജലം അവളില്‍ കടന്ന് കടുത്ത വേദനയുളവാക്കുകയും മഹോദരംവന്ന് അര ശോഷിച്ച് ജനങ്ങളുടെ ഇടയില്‍ മലിനവസ്തുവായിത്തീരുകയും ചെയ്യും.28 എന്നാല്‍, അശുദ്ധയാകാതെ നിര്‍മലയാണ് എങ്കില്‍ അവള്‍ക്കു ശാപം ഏല്‍ക്കുകയില്ല; വന്ധ്യത്വം ഉണ്ടാവുകയുമില്ല.29 പാതിവ്രത്യശങ്കയുണ്ടാകുമ്പോള്‍ അനുഷ്ഠിക്കേണ്ട വിധിയാണിത്.30 ഭര്‍ത്താവിന് അധീനയായിരിക്കേ ഭാര്യ വഴിപിഴച്ചു സ്വയം അശുദ്ധയാകുകയോ ഭര്‍ത്താവ് ശങ്കാധീനനായി ഭാര്യയുടെ വിശ്വസ്തതയില്‍ സംശയിക്കുകയോ ചെയ്താല്‍, അവന്‍ ഭാര്യയെ കര്‍ത്താവിന്റെ മുമ്പില്‍ ഹാജരാക്കുകയും, പുരോഹിതന്‍ ഈ വിധികള്‍ അനുഷ്ഠിക്കുകയും വേണം.31 പുരുഷന്‍ അകൃത്യത്തില്‍ നിന്നു വിമുക്തനായിരിക്കും; സ്ത്രീ തന്റെ അകൃത്യത്തിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses and the Bronze Serpent
Advertisements
Tabernacle
Advertisements
Numbers 21
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment