നിയമവാർത്തന പുസ്തകം, അദ്ധ്യായം 17
1 ന്യൂനതയോ എന്തെങ്കിലും വൈകല്യമോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കരുത്; എന്തെന്നാല്‍, അത് അവിടുത്തേക്കു നിന്ദ്യമാണ്.2 നിന്റെ ദൈവമായ കര്‍ത്താവു നിനക്കു തരുന്ന ഏതെങ്കിലും പട്ടണത്തില്‍, സ്ത്രീയോ പുരുഷനോ ആരായാലും, അവിടുത്തെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ച് അവിടുത്തെ ഉടമ്പടി ലംഘിക്കുകയും3 ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്‍മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന്4 ആരെങ്കിലും പറഞ്ഞ് നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്ഷമമായി അന്വേഷിക്കണം. ഇസ്രായേ ലില്‍ അങ്ങനെ ഒരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍,5 ആ തിന്‍മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം.6 രണ്ടോ മൂന്നോ സാക്ഷികള്‍ അവനെതിരായി മൊഴി നല്‍കിയെങ്കില്‍ മാത്രമേ അവനെ വധിക്കാവൂ. ഒരു സാക്ഷിയുടെമാത്രം മൊഴിയില്‍ ആരും വധിക്കപ്പെടരുത്.7 സാക്ഷികളുടെ കരങ്ങളാണ് വധിക്കപ്പെടേണ്ടവന്റെ മേല്‍ ആദ്യം പതിയേണ്ടത്. അതിനുശേഷം മറ്റുള്ളവരുടെ കരങ്ങള്‍. അങ്ങനെ നിങ്ങളുടെ ഇടയില്‍നിന്ന് ആ തിന്‍മ നീക്കിക്കളയണം.8 കൊലപാതകം, അവകാശവാദം, ദേഹോപദ്രവം മുതലായ കാര്യങ്ങളിലേതെങ്കിലും നിന്റെ പട്ടണത്തില്‍ വ്യവഹാരവിഷയ മാവുകയും വിധി പറയുക നിനക്കു ദുഷ്‌കര മാവുകയും ചെയ്താല്‍, നിന്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുചെന്ന്9 ലേവ്യപുരോഹിതനോടുംന്യായാ ധിപനോടും ആലോചിക്കണം. അവര്‍ വിധിത്തീര്‍പ്പു നിന്നെ അറിയിക്കും.10 കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുള്ള അവര്‍ അറിയിക്കുന്നതീരുമാനമനുസരിച്ച് നീ പ്രവര്‍ത്തിച്ചു കൊള്ളുക; അവരുടെ നിര്‍ദേശങ്ങള്‍ സൂക്ഷമമായി നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം.11 അവരുടെ നിര്‍ദേശവുംന്യായവിധിയും അനുസരിച്ചു പ്രവര്‍ത്തിക്കുക. അവരുടെ നിശ്ചയത്തില്‍ നിന്നു നീ ഇടംവലം വ്യതിചലിക്കരുത്.12 നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ പരികര്‍മം ചെയ്യുന്ന പുരോഹിതനെയോന്യായാധിപനെയോ അനുസരിക്കാതെ ഒരുവന്‍ ധിക്കാരപൂര്‍വം പ്രവര്‍ത്തിച്ചാല്‍, അവന്‍ വധിക്കപ്പെടണം. അങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്‍മ നീക്കിക്കളയണം.13 ജനം ഇതുകേട്ടു ഭയപ്പെടുകയും പിന്നീടൊരിക്കലും ധിക്കാരപൂര്‍വം പെരുമാറാതിരിക്കുകയുംചെയ്യട്ടെ.
രാജാവിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍
14 നിന്റെ ദൈവമായ കര്‍ത്താവു നിനക്കു നല്‍കുന്ന ദേശം കൈവശമാക്കി നീ താമസമുറപ്പിച്ചുകഴിയുമ്പോള്‍, ചുറ്റുമുള്ള ജന തകള്‍ക്കെന്നതുപോലെ നിനക്കും രാജാവുണ്ടായിരിക്കണം എന്നു നീ ആഗ്രഹിച്ചാല്‍,15 നിന്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന ആളെയാണ് രാജാവാക്കേണ്ടത്. നിന്റെ സഹോദരരില്‍നിന്നു മാത്രമേ രാജാവിനെ വാഴിക്കാവൂ. പരദേശിയെ ഒരിക്കലും രാജാവാക്കരുത്.16 രാജാവു കുതിരകളുടെ എണ്ണം വര്‍ധിപ്പിക്കരുത്. അതിനായി ജനം ഈജിപ്തിലേക്കു മടങ്ങിപ്പോകാന്‍ ഇടയാക്കുകയും അരുത്. ഇനി ഒരിക്കലും ആ വഴിയെ തിരിയെപ്പോകരുതെന്ന് കര്‍ത്താവു നിന്നോടു കല്‍പിച്ചിട്ടുണ്ടല്ലോ.17 രാജാവിന് അനേകം ഭാര്യമാരുണ്ടായിരിക്കരുത്. ഉണ്ടെങ്കില്‍ അവന്റെ ഹൃദയം വഴിതെറ്റിപ്പോകും. രാജാവ് തനിക്കുവേണ്ടിപൊന്നും വെള്ളിയും അമിതമായി സംഭരിക്കരുത്.18 രാജാവു സിംഹാസനസ്ഥനായിക്കഴിയുമ്പോള്‍, ലേവ്യപുരോഹിതരുടെ പക്കല്‍ സൂക്ഷിക്കപ്പെടുന്ന ഈ നിയമത്തിന്റെ ഒരു പകര്‍പ്പ് പുസ്തകച്ചുരുളില്‍ എഴുതിയെടുക്കണം.19 അവന്‍ അതു സൂക്ഷിക്കണം; തന്റെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടുകയും ഈ നിയമത്തിലെ എല്ലാ അനുശാസനങ്ങളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വം പാലിക്കുകയും ചെയ്യാന്‍ ജീവിതത്തിലെ എല്ലാ ദിവസവും അതു വായിക്കുകയും ചെയ്യണം.20 അങ്ങനെ, തന്റെ സഹോദരനെക്കാള്‍ വലിയവനാണു താനെന്ന് അവന്‍ വിചാരിക്കുകയോ പ്രമാണങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കുകയോ ചെയ്യാതിരിക്കട്ടെ. അപ്പോള്‍ അവനും പുത്രന്‍മാരും ദീര്‍ഘകാലം ഇസ്രായേലില്‍ രാജാവായി ഭരിക്കും.
The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation




Leave a comment