നിയമവാർത്തന പുസ്തകം, അദ്ധ്യായം 24
വിവാഹമോചനം
1 ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട് അവന് അവളോട് ഇഷ്ടമില്ലാതായാല്‍, ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടില്‍ നിന്നു പറഞ്ഞയയ്ക്കട്ടെ. അവന്റെ വീട്ടില്‍നിന്ന് പോയതിനുശേഷം2 അവള്‍ വീണ്ടും വിവാഹിതയാകുന്നെന്നിരിക്കട്ടെ.3 രണ്ടാമത്തെ ഭര്‍ത്താവ് അവളെ വെറുത്ത് ഉപേക്ഷാപത്രം കൊടുത്ത് വീട്ടില്‍നിന്നു പറഞ്ഞയയ്ക്കുകയോ അവന്‍ മരിച്ചുപോവുകയോ ചെയ്താല്‍,4 അവളെ – ആദ്യം ഉപേക്ഷിച്ച ഭര്‍ത്താവിന് അശുദ്ധയായിത്തീര്‍ന്ന അവളെ – വീണ്ടും പരിഗ്രഹിച്ചുകൂടാ; അതു കര്‍ത്താവിനു നിന്ദ്യമാണ്. നിന്റെ ദൈവമായ കര്‍ത്താവു നിനക്ക് അവകാശമായിത്തരുന്നദേശം നീ മലിനമാക്കരുത്.
വിവിധ നിയമങ്ങള്‍
5 പുതുതായി വിവാഹം ചെയ്ത പുരുഷനെ സൈനിക സേവനത്തിനോ മറ്റെന്തെങ്കിലും പൊതുപ്രവര്‍ത്തനത്തിനോ നിയോഗിക്കരുത്. അവന്‍ ഒരു വര്‍ഷം വീട്ടില്‍ ഭാര്യയോടൊന്നിച്ച് സന്തോഷപൂര്‍വം വസിക്കട്ടെ.6 തിരികല്ലോ അതിന്റെ മേല്‍ക്കല്ലോ പണയം വാങ്ങരുത്; ജീവന്‍ പണയം വാങ്ങുന്നതി നു തുല്യമാണത്.7 ആരെങ്കിലും തന്റെ ഇസ്രായേല്യസഹോദരനെ മോഷ്ടിച്ച് അടിമയാക്കുകയോ വില്‍ക്കുകയോ ചെയ്താല്‍, അവനെ വധിക്കണം. അങ്ങനെ നിങ്ങളുടെയിടയില്‍ നിന്നു ആ തിന്‍മ നീക്കിക്കളയണം.8 കുഷ്ഠം ബാധിച്ചാല്‍, ലേവ്യപുരോഹിതര്‍ നിര്‍ദേശിക്കുന്നതുപോലെ ചെയ്യണം. ഞാന്‍ അവരോടു കല്‍പിച്ചിട്ടുള്ളതെല്ലാം നിങ്ങള്‍ശ്രദ്ധാപൂര്‍വം അനുസരിക്കണം.9 നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുന്നവഴിക്ക് നിങ്ങളുടെ ദൈവമായ കര്‍ത്താവു മിരിയാമിനോടു ചെയ്തത് ഓര്‍ത്തുകൊള്ളുക.10 കൂട്ടുകാരനു വായ്പകൊടുക്കുമ്പോള്‍ പണയം വാങ്ങാന്‍ അവന്റെ വീട്ടിനകത്തു കടക്കരുത്.11 നീ പുറത്തു നില്‍ക്കണം. വായ്പ വാങ്ങുന്നവന്‍ പണയം നിന്റെ അടുത്തു കൊണ്ടുവരട്ടെ.12 അവന്‍ ദരിദ്രനാണെങ്കില്‍ പണയംവച്ചവസ്ത്രം രാത്രിയില്‍ നീ കൈവശം വയ്ക്കരുത്.13 അവന്‍ തന്റെ വസ്ത്രം പുതച്ചുറങ്ങേണ്ടതിന് സൂര്യനസ്തമിക്കുമ്പോള്‍ നീ അതു തിരിയെക്കൊടുക്കണം. അപ്പോള്‍ അവന്‍ നിന്നെ അനുഗ്രഹിക്കും. അതു നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നിനക്കു നീതിയായിരിക്കുകയും ചെയ്യും.14 അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവന്‍ നിന്റെ സഹോദരനോ നിന്റെ നാട്ടിലെ പട്ടണങ്ങളിലൊന്നില്‍ വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്.15 അവന്റെ കൂലി അന്നന്നു സൂര്യനസ്തമിക്കുന്നതിനു മുന്‍പു കൊടുക്കണം. അവന്‍ ദരിദ്രനും അതിനായി കാത്തിരിക്കുന്നവനുമാണ്. അവന്‍ നിനക്കെതിരായി കര്‍ത്താവിനോടു നിലവിളിച്ചാല്‍ നീ കുറ്റക്കാരനായിത്തീരും.16 മക്കള്‍ക്കുവേണ്ടി പിതാക്കന്‍മാരെയോ പിതാക്കന്‍മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവന്‍തന്നെ അനുഭവിക്കണം.17 പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്. വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്.18 നീ ഈജിപ്തില്‍ അടിമയായിരുന്നുവെന്നും നിന്റെ ദൈവമായ കര്‍ത്താവു നിന്നെ അവിടെനിന്നു മോചിപ്പിച്ചുവെന്നും ഓര്‍ക്കണം. അതുകൊണ്ടാണ് ഇങ്ങനെചെയ്യണമെന്നു നിന്നോടു ഞാന്‍ കല്‍പിക്കുന്നത്.19 നിന്റെ വയലില്‍ വിളവു കൊയ്യുമ്പോള്‍ ഒരു കറ്റ അവിടെ മറന്നിട്ടു പോന്നാല്‍ അതെ ടുക്കാന്‍ തിരിയെപ്പോകരുത്. നിന്റെ ദൈവമായ കര്‍ത്താവു നിന്റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതായിരിക്കട്ടെ.20 ഒലിവു മരത്തിന്റെ ഫലംതല്ലിക്കൊഴിക്കുമ്പോള്‍ കൊമ്പുകളില്‍ ശേഷിക്കുന്നത് പറിക്കരുത്. അതു പരദേശിക്കും വിധവയ്ക്കും അനാഥനും ഉള്ളതാണ്.21 മുന്തിരിത്തോട്ടത്തിലെ പഴം ശേഖരിക്കുമ്പോള്‍ കാല പെറുക്കരുത്. അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ്.22 നീ ഈജിപ്തില്‍ അടിമയായിരുന്നുവെന്നോര്‍ക്കണം; അതുകൊണ്ടാണ് ഇപ്രകാരം ചെയ്യാന്‍ നിന്നോടു ഞാന്‍ കല്‍പിക്കുന്നത്.
The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation




Leave a comment