പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത് | St. Elizabeth of the Trinity

പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത്

വിശുദ്ധ കൊച്ചുത്രേസ്സ്യയുടെ സമകാലീനയായി കർമ്മലസഭയിൽ വിടർന്ന മറ്റൊരു കുസുമമാണ് ഈ എലിസബത്തും. ഓരോ ആത്മാവും പരിശുദ്ധ ത്രിത്വത്തിന്റെ ആലയമാവേണ്ടവർ ആണെന്നവൾ ഉറച്ചു വിശ്വസിച്ചു. തികച്ചും സാധാരണമായ ജീവിതവഴികളിൽ കൂടി അസാധാരണമായ വിധത്തിൽ ദൈവൈക്യം പ്രാപിക്കുന്നതിന് ആ ജ്ഞാനം അവളെ സഹായിക്കുകയും ചെയ്തു.

അവളുടെ കാഴ്ചപ്പാടിൽ സന്യസ്തർ മാത്രമല്ല ധ്യാനാത്മക ജീവിതത്തിനു വിളിക്കപ്പെട്ടവർ. അവളുടെ പ്രിയപ്പെട്ട ‘മൂവർ’ ( പിതാവും പുത്രനും പരിശുദ്ധാത്മാവും ) എല്ലാവരിലും സന്നിഹിതരാവുന്നവർ ആണ്.അവരുടെ സഹവാസം ആസ്വദിക്കാൻ മരുഭൂമിയിലേക്കോ കന്യാസ്ത്രീമഠങ്ങളുടെ ആവൃതിയിലേക്കോ പോണമെന്നില്ല. അത് അനുനിമിഷം അനുഭവിക്കാൻ വിശ്വാസത്തിന്റെ കണ്ണ് തുറന്നാൽ മതി.

ഫ്രാൻസിലെ ബൂർഷ് പട്ടണത്തിൽ, ആഭിജാത്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ‘കറ്റെ’ കുടുംബത്തിൽ, 1880 ജൂലൈ 18നു ആണ് ഫ്രാൻസ്വ ജോസഫിന്റെയും മരിയ റൊളാങ്ങിന്റെയും മൂത്ത മകളായി എലിസബത്ത് ജനിച്ചത്. സൈന്യാധിപനായ പിതാവിൽ നിന്ന് പകർന്നു കിട്ടിയതോ എന്തോ, അവൾ പെട്ടെന്ന് ദേഷ്യപ്പെടുകയും വഴക്കടിക്കുകയും ചെയ്യുമായിരുന്നു. അവളുടെ ദേഷ്യപ്രകൃതം മാറ്റിയെടുക്കുന്നത് അസാധ്യമെന്നു പോലും എല്ലാവർക്കും തോന്നി.

എലിസബത്തിന്റെ ബാല്യത്തിൽ തന്നെ അവളുടെ പിതാവ് മരിച്ചു. അവളുടെ കലിതുള്ളൽ കുറക്കാൻ കത്തോലിക്കവനിതയായ അമ്മ ആവുന്നത്ര ശ്രമിച്ചു. എലിസബത്ത് സ്വയം അതിനു ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. പ്രഥമദിവ്യകാരുണ്യസമയത്താണ് പ്രത്യക്ഷമായ ചില മാറ്റങ്ങൾ അവളിൽ കണ്ടത്. ‘തൻറെ മാനസാന്തരം’ എന്നാണു അവളതിനെ വിളിച്ചത്. ക്ഷിപ്രകോപത്തോടും ദുശീലങ്ങളോടും പടവെട്ടാൻ അവൾ തീരുമാനമെടുത്തു. ദിവ്യകാരുണ്യസ്വീകരണ സമയത്ത് അവളുടെ കണ്ണ് നിറഞ്ഞൊഴുകി, ആത്മാവ് അലൗകികനിർവൃതിയടഞ്ഞു. ദേവാലയത്തിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അവൾ പറഞ്ഞു, “എനിക്കിനി വിശപ്പില്ല.ഞാൻ സംതൃപ്തയാണ്. നമ്മുടെ നാഥൻ എന്നെ പോഷിപ്പിച്ചു”.

“ഈശോനാഥൻ എന്റെ ഹൃദയത്തെ പൂർണ്ണമായി കീഴടക്കുകയും അവിടുത്തേക്കായി ജീവൻ ഹോമിക്കാനുള്ള ആഗ്രഹം എന്നിൽ ഉളവാക്കുകയും ചെയ്തു” എന്ന് പിന്നീട് അവൾ പറയുകയുണ്ടായി.

അവളുടെ സ്വഭാവത്തിലുണ്ടായ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി. ചുട്ടമറുപടി കൊടുക്കാൻ പ്രേരണയുണ്ടാകുമ്പോൾ ക്ഷമിക്കുന്നതിനു വേണ്ടി ചുണ്ടു കടിച്ചുപിടിക്കുന്നത് കണ്ടു പലരും. അക്കാലത്ത് അവളെ പരിചയമുണ്ടായിരുന്ന ഒരു വൈദികൻ കുട്ടിമാലാഖയെന്നാണ് അവളെ പറഞ്ഞത്.

ചുറുചുറുക്കും ആനന്ദപ്രകൃതിയും ഒത്തിണങ്ങിയതായിരുന്നു അവളുടെ ജീവിതം. പിയാനോ വായിച്ച് എല്ലാവരെയും സന്തോഷിപ്പിച്ചിരുന്ന അവൾ പള്ളിയിൽ പാട്ടുപാടാനും മതാദ്ധ്യാപനം നടത്താനും കുട്ടികളെ പ്രഥമദിവ്യകാരുണ്യസ്വീകരണത്തിനൊരുക്കാനും ഒക്കെ മുന്നിലായിരുന്നു. ദൈവൈക്യജീവിതം അവൾ ഒന്നിച്ചുകൊണ്ടുപോയി. പതിനാലു വയസ്സുള്ളപ്പോൾ അവൾ നിത്യകന്യാത്വം നേർന്നു. ഒരു കർമ്മലീത്താ സന്യാസിനിയാകാൻ ആഗ്രഹിച്ചു. ഒരു വൈദികനിലൂടെ അവളത് അമ്മയെ അറിയിച്ചു. എന്നാൽ മഠപ്രവേശനം കഴിയുന്നത്ര താമസിപ്പിച്ച് അവളുടെ മനസ്സുമാറ്റാൻ അമ്മ ശ്രമിച്ചു. മഠത്തിലേക്ക് പോകാൻ വേണ്ടി എത്ര വർഷങ്ങൾ വേണമെങ്കിലും ക്ഷമയോടെ കാത്തിരിക്കാൻ അവൾ തയ്യാറായി.

സ്വാർത്ഥതയോടും കോപത്തോടും അവൾ നിരന്തരം പടവെട്ടി ആത്മനിഗ്രഹം ശീലിച്ചു.

അവൾ പറഞ്ഞു,” മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാതെ എതാനും ആത്മപരിത്യാഗപ്രവൃത്തികളെങ്കിലും നമുക്ക് ചെയ്യാൻ കഴിയും. എത്ര നിസ്സാരമായാലും ഒരു പരിത്യാഗകൃത്യമെങ്കിലും ചെയ്യാത്ത ഒരു മണിക്കൂറു പോലും നമ്മെ കടന്നുപോകരുത്”.

ദൈവസ്നേഹം അവളുടെ ജീവിതത്തിൽ സദാ നിറഞ്ഞുനിന്നു. ഒരിക്കൽ ഒരു സിനിമ തിയേറ്ററിനടുത്തു കൂടി പോകുമ്പോൾ താൻ ഒരു സിനിമാതാരമായിരുന്നെങ്കിൽ എന്നവൾ പറഞ്ഞപ്പോൾ കൂട്ടുകാർ അതിശയിച്ചു. എന്തിനാണെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു , “അപ്പോൾ ദൈവത്തെ സ്നേഹിക്കാൻ അവിടെ ഒരാളെങ്കിലും ഉണ്ടാവുമല്ലോ”. അവളുടെ മാതൃകാപരമായ ജീവിതം മറ്റുള്ളവർക്കും ആദ്ധ്യാത്മിക ജീവിതത്തിന് പ്രേരണ നൽകി. ആശയടക്കം പാലിക്കാൻ അവൾ സദാ ശ്രമിച്ചിരുന്നു. പുതിയ ഇനം പഴങ്ങളും മറ്റും കിട്ടിയാൽ കഴിക്കില്ല. ഒരെഴുത്തു കിട്ടിയാൽ ആകാംക്ഷയെ പിടിച്ചു നിർത്തും. അടുത്ത ദിവസമേ അത് വായിക്കു. പരിത്യാഗകൃത്യങ്ങൾ അനുഷ്ഠിക്കുവാൻ പ്രത്യേക താല്പര്യമായിരുന്നു.

‘ആഭ്യന്തരഹർമ്മ്യമടക്കമുള്ള’ അമ്മത്രേസ്സ്യായുടെ പുസ്തകങ്ങൾ വായിച്ചത് അവൾക്ക് വളരെ പ്രയോജനം ചെയ്തു. എലിസബത്തിന്റെ അനിതരസാധാരണമായ സ്വഭാവഗുണവിശേഷവും പുണ്യാഭിവൃദ്ധിക്കുള്ള നിരന്തരശ്രമവും കണ്ടുകൊണ്ടിരുന്ന മാഡം കറ്റെ, അവളുടെ അമ്മ, കടുത്ത മനോവ്യഥയോടെ ആണെങ്കിലും മഠത്തിൽ ചേരാൻ സമ്മതിച്ചു . എങ്കിലും ഇരുപത്തിയൊന്ന് വയസ്സ് തികയുന്ന വരെ അവൾക്കു കാത്തിരിക്കേണ്ടതായി വന്നു.

മാസാദ്യവെള്ളിയാഴ്ചയായ 1901 ഓഗസ്റ് 2ന് ആയിരുന്നു അവളുടെ മഠപ്രവേശം. ഗത്സെമനിയിൽ ഈശോയെ ആശ്വസിപ്പിക്കാൻ വന്ന ദൈവദൂതന്റെ ജോലിയാണ് കർമ്മലസഭാപ്രവേശം വഴി തനിക്ക് കൈവന്നിരിക്കുന്നതെന്ന് അവൾക്കു തോന്നി. ‘ദൈവത്തോടൊത്ത് ഏകാന്തതയിൽ ജീവിക്കുക’ തന്റെ സന്യാസജീവിതത്തിനു പ്രചോദനമരുളുന്ന വാക്യശകലമായി അവൾ സ്വീകരിച്ചു .

സ്നേഹവും തീക്ഷ്ണതയും ഫലപ്രദമാകുന്നത് സഹനം വഴിയാണെന്ന് എലിസബത്ത് മനസ്സിലാക്കി.പാപികൾക്കുവേണ്ടി ദഹനബലിയായി ആത്മാർപ്പണം ചെയ്യാനുള്ള തൻറെ തീക്ഷ്ണമായ ആഗ്രഹത്തെ അവൾ ഈശോയെ അറിയിച്ചു. അവിടത്തോട് കൂടുതൽ താദാത്മ്യം പ്രാപിക്കാനായി അവിടുത്തെ ശിരസ്സിലെ മുൾമുടിയുടെ വേദന സഹിക്കാനുള്ള വരം അവൾ യാചിച്ചു. അവളുടെ യാചന സ്വീകാര്യമായി. അതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള തലവേദനയാൽ അവൾ പീഡിപ്പിക്കപ്പെട്ടു. എങ്കിലും സന്തോഷമുള്ളവളായി അവൾ കാണപ്പെട്ടു.

ഈ ലോകത്തിൽ മനുഷ്യരുടെ ബഹുമാനാദരങ്ങളിൽ നിന്നൊഴിഞ്ഞു മാറി ജീവിച്ച പരിശുദ്ധ അമ്മ, തൻറെ ആത്മാവിനെ ഈശോനാഥന് പ്രിയമുള്ളതാക്കിത്തീർക്കുമെന്നു അവൾ വിശ്വസിച്ചു. വിശുദ്ധ യോഹന്നാനെപ്പോലെ ദിവ്യനാഥന്റെ മാറിൽ തല ചായ്ച്ചു വെച്ച് അവിടുത്തെ സ്നേഹമാധുര്യം നുകരാനും ആത്മാർപ്പണത്താൽ ഈശോയെ സ്നേഹിക്കാനും അവളാഗ്രഹിച്ചു. ” ഓ നാഥാ, എനിക്ക് അവിടത്തെ കുരിശു മതി. ലോകം എന്നെ തൃപ്‌തിപ്പെടുത്തുന്നില്ല , അങ്ങേ മാത്രമേ ഞാൻ അന്വേഷിക്കുന്നുള്ളു .എന്നെ പൂർണമായി അവിടുത്തേതായി സ്വീകരിക്കുക”.

അനാവശ്യമായി അവിടെയുമിവിടെയും അവൾ നോക്കുന്നത് മഠത്തിൽ ആരും കണ്ടിട്ടില്ല. ദിവ്യനാഥനെ സദാ കണ്മുന്നിൽ ദർശിച്ചു. തോട്ടത്തിലും ആവൃതിക്കുള്ളിലും എല്ലായിടത്തും.

ഒരു സ്നേഹിതക്ക് അയച്ച കത്തിൽ അവൾ പറഞ്ഞു,” കാർമ്മലിൽ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാർത്ഥനാസ്ഥലത്തും ഞങ്ങൾ ദൈവത്തെ ദർശിക്കുന്നു. ഞങ്ങൾ അവിടുന്നിൽ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാൻ നിങ്ങൾക്ക് സാധിച്ചിരുന്നെങ്കിൽ!”

അവൾ തുടരുന്നു, “കർമ്മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പർക്കമാണ് . എല്ലായിടത്തും ഞങ്ങൾ ദൈവത്തെ ദർശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങൾ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തിൽ ദൈവത്തെ സംവഹിക്കുന്നു. ആകയാൽ ഞങ്ങളുടെ ജീവിതം മുൻകൂട്ടിയുള്ള ഒരു സ്വർഗീയാസ്വാദനമാണ്”.

ക്രിസ്തുശിഷ്യരുടെ ജീവിതം ഇഹത്തിൽ സ്വർഗ്ഗീയാനുഭവം രുചിക്കുന്നതാണ്.

എലിസബത്ത് ആഗ്രഹിച്ചിരുന്ന പോലെ തന്നെ ഡിസംബർ 8ന് പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുന്നാളിന്റെ അന്നായിരുന്നു അവളുടെ സഭാവസ്ത്രസ്വീകരണം. അത് ഞായറാഴ്ചയുമായിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ ഭക്തയായ അവളുടെ ആനന്ദത്തെ അത് പതിന്മടങ്ങു വർദ്ധിപ്പിച്ചു.

നിരന്തരമായ ആത്മീയസമരം എലിസബത്തിനെ കൂടുതൽ ധൈര്യവതിയാക്കി തീർത്തു.അതോടു കൂടി ശാരീരിക സ്ഥിതിയും മെച്ചപ്പെട്ടു. ആലോചനാസംഘം എലിസബത്തിന് വ്രതവാഗ്ദാനത്തിനു അനുമതി നൽകി.

1903 ജനുവരി 11ന് എലിസബത്ത് ദാരിദ്ര്യം, കന്യാത്വം , അനുസരണം എന്നീ വ്രതങ്ങൾ നേർന്ന് അവൾ ക്രിസ്തുവിന്റെ മണവാട്ടിയായി. അവളുടെ ആനന്ദം അവർണ്ണനീയമായിരുന്നു. പരിശുദ്ധത്രിത്വത്തിന്റെ എലിസബത്ത് എന്ന പേരാണ് അവൾ സ്വീകരിച്ചത് .

അവളുടെ കത്തുകളെല്ലാം പുണ്യാഭിവൃദ്ധിക്കുള്ള ഉപദേശങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. ‘അതിസ്വാഭാവികജീവിതം നയിക്കാൻ നാം സന്നദ്ധരായെങ്കിലേ നമുക്ക് ലക്‌ഷ്യം പ്രാപിക്കാൻ കഴിയൂ. ദൈവം നമ്മുടെ ഉള്ളിൽ വസിക്കുന്നെന്നു വിശ്വസിക്കുകയും എല്ലാറ്റിലും അവിടുത്തോടൊത്തു പ്രവർത്തിക്കുകയും ചെയ്യുക. അപ്പോൾ യാതൊന്നും നിസ്സാരമായി തോന്നുകയില്ല. ഏറ്റം സാധാരണമായ സംഗതികൾ പോലും, അതിസ്വാഭാവികമായി നാം വീക്ഷിക്കുമ്പോൾ നമ്മെ ദൈവവുമായി സംയോജിപ്പിക്കാൻ പോരുന്നവയാണ്.അക്കാരണത്താൽ അതെല്ലാം സമുന്നതവും അസാധാരണവുമാണ്. അതിസ്വാഭാവിക ജീവിതം നയിക്കുന്ന ആത്മാവ് ഉപകാരങ്ങളെ തേടുന്നില്ല. പ്രഥമകാരണമായ ദൈവത്തെ എല്ലാറ്റിലും ദർശിക്കുന്നു. ക്രമേണ ജീവിതം ലഘുവും ആയാസരഹിതവുമായി തീരുന്നു. മാലാഖമാരുടേതിന് തുല്യമാണ് ആ ജീവിതം”.

നമുക്ക് നിത്യജീവൻ നൽകുന്നതിനായി ഈശോ നമ്മിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നു. എന്നാൽ നമ്മെത്തന്നെ നാം വിസ്മരിക്കണം. നമ്മുടെ ഹൃദയാന്തർഭാഗത്ത്‌ അവിടുത്തെക്കായി ഒരു ഏകാന്തസ്ഥലം സജ്ജമാക്കണം. ആ ആത്മാവിന്റെ പ്രാർത്ഥന ക്രിസ്തുവിന്റെ തന്നെ പ്രാർത്ഥനയാണ്. സ്നേഹം ക്രിസ്തുവിന്റെ സ്നേഹമാണ്.പരിശുദ്ധ ത്രിത്വത്തെ പറ്റിയുള്ള ചിന്ത അവളുടെ ജീവിതത്തിൽ നിറഞ്ഞുനിന്നു. അവൾ പറഞ്ഞു, “ഞാൻ പ. ത്രിത്വത്തിന്റെ എലിസബത്താണ്. അതുകൊണ്ട് എലിസബത്ത് ഇല്ലാതായി പ. ത്രിത്വം എലിസബത്തിൽ ജീവിക്കണം “.

ക്രിസ്തുവായി രൂപാന്തരപ്പെടാൻ അവൾ അത്യധികം ആഗ്രഹിച്ചു. അതാണ് ഏത് പീഡകളും സഹിക്കാൻ, പീഡാസഹനത്തിനുള്ള അവസരങ്ങളിൽ ഒന്നുപോലും നഷ്ടമാക്കാതിരിക്കാൻ അവളെ പ്രേരിപ്പിച്ചത്. ഒരു മാലാഖയുടെ നൈർമല്യത്തോട് കൂടി എന്നതിനേക്കാൾ ക്രൂശിതനായ ഈശോയുമായി സാരൂപ്യം പ്രാപിച്ച് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അവൾ ആഗ്രഹിച്ചു. ” നമ്മുടെ ആത്മാവ് ദൈവഭവനമാണ്. രാപകൽ മൂന്നു ദൈവാളുകളും നമ്മിൽ വസിക്കുന്നു…എന്റെ ആത്മാവിൽ അവർ സ്നേഹസമ്മേളനം നടത്തുന്നതായി എനിക്കനുഭവപ്പെടുന്നു”. എന്തെങ്കിലും പ്രത്യേകകാര്യത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ എലിസബത്തിന്റെ മറുപടി ‘ എന്നിലുള്ള

ദൈവികസമ്മേളനത്തിൽ അതേപറ്റി പറയാം ” എന്നായിരിക്കും.

അവൾ സ്വയം കണ്ടെത്തിയ ഒരു പേരിട്ടു തന്നെതന്നെ വിളിച്ചു. ‘മഹത്വകീർത്തനം’ ( praise of his glory).

എല്ലാ നിയമങ്ങളും പൂർണ്ണമായി അനുസരിക്കാൻ അവൾ ജാഗ്രത പ്രകടിപ്പിച്ചിരുന്നു. ആത്മബലിക്ക് ഉപയോഗിക്കേണ്ട വാൾ അനുസരണമാണെന്നവൾക്കറിയാമായിരുന്നു. അധികാരികളുടെ ആജ്ഞ മാത്രമല്ല നിയമത്തിൽ ഏറ്റവും നിസ്സാരമായതു പോലും അനുസരിക്കാൻ അവൾ നിഷ്ഠ കാണിച്ചു.അവളുടെ എളിമയും മാതൃകാപരമായിരുന്നു.ബലഹീനതകൾ ഏറ്റുപറഞ്ഞു ദൈവത്തിൽ ആശ്രയിക്കുന്നതിൽ അവൾ ആനന്ദിച്ചു. ആരെങ്കിലും കുറ്റപ്പെടുത്തിയാൽ തന്നെത്തന്നെ ന്യായീകരിക്കുകയോ ഭാവവ്യത്യാസം കാണിക്കുകയോ ചെയ്തില്ല , ചെറുപ്പത്തിലുണ്ടായിരുന്ന തൊട്ടാവാടി സ്വഭാവത്തെ നിരന്തര സമരത്താൽ അവൾ കീഴടക്കി. അതുകൊണ്ടാണ് മരണാസന്നയായപ്പോൾ അവൾക്കു പറയാൻ സാധിച്ചത് ‘ ജീവിതകാലത്ത് ഞാൻ എന്തുമാത്രം സഹിച്ചെന്നു സ്വർഗ്ഗത്തിൽ മാത്രമേ അറിയപ്പെടുകയുള്ളു” എന്ന്.

സ്വർഗ്ഗരാജ്യം ബലവശ്യമാകുന്നു എന്ന കർത്താവിന്റെ വാക്കുകളെ അനുസ്മരിച്ചു കൊണ്ട് ആശയടക്കവും ആത്മപരിത്യാഗവും പരിശീലിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു . അപാരമായ ക്ഷമാശീലം അവളിൽ പ്രകടമായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ സദാ സന്നദ്ധത പ്രകടിപ്പിച്ചു. ഓരോ ദിവസവും നേരിടേണ്ടി വരുന്ന കഷ്ടതകളെ അനർഘനിധികൾ ആയി പരിഗണിച്ചു. ‘ദിവസവും മരിക്കാനുള്ള ‘ അവസരങ്ങളായി. അവളുടെ എളിമയും പ്രാർത്ഥനാജീവിതവും മറ്റുള്ളവർക്ക് പ്രചോദനമായിരുന്നു. തറ വൃത്തിയാക്കുമ്പോൾ പോലും ബോധനിയന്ത്രണവും ദൈവസാന്നിദ്ധ്യവബോധവും അവൾ പാലിച്ചിരുന്നു.

രോഗപീഡിതയായപ്പോൾ ആരെയും അറിയിക്കാതെ സഹിച്ചു മണവാളനെ ആനന്ദിപ്പിക്കാനായിരുന്നു അവളുടെ ശ്രമം . പക്ഷെ മറ്റുള്ളവർ താമസിയാതെ രോഗവിവരം അറിഞ്ഞു.

1905 ലെ വസന്തകാലമായപ്പോഴേക്കും രോഗത്തിന്റെ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. അക്കൊല്ലം ക്രിസ്മസിന് പുൽക്കൂട് തയ്യാറാക്കുമ്പോൾ അവൾ മന്ത്രിച്ചു, “സ്നേഹരാജനായ യേശുവേ , അടുത്ത വർഷം കൂടുതൽ അടുത്ത് നമുക്ക് കാണാം”.

വേദന സഹിച്ചുകൊണ്ട് സമൂഹപ്രാർത്ഥനകളിൽ അവൾ പങ്കെടുത്തു. അവളുടെ മൗനം കാരണം എലിസബത്തിനെ ശുശ്രൂഷിക്കാൻ ഏല്പിക്കപെട്ടവർ പോലും അവളുടെ ഗുരുതരാവസ്ഥ അറിഞ്ഞില്ല.കഠിനമായ വേദന ആയിരുന്നു അവളനുഭവിച്ചുകൊണ്ടിരുന്നത്. കുരിശിലാണ് സ്നേഹത്തിന്റെ കൈമാറ്റം നടക്കുന്നതെന്ന് മനസിലാക്കികൊണ്ട് കാൽവരി കയറാനും ക്രൂശിതയാകാനും അങ്ങനെ സ്നേഹം പ്രത്യക്ഷമാക്കാനും അവൾ വെമ്പൽ കൊണ്ടു.

രോഗം വർദ്ധിച്ചു കൊണ്ടിരുന്നു. ഓശാന ഞായറാഴ്ച അന്ത്യകൂദാശ കൊടുക്കാൻ വൈദികൻ വന്നു. കുരിശുരൂപം ഭക്തിയോട് കൂടെ ഹൃദയത്തിൽ ചേർത്ത് പിടിച്ചു കൊണ്ട് “ഓ , സ്നേഹം , സ്നെഹം, സ്നേഹം എന്നവൾ ഉരുവിട്ടുകൊണ്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പുരോഹിതൻ പറഞ്ഞു കുറെ രോഗികളെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഹൃദയസ്പർശിയായ കാഴ്ച കണ്ടിട്ടില്ലെന്ന്.

പരിശോധനക്ക് ഡോക്ടർ വന്നപ്പോൾ നാഡിയിടിപ്പും ഹൃദയചലനവും ശക്തിരഹിതമാണെന്നു ഡോക്ടർ പറഞ്ഞു. അപ്പോൾ സന്തോഷത്തോടെ എലിസബത്ത് പറഞ്ഞു, ” മിക്കവാറൂം രണ്ടു ദിവസത്തിനകം ഞാൻ പരിശുദ്ധ ത്രിത്വത്തോട് കൂടെയായിരിക്കും. ഓ ! എത്ര ആനന്ദകരം. പ്രകാശപൂരിതയായി, ദൈവിക പരിശുദ്ധിയാൽ നിർമ്മലയായ പരി. കന്യക തന്നെയായിരിക്കും കൈക്കു പിടിച്ചു എന്നെ സ്വർഗ്ഗത്തിലേക്ക് നയിക്കുന്നത് “. മരണപീഡകൾക്കിടയിലും സന്തോഷവതിയായ രോഗിണിയെ കണ്ട് ഡോക്ടർ അതിശയിച്ചു .

നവംബർ എട്ടാം തിയ്യതി ഇടയ്ക്കിടെ അവൾ സ്നേഹപ്രകരണങ്ങൾ ഉരുവിട്ടു. സായംകാലമായപ്പോൾ ശബ്ദം അവ്യക്തമായി തുടങ്ങി. “പ്രകാശം …എത്ര മനോഹരം .. ഞാൻ പ്രകാശത്തിലേക്ക് പോകുന്നു” എലിസബത്ത് വ്യക്തമായി ഉച്ചരിച്ച അവസാന വാക്കുകളായിരുന്നു അവ.

നവംബർ 9 ന് പ്രഭാതത്തിൽ ‘മഹത്വകീർത്തനമായ’ എലിസബത്തിന്റെ ആത്മാവ് ശരീരത്തെ വിട്ടുപിരിഞ്ഞു സ്വർഗ്ഗത്തിലേക്ക് പറന്നുയർന്നു. ‘കൊച്ചുപുണ്യവതി’ യുടെ മൃതശരീരത്തെ കാണാനും പൂജ്യാവശിഷ്ടങ്ങൾ കൈക്കലാക്കാനും ജനം ഒഴുകിയെത്തി. 24 വൈദികർ ശവമഞ്ചത്തിന്‌ അകമ്പടി സേവിച്ചു.

മരണക്കിടക്കയിലെ അവളുടെ പ്രാർത്ഥന ഇതായിരുന്നു, “എന്റെ സത്ത മുഴുവൻ അങ്ങയുടെ മഹിമക്കായി ചിലവഴിക്കുന്നു. അങ്ങയുടെ സഭക്കുവേണ്ടി അത് തുള്ളി തുള്ളിയായി വീഴട്ടെ “.

1984 ൽ ജോൺപോൾ രണ്ടാമൻ പാപ്പ പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്തിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2016 ഒക്ടോബർ 16 നു പോപ്പ് ഫ്രാൻസിസ് അവളെ വിശുദ്ധയായി നാമകരണം ചെയ്തു. ഡിഷോൺ രൂപതയിലെ കർമ്മലമഠത്തിൽ മാത്രം അറിയപ്പെട്ടിരുന്ന എലിസബത്ത് ഇന്ന് സാർവത്രിക സഭയിൽ വണങ്ങപ്പെടുന്നു.

Happy Feast of St.Elizabeth of the Trinity

ജിൽസ ജോയ് ✍️✍️✍️

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s