The Book of Psalms, Chapter 105 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 105 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 105

ഇസ്രായേലിനെ നയിച്ച ദൈവം

1 കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍; അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍.

2 അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.

3 അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!

4 കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.

5 അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങളെയുംന്യായവിധികളെയുംതന്നെ.

6 അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍.

7 അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്; അവിടുത്തെന്യായവിധികള്‍ ഭൂമിക്കുമുഴുവന്‍ ബാധകമാകുന്നു.

8 അവിടുന്നു തന്റെ ഉടമ്പടിഎന്നേക്കും അനുസ്മരിക്കും; തന്റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മിക്കും.

9 അബ്രാഹത്തോടു ചെയ്ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വംനല്‍കിയ വാഗ്ദാനംതന്നെ.

10 അവിടുന്ന് അതു യാക്കോബിന് ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വതമായ ഒരുഉടമ്പടിയായും സ്ഥിരീകരിച്ചു.

11 അവിടുന്ന് അരുളിച്ചെയ്തു: നിനക്കുനിശ്ചയിച്ച ഓഹരിയായി ഞാന്‍ കാനാന്‍ദേശം നല്‍കും.

12 അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞവരുംനിസ്‌സാരരും അവിടെ പരദേശികളും ആയിരുന്നു.

13 അവര്‍ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ അലഞ്ഞുനടന്നു.

14 ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്നു സമ്മതിച്ചില്ല; അവരെപ്രതി അവിടുന്നു രാജാക്കന്‍മാരെ ശാസിച്ചു.

15 എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്‍ക്ക് ഒരുപദ്രവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു.

16 അവിടുന്നു നാട്ടില്‍ ക്ഷാമം വരുത്തുകയും അപ്പമാകുന്നതാങ്ങു തകര്‍ത്തുകളയുകയും ചെയ്തു.

17 അപ്പോള്‍, അവര്‍ക്കു മുന്‍പായിഅവിടുന്ന് ഒരുവനെ അയച്ചു; അടിമയായി വില്‍ക്കപ്പെട്ട ജോസഫിനെത്തന്നെ.

18 അവന്റെ കാലുകള്‍വിലങ്ങുകൊണ്ടു മുറിഞ്ഞു; അവന്റെ കഴുത്തില്‍ ഇരുമ്പുപട്ട മുറുകി.

19 അവന്‍ പ്രവചിച്ചതു സംഭവിക്കുവോളംകര്‍ത്താവിന്റെ വചനംഅവനെ പരീക്ഷിച്ചു.

20 രാജാവ് അവനെ ആളയച്ചു വിടുവിച്ചു; ജനതകളുടെ അധിപന്‍ അവനെ സ്വതന്ത്രനാക്കി.

21 തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു.

22 തന്റെ പ്രഭുക്കന്‍മാര്‍ക്ക് ഉചിതമായശിക്ഷണം നല്‍കാനും തന്റെ ശ്രേഷ്ഠന്‍മാര്‍ക്കു ജ്ഞാനംഉപദേശിക്കാനും അവനെ നിയോഗിച്ചു.

23 അപ്പോള്‍ ഇസ്രായേല്‍ ഈജിപ്തിലേക്കു വന്നു; യാക്കോബു ഹാമിന്റെ ദേശത്തു ചെന്നുപാര്‍ത്തു.

24 ദൈവം തന്റെ ജനത്തെ സന്താനപുഷ്ടിയുള്ളവരാക്കി; തങ്ങളുടെ വൈരികളെക്കാള്‍ ശക്തരാക്കി.

25 തന്റെ ജനത്തെ വെറുക്കാനും തന്റെ ദാസരോടു കൗശലം കാണിക്കാനുംവേണ്ടിഅവിടുന്ന് അവരെ പ്രേരിപ്പിച്ചു.

26 അവിടുന്നു തന്റെ ദാസനായ മോശയെയും താന്‍ തിരഞ്ഞെടുത്ത അഹറോനെയും അയച്ചു.

27 അവര്‍ അവരുടെ ഇടയില്‍ അവിടുത്തെഅടയാളങ്ങളും ഹാമിന്റെ ദേശത്ത്അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു.

28 അവിടുന്ന് അന്ധകാരം അയച്ചുനാടിനെ ഇരുട്ടിലാക്കി; അവര്‍ അവിടുത്തെ വചനത്തെ എതിര്‍ത്തു.

29 അവിടുന്ന് അവരുടെ ജലമെല്ലാം രക്തമാക്കി, അവരുടെ മത്‌സ്യങ്ങള്‍ ചത്തൊടുങ്ങി.

30 അവരുടെ നാട്ടില്‍ തവളകള്‍ നിറഞ്ഞു, അവരുടെ രാജാക്കന്‍മാരുടെ മണിയറകളില്‍പ്പോലും.

31 അവിടുന്നു കല്‍പിച്ചു; ഈച്ചകളും പേനും പറ്റമായിവന്ന് അവരുടെനാട്ടിലെങ്ങും നിറഞ്ഞു.

32 അവിടുന്ന് അവര്‍ക്കു മഴയ്ക്കുപകരംകന്‍മഴ കൊടുത്തു; അവരുടെ നാട്ടിലെല്ലാം മിന്നല്‍പിണര്‍ പാഞ്ഞു.

33 അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളുംഅത്തിവൃക്ഷങ്ങളും തകര്‍ത്തു; അവരുടെ നാട്ടിലെ വൃക്ഷങ്ങള്‍ നശിപ്പിച്ചു.

34 അവിടുന്നു കല്‍പിച്ചപ്പോള്‍ വെട്ടുകിളികള്‍ വന്നു; സംഖ്യാതീതമായി അവ വന്നു.

35 അവ അവരുടെ നാട്ടിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളവുകളും തിന്നൊടുക്കി.

36 അവരുടെ നാട്ടിലെ കടിഞ്ഞൂലുകളെ, പൗരുഷത്തിന്റെ ആദ്യഫലങ്ങളെ,മുഴുവന്‍ അവിടുന്നു സംഹരിച്ചു.

37 അനന്തരം, അവിടുന്ന് ഇസ്രായേലിനെസ്വര്‍ണത്തോടും വെള്ളിയോടുംകൂടെ മോചിപ്പിച്ചു നയിച്ചു; അവന്റെ ഗോത്രങ്ങളില്‍ ഒരുവനും കാലിടറിയില്ല.

38 അവര്‍ പുറപ്പെട്ടപ്പോള്‍ ഈജിപ്ത്‌സന്തോഷിച്ചു; എന്തെന്നാല്‍, അവരെപ്പറ്റിയുള്ള ഭീതിഅതിന്റെ മേല്‍ നിപതിച്ചിരുന്നു;

39 അവിടുന്ന് അവര്‍ക്കു തണലിനുവേണ്ടിഒരു മേഘത്തെ വിരിച്ചു; രാത്രിയില്‍ പ്രകാശം നല്‍കാന്‍അഗ്‌നി ജ്വലിപ്പിച്ചു.

40 അവര്‍ ചോദിച്ചു; അവിടുന്ന്കാടപ്പക്ഷികളെ കൊടുത്തു; അവര്‍ക്കുവേണ്ടി ആകാശത്തുനിന്നുസമൃദ്ധമായി അപ്പം വര്‍ഷിച്ചു.

41 അവിടുന്നു പാറ തുറന്നു;വെള്ളം പൊട്ടിയൊഴുകി; അതു മരുഭൂമിയിലൂടെനദിപോലെ പ്രവഹിച്ചു.

42 എന്തെന്നാല്‍, അവിടുന്നു തന്റെ വിശുദ്ധവാഗ്ദാനത്തെയും തന്റെ ദാസനായ അബ്രാഹത്തെയും അനുസ്മരിച്ചു.

43 അവിടുന്ന്, തന്റെ ജനത്തെ സന്തോഷത്തോടെ, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെഗാനാലാപത്തോടെ, നയിച്ചു.

44 അവിടുന്നു ജനതകളുടെ ദേശങ്ങള്‍അവര്‍ക്കു നല്‍കി; ജനതകളുടെ അധ്വാനത്തിന്റെഫലം അവര്‍ കൈയടക്കി.

45 അവര്‍ എന്നെന്നും തന്റെ ചട്ടങ്ങള്‍ ആദരിക്കാനും തന്റെ നിയമങ്ങള്‍ അനുസരിക്കാനുംവേണ്ടിത്തന്നെ. കര്‍ത്താവിനെ സ്തുതിക്കുവിന്‍!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a comment