The Book of 1 Samuel, Chapter 13 | 1 സാമുവൽ, അദ്ധ്യായം 13 | Malayalam Bible | POC Translation

Advertisements

1 സാമുവൽ, അദ്ധ്യായം 13

സാവൂള്‍ തിരസ്‌കൃതനാകുന്നു

1 രാജാവാകുമ്പോള്‍ സാവൂളിനു…. വയസ്‌സുണ്ടായിരുന്നു. അവന്‍ …. വര്‍ഷം ഇസ്രായേലിനെ ഭരിച്ചു.2 സാവൂള്‍ ഇസ്രായേലില്‍നിന്ന് മൂവായിരം പേരെ തിരഞ്ഞെടുത്തു. രണ്ടായിരം പേര്‍ അവനോടൊത്തു മിക്മാഷിലും ബഥേല്‍ മലനാട്ടിലും നിന്നു; ആയിരം പേര്‍ ജോനാഥാനോടുകൂടെ ബഞ്ച മിന്റെ ഗിബെയാദേശത്തും ആയിരുന്നു.ശേഷിച്ചവരെ അവരവരുടെ കൂടാരങ്ങളിലേക്ക് അയച്ചു.3 ഗേബായിലുള്ള ഫിലിസ്ത്യരുടെ കാവല്‍സൈന്യത്തെ ജോനാഥാന്‍ പരാജയപ്പെടുത്തി. ഫിലിസ്ത്യര്‍ അതറിഞ്ഞു.ഹെബ്രായര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞ് സാവൂള്‍ രാജ്യമൊട്ടുക്കു കാഹളം മുഴക്കി.4 സാവൂള്‍ ഫിലിസ്ത്യരുടെ കാവല്‍ഭടന്‍മാരെ പരാജയപ്പെടുത്തിയെന്നും ഫിലിസ്ത്യര്‍ തങ്ങളെ വെറുക്കുന്നുവെന്നും ഇസ്രായേല്യര്‍ അറിഞ്ഞു. അതിനാല്‍, അവര്‍ ഗില്‍ഗാലില്‍ സാവൂളിന്റെ അടുക്കല്‍ വന്നുകൂടി.5 ഫിലിസ്ത്യര്‍ ഇസ്രായേലിനോടുയുദ്ധംചെയ്യാന്‍ സൈന്യത്തെ ഒരുമിച്ചുകൂട്ടി – മുപ്പതിനായിരം രഥങ്ങള്‍, ആറായിരം കുതിരപ്പടയാളികള്‍, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണ മറ്റ കാലാള്‍പ്പട. അവര്‍ ബത്താവനു കിഴക്കുള്ള മിക്മാഷില്‍ കൂടാരമടിച്ചു.6 അപകടസ്ഥിതിയിലാണെന്നു മനസ്‌സിലായപ്പോള്‍ ഇസ്രായേല്യര്‍ ഗുഹകളിലും മാളങ്ങളിലും പാറക്കെട്ടുകളിലും ശവകുടീരങ്ങളിലും കിണറുകളിലും ഒളിച്ചു.7 ചിലര്‍ ജോര്‍ദാന്‍നദി കടന്ന് ഗാദിലും ഗിലയാദിലും എത്തി. സാവൂള്‍ ഗില്‍ഗാലില്‍ത്തന്നെ ഉണ്ടായിരുന്നു. അനുയായികളാകട്ടെ ഭയചകിതരുമായിരുന്നു.8 സാവൂള്‍ സാമുവലിന്റെ നിര്‍ദേശമനുസരിച്ച് ഏഴുദിവസം അവനുവേണ്ടി കാത്തിരുന്നു. എന്നാല്‍, അവന്‍ ഗില്‍ഗാലില്‍ വന്നില്ല. അതിനാല്‍, ജനം സാവൂളിനെ വിട്ടുപിരിയാന്‍ തുടങ്ങി.9 സാവൂള്‍ പറഞ്ഞു: ദഹനബ ലിക്കും സമാധാനബലിക്കുമുള്ള വസ്തുക്കള്‍ എന്റെ യടുത്തു കൊണ്ടുവരുവിന്‍. എന്നിട്ട് അവന്‍ തന്നെ ദഹനബലിയര്‍പ്പിച്ചു.10 ദഹനബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി. അവനെ അഭിവാദനംചെയ്തു സ്വീകരിക്കാന്‍ സാവൂള്‍ പുറത്തേക്കുചെന്നു.11 നീ എന്താണു ചെയ്തത്? സാമുവല്‍ ചോദിച്ചു. സാവൂള്‍ പറഞ്ഞു: ജനങ്ങള്‍ എന്നെ വിട്ടു ചിതറിപ്പോകുന്നതും നിശ്ചിതദിവസമായിട്ടും അങ്ങു വരാതിരിക്കുന്നതും ഫിലിസ്ത്യര്‍ മിക്മാഷില്‍ ഒരുമിച്ചുകൂടുന്നതും ഞാന്‍ കണ്ടു.12 ഗില്‍ഗാലില്‍വച്ച് ഫിലിസ്ത്യര്‍ എന്നെ ആക്രമിക്കുന്നുവെന്നും കര്‍ത്താവിന്റെ സഹായം ഞാന്‍ അപേക്ഷിച്ചിട്ടില്ലല്ലോ എന്നും ഞാന്‍ ഓര്‍ത്തു. അതിനാല്‍, ദഹനബലിയര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.13 സാമുവല്‍ പറഞ്ഞു: നീ വിഡ്ഢിത്തമാണ് ചെയ്തത്. നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്‍പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലില്‍ എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.14 എന്നാല്‍, നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്റെ കല്‍പനകള്‍ നീ അനുസരിക്കായ്കയാല്‍, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയോഗിച്ചു കഴിഞ്ഞു.15 സാമുവല്‍ ഗില്‍ഗാലില്‍നിന്ന് ബഞ്ചമിന്റെ ഗിബെയായിലേക്കു പോയി. അറുനൂറോളം പേര്‍ മാത്രമേസാവൂളിനോടുകൂടെ അവശേഷിച്ചിരുന്നുള്ളു.16 സാവൂളും പുത്രന്‍ ജോനാഥാനും ആ ജനങ്ങളും ബഞ്ചമിന്റെ ഗേബാദേശത്തു പാളയമടിച്ചു. ഫിലിസ്ത്യര്‍ മിക്മാഷിലും കൂടാരമടിച്ചു.17 ഫിലിസ്ത്യരുടെ പാളയത്തില്‍നിന്ന് മൂന്ന് സംഘങ്ങള്‍ കവര്‍ച്ചയ്ക്കു പുറപ്പെട്ടു. ഒരു സംഘം ഷുവാല്‍ദേശത്തെ ഓഫ്രായിലേക്കു തിരിച്ചു.18 മറ്റൊന്ന് ബത്‌ഹൊറോനിലേക്കും മൂന്നാമത്തേത് മരുഭൂമിക്കഭിമുഖമായിക്കിടക്കുന്നസെബോയിം താഴ്‌വരയ്ക്കു മുകളിലുള്ള അതിര്‍ത്തിയിലേക്കും പോയി.19 അക്കാലത്ത് ഇസ്രായേലിലൊരിടത്തും കൊല്ലന്‍മാര്‍ ഇല്ലായിരുന്നു. ഹെബ്രായര്‍ വാളും കുന്തവും ഉണ്ടാക്കാതിരിക്കാന്‍ ഫിലിസ്ത്യര്‍ മുന്‍കരുതലെടുത്തിരുന്നു.20 ഇസ്രായേല്യര്‍ക്ക് തങ്ങളുടെ കൊഴു, തൂമ്പാ, കോടാലി, അരിവാള്‍ എന്നിവ മൂര്‍ച്ചവരുത്തുന്നതിന് ഫിലിസ്ത്യരുടെയടുക്കല്‍ പോകേണ്ടിയിരുന്നു.21 കൊഴുവിനും തൂമ്പായ്ക്കും മൂന്നില്‍ രണ്ടു ഷെക്കലും കോടാലിക്കും മുടിങ്കോലിനും മൂന്നിലൊന്നു ഷെക്കലും ആയിരുന്നു നിരക്ക്.22 യുദ്ധദിവസം സാവൂളിനും പുത്രന്‍ ജോനാഥാനുമൊഴികേ മറ്റാര്‍ക്കും വാളോ കുന്തമോ ഉണ്ടായിരുന്നില്ല.23 ഫിലിസ്ത്യരുടെ കാവല്‍സേന മിക്മാഷ്ചുരത്തിലേക്ക് നീങ്ങി.

Advertisements

The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David
Advertisements
King Saul
Advertisements
Advertisements

Leave a comment