1 സാമുവൽ, അദ്ധ്യായം 8
രാജാവിനുവേണ്ടി മുറവിളി
1 സാമുവല്‍ വൃദ്ധനായപ്പോള്‍ മക്കളെ ഇസ്രായേലില്‍ന്യായാധിപന്‍മാരായി നിയമിച്ചു.2 മൂത്തമകന്‍ ജോയേലും രണ്ടാമന്‍ അബിയായും ബേര്‍ഷെബായില്‍ന്യായാധിപന്‍മാരായിരുന്നു.3 അവര്‍ പിതാവിന്റെ മാര്‍ഗം പിന്തുടര്‍ന്നില്ല. പണമായിരുന്നു അവരുടെ ലക്ഷ്യം; അവര്‍ കൈക്കൂലി വാങ്ങുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.4 ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ റാമായില്‍ സാമുവലിന്റെ സന്നിധിയില്‍ ഒരുമിച്ചുകൂടി.5 അവര്‍ പറഞ്ഞു: അങ്ങു വൃദ്ധനായി; പുത്രന്‍മാരാകട്ടെ അങ്ങയുടെ മാര്‍ഗം പിന്തുടരുന്നുമില്ല. അതുകൊണ്ട് മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങള്‍ക്കും നിയമിച്ചുതരുക.6 ഞങ്ങള്‍ക്ക് ഒരു രാജാവിനെ തരുക എന്ന് അവര്‍ പറഞ്ഞത് സാമുവലിന് ഇഷ്ടമായില്ല. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.7 അവിടുന്നു സാമുവലിനോടു പറഞ്ഞു: ജനം പറയുന്നതു കേള്‍ക്കുക. അവര്‍ നിന്നെയല്ല തങ്ങളുടെ രാജാവായ എന്നെയാണ് തിരസ്‌കരിച്ചിരിക്കുന്നത്.8 ഈജിപ്തില്‍നിന്ന് കൊണ്ടുവന്ന ദിവസംമുതല്‍ അവര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്‍മാരെ ആരാധിച്ചുകൊണ്ട് എന്നോട് ചെയ്തതുതന്നെയാണ് അവര്‍ നിന്നോടും ചെയ്യുന്നത്.9 അതുകൊണ്ട് ഇപ്പോള്‍ അവരെ അനുസരിക്കുക. എന്നാല്‍, അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്‍മാരുടെ രീതി സൂക്ഷ്മമായി വിവരിച്ച് അവര്‍ക്കു മുന്നറിയിപ്പു കൊടുക്കുക.10 രാജാവിനെ ആവശ്യപ്പെട്ടവരോടു കര്‍ത്താവിന്റെ വാക്ക് സാമുവല്‍ അറിയിച്ചു.11 നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും: തന്റെ രഥത്തിന്റെ മുമ്പില്‍ ഓടാന്‍ തേരാളികളും അശ്വഭടന്‍മാരുമായി അവന്‍ നിങ്ങളുടെ പുത്രന്‍മാരെ നിയോഗിക്കും.12 ആയിരങ്ങളുടെയും അന്‍പതുകളുടെയും അധിപന്‍മാരായി അവന്‍ അവരെ നിയമിക്കും. ഉഴവുകാരും കൊയ്ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണനിര്‍മാതാക്കളുമായി അവരെ നിയമിക്കും.13 നിങ്ങളുടെ പുത്രിമാരെ സുഗ ന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളും ആക്കും.14 നിങ്ങളുടെ വയ ലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലും വച്ച് ഏറ്റവും നല്ലത് അവന്‍ തന്റെ സേവകര്‍ക്കു നല്‍കും.15 നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശ മെടുത്ത് അവന്‍ തന്റെ കിങ്കരന്‍മാര്‍ക്കും ഭൃത്യന്‍മാര്‍ക്കും നല്‍കും.16 നിങ്ങളുടെ ദാസന്‍മാരെയും ദാസികളെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും അവന്‍ തന്റെ ജോലിക്കു നിയോഗിക്കും.17 അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങള്‍ അവന്റെ അടിമകളായിരിക്കും.18 നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. എന്നാല്‍, കര്‍ത്താവ് നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല.19 സാമുവലിന്റെ വാക്കുകള്‍ ജനം അവ ഗണിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു രാജാവിനെ കിട്ടണം.20 ഞങ്ങള്‍ക്കും മറ്റു ജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം.21 ജനങ്ങള്‍ പറഞ്ഞത് സാമുവല്‍ കര്‍ത്താവിന്റെ മുന്‍പില്‍ ഉണര്‍ത്തിച്ചു.22 അവിടുന്ന് അവനോടു പറഞ്ഞു: അവരുടെ വാക്കനുസരിച്ച് അവര്‍ക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്കുക. സാമുവല്‍ ഇസ്രായേല്യരോടു പറഞ്ഞു: ഓരോരുത്തരും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍.
The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

