2 സാമുവൽ, അദ്ധ്യായം 9
ദാവീദും മെഫിബോഷെത്തും
1 ജോനാഥാനെപ്രതി ഞാന്‍ ദയ കാണിക്കേണ്ടതിന് സാവൂളിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവീദ് തിരക്കി.2 സാവൂളിന്റെ ഭവനത്തില്‍ സീബ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അവനെ ദാവീദിന്റെ യടുക്കല്‍ കൊണ്ടുവന്നു. നീയാണോ സീബ, ദാവീദ് ചോദിച്ചു. അതേ, അടിയന്‍തന്നെ, അവന്‍ മറുപടി പറഞ്ഞു.3 രാജാവ് അവനോടു ചോദിച്ചു: ഞാന്‍ ദൈവത്തോടു വാഗ്ദാനം ചെയ്തതുപോലെ ദയ കാണിക്കേണ്ടതിനു സാവൂളിന്റെ കുടുംബത്തില്‍ ഇനി ആരുമില്ലേ? ജോനാഥാന് ഒരു മകനുണ്ട്, അവന്‍ മുടന്തനാണ്, സീബ പറഞ്ഞു. അവനെവിടെ?4 രാജാവു ചോദിച്ചു. അവന്‍ ലോദേബാറില്‍ അമ്മിയേലിന്റെ മകന്‍ മാഖീറിന്റെ വീട്ടിലുണ്ട്, സീബ പറഞ്ഞു.5 അപ്പോള്‍, ദാവീദ് ലോദേബാറില്‍ അമ്മിയേലിന്റെ മകന്‍ മാഖീറിന്റെ വീട്ടിലേക്ക് ആളയച്ച് അവനെ വരുത്തി.6 സാവൂളിന്റെ മകനായ ജോനാഥാന്റെ മകന്‍ മെഫിബോഷെത്ത് ദാവീദിന്റെ യടുക്കല്‍ വന്നു സാഷ്ടാംഗം നമസ്‌കരിച്ചു. മെഫിബോഷെത്ത്, ദാവീദു വിളിച്ചു. അടിയന്‍ ഇതാ, അവന്‍ വിളികേട്ടു.7 ദാവീദ് അവനോ ടു പറഞ്ഞു: ഭയപ്പെടേണ്ട. നിന്റെ പിതാവായ ജോനാഥാനെപ്രതി ഞാന്‍ നിന്നോടു ദയ കാണിക്കും. നിന്റെ പിതാമഹനായ സാവൂളിന്റെ ഭൂമിയെല്ലാം ഞാന്‍ നിനക്കു മടക്കിത്തരും. നീ എപ്പോഴും എന്നോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യും.8 ചത്തനായ്ക്കു തുല്യനായ എന്നോട് കരുണ കാണിക്കാന്‍ അങ്ങേക്കു തോന്നിയല്ലോ, മെഫിബോഷെത്ത് നമിച്ചുകൊണ്ടുപറഞ്ഞു.9 രാജാവ് സാവൂളിന്റെ ഭൃത്യന്‍ സീബയെ വിളിച്ചു പറഞ്ഞു: സാവൂളിനും കുടുംബത്തിനും ഉണ്ടായിരുന്നതെല്ലാം ഞാന്‍ നിന്റെ യജമാനന്റെ മകനു നല്‍കിയിരിക്കുന്നു.10 നീയും മക്കളും ദാസന്‍മാരും കൃഷിചെയ്തു നിന്റെ യജമാനന്റെ മകനു ഭക്ഷണത്തിനുള്ള വക കൊണ്ടുവരണം. മെഫിബോഷെത്ത് എപ്പോഴും എന്നോടൊപ്പം ഭക്ഷണം കഴിക്കും. സീബയ്ക്കു പതിനഞ്ചു പുത്രന്‍മാരും ഇരുപതു ദാസന്‍മാരുമുണ്ടായിരുന്നു.11 എന്റെ യജമാനനായ രാജാവ് കല്‍പിക്കുന്നതുപോലെ അടിയന്‍ ചെയ്യാം, സീബ പറഞ്ഞു. അങ്ങനെ രാജാവിന്റെ പുത്രന്‍മാരില്‍ ഒരുവനെപ്പോലെ മെഫിബോഷെത്ത് ദാവീദിന്റെ മേശയില്‍ ഭക്ഷിച്ചുപോന്നു.12 മെഫിബോഷെത്തിന് ഒരു കൊച്ചുമകന്‍ ഉണ്ടായിരുന്നു, മീക്കാ. സീബയുടെ വീട്ടിലുണ്ടായിരുന്നവരെല്ലാം മെഫിബോഷെത്തിന്റെ ദാസന്‍മാരായിത്തീര്‍ന്നു.13 അങ്ങനെ മെഫിബോഷെത്ത് ജറുസെലേമില്‍ പാര്‍ത്ത് എപ്പോഴും രാജാവിന്റെ മേശയില്‍ ഭക്ഷണം കഴിച്ചുപോന്നു. അവന്റെ രണ്ടു കാലിനും മുടന്തായിരുന്നു.
The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation




Leave a comment