January 24 | വിശുദ്ധ ഫ്രാൻസിസ് സാലസ്

തന്റെ എളിമയാലും കരുണയാലും സൗമ്യതയാലും ആളുകളെ വിസ്മയിപ്പിച്ചൊരു വിശുദ്ധന്റെ തിരുന്നാളാണ് ഇന്ന്. ആളുകൾ അദ്ദേഹത്തെ കണ്ട് പറയുമായിരുന്നു, ‘ഫ്രാൻസിസ് ഇത്ര നല്ലതാണെങ്കിൽ, ദൈവം എത്രയോ നല്ലതായിരിക്കും!’

മരിച്ചു 40 വർഷങ്ങൾക്കുള്ളിലാണ് 1662ൽ വിശുദ്ധൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അന്നായിരുന്നു ഒരാളെ വാഴ്ത്തപ്പെട്ട പദവിയിലേക്കുയർത്തുന്ന ചടങ്ങ് ആദ്യമായി നടന്നത്. 1665 ൽ അദ്ദേഹം വിശുദ്ധപദവിയിലേക്കും ഉയർന്നു. മെത്രാനും വേദപാരംഗതനുമായ വിശുദ്ധ ഫ്രാൻസിസ് സാലസിനെ 1923ൽ പതിനൊന്നാം പീയൂസ് പാപ്പ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും സ്വർഗ്ഗീയമധ്യസ്ഥനായി പ്രഖ്യാപിച്ചു. ലിയോൺസിലെ വിസിറ്റേഷൻ പള്ളിയിൽ അദ്ദേഹത്തിന്റെ ഹൃദയം, ഫ്രാൻസിലെ ലൂയി പതിമൂന്നാമൻ രാജാവ് സമ്മാനിച്ച തങ്കപേടകത്തിൽ സൂക്ഷിച്ചിരിക്കുന്നു.

ആ കാലഘട്ടത്തിലെ ഏറ്റവും മഹാനായ സുവിശേഷപ്രഘോഷകൻ ആയി വിശുദ്ധ ഫ്രാൻസിസ് സാലസ് അറിയപ്പെടുന്നു. അദ്ദേഹം തിരഞ്ഞുപോയത് അഭിനന്ദനങ്ങളും നല്ല വാക്കുകളുമല്ല, ആത്മാക്കളെയായിരുന്നു. ‘എത്ര നന്നായി അദ്ദേഹം പ്രസംഗിക്കുന്നു’ എന്ന് കേൾക്കാനല്ല, ‘ ഞാൻ പശ്ചാത്തപിക്കുന്നു , എനിക്ക് കുമ്പസാരിക്കണം , ദൈവത്തെ കൂടുതൽ സ്നേഹിക്കണം’ എന്നൊക്കെ കേൾക്കാൻ ആണ് അദ്ദേഹം ആഗ്രഹിച്ചതും പ്രയത്നിച്ചതും. തന്റെ പ്രസംഗത്തിൽ അദ്ദേഹം സംതൃപ്‌തനായിരുന്നത് അത് ഒരുപാടുപേരെ കുമ്പസാരക്കൂട്ടിലേക്ക് നയിച്ചെങ്കിൽ മാത്രമാണ്.

കാൽവിനിസത്തിലേക്ക് തിരിഞ്ഞുപോയ ചബ്ളായിസിലെ പ്രദേശവാസികളെ വീണ്ടെടുക്കാൻ വേണ്ടി മിഷനറിമാരെ അങ്ങോട്ട് അയക്കാൻ സാവോയിലെ ഡ്യൂക്ക് ബിഷപ്പിനോട് അപേക്ഷിച്ചു. അവിടത്തെ കത്തോലിക്കാദേവാലയങ്ങളെല്ലാം അടക്കപെട്ടിരുന്നു. ഒരു പുരോഹിതനെപ്പോലും തുടരാൻ അനുവദിച്ചിരുന്നില്ല. ബിഷപ്പ് വൈദികരുടെ മീറ്റിംഗ് വിളിച്ചുകൂട്ടി ആർക്ക് പോകാൻ പറ്റുമെന്ന് ചോദിച്ചപ്പോൾ എല്ലാവരും നിശബ്ദരായി. ഫ്രാൻസിസ് എഴുന്നേറ്റു, “പിതാവേ, എനിക്ക് അതിന് പറ്റുമെന്ന് തോന്നി അങ്ങ് അനുമതി തരികയാണെങ്കിൽ എനിക്ക് പോകാൻ സന്തോഷമേയുള്ളൂ” എന്ന് പറഞ്ഞു. ബിഷപ്പിന് സമാധാനമായി.

1594, സെപ്റ്റംബർ 9 ന് യുവവൈദികനായ ഫ്രാൻസിസ് തന്റെ കസിനായ ലൂയി ഡി സാലസ് എന്ന വൈദികനൊപ്പം ചബ്ളായിസിലേക്ക് പുറപ്പെട്ടു. തെറ്റായ ആശയങ്ങളെ ദൂരെക്കളയാനും സത്യവിശ്വാസത്തിലേക്ക് തിരിച്ചുവരാനും പറഞ്ഞുകൊണ്ട് എന്നും കാലത്ത് തലസ്ഥാനമായ തൊനോനിൽ ആളുകളോട് സംസാരിച്ചു. പ്രോട്ടസ്റ്റന്റ് നേതാക്കളെ പേടിച്ച് അധികമാരും താല്പര്യം കാണിച്ചില്ല.എതിർപ്പുകളും കല്ലേറും നേരിടേണ്ടി വന്നു. ഫ്രാൻസിസ് സ്വന്തം കൈ കൊണ്ട് ലഘുരേഖകൾ എഴുതി വീടുകളിലെ വാതിലിനടിയിൽ വെക്കാൻ തുടങ്ങി. കുറേ മാസങ്ങൾ കൊണ്ട് ഫ്രാൻസിസിന്റെ ക്ഷമക്കും കരുണക്കും ഫലമുണ്ടായി. കത്തോലിക്കാവിശ്വാസം ജനഹൃദയങ്ങളിൽ രൂഢമൂലമാവാൻ തുടങ്ങി.

വിശുദ്ധ കുർബ്ബാനക്കായി പോകാൻ ഫ്രാൻസിസിന് എന്നും കാലത്ത് ഒരു നദി മുറിച്ചു കടക്കേണ്ടി വന്നു. പാലം തകർന്നുപോയിട്ട് നീളമുള്ള ഒരു മരങ്ങളാണ് നദിക്ക് കുറുകെ ഇട്ടിരുന്നത്. മഞ്ഞുകാലത്ത് നിറയെ ഐസ് പൊതിഞ്ഞിരുന്ന ആ മരത്തടികൾ വഴുക്കലുള്ളതായിരുന്നു. മരണഭയമുണ്ടെങ്കിലും ഒരു കുരിശു വരച്ചതിനു ശേഷം ഫ്രാൻസിസ് അപ്പുറത്തേക്ക് ഇഴഞ്ഞും നടന്നും നീന്തിയും ഒക്കെ എങ്ങനെയൊക്കെയോ എത്തും. അത്രക്കായിരുന്നു കുർബ്ബാനയോടുള്ള സ്നേഹം.

സത്യവിശ്വാസത്തിലേക്ക് തിരിയുന്നവരോട് ഒരു പിതാവിന്റെ വാത്സല്യത്തോടെ പറയും,”വരൂ, എന്റെ മക്കളെ, വരൂ, നിങ്ങളെ ഞാനൊന്ന് ആലിംഗനം ചെയ്യട്ടെ. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിങ്ങളെ മറയ്ക്കട്ടെ. ദൈവവും ഞാനും നിങ്ങളെ സഹായിക്കും, നിങ്ങളോട് നിരാശക്ക് അടിപ്പെടരുതെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത് ; ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം”.

ചബ്ളായിസിലെ 64 ഇടവകകൾ വീണ്ടും തുറന്നെന്നും കത്തോലിക്കാപുരോഹിതർ അവിടുണ്ടെന്നും ഉറപ്പുവരുത്തിയതിനു ശേഷമാണ്, വിശ്രമമില്ലാതെ പണിയെടുത്ത വിശുദ്ധൻ ജനീവയിലെ മെത്രാന്റെ മരണശേഷം അങ്ങോട്ടേക്ക് പോയത്.1603 ൽ ബിഷപ്പായിരിക്കെ അദ്ദേഹം പോപ്പിന് എഴുതി, “ആദ്യമൊക്കെ എല്ലാ ഇടവകകൾ കൂട്ടിയാലും 100 കത്തോലിക്കർ പോലുമില്ലാതിരുന്നിടത്ത് ഇപ്പോൾ എല്ലാ ഇടവകളിലും കൂടി നോക്കിയാൽ 100 പാഷണ്ഡികൾ പോലുമില്ല”.

മികച്ച ആത്മീയോപദേഷ്ടാവായിരുന്ന വിശുദ്ധ ഫ്രാൻസിസ് സാലസ്, തങ്ങളുടേതായ ജീവിതസാഹചര്യങ്ങളിൽ, ദൈവവിളിക്ക് യോജിച്ച വിധം അൽമായർക്കും എങ്ങനെ വിശുദ്ധിയുള്ള ജീവിതം നയിക്കാനാകും എന്നുപദേശിച്ചു കൊണ്ട് അനേകം കത്തുകളെഴുതി (20000 കത്തുകൾ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു). Introduction to the Devout Life (ഭക്തിമാർഗ്ഗപ്രവേശിക) എന്ന വിശുദ്ധന്റെ പുസ്തകത്തിൽ അതിൽ ചിലതൊക്കെ വന്നിട്ടുണ്ട്. അനേകം ഭാഷകളിലേക്കാണ് പുസ്‌തകങ്ങൾ മൊഴിമാറ്റം ചെയ്യപ്പെട്ടതും വീണ്ടും വീണ്ടും പുതിയ പതിപ്പുകളിറങ്ങിയതും.പിന്നീട് വിശുദ്ധ ജെയ്ൻ ഫ്രാൻസസ് ഷന്താളിനൊപ്പം സ്ഥാപിച്ച വിസിറ്റേഷൻ സഭയിലെ കന്യസ്ത്രീകൾക്കായി Treatise on the Love of God (ദൈവസ്നേഹത്തെക്കുറിച്ച് ഒരു പ്രബന്ധം) എഴുതി. അതിൽ അദ്ദേഹം എഴുതി, ‘ അളവില്ലാതെ സ്നേഹിക്കുക എന്നതാണ് സ്നേഹത്തിന്റെ അളവ് ‘, അദ്ദേഹം പഠിപ്പിക്കുകയും പിന്തുടർന്നു പോരുകയും ചെയ്ത തത്വം.

അൽമായപ്രേഷിതത്വത്തിന്റെയും അൽമായ ആത്മീയതയുടെയും മധ്യസ്ഥനായി വിശുദ്ധ ഫ്രാൻസിസ് സാലസ് അറിയപ്പെടുന്നു. ആത്മീയജീവിതമെന്നത് പുരോഹിതർക്കും കന്യസ്ത്രീകൾക്കും മാത്രമല്ല എല്ലാവർക്കും ആവശ്യമുള്ളതാണെന്നും അത് ആർക്കും അപ്രാപ്യമല്ലെന്നും അദ്ദേഹം പറഞ്ഞുതന്നു

സൗമ്യശീലത്തിന് അറിയപ്പെട്ടിരുന്ന വിശുദ്ധന് അത് കൈവരിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നീണ്ട ഇരുപത് വർഷങ്ങൾ കഠിനമായി പരിശ്രമിച്ചാണ് അങ്ങനെയായത്.”സ്നേഹപൂർണമായ ശാന്തത പോലെ ഇത്രമാത്രം ആത്മീയോന്നതിയിലേക്ക് നയിക്കുന്ന മറ്റൊന്നുമില്ല” എന്ന് പറഞ്ഞിരുന്ന ഫ്രാൻസിസ് സാലസിന്റെ അധരങ്ങളിൽ നിരന്തരം പുഞ്ചിരി കളിയാടിയിരുന്നു. മുഖഭാവം, സംഭാഷണം, സാന്നിധ്യം എല്ലാം മുഴുവനായി ശാന്തതയിൽ നിറഞ്ഞതായിരുന്നു. ‘മാന്യനായ വിശുദ്ധൻ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹത്തോടുള്ള അഭ്യർത്ഥന നിരസിക്കപ്പെട്ടാലും അപേക്ഷിച്ചയാൾ തൃപ്തനായാണ് മടങ്ങിയിരുന്നത്. “സംസാരത്തിൽ തെറ്റുകൾ ഒഴിവാക്കാൻ നാം നമ്മുടെ അധരങ്ങൾ ചേർത്ത് ബട്ടണിടണം. തന്മൂലം എന്താണ് പറയാൻ പോകുന്നതെന്ന് ആ ബട്ടണുകൾ കഴിക്കുന്ന സമയത്ത് നാം ചിന്തിക്കും”

“നിങ്ങൾ എന്തായിരിക്കുന്നുവോ, അതിൽ ശ്രേഷ്ഠരായിരിക്കുക ” എന്നതാണ് സൃഷ്ടാവിന് മഹത്വം നൽകാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്ന് അദ്ദേഹം പഠിപ്പിച്ചു. സഹനങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമിടക്കും തന്റെ ആത്മാവിനെ അദ്ദേഹം ശാന്തതയും സമാധാനവും ഉള്ളതായി സൂക്ഷിച്ചു. ദൈനംദിന ജീവിതത്തിൽ ഓരോ കാര്യങ്ങളിലും ദൈവഹിതം വിവേചിച്ചറിയുകയും അത് നിവർത്തിക്കപ്പെടാനായി തന്നെത്തന്നെ സ്നേഹത്തോടെ ദൈവത്തിന് സമർപ്പിക്കുകയും ചെയ്‌തെന്നതായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം.

ആരോഗ്യത്തോടെ ജീവിക്കുന്നതോ പരാലിസിസ് വന്ന് ശിഷ്ടകാലം കിടക്കയിൽ ആകുന്നതോ, ഏതാണ് ദൈവഹിതം എന്നതാണ് നോക്കേണ്ടത്, വിശുദ്ധൻ പറയുന്നു. ആരോഗ്യമുണ്ടെങ്കിൽ ദൈവത്തിന് വേണ്ടി വേല ചെയ്യും. രോഗമാണ് ദൈവഹിതമെങ്കിൽ,അതിന്റെതായ സഹനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തും. ജീവിതം നീണ്ടതാണോ ചെറിയതാണോ എന്നതൊന്നും വിഷയമല്ല. ദൈവത്തിന്റെ കരുതലിനും ഹിതത്തിനും നമ്മെത്തന്നെ സമർപ്പിക്കുക.

പുണ്യത്തെ പോലും അമിതമായ അടുപ്പം കൂടാതെ സ്നേഹിക്കണം. പ്രാർത്ഥനയെയും ഏകാന്തതയെയും സ്നേഹിക്കേണ്ടത് ആവശ്യമാണെങ്കിലും അനുസരണമോ പരസ്നേഹമോ നമ്മെ അതിൽ നിന്ന് തടയുന്നുവെങ്കിൽ അസ്വസ്ഥപ്പെടരുത്. മറിച്ച്, നമ്മുടെ മനസ്സിന്റെ സ്വാഭാവിക പ്രവണതകളെ നിയന്ത്രിക്കാൻ വേണ്ടി ദൈവതിരുമനസ്സ് കൊണ്ട് സംഭവിക്കുന്ന സകലതിനെയും സമർപ്പണമനോഭാവത്തോടെ സ്വീകരിക്കണം.

സന്യസ്തരുടെ അന്ത്യവിധി അവരുടെ നിയമപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശുദ്ധൻ പറയുന്നു.മേലധികാരികൾ അവരുടെ അധീനരോട് ശാന്തതയോടെ പെരുമാറണം. അവർ ഒരു കല്പന നൽകുമ്പോൾ കൽപ്പിക്കുന്നതിനെക്കാളുപരി ചോദിക്കുകയാണ് വേണ്ടത്. മേലധികാരികൾക്ക് തങ്ങളുടെ അധീനരെ നേടിയെടുക്കാൻ സ്നേഹവും അനുസരണയുമല്ലാതെ കൂടുതൽ നല്ല മറ്റു മാർഗ്ഗങ്ങളില്ലെന്ന് വിശുദ്ധ ഫ്രാൻസിസ് സാലസ് പറയുന്നു.

‘”നാം ചെയ്യുന്ന സകലതിലും സ്വന്തം സംതൃപ്തി തേടുന്നുവെന്നത് നമ്മുടെ അധഃപതിച്ച പ്രകൃതിയുടെ പൊതുവായ ഒരു പാപമാണ്. ദൈവസ്നേഹവും ക്രിസ്തീയപൂർണ്ണതയും അടങ്ങിയിരിക്കുന്നത് മധുരമായ വൈകാരികഅനുഭൂതികളിലും ആശ്വാസങ്ങളിലുമല്ല. മറിച്ച്, നമ്മുടെ ആത്മസ്നേഹത്തെ അതിജീവിക്കുന്നതിലും ദൈവഹിതം പൂർത്തീകരിക്കുന്നതിലുമാണ്”.

” ക്രിസ്തുവിന്റെ ഹൃദയത്തിൽ ജ്വലിക്കുന്ന സ്നേഹാഗ്നിജ്വാലകളാലല്ലാതെ മറ്റെന്ത് സ്നേഹത്താലാണ് നാം ഉജ്ജ്വലിക്കപ്പെടുക? നമ്മുടെ കർത്താവും ദൈവവുമായവനെ ജ്വലിപ്പിക്കുന്ന അഗ്നിയാൽ നാം ഉജ്ജ്വലിക്കുന്നത് നമുക്കെത്രയോ സന്തോഷപ്രദമാണ്. ദൈവത്തോടുള്ള സ്നേഹത്താൽ കെട്ടപ്പെടുന്നത് എത്രയോ ആനന്ദപ്രദവുമാണ്”!

” എല്ലായ്പോഴും നമ്മുടെ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് കർത്താവിനോട് പറയാം, പതുക്കെ, മൃദുവായി, സൗമ്യമായി, ഒരുപാട് ആഗ്രഹത്തോടെ, ‘അതേ കർത്താവേ, നീ ആഗ്രഹിക്കുന്നത് മാത്രമേ ഞാനും ആഗ്രഹിക്കുന്നുള്ളു ‘.

1622, ഡിസംബർ 28ന്, ലിയോൺസിൽ വെച്ച് ഒരു പാവം തോട്ടക്കാരന്റെ താമസസ്ഥലത്ത് കിടന്ന് അന്ത്യശ്വാസം വലിക്കവേ വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ ചുണ്ടുകൾ ഇങ്ങനെ മന്ത്രിച്ചു, ” Thy will be done” (അങ്ങയുടെ ഹിതം നിറവേറട്ടെ )!!

വിശുദ്ധ ഫ്രാൻസിസ് സാലസിന്റെ തിരുന്നാൾ ആശംസകൾ…’ഈശോ എന്നിലും നിന്നിലും വാഴട്ടെ’ (വിശുദ്ധ ഫ്രാൻസിസ് സാലസിന്റെ ആപ്തവാക്യം)

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment