വചന വിചിന്തനം | ലൂക്കാ: 13:22-30 | ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക

Advertisements

ഗലീലിയയിൽ നിന്നു ജറുസലേമിലേക്കുള്ള യേശുവിന്റെ യാത്രാ മധ്യേ നടക്കുന്ന ഒരു വിവരണമാണ് ഇന്നത്തെ സുവിശേഷ വിചിന്തനത്തിനായി സഭ നൽകിയിരിക്കുന്നത്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട്‌ അവന്‍ ജറുസലെമിലേക്കുയാത്രചെയ്യുകയായിരുന്നു.(ലൂക്കാ 13 : 22 ).

പത്ത് അധ്യായങ്ങളിലായാണ് ലുക്കാ യേശുവിന്റെ ജറുസലേമിലേക്കുള്ള യാത്രയെപ്പറ്റി വിവരിക്കുന്നത്. (ലൂക്കാ 9:51 to 19:28). യേശു ജറുസലേമിലേക്കുള്ള യാത്രയിലാണന്ന് ലൂക്കാ നിരന്തരം ഓർമ്മിപ്പിക്കുന്നു. (ലൂക്കാ: 9:51,53,57; 10:1,38; 11:1; 13:22,33; 14:25; 17:11; 18:31; 18:37; 19: 1,11,28). യേശുവിന്റെ യാത്രയ്ക്കു ഒരു ലക്ഷ്യമേ ഉള്ളു ജറുസലേം. തന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സ്ഥലമായ ജറുസലേം. അതു ലക്ഷ്യയമാക്കിയാണ് അവൻ നടക്കുന്നത്. യഹൂദരുടെ തലസ്ഥാാന നഗരിയായ ജറുസലമിൽ യേശു മനുഷ്യ രക്ഷയ്ക്കായി തന്നെത്തന്നെ യാഗമണയ്ക്കാൻ പോകുന്നു (ലൂക്കാ: 9:31, 51). ഇതിനിടയിൽ അപൂർവ്വമായി മാത്രമേ യേശു കടന്നു പോയ സ്ഥലങ്ങളെപ്പറ്റി ലൂക്കാ പരാമർശിക്കുന്നുള്ളു . ഇതു യാത്രയുടെ ആരംഭത്തിലും (ലൂക്കാ 9:51), നടുവിലും (ലൂക്കാ 17:11) അവസാന ഭാഗത്തും (ലൂക്കാ 18:35; 19:1). എന്തൊക്കെയോ ഈ യാത്രയിൽ സംഭവിച്ചാലും പ്രധാനപ്പെട്ടത് ജറുസലേമിൽ എത്തിച്ചേരലാണ്. നമ്മുടെ ജീവിതത്തിലും ലക്ഷ്യമാണ് പ്രധാനപ്പെട്ടത്. അവിടെ എത്തിച്ചേരും വരെ നമ്മൾ യാത്ര തുടരണം പിന്മാറാൻ പാടില്ല. നമ്മൾ സഞ്ചരിക്കേണ്ട വഴികൾ എപ്പോഴും നമുക്കു വ്യക്തമായിരിക്കണമെന്നില്ല എങ്കിലും മുന്നോട്ടു തന്നെ നമ്മൾ യാത്ര തുടരണം .യേശുവിന്റെ യാത്രയുടെ അവസാനം ജറുസലമിൽ അവനെ കാത്തിരിക്കുന്നത് പീഡാ സഹനവും മരണവും ഉത്ഥാനവുമാണ്. അതറിഞ്ഞു കൊണ്ടു തന്നെ തികഞ്ഞ ബോധ്യത്തോടെയാണ് യേശു യാത്ര ചെയ്യുന്നത്. പ്രേഷിതർ സ്വർഗ്ഗത്തെ നോക്കി യാത്ര ചെയ്യേണ്ടവരാണ്. വി. ഡോൺ ബോസ്കോ പറയുന്നതുപോലെ കാലുകൊണ്ടു ഭൂമിയിൽ നടക്കുന്നവരും ഹൃദയം കൊണ്ടു സ്വർഗ്ഗത്തിൽ ആയിരിക്കേണ്ടവരും

ജറുസലേം ലക്ഷ്യമാക്കി മുൻപോട്ടു നീങ്ങുമ്പോൾ ഇന്നത്തെ വചനഭാഗത്തു രക്ഷപ്പെടുന്നവരുടെ എണ്ണത്തെപ്പറ്റി സംസാരം വരുന്നു. യേശുവിന്റെ ഈ യാത്രയിൽ പല തരത്തിലുള്ള സംഭവങ്ങളും പ്രബോധന വിഷയമായി: കൊലപാതകങ്ങളൾ ദുരിതങ്ങളൾ (ലൂക്കാ : 13: 1-5) ഉപമകൾ (ലൂക്കാ 13 :6-9, 18-21), ചർച്ചകൾ (ലൂക്കാ 13:10-13). ഇന്നത്തെ വചനഭാഗത്തു ജനക്കൂട്ടത്തിൽ നിന്നൊരുവൻ അവനോടു ചോദ്യം ചോദിക്കുന്നു: കര്‍ത്താവേ, രക്‌ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ? (ലൂക്കാ 13 : 23). രക്ഷയെ സംബന്ധിച്ചു എല്ലാക്കാലത്തുമുള്ള ചോദ്യമാണിത്. അതിനു മറുപടിയായി ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. (ലൂക്കാ 13 : 24) എന്നാണ് യേശു ഉത്തരം നൽകുന്നത് അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല. എന്നു യേശു മുന്നറിയിപ്പു നൽകുന്നു.

യേശു ഉദ്ദേശ്യക്കുന്ന ഇടുങ്ങിയ വാതിൽ ഏതാണ് ? ഏതു വാതിലിനെക്കുറിച്ചാണ് അവൻ സംസാരിക്കുന്നത്?

മത്തായിയുടെ സുവിശേഷത്തിൽ മലയിലെ പ്രസംഗത്തിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള എട്ടു വാതിലുകളെക്കുറിച്ചു യേശു പഠിപ്പിക്കുന്നു. അഷ്ട ഭാഗ്യങ്ങളിൽ നാം കണ്ടുമുട്ടുന്ന എട്ടു തരം മനുഷ്യരാണിവർ: (a) ആത്മാവിൽ ദരിദ്രർ , (b) ശാന്തശീലർ , (c) വിലപിക്കുന്നവർ , (d) നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ (e) കരുണയുള്ളവർ , (f) ഹൃദയ ശുദ്ധിയുള്ളവർ, (g) സമാധാനം സ്ഥാപിക്കുന്നവർ (h) നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ (മത്താ:5:3-10). ലൂക്കായുടെ സവിശേഷത്തിൽ അവർ നാലു വിഭാഗം ജനങ്ങളാണ്. (a) ദരിദ്രർ , (b) വിശപ്പു സഹിക്കുന്നവർ , (c) കരു യുന്നവർ(d) പീഡിപ്പിക്കപ്പെടുന്നവർ (ലൂക്കാ. 6:20-22). അഷ്ടഭാഗ്യങ്ങളിലെ ഈ ഏതെങ്കിലും ഗണത്തിൽപെട്ടവർക്കേ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയു. ഇതാണ് “ഇടുങ്ങിയ വാതിലിന്റെ ” സുവിശേഷത്തിലൂടെ യേശു നമ്മെ വെളിപ്പെടുത്തുന്ന രക്ഷയുടെ പുതിയ വീക്ഷണം. രക്ഷപ്രാപിക്കാൻ യേശു പറഞ്ഞു തരുന്ന ഈ വഴി അല്ലാതെ മറ്റൊരു വഴിയുമില്ല. യേശു ആവശ്യപ്പെടുന്ന മാനസാന്തരം ഇതാണ്. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല.വീട്ടുടമസ്‌ഥന്‍ എഴുന്നേറ്റ്‌, വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്‌, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ്‌ വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല.(ലൂക്കാ 13 : 24- 25).

ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനം എപ്പോഴും ക്ലേശത്തും അപമാനവും പരിഹാസവും നിറഞ്ഞതായിരിക്കും. എളുപ്പത്തില്‍ കടന്നുപോകാവുന്ന വഴിയായിരിക്കില്ല അത്. അത് വഴുവഴുക്കുന്നതും മുള്ളുകള്‍ നിറഞ്ഞതുമായിരിക്കും. നിന്ദനങ്ങൾ ഏൾക്കേണ്ടതുമായ വഴി ആയിരിക്കും. പ്രേഷിതൻ യേശുവിനു വേണ്ടി ഇപ്രകാരം നടക്കുമ്പോൾ ഇടുങ്ങിയ വഴി വിശുദ്ധിയുടെ പരിമിളം പരത്തുന്ന പുണ്യവഴിയായി രൂപാന്തരം പ്രാപിക്കും.

വി . ജോൺ പോൾ രണ്ടാമൻ പപ്പാ ഇടുങ്ങിയ വാതിലിലൂടെ എന്നതുകൊണ്ട് അർത്ഥമാക്കുക എളുപ്പവഴി നിരസിക്കുക എന്നതാണ്, അതായതു സ്വയം സന്തോഷത്തിന്റെയും കുറ്റകൃത്യത്തിന്റെയും അപകർഷതാബോധത്തിന്റെയും ഉത്തരവാദിത്തത്തിൽ ഓടി ഒളിക്കുന്നതിന്റെയും പാത ഉപേക്ഷിക്കുക. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം, ലൈംഗിക അധാർമ്മികത എന്നിവയ്ക്ക് ജീവിതത്തിൽ സ്ഥാനം കൊടുക്കാതിരിക്കുക എന്നൊക്കക്കെയാണ്. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക” എന്നാൽ നിത്യജീവനിലേക്കും ദൈവവുമായുള്ള സന്തോഷത്തിലേക്കും നയിക്കുന്ന വഴി തിരഞ്ഞെടുക്കുക. എല്ലാ കാര്യങ്ങളിലും യേശുവിന്റെ വാക്കുകൾ നമ്മളിൽ വസിക്കാൻ അനുവദിക്കുക, അവനിൽ നിന്നുള്ള സന്തോഷം സ്വീകരിച്ചു ജീവിക്കുക എന്നാകുന്നു

കേരളത്തിൽ 2019 ലെ ഓണക്കാലത്തു എക്‌സൈസ് വകുപ്പ് “ഓപ്പറേഷൻ വിശുദ്ധി”എന്ന പേരിൽ ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 12 നടത്തിയ പരിശോധനയിൽ ധാരാളം കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവന്നു. ആത്മീയ ജീവിതത്തിലും ഒരു “ഓപ്പറേഷൻ വിശുദ്ധി” അത്യാവശ്യമാണ്. അതിനുള്ള ശരിയായ സമയമാണിത്, നമ്മുടെ അപക്വമായ അഭിപ്രായം മാറ്റി രക്ഷയിലേക്കു പ്രവേശനം നേടുന്നതിനായി പരിശ്രമിക്കാം. നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും ഇടുങ്ങിയ വാതിലിലൂടെ നടക്കാൻ ശ്രമിക്കണം അതു വിശ്വാസത്തിന്റെയും പ്രത്യാശയുടെയും യേശുവിനെയും സഹോദരി സഹോദരന്മാരെയും സ്നേഹിക്കുന്ന വഴിയാണ്. എങ്കിൽ മാത്രമേ പൂർവ്വപിതാക്കന്മാരും പ്രവാചകന്മാരും എല്ലാ വിശുദ്ധരും സ്വന്തമാക്കിയ ഒരിക്കലും നിലക്കാത്ത സന്തോഷത്തിന്റെ ഇരിപ്പിടമായ സ്വർഗ്ഗത്തിൽ നാം എത്തി ചേരുകയുള്ളു.

സ്വർഗ്ഗം ദൈവത്തിന്റെ മണ്ഡലവും മലാഖമാരുടെയും വിശുദ്ധരുടെയും വാസസ്ഥലവും സൃഷ്ടിയുടെ ലക്ഷ്യസ്ഥാനവുമാണ് എന്ന സത്യം നമുക്കു മറക്കാതെ സൂക്ഷിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment