August 31 | വി. ഇഗ്‌നേഷ്യസ് ലയോള

‘വിശുദ്ധർക്കെല്ലാം ഇതിന് സാധിച്ചെങ്കിൽ എനിക്കെന്തുകൊണ്ട് പറ്റില്ല?

സ്വയം ചോദിച്ചത് ഇനിഗോയാണ്. വടക്കൻ സ്പെയിനിൽ, ഒരു കുലീനകുടുംബത്തിൽ, പ്രസിദ്ധമായ ലയോള കോട്ടയിൽ പതിനൊന്നു മക്കളിൽ ഇളയവനായി ജനിച്ച ഇഗ്‌നേഷ്യസ് ലയോള തന്നെ.

അക്കാലത്ത് കുലീനകുടുംബങ്ങളിൽ ജനിക്കുന്ന ആൺകുട്ടികളുടെ പോലെ തന്നെ ഇനിഗോക്കും, നല്ല ഒരു യോദ്ധാവും കുതിരപ്പടയാളിയും രാജസേവകനുമൊക്കെ ആവാനുള്ള പരിശീലനം ലഭിച്ചിരുന്നു. നല്ല മാടമ്പിയാവണം, സാഹസികനാവണം , പ്രണയി ക്കണം ഇതൊക്കെയേ അന്ന് അവന്റെ മനസ്സിലുണ്ടായുള്ളൂ. ഇരുപത്തിയാറ് വയസ്സുവരെ വ്യർത്ഥസന്തോഷങ്ങൾക്കാണ് പ്രാധാന്യം കൊടുത്തതെന്നും താൻ ചെയ്ത മോഷണത്തിന് മറ്റൊരാൾക്ക്‌ ശിക്ഷ ലഭിച്ചപ്പോൾ ഒരു വ്യസനവുമില്ലാതെ നോക്കിനിന്നെന്നും പിൽക്കാലത്ത് വളരെ സങ്കടത്തോടെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

1515 ൽ നീതിന്യായഭരണ സമിതി പാമ്പ്ലോനയിലെ മെത്രാൻ സമിതിക്ക് അയച്ച കുറ്റാരോപണ കത്തിൽ ആദ്യകാല ഇഗ്‌നേഷ്യസിനെ വിവരിക്കുന്നതിങ്ങനെ “ആരെയും കൂസാത്ത ധിക്കാരി ; ലെതർ ജാക്കറ്റിൽ എപ്പോഴും വാളും തോക്കുമുണ്ടാകും. അവന്റെ വെൽവറ്റ് തൊപ്പിക്ക് പുറത്തേക്ക് നീണ്ട മുടി വളർന്നു കിടപ്പുണ്ട്” സ്ത്രീകളോട് കലഹിച്ചതൊക്കെയായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.

നല്ല യോദ്ധാവെന്ന പേരിൽ പടനായകനായി അവരോധിക്കപ്പെട്ട ഇഗ്‌നേഷ്യസ് പാമ്പ്ലോനയിലെ കോട്ടയെ ഫ്രഞ്ച് സൈന്യത്തിൽ നിന്ന് പ്രതിരോധിക്കാൻ ശ്രമിക്കവേ, പാഞ്ഞുവന്ന പീരങ്കിയുണ്ട അവന്റെ വലത്തേകാൽ തകർത്തും ഇടത്തെ കാലിനെ പരിക്കേല്പിച്ചും കടന്നുപോയി. സ്പാനിഷ് പട്ടാളക്കാർ കീഴടങ്ങേണ്ടി വന്നു.ഡോക്ടറുടെ പരിശോധനക്കും അടിയന്തിര ശസ്ത്രക്രിയക്കും ശേഷം ഇഗ്‌നേഷ്യസിനെ പല്ലക്കിൽ 80 കിലോമീറ്റർ അകലെയുള്ള ലയോള കോട്ടയിലേക്ക് ചുമന്നുകൊണ്ടുപോയി. തകർന്ന എല്ല് ശരിയാക്കാനായി രണ്ടാമതൊരു ശസ്ത്രക്രിയയും വലത്തേ കാൽമുട്ടിനടിയിൽ നീണ്ടുനിൽക്കുന്ന എല്ല് മുറിച്ചുമാറ്റാനായി മൂന്നാമതൊരു ശസ്ത്രക്രിയയും വേണ്ടിവന്നു. പട്ടാളത്തിൽ വീണ്ടും ചേരണമെന്ന ആഗ്രഹം ഉള്ളിലുള്ളതുകൊണ്ട് വേദനയെല്ലാം അവൻ സഹിച്ചു. വലത്തേ കാൽ പക്ഷേ ഇടത്തേതിനെ അപേക്ഷിച്ച് നീളം കുറഞ്ഞു. പിന്നീടങ്ങോട്ട് ജീവിതകാലം മുഴുവൻ മുടന്തുമായി നടക്കേണ്ടി വന്നു.

കിടക്കയിൽ കുറെ മാസങ്ങൾ ചിലവഴിക്കേണ്ടി വന്നപ്പോൾ ഇഗ്‌നേഷ്യസ് സഹോദരഭാര്യയോട് അക്കാലത്ത് പ്രചുരപ്രചാരം നേടിയിരുന്ന പുസ്തകമായ Amadis of Gaul (മാടമ്പികളെയും പ്രഭുക്കളെയും പറ്റി പ്രതിപാദിച്ചിട്ടുള്ള പുസ്തകം) വായിക്കാൻ കിട്ടുമോ എന്ന് ചോദിച്ചു. അതിന് പകരം വായിക്കാൻ കിട്ടിയത് Life of Christ എന്ന പുസ്തകവും The Golden Legend എന്ന പേരിൽ വിശുദ്ധരുടെ ജീവിതത്തിൽ നിന്നുള്ള ഏടുകളെപ്പറ്റി പറയുന്ന പുസ്തകവുമാണ്. ആദ്യമൊന്നും താല്പര്യം കാണിച്ചില്ലെങ്കിലും സമയം പോകാത്തതുകൊണ്ട് വായിച്ചു തുടങ്ങിയ പുസ്തകങ്ങൾ വീണ്ടും വീണ്ടും പിന്നീട് വായിച്ചു. ഈ പുസ്തകങ്ങൾ തനിക്ക് ശാന്തതയും സമാധാനവും നൽകുന്നു എന്നത് ഇഗ്‌നേഷ്യസ് അനുഭവിച്ചറിഞ്ഞു.

വിശുദ്ധർ കാണിച്ചിരുന്ന ധൈര്യവും ദൃഢനിശ്ചയവും സഹനശക്തിയുമൊക്കെ നോക്കുമ്പോൾ താൻ കാണിക്കാൻ ശ്രമിച്ചിരുന്ന ധീരപ്രവൃത്തികൾ ഒന്നുമല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി.

“വിശുദ്ധ ബ്രൂണോക്കും വിശുദ്ധ ഡൊമിനിക്കിനും പിന്നെ ഒരുപാട് പേർക്കും ഇത് സാധിച്ചെങ്കിൽ എന്തുകൊണ്ട് എനിക്ക് പറ്റില്ല?” എന്ന് ഇഗ്‌നേഷ്യസ് ചിന്തിച്ചു. ഒരു തീരുമാനത്തിലും എത്തി. ഈലോകമഹിമയല്ല തനിക്ക് വേണ്ടത് യേശുവിന്റെ പടയാളിയായാൽ മതി തനിക്ക്.

ദൈവാത്മാവിനാൽ തീ പിടിച്ചവർ കണ്ടുമുട്ടുന്നവരെയൊക്കെ തീ പിടിപ്പിച്ചു കൊണ്ടിരിക്കും. ഉന്നതവിദ്യാഭ്യാസവും ഈ ലോകത്തിലെ സ്ഥാനമാനങ്ങളും സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ഫ്രാൻസിസ് സേവ്യറിനെപ്പോലെ, പീറ്റർ ഫെയ്ബറിനെപ്പോലെ എത്രയെത്ര ആളുകളെ ആ മനുഷ്യൻ തീ പിടിപ്പിച്ചു യേശുവിന്റെ പടയാളികളാക്കി?അവരെപ്പോലെ ആറുപേർ, പിന്നെയത് പത്തായി, Company of Jesus എന്ന് ആദ്യം പേരിട്ട അവരുടെ സഭ പിന്നീട് Society of Jesus ( ഈശോസഭ ) ആയി. ജെസ്യൂട്ടുകൾ എന്നും അവർ അറിയപ്പെട്ടു.

മൂന്നെണ്ണത്തിന് പുറമെ നാലാമതൊരു വ്രതം കൂടി അവർക്കുണ്ടായിരുന്നു, ആത്മാക്കളുടെ രക്ഷക്കായി മാർപ്പാപ്പ എവിടെക്കെല്ലാം അവരെ അയക്കുന്നുവോ അവിടേക്ക് പോകുക. Ad majorem Dei gloriam ( For the greater glory of God ) ആയിരുന്നു അവരുടെ മുദ്രാവാക്യം.

എണ്ണമറ്റ സഹനങ്ങളും അപമാനങ്ങളും യേശുവിനെ പ്രതി സ്വീകരിച്ച, അനേകം ആത്മാക്കളെ അവനായി നേടിയ ഇഗ്‌നേഷ്യസിനെ പറ്റി മരണശേഷം പറഞ്ഞുകേട്ടതിൽ നിന്ന് അദ്ദേഹത്തിന്റെ മാനസാന്തരം എത്രയുണ്ടായിരുന്നെന്ന് അനുമാനിക്കാം. ‘ഒരു ആസക്തിക്കും കളങ്കപ്പെടുത്താനാവാത്ത, സ്വാർത്ഥതയുടെ കണിക പോലും കാണാൻ സാധിക്കാത്ത , ദൈവത്തിനെ സേവിക്കാൻ വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം’ എന്നൊക്കെ ആയിരുന്നു അത്.

തനിക്കും അനുയായികൾക്കും ക്രിസ്തീയലോകത്തിനുമായി വിശുദ്ധ ഇഗ്‌നേഷ്യസ് നിർദ്ദേശിക്കുന്ന ആത്മീയത,

ആത്മീയാഭ്യാസങ്ങൾ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ അടിസ്ഥാനമായി അറിയപ്പെടുന്ന ഈ വാക്കുകളിലുണ്ട്,

“മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ദൈവമായ കർത്താവിനെ സ്തുതിക്കാനും ആരാധിക്കാനും അവനെ സേവിക്കാനും അങ്ങനെ അവന്റെ ആത്മാവിനെ രക്ഷിക്കാനും വേണ്ടിയാണ്. ഭൂമുഖത്ത് കാണുന്ന ബാക്കി എല്ലാം മനുഷ്യന് വേണ്ടിയും അവന് വേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന അന്ത്യത്തിലേക്ക് നടന്നടുക്കാൻ അവനെ സഹായിക്കുന്നതിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. , അതിനാൽ മനുഷ്യൻ മറ്റു സൃഷ്ടികളെയും വസ്തുക്കളെയും അവൻ്റെ നല്ല അന്ത്യത്തിനു സഹായകമാവുന്ന രീതിയിൽ മാത്രം ഉപയോഗിക്കണം, നിർണ്ണയിക്കപ്പെട്ട അന്ത്യത്തിലെത്തിച്ചേരാൻ തടസ്സമാവുകയാണെങ്കിൽ അവൻ അവയിൽ നിന്ന് ദൂരേക്ക് അകന്നുമാറുകയും വേണം”.

‘ ഒരുവൻ ലോകം മുഴുവനും നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ അവനെന്ത് പ്രയോജനം’ എന്ന് സ്വയം ചോദിക്കുകയും മറ്റുള്ളവരെക്കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്ത, യേശുവിന്റെ നല്ല പടയാളിയായിരുന്ന ഇഗ്‌നേഷ്യസ് ലയോളയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment